ഫേഷന്‍ ടി.വി യില്‍ നിന്ന് ക്രിക്കറ്റ് ഗ്രൌണ്ടിലേക്ക് പറക്കുന്ന സാരി.

ഒന്ന്

അരൂപിയായ ദുര്‍നടപ്പുകാരന്‍ പതിവുപോലെ യാത്രയ്ക്കിറങ്ങി. ദുര്‍നടപ്പുകാരന്‍ എന്ന വിശേഷണം തെറ്റായെങ്കില്‍ ക്ഷമിക്കണം. മുന്‍വിധികള്‍ ശീലമാക്കിയവരുടെ തെരുവില്‍ നിന്നാണവന്‍ കടന്നുവന്നത്. ഒന്നും ചെയ്യാനില്ലാത്തവര്‍ക്കിടയില്‍ നിന്ന് വെറുതെയിരുന്ന് ബോറടിച്ച് ബോറടിച്ച് ഉറങ്ങിപ്പോയതിനിടയിലെപ്പോഴോ ആണ് അവന് സ്വപ്ന ദര്‍ശനമുണ്ടായത്.

ഏതോ ഹോളിവുഡ് നടിയുടെ വെബ്സൈറ്റില്‍ അതിക്രമിച്ച് ചെന്ന് അവരുടെ സ്വകാര്യതകളിലേക്ക് കൂപ്പുകുത്തവെ എടുത്തെറിയപ്പെട്ടതുപോലെ മറ്റൊരു സൈറ്റില്‍ ചെന്ന് പതിക്കുകയായിരുന്നു. അങ്ങിനെ രൂപങ്ങള്‍ തേടിയലയുന്നവരുടെ മഹാനഗരത്തില്‍ വെച്ചാണ് അരൂപിയിലേക്കുള്ള ചുവടുവെയ്പ്പ് അവന് സ്വായത്തമാകുന്നത്.

ഒരു ഉച്ചമയക്കത്തിലൂടെ സ്വപ്നവഴികളില്‍ യാത്രചെയ്ത് അരൂപികളുടെ ആത്മാംശത്തിലേക്ക് പരകായപ്രവേശം നടത്തുമ്പോള്‍, ഒരു പുനര്‍ വിചിന്തനം അവനെ സ്പര്‍ശിച്ചതേയില്ല. കണ്ണാടിയില്‍ പ്രതിഫലിച്ചുകാണുന്ന രൂപത്തോട് ഇതുവരെ ഒരു പ്രതിപത്തിയും തോന്നാതിരുന്നത് കാരണം ഒരു തിരിച്ചുവരവ് അവനെ ആകര്‍ഷിച്ചതുമില്ല.

അപ്പൂപ്പന്‍താടിപോലെ ജീവിച്ചിരുന്നപ്പോഴത്തെ കാഴ്ചകള്‍ക്കപ്പുറത്തേക്ക് പുതിയ യാത്രകള്‍ അവനെ കൊണ്ടുപോയി. ഒരു കാഴ്ചക്കാരന്‍ മാത്രമായിരുന്നതിനാല്‍ ഒന്നും അവനെ അത്ഭുതപ്പെടുത്തുകയോ, ചിന്തിപ്പിക്കുകയോ, ഉത്കണ്ഠാഭരിതമാക്കുകയോ ചെയ്തിരുന്നില്ല. എങ്കിലും വെറുതെയിരിക്കുന്നവരുടെ സുഖകരമായ തിരക്കുകളിലൂടെയുള്ള യാത്രകള്‍ അവനേറെ ഇഷ്ടപ്പെട്ടു.

രണ്ട്

മൂല്യശോഷണം വന്നവരുടെ തെരുവെന്ന് ചില പഴയ മൂരാച്ചികള്‍ പേരിട്ട ഒരു കോളനിയിലൂടെ മുന്നോട്ട്, എല്ലാ തെരുവുകളെപ്പോലെ ഇതും മരവിച്ചുകിടന്നു. സ്വകാര്യതകളുടെ മാലിന്യങ്ങള്‍ കൊണ്ടലങ്കരിച്ച വഴിക്കിരുപുറവും വലിയ മതിലുകളാല്‍ പൊതിഞ്ഞുവെച്ച വീടുകള്‍. വലിയ ഗെയിറ്റുകള്‍ക്കകത്ത് പോര്‍ച്ചുകളില്‍ സദാ കൂര്‍ക്കംവലിച്ചുറങ്ങുന്ന കാറുകള്‍. നിരാശയറ്റപോലെ വെയില്‍ വെറുതെ മുറ്റത്ത് ചുറ്റിത്തിരിഞ്ഞു നിന്ന ഏഴാം നമ്പര്‍ വീടിന്റെ ഗെയിറ്റിലൂടെ അകത്തേക്ക്.പുറത്തെ വാതില്‍ തുറന്ന് ജോലിക്കുപോകാന്‍ വെമ്പുന്ന ഭാര്യ, അല്‍പ്പം വിളറിവെളുത്ത അവളുടെ അരക്കെട്ടില്‍ ആറുമാസത്തിന്റെ കുറുമ്പ് വീര്‍ത്തു നിന്നിരുന്നു.അതിനു കാരണക്കാരനായേക്കാമെന്ന് സംശയിക്കേണ്ടുന്ന വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി വെറുതെയിരിക്കുന്ന ഭര്‍ത്താവ് അവളെ അനുഗമിച്ചുകൊണ്ട് പുറത്തേക്കുവന്ന് അസ്ഥാനത്ത് ഒരു സംഭാഷണം എടുത്തിട്ടു. നോക്ക്….നിനക്ക് നല്ല ക്ഷീണമുണ്ട്, റെസ്റ് എടുക്കേണ്ട സമയമാണിത് ….കുറച്ച് ദിവസംലീവെടുക്ക്.

പകയുടെ ഒരു നോട്ടമെറിഞ്ഞ് ചിരിച്ച് കൊണ്ടവള്‍, ഉച്ചയൂണ് മേശപ്പുറത്ത് നിരത്തിയിട്ടുണ്ട് ,ഗ്യാസ് സിലിണ്ടര്‍ മാറ്റി വാങ്ങണം, മഴവന്നാല്‍ പുറത്ത് ആറിയിട്ടത് എടുത്ത് വെയ്ക്കണം,വീടു കയറിയിറങ്ങുന്ന വാണിഭക്കാരെ അടുപ്പിക്കരുത്. ഇത്രയും പറഞ്ഞ് പകര്‍ച്ചപനിയെയും കൊതുകുകളെയും പ് രാകികൊണ്ടവള്‍ ആരോഗ്യപ്രവര്‍ത്തകയുടെ ഉത്തരവാദിത്വങ്ങളിലേക്ക് ഇറങ്ങിപ്പോയി.

ചെറുചിരിയോടെ വാതിലടച്ച ഭര്‍ത്താവ് അയാളുടെ വെറുതെയിരിപ്പിലേക്ക് തിരിച്ചുനടന്നു. അലസ ശയനത്തിന്റെ ഇരിപ്പിടത്തില്‍ ടി.വി.യ്ക്ക് അഭിമുഖമായി പ്രവര്‍ത്തന നിരതനായി.ചാനലുകളിലുടെ നീന്തിനീന്തി ഫേഷന്‍ ടിവിയില്‍ അങ്ങിനെ തുടിച്ച് മദിക്കവെ ഒരു കോട്ടുവായിട്ടുകൊണ്ട് മയങ്ങി തുടങ്ങി. അല്പ വസ്ത്രധാരികളായ യുവതികള്‍ക്കൊപ്പം നൃത്തം വെയ്ക്കുന്നതും അരണ്ടവെളിച്ചത്തില്‍ മധുചഷകങ്ങള്‍ നിറഞ്ഞുപതയുന്നതും അയാള്‍ കണ്ടു. എണ്ണമയങ്ങിയ മുഖമുള്ള ഒരു കറുത്ത സുന്ദരി ബഹളങ്ങള്‍ക്കിടയിലൂടെ നടന്ന് വന്ന് അയാള്‍ക്കു കൈ നല്‍കി. പക്ഷെ അവളുടെ നീട്ടിയ കൈത്തലം അയാള്‍ സ്വീകരിക്കും മുമ്പെ അകത്തെ സ്വകാര്യത ഭജ്ഞിച്ചോട്ടെ എന്നലറിക്കൊണ്ട് കോളിംഗ്ബെല്‍ അയാളെ നിരാശനാക്കി.വാതില്‍ പുറത്തെ തിളച്ചു മറിയുന്ന വെയിലില്‍ ഒരുതണല്‍മരം പോലെ അവള്‍ മയക്കത്തില്‍ അയാള്‍ക്ക് നേരെ കൈനീട്ടിയ …പക്ഷെ വേഷം ആകെ മാറിയിരിക്കുന്നുവല്ലോ! ചുവന്നകല്ലു മൂക്കുത്തി , വെളുത്തമുത്ത് കാതില്‍,തിളങ്ങുന്ന നേര്‍ത്ത സ്വര്‍ണ്ണമാല, സാരിയും ബ്ലൗസും ധരിച്ച് ചുമലില്‍ ഒരു ചുവന്ന ഭാണ്ഢവുമായ് അവള്‍ മുറുക്കിന്റെ വിദൂരസാമീപ്യം കാണിക്കുന്ന ചിരി സമ്മാനിച്ച് അവള്‍ ഭാണ്ഡം കൈയ്യിലെടുത്ത് വാതില്‍ വിശാലമായ് തള്ളിതുറന്ന് അകത്തെ തണുപ്പിലേക്ക് കടന്നുകയറി.അപരിചിതത്വത്തിന്റെ മാറാല തൂക്കാന്‍ അയാള്‍ ഒരുങ്ങുമ്പോഴേക്കും ഭാണ്ഢം അഴിച്ച് അതിനുള്ളില്‍ നിന്നും വില്പനയ്ക്കുള്ള സാരികള്‍ അവള്‍ നിരത്തി വെച്ച് തുടങ്ങിയിരുന്നു. സാരി വില്‍പനക്കാരിഎവിടെയോ ആരോ പറഞ്ഞു കേട്ട അനുഭവപാഠത്തിന്റെ സുഖമുള്ള പൊള്ളുന്ന ഒരേട് പറന്നുവന്ന് വീട്ടില്‍ തനിച്ചിരിക്കുന്നവന്റെ നെഞ്ചിലെ നെരിപ്പോടില്‍ വീണ് എരിയാന്‍ തുടങ്ങി.

വെള്ളം ചേര്‍ത്ത് വീര്യം കുറച്ച തമിഴില്‍ അവള്‍ ആരംഭിച്ചു. നല്ല സാരിയാണ് സാര്‍, പുണ്ടാട്ടിയെ വിളിക്ക് സാര്‍ ,നോക്ക്…സാറെ നല്ല വിലക്കുറവുണ്ട്, കോട്ടണ്‍ മുതല്‍ കാഞ്ചീപുരം വരെ ഏതുവേണമെങ്കിലും നോക്കാം …കടയില്‍ കിട്ടുന്നതിലും റൊമ്പ ലാഭമിറ്ക്ക് സാര്‍, വാങ്കോ സാര്‍ നല്ല വെറൈറ്റിയിറിക്ക്,നോക്കണം സാര്‍,അവള്‍ ശ്വാസം കഴിക്കട്ടെ എന്ന ആശ്വാസത്തോടെ അയാള്‍ നിലത്ത് കുന്തിച്ചിരുന്ന് സാരികള്‍ എടുത്ത് തിരിച്ചും മറിച്ചും നോക്കാന്‍ തുടങ്ങി. അവള്‍ കുനിഞ്ഞിരുന്ന് സാരികള്‍ ഐറ്റം തിരിച്ച് മാറ്റി വെച്ചുകൊണ്ടിരിക്കെ അയാളുടെ കണ്ണുകള്‍ അവളിലേക്ക് കനിഞ്ഞു. നല്ല അഴകുള്ള ദ്രാവിഡ തിടമ്പ് എന്ന് മനസ്സില്‍ കുറിച്ചിടുമ്പോള്‍ അവള്‍ അയാളുടെ നോട്ടത്തെ പ്രതിരോധിച്ചുകൊണ്ട് -പുണ്ടാട്ടിയെ വിളി ക്കണം സാര്‍ …..

അയാള്‍ അകത്തും പുറത്തും കണ്ണ് പായിച്ച് അല്‍പം സ്വകാര്യതയോടെ തമിഴില്‍ ശ്രമിച്ചു തുടങ്ങി.ഇങ്കേയാരുമില്ലൈ,നമ്മള്‍ താന്‍ മാത്രം. അവള്‍ പുറത്തേക്ക് നോക്കി ചിരിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ക്ക് രസം പിടിച്ച് കൂടുതല്‍ സ്വാതന്ത്രയത്തോടെ അവളോട് ഇടപഴകാന്‍ തുടങ്ങി.അകത്തെ ടി.വി.യില്‍ നിന്നുയര്‍ന്ന സീല്‍ക്കാരം അവരുടെ കണ്ണുകളെ കൂട്ടിമുട്ടിക്കുകയും പ്രകാശം പരത്തിക്കൊണ്ട് സാരികളുടെ തിളക്കത്തിലൂടെ മിന്നി മറയുകയും ചെയ്തു. വെറുതെയിരിക്കുമ്പോള്‍ കടന്നുവന്നവളെ വെറുതെ പറഞ്ഞുവിടാതെ സാരികളുടെ നിറങ്ങളും ഊടും പാവും നോക്കി നടന്ന് അവളുടെ ഉള്ളിലേക്ക് ചിക്കിച്ചികഞ്ഞ് ,പൊട്ടുംപൊടിയും കൊത്തിയെടുത്ത് ഒരു കാക്കയെപ്പോലെ അയാള്‍ ചുറ്റിത്തിരിഞ്ഞു.

വിയര്‍ത്തു ദാഹിച്ചിരുന്ന അവള്‍ക്കു തണുത്ത പാനീയം നല്‍കി ഉന്മേഷവതിയാക്കി . അവളുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങിക്കൊണ്ട് വിലപേശുകപോലും ചെയ്യാതെ രണ്ട് സാരികള്‍ മാറ്റിവെച്ച് അവളുടെ മട്ടും ഭാവവും ഒന്നുകൂടി തൊട്ടറിഞ്ഞ് അയാള്‍ ധീരനാവാന്‍ അകത്തേക്ക് പോയി. അലമാരയിലെ കുപ്പിയില്‍ ബാക്കിയിരിക്കുന്ന വിസ്കിയെടുത്ത് തണുത്ത ഓറഞ്ച് നീര്ചേര്‍ത്ത് സേവിച്ച് ഒരു മൂളിപ്പാട്ടോടെ വരാന്തയില്‍ പുനര്‍ജ്ജനിച്ചു.അവള്‍ ഭാണ്ഡം വൃത്തിയാക്കി പൊതിഞ്ഞുകെട്ടി കഴുത്തിലേയും മുഖത്തേയും വിയര്‍പ്പ് തുടച്ച് പോകാന്‍ ഭാവിച്ച് അയാളെ നോക്കി .വാതില്‍ പിടിച്ചുകൊണ്ടയാള്‍ അവളെ ശ്രദ്ധിച്ചു. ചുവന്ന മൂക്കുത്തി ജ്വലിച്ചുകൊണ്ടിരുന്നു.തുറന്നിട്ട വാതിലിനപ്പുറത്ത് അടഞ്ഞ ഗേറ്റ് ,വെയിലിന്റെ പ്രസരിപ്പില്‍ നാണിച്ചുവാടിയ ചെടിത്തലപ്പുകള്‍.അയാള്‍ വാതില്‍ അടച്ച് ബോള്‍ട്ടിടുമ്പോള്‍ എന്നാ സാര്‍ ഇത് എന്ന വേവലാതിയോടെ അവള്‍ തറയില്‍ കണ്ണു നട്ടു. വാ …ഉള്ളേ വാ….അവള്‍ മടിച്ചു മടിച്ച് ആദ്യമായ് പുരുഷനെ കാണുന്ന പാരവശ്യത്തോടെ അയാളെ പിന്തുടര്‍ന്നു.ടി.വിയിലെ ഫാഷന്‍ ഷോയിലെ പുതിയ ചുവടുവെയ്പ്പുകള്‍ കണ്ടുകൊണ്ട് ഓറഞ്ചുനീരിലൊളിപ്പിച്ച വിസ്കി നുണഞ്ഞുകൊണ്ടവള്‍ തമിഴ് പേശി. അവര്‍ തമിഴിലും മലയാളത്തിലും ഇടകലര്‍ന്നു ചിരിച്ചു. നിലത്തെ തണുത്തുറഞ്ഞ ടൈല്‍സിന്റെ സുതാര്യതതയില്‍ രണ്ടു സംസ്കാരങ്ങള്‍ ഇഴ ചേര്‍ന്നു. ശാരീരിക വിനിമയങ്ങളുടെ ഉച്ചസ്ഥായില്‍ രൂപപ്പെട്ട ശബ്ദഘോഷങ്ങള്‍ പാശ്ചാത്യ കരഘോഷ തിമര്‍പ്പില്‍ അലിഞ്ഞു ചേര്‍ന്നു. പുതിയ പുതിയ സാദ്ധ്യതകളുടെ ആശ്വാസത്തോടെ അവര്‍ വേര്‍പെടുമ്പോള്‍ ടി.വിയില്‍ ഒരു പരസ്യം വന്നു നിറഞ്ഞു.

മൂന്ന്

ആത്മഹത്യ ചെയ്യാന്‍ പേര് രജിസ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരെന്ന് വിവരദോഷികള്‍ വിശേഷിപ്പിക്കുന്ന വരുടെ തെരുവിലൂടെ ബോധവല്‍ക്കരണം വിതരണം ചെയ്തുകൊണ്ട് ആരോഗ്യപ്രവര്‍ത്തക മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഉച്ചവെയിലിന്റെ കാഠിന്യത്താല്‍ ഘനം തൂങ്ങിയ ശരീരവുമായ് ധാരാളം പടവുകള്‍ കയറിചെല്ലുന്ന ഒരു വീട്ടിലേയ്ക്ക് അവള്‍പ്രയാസപ്പെട്ട് കയറാന്‍ തുടങ്ങി. പുഴംകല്ലുകള്‍ പാകിയ മുറ്റം പാതി പിന്നിടവെ ക്രിക്കറ്റ് ഗ്രൌണ്ടില്‍ നിന്നുള്ള ആരവം കേള്‍ക്കാമായിരുന്നു.പൊടുന്നനവേ ചുറ്റും പരന്ന വെയില്‍ നിലാവും പിന്നെ ഇരുട്ടുമായി.ഞൊടിയിടയില്‍ ഇരുട്ട് അവളെ കറക്കിയെടുത്തു. ഇന്‍ഡ്യ-പാക്ക് ക്രിക്കറ്റ് യുദ്ധത്തില്‍ ധോണി യുടെ ഒരു പടുകൂറ്റന്‍ സിക്സര്‍ ഗ്യാലറിയ്ക്ക് പുറത്തേക്ക് കുതിച്ചപ്പോള്‍ ആവേശത്തോടെ പന്തിന് പിന്നാലെ ഇറങ്ങിയോടിയ പയ്യന്‍ പുറത്ത് വീണുകിടക്കുന്ന യുവതിയെ കണ്ടു. ധോണിയുടെ പന്തേറ്റുവീണ അവളെ പ്രയാസപ്പെട്ട് കോരിയെടുത്തു കൊണ്ടവന്‍ അലറിമറിയുന്ന ഗ്യാലറിയിലേക്കു കയറിപ്പോയി.തലയില്‍ ,മുഖത്ത്,കഴുത്തില്‍, മാറത്ത്,…..പന്തുകൊണ്ടതെവിടെയാണെന്ന് തിരഞ്ഞു വരവെ അവളുടെ വീര്‍ത്ത മഞ്ഞവയറിലേക്ക് അവന്റെ മിഴികള്‍ തള്ളിവന്നു.ഗ്രൌണ്ടിലേക്കു നീങ്ങിവന്ന ഭീമാകാരനായ കൊക്കകോളാകുപ്പിയില്‍ നിന്ന് പതയുന്ന തണുത്ത പാനീയമെടുത്ത് അവളുടെ വീര്‍ത്ത വയറില്‍ തടവി തുടങ്ങി .കുറച്ച് മുഖത്തും തളിച്ചു.അവള്‍ക്കെന്തു സംഭവിച്ചിരിക്കാമെന്ന് ഭയപ്പെടുമ്പോള്‍ അവനെ അത്യധികം സങ്കടപ്പെടുത്തിക്കൊണ്ട് കുറ്റബോധത്തോടെ തലകുനിച്ച് ധോണി ക്രീസിലേക്ക് മടങ്ങി.ഇരുട്ടില്‍നിന്ന് അവള്‍ തപ്പിതടഞ്ഞ് ഉണര്‍ന്നത് ഗ്യാലറിയുടെ ആരവത്തിലേക്കാണ്.ഒന്നും മനസ്സിലാവാതെ മലര്‍ന്നുകിടക്കുമ്പോള്‍ തണുത്ത തലോടലുമായി അവളെ മാത്രം നോക്കി ചിരിച്ചുകൊണ്ട് കറങ്ങുന്ന ഫാന്‍.ഗ്യാലറിയുടെ ആരവത്തിലേക്ക് പറന്നുപോയ സാരിതലപ്പ് ഒതുക്കിപ്പിടിച്ചവള്‍ ചാടിയെഴുന്നേറ്റു. മീശ മുളയ്ക്കാത്ത പയ്യന്‍ മുമ്പിലിരുന്ന് വിരണ്ടു.ധോണിയുടെ ബോള് ചേച്ചിയുടെ വയറിലാണ് കൊണ്ടത് ക്ഷമിക്കണം. ധോണിക്കുവേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു. അവള്‍ ഞെട്ടലോടെ വയര്‍ പൊത്തിക്കൊണ്ട് പാഞ്ഞുവന്ന ഷോയിബ് അക്തറിന്റെ ബോളില്‍ നിന്നൊഴിഞ്ഞുമാറി .ഗ്യാലറിയില്‍ നിന്ന് ഇറങ്ങി ഓടിയ അവന്‍ ഒരു കോളയും പൊക്കിപിടിച്ച് ഓടി വന്നു. വരണ്ടുണങ്ങിയ അവളുടെ കണ്ഠനാളം കോളയുടെ തണുപ്പില്‍ ഉണര്‍ന്നു വരുമ്പോള്‍ ഉള്ളിലുയര്‍ന്ന ചിരി മൂക്കിലൂടെയും വായിലൂടെയും നുരയായ് പുറത്തു വന്നു. അവള്‍ ചിരിച്ചും ചുമച്ചും മടുത്തു. ചേച്ചിക്ക് വേദനിക്കുന്നില്ലേ…? ഞാന്‍ കുറെ ഉഴിഞ്ഞ് നോക്കി പക്ഷേ…..,വേണ്ട നമുക്ക് ഡോക്ടറെ വിളിക്കാം .അവന്‍ ധൈര്യം സംഭരിച്ചു തുടങ്ങിയിരുന്നു. അവള്‍ ചിരിയൊതുക്കാന്‍ പാടുപെട്ടു. കുഞ്ഞുറങ്ങുന്ന വയര്‍ ആദ്യമായി കാണുന്ന മെഡിക്കല്‍ എന്‍ട്രന്‍സിനു പരിപാകപ്പെടുന്ന അവന്‍ അവളുടെ വയറില്‍ കൗതുകത്തോടെ കാതു ചേര്‍ത്തു. അപ്പോള്‍ അവന്റെമുടിയില്‍ വാത്സല്യത്തോടെ തലോടാന്‍ അവള്‍ക്ക് കൊതിതോന്നി. പകരം ബാഗില്‍ നിന്ന് ഡയറി എടുത്ത് അവള്‍ കുറിച്ചിടാന്‍ തുടങ്ങി…അച്ഛന്റെ പേര്, തൊഴില്‍, വീട്ടുപേര്, കുട്ടികള്‍,…..അസുഖങ്ങള്‍,എലി,കൊതുക് നിവാരണ മാര്‍ഗ്ഗത്തെക്കുറിച്ച് ഉപദേശം…അവന്‍ ക്രിക്കറ്റ് ഗ്രൌണ്ടിലെ ബഹളങ്ങളിലേക്ക് തിടുക്കപ്പെട്ട് പിന്‍തിരിയവെ അവള്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി. അവള്‍ വീടെത്തുമ്പോള്‍ തുലാവര്‍ഷം തകര്‍ത്തു തുടങ്ങിയിരുന്നു.ഇടിമിന്നലിന്റെ ഹുങ്കാരത്തിനിടയില്‍ അവള്‍ തിടുക്കപ്പെട്ട് തുറന്നിട്ട വാതിലിലൂടെ അകത്തു കടന്നു .അയയില്‍ ഉണങ്ങാനിട്ടതുണികള്‍ വിറച്ചുകൊണ്ട് വിതുമ്പി. മേശപ്പുറത്ത് നിരന്നു കിടക്കുന്ന എച്ചില്‍ പാത്രങ്ങള്‍. ചാരുകസേരയില്‍ പാതി മയക്കത്തില്‍ എന്തോ അറിഞ്ഞുനുണയുന്ന ഭര്‍ത്താവിനെ അവള്‍ ദേഷ്യത്തോടെ ഉണര്‍ത്തി. ആലസ്യത്തിന്റെ താഴ് വരയില്‍ നിന്നും വിസ്കി യുടെ രുചി മാറാത്ത ചുണ്ടുകള്‍ നനച്ച് അയാള്‍ തപ്പിത്തടഞ്ഞ് കയറി വന്നു. നനഞ്ഞൊട്ടിനില്‍ക്കുന്ന ഭാര്യയുടെ കണ്ണിലെ കനല് കെടുത്തുവാന്‍ പിന്നിലൊളിപ്പിച്ച സാരികള്‍ അയാള്‍ തിടുക്കപ്പെട്ട് ഉയര്‍ത്തി കാണിച്ചു ഒരു കനത്ത ഇടിമിന്നല്‍ അവര്‍ക്കിടയിലൂടെ കടന്നുപോയി.അതിന്റെ ഞെട്ടലടങ്ങവേ സാരികള്‍ തട്ടിപറിച്ച് തിരിച്ചും മറിച്ചും നോക്കി അവള്‍ ചിരിക്കാന്‍ തുടങ്ങി.കുളിരുകൊണ്ട് വിറക്കുന്ന വയറില്‍ സാരികള്‍ ചേര്‍ത്തുവെച്ചുകൊണ്ടവള്‍ ചോദിച്ചു നിങ്ങള്‍ക്ക് മഹേന്ദ്രസിംഗ് ധോണിയെ അറിയുമോ…? വെറുതെ നില്‍ക്കുന്ന അയാള്‍ക്കും, ചിരി അടക്കാന്‍ വയ്യാതെ നിന്ന അവള്‍ക്കുമിടയില്‍ ഇടിമിന്നലേറ്റു മരിച്ച ടി.വിയുടെജഡം മരവിച്ചു കിടന്നു…….

Generated from archived content: story1_nov24_11.html Author: reghunath_tp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here