ഗീസറുകളിലേക്ക്
ലോവര്‍ ഗീസര്‍ ബേസിന്‍
യെലോസ്റ്റോണില്‍ ഞങ്ങളെ ആകര്‍ഷിച്ച ചില പ്രതിഭാസങ്ങളും സ്ഥലങ്ങളും മാത്രം കാണുവാന്‍ തീരുമാനിച്ചു . എല്ലാം കാണുവാന്‍ സമയം ഉണ്ടായിരുന്നില്ല. ആദ്യ ദിവസം ഞങ്ങള്‍ ലോവര്‍ ഗീസര്‍ ബേസിനിലേക്ക് യാത്രയായി. അവിടത്തെ ഏറ്റവും വലിയ ബേസിനും ഇതു തന്നെ. ഒന്നിലധികം ഗീസേര്‍സും ചുരുക്കം മഡോപ്ട്ടുകളും അടുത്തുള്ള ഒരു ഏരിയെയെയാണ് ‘ ബേസിന്‍’ എന്ന്വിളിക്കുന്നത്. ഇവിടെ പ്രധാനപ്പെട്ടത് ‘ പെയിന്റെഡ് മഡ്പോട്ട്’ ‘ റെഡ്സ്പൌട്ടര്‍ ‘, ഗ്രേറ്റ്ഫൗണ്ടന്‍ ഗീസര്‍ ‘ എന്നിവയാണ് . ഗീസറില്‍ നിന്നുയരുന്ന ചൂടുള്ള വെള്ളം ദേഹത്ത് തെറിച്ചു വീഴാതെ ‘ മഡ്പോട്ടു’ കളിലേക്ക് വഴുതിവീഴാനാവാതെ , അകന്നു മാറി അല്‍പ്പം ഉയരത്തിലായി തടികൊണ്ട് സന്ദര്‍ശകര്‍ക്ക് നടന്നുപോകാന്‍ ഒരു പാലം ഉണ്ടാക്കിയിട്ടുണ്ട്. വാന്‍ പാര്‍ക്ക് ചെയ്തപ്പോള്‍ തന്നെ ‘ മഡ്പോട്ടില്‍’ നിന്നുയരുന്ന ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ മണം ശ്രദ്ധിച്ചു. എന്റെ മുമ്പിലേക്ക് പുതിയൊരു ലോകം അടര്‍ന്നു വീഴുകയായിരുന്നു. ഗന്ധവും , ശബ്ദങ്ങളും, ഫൗണ്ടനും , ആവിയും കൊണ്ട് നമ്മെ വിസ്മയരാക്കുന്ന ഒരു അത്ഭുത ലോകം . ‘ പെയിന്റെഡ് മഡ് പോട്ട് ‘ എന്ന പേര് അതിലെ ചെളിയില്‍ ബ്രൗണ്‍, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങള്‍ ഉള്ളതിനാലാണ് . ഈ നിറങ്ങള്‍ ചെളിയിലുള്ള ഇരുമ്പ്, സിലിക്ക എന്നിവ ഓക്സിഡൈസ് ചെയ്ത് ഉണ്ടാകുന്നതാണ് ഇതില്‍ കാണുന്ന കുമിളകള്‍. ചെളി തിളക്കുന്നത് കൊണ്ടല്ല ഭൂഗര്‍ഭത്തില്‍ നിന്നുള്ള ഗ്യാസ് പുറത്തേക്ക് വമിക്കുന്നതിലാണ്. ആകെക്കൂടി നിറങ്ങളുടെ ഒരു തിളപ്പ്! മഴ കുറഞ്ഞ സീസണില്‍ ‘ മഡ് സ്പോട്ട്’ കുറുകിയ ഒരു സൂപ്പ് പോലെ തോന്നിക്കും.
നമ്മുടെ മനസില്‍ മായാതെ നില്‍ക്കുന്ന ഒരു ഗീസറാണ് അവിടെയുള്ള ‘ ഗ്രേറ്റ് ഫൗണ്ടന്‍ ഗീസര്‍’ എല്ലാ 9 മുതല്‍ 15 മണിക്കൂറില്‍ ഇതില്‍ നിന്നും ഫൗണ്ടന്‍ ഉയരുന്നു. അത് ഒരു മണിക്കൂര്‍ ചിലപ്പോള്‍ രണ്ടു മണിക്കൂറോളം നീണ്ടു നില്‍ക്കുകയും 75 അടി മുതല്‍ 200 അടി വരെ ഉയരത്തില്‍ പൊങ്ങുകയും ചെയ്യുന്നു. നമ്മെ വളരെയധികം ‘ ഇമ്പ്രസ്ഡ് ‘ ആക്കിക്കൊണ്ട്.
‘റെഡ് സ്പൌട്ടര്‍’ വളരെയധികം ഒച്ചയും ബഹളവും കൊണ്ട് നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു ‘ മഡ്സ്പോട്ടാ’ ണ്. അതില്‍ നിന്നും ഒരു പ്രെഷര്‍ കുക്കറില്‍ നിന്നെപോലെ എപ്പോഴും വലിയ ചീറ്റലും പൊട്ടലും ഉണ്ടായിക്കൊണ്ടിരിക്കും. വസന്തത്തിന്റെ തുടക്കത്തില്‍ ധാരാളം മഴയുള്ളപ്പോള്‍ ചുവപ്പ് രാശിയുള്ള ചെളിവെള്ളം അതിന്റെ വക്കില്‍ വലിയ ഓളങ്ങള്‍ ഉണ്ടാക്കും . അധികം വെള്ളമില്ലാത്ത സമയത്ത് ആവി മാത്രം പുറത്ത് വിട്ടുകൊണ്ട് ഇതൊരു ഫ്യൂമറോളായി മാറും.
ഓള്‍ഡ് ഫെയ്ത്ത് ഫുള്‍ ഗീസര്‍
ഇവിടെ നിന്ന് ഞങ്ങള്‍ നേരെ വിട്ടത് ഏറ്റവും പ്രസിദ്ധമായ ‘ ഓള്‍ഡ് ഫെയ്ത്ത് ഫുള്‍’ എന്ന ഗീസര്‍ കാണുവാനാണ്. 3700 മുതല്‍ 8400 ഗ്യാലന്‍ വെള്ളം ആവറേജ് 145 അടി ഉയരത്തില്‍ വിട്ടുകൊണ്ട് എല്ലാ 90 മിനിറ്റിലും ഈ ഗീസര്‍ സജീവമാകുന്നു. നൂറുകണക്കിന് സന്ദര്‍ശകരെ ചുറ്റും നിര്‍ത്തിക്കൊണ്ട് . അതും കേവലം അഞ്ച് മിനിറ്റു മാത്രം നീണ്ടു നില്‍ക്കുന്ന ഒരു ഷോക്ക് വേണ്ടി , എല്ലാ 90 മിനിറ്റ് കഴിയുമ്പോഴും അവള്‍ ഒരു നല്ല കാഴ്ച തരും എന്നത് നമുക്ക് തീര്‍ച്ചയാക്കാം. ഈ കാര്യത്തില്‍ കണിശമാണ് അതിനാലാണ് അവള്‍ക്ക് ‘ ഓള്‍ഡ് ഫെയ്ത്ത് ഫുള്‍’ എന്ന പേര്‍ കിട്ടിയതും . അവിടെ വേറെ പല ഗീസേര്‍സും ഉണ്ട്. ചിലത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തളര്‍ന്ന് മയക്കത്തിലാണ്. ആ പൊരിഞ്ഞ വെയിലില്‍ കാത്തിരുന്നത് വെറുതെയായില്ല എന്ന സംതൃപ്തിയോടെ ഞങ്ങള്‍ സ്ഥലം വിട്ടു.
മിഡ് വേ ഗീസര്‍ ബേസിന്‍
ഉച്ച തിരിഞ്ഞ് ഞങ്ങള്‍ ‘ മിഡ് വേ’ ഗീസര്‍ ബേസിന്‍ കാണുന്നതിനായി പുറപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ഹോട്ട് സ്പ്രിംങ്സ് ഇവിടെയാണ് . ‘ grand prismatic spring and excelsior spring’ യെലോസ്റ്റോണിലെ ഏറ്റവും വലിയ ഹോട്ട് സ്പ്രിങ് ആണിത്. ഏറ്റവും മനോഹരവും ഗ്രാന്റ് പ്രിസ്മാറ്റിക് തന്നെ . കടും നീല നിറം മധ്യത്തിലും ഇളം നീല നിറം അരികിലേക്ക് പോകുന്തോറും അരികില്‍ ആഴം കുറഞ്ഞിടത്ത് പച്ച ‘ algae’ വക്കിനോട് അടുക്കുന്തോറും നിറം മഞ്ഞയില്‍ നിന്ന് ഓറഞ്ച് ആവുന്നു . ഏറ്റവും അരികില്‍ ചുവപ്പ് . എല്ലാം കൂടി വര്‍ണ്ണങ്ങളുടെ ഒരു മേളം . ഒരു മിനിറ്റില്‍ ഭൂമിക്കടിയില്‍ നിന്ന് ഇതിലേക്ക് 560 ഗ്യാലന്‍ വെള്ളം വരുന്നു. ഇതിലെ താപം ഏകദേശം 188 ഡിഗ്രി ഫാരന്‍ ഹീറ്റ്. ലോകത്തിലെ ഏറ്റവും വലിയ ‘ ഹോട്ട് സ്പ്രിങ്സില്‍ ‘ മൂന്നാം സ്ഥാനം.
‘excelsior spring’ ഇതില്‍ വെള്ളത്തിന് 199 ഡിഗ്രി ഫാരന്‍ ഹീറ്റ് ചൂടുണ്ട്. 1880 വരെ ഈ ഹോട്ട് സ്പ്രിങ്ങ് 300 അടി പൊക്കത്തില്‍ ഫൗണ്ടന്‍ ഉയര്‍ത്തിക്കൊണ്ട് വളരെ സജീവമായിരുന്നു. അതിനുശേഷം ഉറക്കം പൂണ്ട മട്ടാണ്. ഇപ്പോള്‍ ഒരു ഹോട്ട് സ്പ്രിങ്ങായി തുടരുന്നു. തിളച്ചുകൊണ്ടിരിക്കുന്ന 1050 ഗ്യാലന്‍ വെള്ളം ഒരു മണിക്കൂറില്‍ ഭൂമിക്കടിയില്‍ നിന്ന് ധാരാളം ആവി ഉയര്‍ത്തി ഒരു രാജകീയ ഭാവത്തോടെ നിലകൊള്ളുന്നു. വേറെ രണ്ട് ശ്രദ്ധേയമായത് turquoise and indigo springs ആണ്. ഇതിന്റെ അസാധാരണവും ആകര്‍ഷണീയവുമായ നീല നിറത്തില്‍ നിന്നാണ് ഈ പേര്‍ വന്നത്. ഇവയില്‍ നിന്നെല്ലാം കവിഞ്ഞ് ഒഴുകുന്ന വെള്ളം ‘ ഫയര്‍ ഹോള്‍’ റിവറിലേക്ക് ഒഴുകി വീഴുന്നു. ഇത്രയും ചൂടുള്ള വെള്ളത്തില്‍ വളരുന്ന ഒരു തരം ബാക്ടീരിയ ഉണ്ട് . പാറകളെ അരുമയായി തഴുകി ഒഴുകുന്ന ചൂടു വെള്ളത്തില്‍ ഈ ബാക്ടീരിയ വളര്‍ന്ന് കാവി, ഓറഞ്ച് , ബ്രൗണ്‍ എന്നീ വര്‍ണ്ണമേളത്തോടെ പാറകള്‍ക്ക് വര്‍ണ്ണിക്കാനാവാത്തൊരു നയനഭംഗി നല്‍കുന്നു. അവിടവിടെയായി സന്ദര്‍ശകര്‍ക്ക് താക്കീത് നല്‍കുന്ന ബോര്‍ഡുകള്‍കാണാം. ‘ വെള്ളത്തില്‍ തൊടരുത് , പൊള്ളൂം ‘. ‘ പാതവിട്ട് ഇറങ്ങി നടക്കരുത് . ഇവിടെ ഒഴുകുന്ന വെള്ളത്തിന് നല്ല ചൂടാണ്.’ തന്നെയുമല്ല ചിലപ്പോള്‍ സള്‍ഫ്യൂരിക്കാസിഡ് പോലുള്ള ആസിഡ് അലിഞ്ഞു ചേര്‍ന്നിരിക്കും. ഇറങ്ങി നടന്നാല്‍ ചിലപ്പോള്‍ കയറി വരാനാവാത്ത വിധം താഴ്ന്നു പോയെന്നിരിക്കും. ദേഹമാകെ പൊള്ളിക്കുടുന്ന് പലരും മരിച്ചിട്ടുണ്ട്. ചിലര്‍ക്ക് ഇതൊക്കെ നേരോ എന്ന് തൊട്ടറിയണം എന്നാലെ വിശ്വസിക്കു. ( അനുഭവിച്ച് അറിയണമെന്ന് ചിന്തിക്കാഞ്ഞത് നന്നായി) തിരിഞ്ഞു നോക്കിയപ്പോഴുണ്ട് ജേക്കബ്ബ് വെള്ളത്തില്‍ വിരല്‍ മുക്കി നില്‍ക്കുന്നു. എന്നിട്ട് ചിരിച്ചുകൊണ്ടൊരു പ്രസ്താവനയും ‘’ അല്‍പ്പം ചൂടുണ്ട് അത്രമാത്രം’‘ പിന്നീടെന്നോ വായിച്ചു ഒരു തരം ബാക്ടീരിയ ഇവിടെ ചൂടു വെള്ളത്തില്‍ വളരുമെത്രെ. മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ ബാക്ടീരിയ മൂക്ക് വഴി കയറി തലച്ചോറിനെ ബാധിക്കുകയും മനുഷ്യര്‍ മരിക്കുകയും ചെയ്യുമെന്ന്. എല്ലാം കണ്ട് ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ വലിയ ട്രാഫിക്ക് ജാം . വഴിയില്‍ അവിടവിടെയായി പോലീസുകാര്‍ ഉണ്ട്. അവരോട് കാരണം ചോദിച്ചപ്പോഴാണ് അറിഞ്ഞത് വഴിയരുകില്‍ ഉള്ള കാട്ടില്‍ ‘ മൂസ്’ എന്ന മൃഗങ്ങള്‍ ഇണ ചേരുന്നു. എന്റെ ധാരണ ‘ ഒളിഞ്ഞുനോട്ടം’ എന്ന കല മലയാളിക്കുമാത്രമെയുള്ളുവെന്നായിരുന്നു.
മാമത്ത് സ്പ്രിങ്ങ്
സന്ധ്യയായി , ഉഷസ് ആയി , യെലോസ്റ്റോണില്‍ രണ്ടാം ദിവസം അന്ന് രാവിലെ ‘ മാമത്ത് സ്പ്രിങ്ങ് എന്നയിടത്തേക്ക് പോകുവാനാണ് സുഹൃത്ത് സംഘം നിശ്ചയിച്ചത്. മാമത്തിനോട് അടുത്തപ്പോള്‍ മാര്‍ബിള്‍ മലയോ അതോ മഞ്ഞ് മലയോ എന്ന് തോന്നിപ്പിക്കും വിധം വെളുത്ത നിറത്തിലൊരു പ്രതിഭാസം. ആയിരമായിരം വര്‍ഷങ്ങള്‍ ഹോട്ട് പ്രിങ്ങിലെ വെള്ളം തണുത്ത് അതില്‍ അലിഞ്ഞിരിക്കുന്ന calcium carbonate ഡിപ്പോസിറ്റ് ചെയ്താണ് മാമത്ത് സ്പ്രിങ്ങ് എന്ന വെണ്മ ഉണ്ടായിരിക്കുന്നത് . നോറിസ് ഗീസര്‍ ബേസിനില്‍ നിന്നുമാണ് ഭൂമിക്കടിയിലൂടെ ഇവിടേക്ക് വെള്ളം വരുന്നത്. വര്‍ഷങ്ങളായി calcium carbonate അടിഞ്ഞ് ഉണ്ടാവുന്ന ട്രാവെര്‍റ്റീന്‍ പല തട്ടുകളായി രൂപമെടുത്തിരിക്കുന്നു. അടുത്തയിടക്ക് ഉണ്ടയ ഭൂചലനങ്ങളില്‍ ഹോട്ട് സ്പ്രിങ്ങിന്റെ ‘ വെന്റ് ‘ വേറൊരിടത്തേക്ക് മാറുകയും തന്മൂലം ഹോട്ട് സ്പ്രിങ്ങില്‍ വെള്ളം ഇല്ലാതാവുകയും ചെയ്തു. സന്ദര്‍ശകര്‍ക്കായി ഉണ്ടാക്കിയിരിക്കുന്ന തടികൊണ്ടുള്ള പാലത്തിലൂടെ നടന്ന് പിന്നെ നട കയറിയാല്‍ മുകളില്‍ എത്താം. അവിടെ നിന്ന് നോക്കിയാല്‍ മഞ്ഞ് വിതച്ച് വളരുന്ന ഒരു മഞ്ഞ് പാടത്തിന്റെ വെണമ ഏക്കറുകളോളം. പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യം മനസില്‍ ബാക്കി വച്ച് ഞങ്ങള്‍ നോറിസ് ഗീസറിലേക്ക് യാത്രയായി.
നോറിസ് ഗീസര്‍ ബേസിന്‍
യെലോസ്റ്റോണിലെ ഏറ്റവും ചൂടുള്ള ഗീസര്‍ ബേസിനാണ് നോറിസ് ഗിസര്‍ ബേസിന്‍ . ഏറ്റവും കൂടുതല്‍ അസിഡിറ്റി ഉള്ള വെള്ളവും ഇവിടെത്തന്നെ . ലോകത്തിലെ ഏറ്റവും പൊക്കത്തില്‍ ഫൗണ്ടന്‍ ഉണ്ടാകുന്ന ഗീസര്‍ ‘സ്റ്റീം ബോട്ട്’ ഇവിടെയാണ് .’ സ്റ്റീം ബോട്ടിന്റെ’ മേജര്‍ ഇറപ്ഷനില്‍ ഫൗണ്ടന് 300 അടി പൊക്കമുണ്ടാവും. മേജര്‍ ഇറപ്ഷന്‍സ് തമ്മില്‍ ചിലപ്പോള്‍ ഒരു വര്‍ഷത്തെ ഇടവേള വന്നുവെന്ന് വരാം. ഈ സമയത്ത് സ്റ്റീം ബോട്ടില്‍ നിന്ന് 40 അടി പൊക്കത്തില്‍ ഫൗണ്ടന്‍സ് ഉണ്ടാവുന്നു. ഇവിടത്തെ വെള്ളത്തിന്റെ ചൂടും അസിഡിറ്റിയും നിമിത്തം ഇവിടെ ചെടികളും ആല്‍ഗെയും ബാക്ടീരിയയും വളരുന്നില്ല. ആകെക്കൂടി വെളുത്ത നിറത്തില്‍ തരിശായി കിടക്കുന്ന ഭൂമി. സന്ദര്‍ശകര്‍ വാ മുഖത്ത് കല്ലുകളെറിഞ്ഞാതിനാല്‍ അടഞ്ഞ് ആവി തുപ്പാനാവാതെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിശബ്ദമായി കഴിയുന്ന ഒരു ഗീസറിനേയും കണ്ടു .
തിരികെ ഹോട്ടലിലേക്ക് ഡ്രൈവ് ചെയ്യുമ്പോല്‍ റോഡില്‍ വീണ്ടും ട്രാഫിക്ക് ജാം. മരങ്ങള്‍ക്ക് പിന്നില്‍ തുറസായ സ്ഥലത്ത് കാണുന്ന മൂന്നു കറുത്ത പൊട്ടുകള്‍ കരടികള്‍ ആണെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. അപ്പോഴാണ് അന്ന് രാവിലെ ആരോ പറഞ്ഞ കഥ ഓര്‍മ്മിച്ചത്. കുറച്ചു നാള്‍ മുമ്പ് സന്ദര്‍ശകര്‍ ദൂരെ മരങ്ങള്‍ക്കിടയില്‍ ഒരു കരടി രൂപം കണ്ട് കാറുകള്‍ നിര്‍ത്തി. റോഡിലാകെ റാഫിക്ക് ബ്ലോക്ക് ആ സ്ഥലത്ത് ഇതുവരെ കരടികളെ കണ്ടിട്ടില്ലാത്തതിനാല്‍ സംശയം തോന്നിയ പോലീസുകാര്‍ ബൈനോക്കുലര്‍ വെളിയില്‍ എടുത്തു കരടിയെ അടുത്തുകാണുവാനായി അവര്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കരടി ഒരു പഴം പൊളിച്ചു തിന്നുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അടുത്തുചെന്നറിയാന്‍ പോയ പോലീസ് ഓഫീസേര്‍സ് കാണുന്നത് കരടി വേഷത്തിനുള്ളിലിരിക്കുന്ന ഒരു പയ്യനെയാണ്. കരടിവേഷം വില കുറച്ച് കിട്ടിയപ്പോള്‍ അവന്‍ ഒരു കുസൃതി തോന്നി ഏതു വേഷമിട്ടാലും വിശക്കുമ്പോള്‍ എന്തെങ്കിലും കഴിക്കണ്ടെ? മനുഷ്യനായാല്‍ വിശക്കില്ലേ?
മഡ് വോള്‍ക്കേനോസ്
വീണ്ടും സന്ധ്യയായി , ഉഷസായി യെലൊസ്റ്റോണിലെ മൂന്നാം ദിവസം. യെലോസ്റ്റോണിലെ അവസാനത്തെ ദിവസം മഡ് വോള്‍ക്കേനോസ് കാണുന്നതിനായി പുറപ്പെട്ടു. രാവിലെ തന്നെ റോഡില്‍ ട്രാഫിക്ക് ജാം. വഴിയില്‍ കാറുകള്‍ നിര്‍ത്തി സന്ദര്‍ശകര്‍ ഒരു മരത്തിനു നേരെ ക്യാമറ തിരിച്ച് പടമെടുക്കുന്നു. ‘ ബാള്‍ഡ് ഈഗിള്‍’ എന്നൊരു തരം പരുന്ത് മരത്തില്‍ അതിന്റെ കൊട്ട പോലുള്ള കൂട്ടില്‍ അടയിരിക്കുന്നു . ഒരു പരുന്തിന് ട്രാഫിക്ക് നിര്‍ത്തുവാനുള്ള കഴിവില്‍ അത്ഭുതപ്പെട്ട് ഞങ്ങളും വാന്‍ നിര്‍ത്തി കുറച്ചു പടങ്ങള്‍ എടുത്തു.
മഡ് വോള്‍ക്കേനോയോട് അടുത്തപ്പോള്‍ ചീഞ്ഞ മുട്ടയുടെ ഹൈഡ്രജന്‍ സല്‍ഫൈഡിന്റെ ഗന്ധം അവിടെ പല മഡ്പോട്ടുകളുണ്ട് . ഇവിടെ ഏറ്റവും ശ്രദ്ധേയമായത് ‘ ഡ്രാഗന്‍സ് മൗത്ത്’ ആണ്. ഇത് വാസ്തവത്തില്‍ ചെറിയൊരു ഗുഹയാണ്. ഈ ഗുഹക്കുള്ളില്‍ ജലനിരപ്പു ഉയരുമ്പോള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് , കാര്‍ബണ്‍ ഡയോക്സൈഡ് , ജലാംശം എന്നിവയുടെ അളവുകൂടുമ്പോള്‍ ഗുഹക്കുള്ളില്‍ ‘എകേസ്പ്ലാഷന്‍’ ഉണ്ടാകുന്നു അതിന്റെ ഫലമായി ഗുഹക്കുള്ളില്‍ പൊട്ടലും ചീറ്റലും കേള്‍ക്കാം. ഗുഹക്ക് വെളിയിലേക്ക് വെള്ളം അലയടിച്ച് വരുന്നതും കാണാം.
1978 നടന്ന ഒരു ഭൂചലനത്തില്‍ ഭൂതാപം 93 ഡിഗ്രി സെന്റിഗ്രേഡില്‍ കൂടുതല്‍ ആയി. അവിടെ നിന്നിരുന്ന മരങ്ങള്‍ എല്ലാം മറിഞ്ഞു വീണ് അവിടം ഇപ്പോള്‍ തരിശായി കിടക്കുന്നു ‘ കുക്കിങ്ങ് ഹില്‍സൈഡ്’ എന്ന പേരില്‍ അറിയുന്നു . ഇവിടെയുള്ള മഡ് സ്പോട്ടുകള്‍ക്കു സമീപം കാട്ടുപോത്തുകള്‍ വിഹരിക്കുന്നതു കാണാം. ചൂട് തേടി വരുന്നതു പോലെ.
ഇനിയും ചിലതൊക്കെയുണ്ട് കാണുവാന്‍ . പക്ഷെ കാണുവാന്‍ താത്പര്യമുള്ളൊതൊക്കെ കണ്ടു കഴിഞ്ഞു. യെലോസ്റ്റോണില്‍ എവിടെ തിരിഞ്ഞാലും ഒരു ‘ ഹോട്ട് സ്പ്രിംഗ് ‘ കാണാം. അതിനു ചുറ്റിലും ഒരു വേലിയും. വരും കാലത്ത് എന്നെങ്കിലും യെലോസ്റ്റോണിലെ അഗ്നി പര്‍വതം പൊട്ടിത്തെറിച്ചാല്‍ ലാവ രണ്ട് മൈല്‍ ഉയരത്തില്‍ പൊങ്ങും. അതില്‍ നിന്നും ഉയരുന്ന ഗ്യാസും ചാരവും ആയിരക്കണക്കിന് മൈലുകള്‍ പരക്കും. മനുഷ്യര്‍ ശ്വാസം മുട്ടി മരിക്കും. സൂര്യനെ മറയ്ക്കും .ദൂരെയുള്ള കൃഷികള്‍ നശിച്ച് മനുഷ്യര്‍ പട്ടിണി കിടന്ന് മരിക്കും.
ഞങ്ങള്‍ക്ക് യെലോസ്റ്റോണ്‍ വിടുവാനുള്ള സമയമായി. തിരികെ ഡെന്‍വര്‍ കൊളറാഡൊയില്‍ എത്തണം. അവിടെ നിന്നാണ് ഫ്ലൈറ്റ്. കൊളറാഡോയിലേക്ക് മടങ്ങുന്നത് വേരൊരു വഴിയിലൂടെ പോകും വഴി ‘ ഗ്രാന്റ് റ്റിറ്റോണ്‍ ‘ നാഷണല്‍ പാര്‍ക്കില്‍ പോവണം . അവിടത്തെ സ്നേക്ക് റിവറിലൂടെ പ്രകൃതിയും പര്‍വതനിരകളും ആസ്വദിച്ചുകൊണ്ട് ‘ ഫ്ലാട്ടില്‍’ ഒരു സീനിക്ക് ജലയാത്ര നടത്തണം. ഒരു വഴിക്ക് ഇറങ്ങിപ്പുറപ്പട്ടതല്ലേ, ഒന്നും വിടേണ്ട എന്നായിരുന്നു എല്ലാവരുടെയും ചിന്ത.
ഗ്രാന്റ് നാഷണല്‍ പാര്‍ക്ക്
ഉച്ചയോടു കൂടി ഞങ്ങള്‍ ഗ്രാന്‍ റ്റീറ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ എത്തി. ‘ വയോമിങ്ങ് ‘ എന്ന സ്റ്റേറ്റിന്റെ വടക്ക് പടിഞ്ഞാറ് 310,000 ഏക്കറില്‍ ഗ്രാന്റ് റ്റീറ്റോണ്‍ നാഷണല്‍ പാര്‍ക്ക് വ്യാപിച്ചു കിടക്കുന്നു . ഗ്രാന്റ് റ്റീറ്റോണ്‍ പര്‍വതനിരകള്‍ റോക്കി പര്‍വത നിരകളിലെ ഏറ്റവും പ്രായം കുറഞ്ഞ , ഏകദേശം തൊണ്ണൂറു ലക്ഷം വര്‍ഷങ്ങള്‍ മാത്രം പ്രായമുള്ള പര്‍വതനിരകളാണ്. അവിടത്തെ ‘സ്നേക്ക് റിവറിലെ’ സീനിക്ക് ഫ്ലോട്ട് യാത്രയുടെ ടിക്കറ്റ് എടുക്കുക എന്നതാണ് ഞങ്ങള്‍ അദ്യം ചെയ്തത്. ഉച്ചകഴിഞ്ഞ് രണ്ടുമണിക്കത്തെ ഫ്ലോട്ട് യാത്രക്കുള്ള ടിക്കറ്റ് കിട്ടി. ഒരു നിശ്ചിത സ്ഥലത്ത് കാത്തുനില്‍ക്കണം വാന്‍ വന്ന് പിക്കപ്പ് ചെയ്യും. ഒരു വിധം ചൂട് ഉണ്ടയിരുന്നെങ്കിലും യാത്രയെക്കുറിച്ച് വായിച്ചറിഞ്ഞതില്‍ നിന്ന് ഒരു ജാക്കറ്റ് കയ്യില്‍ വെക്കുന്നതാണ് ബുദ്ധിയെന്ന് തോന്നി. സമയത്തിന് തന്നെ വലിയൊരു വാന്‍ മുന്നിലെത്തി. അതില്‍ ഡ്രൈവര്‍ ഒരു പെണ്‍കുട്ടിയെ കൂടാതെ ഞങ്ങളുടെ ഫ്ലോട്ടിന്റെ തുഴക്കാരനും ഗൈഡുമായി ഒരാളുണ്ട് . വാനിന്റെ പുറകില്‍ ഒരു ട്രെയിലറില്‍ ഞങ്ങള്‍ക്കുള്ള ഫ്ലോട്ടും.
വാനില്‍ കയറുന്നതിനു മുമ്പ് യാത്രയെക്കുറിച്ച് ചില കാര്യങ്ങള്‍ ഞങ്ങളെ പറഞ്ഞു മനസിലാക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു ‘’ നിങ്ങള്‍ക്കു മനസുമാറണമെങ്കില്‍ ഇപ്പോള്‍ മാറ്റാം. ടിക്കറ്റിന്റെ വില മടക്കി തരുന്നതാണ്’‘. ഒരു മൂന്നു മണിക്കൂര്‍ സ്വച്ഛമായി നദിയിലുടെ ഉല്ലാസയാത്ര ആഗ്രഹിച്ചു വന്ന ഞങ്ങളോട് എന്തിനിതു പറയുന്നു എന്ന മട്ടില്‍ ഞങ്ങള്‍ അദ്ദേഹത്തെ നോക്കി. ‘’ ഉച്ചകഴിയുമ്പോള്‍ ഇവിടത്തെ കാലാവസ്ഥ പ്രതീക്ഷിക്കാത്ത വിധം മാറും. എന്നും ഉച്ച കഴിയുമ്പോള്‍ നല്ലൊരു മഴയുണ്ടാകും , ഇടിയും കൊള്ളിയാനുമൊക്കെയായി ആലിപ്പഴം പൊഴിച്ചുകൊണ്ടൊരു മഴ. ഇന്നലെ ഉച്ചകഴിഞ്ഞുമുണ്ടായിരുന്നു അങ്ങനെ മഴ. മനസ് മാറ്റാന്‍ അവസാനത്തെ ചാന്‍സ് ‘’ ഞങ്ങള്‍ കേരളം എന്ന ഉഷ്ണമേഖലയില്‍ നിന്നാണെന്നു പോലും അറിയാതെയാണ് അദ്ദേഹം ഇത്രയും പ്രസംഗിച്ചതും പേടിപ്പിച്ചതും. ‘’ മനസ് മാറ്റുന്നില്ല ഞങ്ങള്‍ക്ക് പോവണം’‘ ഞങ്ങള്‍ തറപ്പിച്ചു പറഞ്ഞു. നനച്ച് വിറങ്ങലിപ്പിക്കുന്ന തണുത്ത മഴയെക്കുറിച്ചും ആലിപ്പഴത്തെക്കുറിച്ചും ആകുലപ്പെടാതെ . ‘’ എങ്കില്‍ വാനില്‍ കയറു’‘ നദിക്കരയില്‍ ഫ്ലോട്ട് ഇറക്കുന്ന സ്ഥലത്ത് വാന്‍ എത്തി. അദ്ദേഹം തുടര്‍ന്നു ‘’ നിങ്ങളുടെ മൂവി കാമറയും സ്റ്റില്‍ കാമറയും വാനില്‍ വെക്കുന്നതാണ് ബുദ്ധി. വെറുതെ നനക്കണ്ടല്ലോ തിരികെ പോകുമ്പോള്‍ എടുക്കാം’‘ അമ്മിണിയും ബാബുവും പേടിച്ച് ക്യാമറകള്‍ വാനില്‍ വച്ചു ‘’ എന്റെ കയ്യില്‍ പ്ലാസ്റ്റിക് ബാഗുണ്ട് , മഴ വന്നാല്‍ ഞാന്‍ അതില്‍ വെച്ചോളാം’‘ ഞാന്‍ വാശി പിടിച്ചു. ജേക്കബ്ബ് എന്നെ ഒന്നു നോക്കി , ക്യാമറ നനഞ്ഞാല്‍ തനിക്കതില്‍ പങ്കില്ലാ എന്ന മട്ടില്‍ . ഫ്ലോട്ടിന് മേല്‍ക്കൂരയില്ല, മഴനനയാതിരിക്കാനുള്ള യാതൊരു സാധവും കയ്യില്‍ ഇല്ല അദ്ദേഹവും ഡ്രൈവര്‍ പെണ്‍കുട്ടിയും റ്റ്രൈലര്‍ വെള്ളത്തിലിറക്കി ഫ്ലോട്ട് വിടുവിച്ചു അധികം ഭരമില്ലാത്ത കട്ടിയായ എന്തോ മെറ്റീരിയല്‍ കൊണ്ടാണ് ഫ്ലോട്ട് ഉണ്ടാക്കിയിരിക്കുന്നത് വാന വാന്‍ മടങ്ങി പോകുവാന്‍ തയ്യാറായി ‘’ അടുത്ത മൂന്നു മണിക്കൂര്‍ നമ്മള്‍ ഈ നദിയിലായിരിക്കും. , ഒഴുക്കിന്‍ അനുസരിച്ച് പോകുന്നു ഒഴുക്കിനെതിരെ തുഴഞ്ഞ് മടങ്ങി വരുന്ന പ്രശ്നമേയില്ല’‘ അങ്ങേര്‍ രാവിലെ എഴുന്നേറ്റപ്പോള്‍ രണ്ടുമണിക്കത്തെ ഫ്ലോട്ടില്‍ പോകുന്നവരെ ആവോളം പേടിപ്പിച്ചു കൊള്ളാമെന്ന് ശപഥകെടുത്തതു പോലെ ‘ സ്നേക്ക് നദിയില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ എട്ടു പേരും ഗൈഡും മാത്രം ഞങ്ങളുടെ സ്വന്തം നദി , ചുറ്റും ഗ്രാന്റ് റ്റീറ്റോണ്‍ പര്‍വതനിരകള്‍ , അതില്‍ അവിടവിടെയായി ‘ ഹെറോണ്‍’ എന്ന പക്ഷികള്‍ സംശയമൊന്നുമില്ല ഞങ്ങള്‍ മാസ്മരികതയുടെ മാന്ത്രിക വലയത്തില്‍
യാത്ര തുടങ്ങിയിട്ട് അരമണിക്കൂര്‍ കഴിഞ്ഞു കാനണം മാനം ഇരുണ്ടു. തണുത്ത കാറ്റടിച്ചു ജാക്കറ്റിന്റെ സിപ്പര്‍ വലിച്ചിട്ടു. പോക്കറ്റില്‍ നിന്ന് ഗൌസ് വലിച്ചെടുത്ത് ഇടണോ വേണ്ടയോ എന്ന ചിന്മ്തയിട്ട് ഉരുട്ടിയിട്ട് ഞാന്‍ കയ്യില്‍ ഗ്ലൌസ് ഇട്ടു. കൈകള്‍ തണുത്തിരിക്കുന്നു നല്ല തണുപ്പ് ‘’ ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ ‘’ എന്ന മട്ടില്‍ ഗൈഡ് ഞങ്ങളെ നോല്ലി കൊള്ളിയാന്‍ മിന്നി അതിനെ തുടര്‍ന്ന് ഒരു ഇടി മുഴക്കം ഒരു മഴത്തുള്ളി എന്റെ മുഖത്ത് മുത്തമിട്ടു. അടുത്തുതന്നെ ‘ ജാക്സണ്‍’ തടാകത്തില്‍ ഉല്ലാസയാത്ര ചെയ്യുന്ന ബോട്ടുകളെ പാര്‍ക്ക് അധികൃതര്‍ തിരികെ വിളിക്കുന്നത് ഗൈഡിന്റെ റേഡിയോയില്‍ കേട്ടു. റ്റെമ്പറേച്ചര്‍ ഒരു പത്തു ഡിഗ്രിയെങ്കിലും കുറഞ്ഞു കാണും. എനിക്ക് അത്യാവശ്യം ദൈവവിശ്വാസമുണ്ട് , ആവശ്യത്തിനു പ്രാര്‍ഥിക്കാറുമുണ്ട് . വളരുമ്പോള്‍ വീട്ടുകാരും പള്ളീലച്ചനും പറഞ്ഞു തന്നിട്ടുണ്ട് സ്വര്‍ഗം മുകളിലാണെന്ന് . ദൈവം അവിടെയുണ്ടെന്ന് . ഞാന്‍ മുകളിലേക്കു നോക്കി അറിയാതെ കുരിശ് വരച്ചേക്കുമോ എന്ന് തോന്നി. ഒരു പതിനഞ്ച മിനിറ്റ് കഴിഞ്ഞ് കാണും ‘’ യേസ് , റീനി ഈശ്വരന്‍ ഇവിടെയുണ്ട് ‘’ എന്ന് പറയുമ്പോലെ കാറ്റ് നിന്നു മഴക്കാറ് മാറി , പര്‍വത മുകളില്‍ സൂര്യന്‍ തെളിഞ്ഞു ഞങ്ങളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു . ഗൈഡും കൂടെ ചിരിച്ചു. പിന്നെയങ്ങോട്ട് സന്തോഷത്തിന്റെ രണ്ടു മണിക്കൂറുകള്‍ ആയിരുന്നു . ഒരു ചെറുവള്ളം തുഴഞ്ഞ് നാല് യുവജനങ്ങള്‍ ആരവത്തോടെ ഞങ്ങളെ കടന്ന് പോയി. ലോകം എപ്പോഴും യുവജനങ്ങളുടെ കാല്‍ക്കീഴില്‍ ആണല്ലോ! ഗൈഡ് , ഫ്ലോട്ടിന്റെ തുഴ ദാമുവിനും ബാബുവിനും ജേക്കബ്ബിനും ഒരു രസത്തിന് പിടിക്കാന്‍ കൊടുത്തു. ഒഴുക്കില്‍ ഫ്ലോട്ടിനെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല എന്ന് മനസിലായി. ഒരു കൂട്ടം പക്ഷികള്‍ അവരെ പരിഹസിച്ച് കാറി കടന്നു പോയി. ഞങ്ങള്‍ സ്ത്രീജനങ്ങള്‍ക്കും ഒരവസരം തരുവാന്‍ അദ്ദേഹം തയ്യാറായി. വെള്ളവുമായി ബന്ധമില്ലാത്ത ഞാന്‍ ലൈഫ് ജാക്കറ്റ് ധരിച്ചിട്ടും ചങ്കിടിപ്പോടെയാണ് ഫ്ലോട്ടില്‍ ഇരുന്നത്. ഗൈഡ് ഹൈസ്കൂളില്‍ സ്പാനിഷ് പഠിപ്പിക്കുന്ന ടീച്ചറാണ്. ഇത് അങ്ങേരുടെ സമ്മര്‍ ജോലിയാണ് എന്ന് പറഞ്ഞു. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഇവിടെ നാഷണല്‍ പാര്‍ക്കില്‍ ജോലിയെടുത്ത് തുടങ്ങിയതാണ്.
നദിക്കരയിലുള്ള ഒരു മരത്തില്‍ ‘ ബാള്‍ഡ് ഈഗിള്‍’ എന്ന പക്ഷി അതിന്റെ കൂട്ടില്‍ അടയിരിക്കുന്നു. ഗൈഡ് ഒരു കഥക്ക് തുടക്കമിട്ടു . കഴിഞ്ഞ വര്‍ഷം ‘ ബാള്‍ഡ് ഈഗിള്‍’ ദമ്പതിമാര്‍ സീസണില്‍ കൂടുകെട്ടി , പെണ്‍പക്ഷി മുട്ടയിട്ട് അടയിരുന്നു. കുട്ടികള്‍ വളര്‍ന്ന് പറന്നുപോകാന്‍ പ്രായമായിട്ടും കൂട് വിടുവാന്‍ തയ്യാറായില്ല. ആകുലചിത്തരായ മാതാപിതാക്കള്‍ ഓരോ കമ്പുമായി ഊരിക്കളഞ്ഞ് കൂട് നശിപ്പിച്ചത്രെ . ഗത്യന്തരമില്ലാതായപ്പോള്‍ പക്ഷിക്കുഞ്ഞുങ്ങള്‍ പറന്നകന്നു. കേട്ടപ്പോള്‍ ചിരിവന്നു . പക്ഷികള്‍ക്കും അമേരിക്കന്‍ ചിന്താഗതി. 21 വയസു പൂര്‍ത്തിയായാല്‍ സ്വാശ്രത തേടണം സ്വയം ജീവിക്കാന്‍ മറന്ന് കുട്ടികള്‍ക്ക് വേണ്ടി ജീവിതകാലമത്രെയും കഷ്ടപ്പെടുന്ന കേരളീയരായ മാതാപിതാക്കളെ ഓര്‍ത്തു. ചെറുതോണിയില്‍ തുഴഞ്ഞകന്ന യുവജനങ്ങളെയല്ലാതെ വേറെ മനുഷ്യരെ ആരെയും നദീ നീളെ കണ്ടില്ല നദിക്കരയില്‍ ‘ മൂസ് കാട്ടുപോത്ത്’ ‘ എല്‍ക്ക്’ എന്നീ കാട്ടുമൃഗങ്ങളെ കാണാമെന്നാണ് വായിച്ചത്. നദിയും പരിസരവും ഞങ്ങള്‍ക്കായി വിട്ടു തന്നിട്ട് അവരൊക്കെ ഉച്ചകഴിഞ്ഞ് ഉറക്കത്തിന് കയറിയിട്ടുണ്ടാകും. ‘’ പെരിയാറെ, പെരിയാറെ ‘’…. എന്ന പാട്ട് നാവിന്‍ തുമ്പത്ത് തത്തിക്കളിച്ചു. പെട്ടന്ന് നദിക്കരയില്‍ മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങള്‍ പോലെ രണ്ട് കൊമ്പുകള്‍ കണ്ടു. അതിനോട് ചേര്‍ന്ന് ഒരു കറുത്തതലയും . ‘മൂസ്’ എന്ന് ഞങ്ങളില്‍ ആരോ ചൂണ്ടിക്കാട്ടി. നിങ്ങള്‍ക്ക് ഇറങ്ങേണ്ട സ്ഥലമടുത്തിരിക്കുന്നു. വിശ്വസിക്കാനായില്ല നദിയിലൂടെ ഏകദേശം പത്തുമൈല്‍ പിന്നിട്ടിരിക്കുന്നു . ഗൈഡ് ഫ്ലോട്ട് അടുപ്പിച്ചു. നദിക്കരയില്‍ വാനും ഡ്രൈവര്‍ പെണ്‍കുട്ടിയും കാത്തു നിന്നിരുന്നു. അവര്‍ രണ്ടാളും ഫ്ലോട്ട് ട്രെയിലറില്‍ കയറ്റി.
വാന്‍ ഞങ്ങളെ യാത്ര തുടങ്ങിയ സ്ഥലത്ത് ഇറക്കി ‘ ഞാനിത്രയും പേടിപ്പിച്ചിട്ടും സാഹസികതയോടെ ഇവര്‍ ഫ്ലോട്ടില്‍ കയറിയല്ലോ’‘ എന്നയാള്‍ ചിന്തിച്ചു കാണും. ഞങ്ങളുടെ ചങ്കൂറ്റത്തില്‍ അത്ഭുതപ്പെട്ടു കാണും. അദ്ദേഹത്തിന് കൈ കൊടുത്ത് ഞങ്ങള്‍ പിരിഞ്ഞു. ഡെന്‍ വര്‍ ലക്ഷ്യമാക്കി ഞങ്ങളുടെ വാന്‍ പാഞ്ഞു ‘ സ്നേക്ക് ‘ നദിയിലൂടെയുള്ള മൂന്നു മണിക്കുര്‍ നേരത്തെ യാത്ര എല്ലാവരേയും ക്ഷീണിതരാക്കിയിരുന്നു . പിറ്റെ ദിവസം ഞങ്ങള്‍ ന്യൂയോര്‍ക്കിലേക്ക് പ്ലെയിന്‍ കയറി. ന്യൂയോര്‍ക്കില്‍ വന്നിറങ്ങുമ്പോള്‍ ലിമോസില്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു. അങ്ങനെ എട്ടു ദിവസം മുഖം മൂടിയില്ലാതെ എട്ടു സുഹൃത്തുക്കള്‍ ഒന്നിച്ച് എന്നിട്ടും ഞങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കള്‍ തന്നെ. വരുന്ന വഴി അമ്മിണിയെയും ബാബുവിനേയും ന്യൂയോര്‍ക്കില്‍ അവരുടെ വീട്ടില്‍ ഇറക്കി. പകല്‍ വെളിച്ചം ഉണ്ടായിരുന്നതുകൊണ്ട് ലിമോസിന്റെ സീലിങില്‍ ഒട്ടിയിരുന്ന ഇരുട്ടില്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍ ഉറങ്ങിക്കിടന്നു. ഞങ്ങളുടെ ഉന്മേഷവും കെട്ടിരുന്നു . ഒന്നര മണിക്കൂറിനു ശേഷം പകല്‍ എരിഞ്ഞ് തീരാറായപ്പോള്‍ ആവര്‍ത്തനവിരസതയിലേക്ക് ഞങ്ങളെ ഇറക്കി വിട്ട് ലിമോസിന്‍ ശ്രീദേവിയുടെയും ചന്ദ്രികയുടേയും പട്ടണത്തെ ലക്ഷ്യമാക്കി യാത്രയായി.
Generated from archived content: yathravivaranam2.html Author: reeni_mambalam