2009, ആഗസ്റ്റ് ഒന്നാം തീയതി യെലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലേക്ക് ഒരു യാത്ര പ്ലാനിടുമ്പോള്‍ , ഒരു വര്‍ഷം മുമ്പ് അലാസ്കയിലേക്കുള്ള കപ്പല്‍ യാത്രയും അതിനുമുന്‍പ് ഒരു ആരിസോണന്‍ യാത്രയും അലസിപ്പോയതിനാല്‍ എന്റെ ശുഭാപ്തി വിശ്വാസം കുറഞ്ഞു തന്നെ നിന്നു. ആഗസ്റ്റ് ഒന്നാം തീയതി ഞാന്‍, എന്റെ ഭര്‍ത്താവ് ജേക്കബ്ബ്, ദാമോദരന്‍ നമ്പൂതിരി , ഭാര്യ ഡോക്ടര്‍ ശ്രീദേവി നമ്പൂതിരി , ഡോക്ടര്‍ തങ്കപ്പന്‍ , ഭാര്യ ചന്ദ്രിക, ബാബു നമ്പൂതിരി, ഭാര്യ അമ്മിണി എന്ന് ഞങ്ങള്‍ വിളിക്കുന്ന ഡോക്ടര്‍ ദ്രൗപതി , എന്നീ എട്ടു പേരടങ്ങുന്ന ഞങ്ങളുടെ സുഹൃത് സംഘം ലഗ്വാര്‍ഡിയ എയര്‍പോര്‍ട്ടിലേക്കുള്ള ലിമോസിനില്‍ ഇരിക്കുമ്പോള്‍ സന്തോഷാതിരേകത്താല്‍ എന്റെ മനസിലാണ് ലാവ തിളച്ചു മറിയുന്നതെന്നു തോന്നി. അതിരാവിലെ , ഇരുട്ട് മറയാന്‍ മടി കാണിച്ച് , സൂര്യന്‍ ലോകത്തിന് മുഖം കാണിക്കുവാന്‍ വെമ്പിനിന്നൊരു നിമിഷത്തിലാണ് ലിമോസിന്‍ ഞങ്ങളുടെ ഡ്രൈവേയില്‍ എത്തുന്നത്. സീലിങ്ങില്‍ , ഇരുട്ടില്‍ തിളങ്ങുന്ന നക്ഷത്രങ്ങളൊട്ടിച്ചു വെച്ച ലിമോസിനില്‍ ഇരിക്കുമ്പോള്‍ ലോകത്തെയാകെ വാരിയെടുത്ത് ഒരു ഉമ്മ കൊടുക്കണമെന്നു തോന്നി.
ഈ യാത്രയുടെ സൂത്രധാരകരുടെ പ്ലാന്‍ അനുസരിച്ച് ഞങ്ങള്‍ ആദ്യം ‘ കൊളറാഡൊ‘ എന്ന സ്റ്റേറ്റിന്റെ തലസ്ഥാനമായ ഡെന്വറില്‍ ഇറങ്ങുന്നു. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ ആദ്യമായി ചെയ്തത് ഞങ്ങള്‍ റിസേര്‍വ് ചെയ്തിരുന്ന പതിമൂന്ന് ആള്‍ക്കാര്‍ക്ക് ഇരിക്കാവുന്ന വാന്‍ വാടക്ക് എടുക്കുക എന്നതായിരുന്നു. എട്ടു പേരുടെ പെട്ടികള്‍, പ്രത്യേകിച്ച് അതില്‍ നാലുപേര്‍ സ്ത്രീകള്‍ ആയതിനാല്‍ ലഗേജ് കൂടുമെന്നും ഇത്രയും വലിപ്പമുള്ള വാന്‍ വേണമെന്നുമായിരുന്നു പുരുഷന്‍മാരുടെ വാദം. ഏതാണ്ട് ഒരു മണിക്കൂര്‍ ഡ്രൈവ് ചെയ്ത് ഫോര്‍ട്ട് കോളിന്‍സ് എന്ന സ്ഥലത്തുള്ള ഒരു മോട്ടലില്‍ അന്നു രാത്രി താമസിച്ചതിനു ശേഷം രാവിലെ ഞങ്ങള്‍ സുഹൃത് സംഘം റോക്കി പര്‍വ്വതനിരകള്‍ കാണുവാന്‍ പുറപ്പെട്ടു.
റോക്കി പര്‍വതനിരകള്‍ നോര്‍ത്ത് അമേരിക്കയുടെ പടിഞ്ഞാറുഭാഗത്തുള്ള പ്രധാന പര്‍വതനിരകളാണ്. ഏതാണ്ട് 70 – 300 മൈല്‍ വീതിയുള്ള റോക്കി പര്‍വതനിരകള്‍ കാനഡയില്‍ ബ്രട്ടീഷ് കൊളമ്പിയയുടെ തെക്കുമുതല്‍ യുണൈറ്റഡ് സ്റ്റേറ്റിന്റെ വടക്കന്‍ പ്രദേശങ്ങള്‍ വരെ മൂവായിരം മൈലോളം നീണ്ടു കിടക്കുന്നു.
കാലാവസ്ഥ സുന്ദരമായിരുന്നു , അധികം ചൂടുമില്ല , തണുപ്പും ഇല്ല. ഫോര്‍ട്ട് കോളിന്‍സില്‍ നിന്നും റോക്കീസിലേക്കു പോകും വഴി ‘ എക്കോ ലേക്ക് ‘ എന്നൊരു തടാകം ഉണ്ട്. അതിമനോഹരം. ഏകദേശം പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിമാനികള്‍ അഥവാ ചലനശേഷിയുള്ള ഹിമപാളികള്‍ ഉരുകിയാണ് ഈ താടകം ഉണ്ടായത് . ഞങ്ങള്‍ അവിടെ അല്‍പ്പ സമയം ഇറങ്ങി തടാകത്തിന്റേയും അതിനെ മുത്തമിട്ടുനില്‍ക്കുന്ന ആകാശത്തിന്റേയും നീലിമ ആവോളം ആസ്വദിച്ചതിനു ശേഷം വാനില്‍ കയറി . ഇവിടെ നിന്നാണ് റോക്കീസ് ലേക്കുള്ള യാത്രയും മലകയറ്റവും ആരംഭിക്കുന്നതുതന്നെ. സമുദ്രനിരപ്പില്‍ നിന്നും കൂടുതല്‍ ഉയരത്തിലേക്ക് കയറുംതോറും വായുവില്‍ ഓക്സിജന്റെ അളവു കുറയുമെന്നും തന്മൂലം ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാമെന്നുള്ള മുന്നറിയിപ്പ് മലയുടെ അടിവാരത്തില്‍ കണ്ടു. അധികം താമസിയാതെ തന്നെ വാന്‍ , വീതികുറഞ്ഞ , ‘ ഹെയര്‍ പിന്‍ ‘ വളവുകള്‍ നിറഞ്ഞ ‘ ട്രെയില്‍ റിഡ്ജ്’ റോഡിലൂടെയായി യാത്ര. വായുമര്‍ദ്ദത്തില്‍ ഉള്ള വ്യത്യാസം ചെവികള്‍ അറിഞ്ഞ് പരാതിപ്പെട്ടു. അവ കൊട്ടിയടച്ചു. ഞങ്ങളുടെ സുഹൃത്ത് ബാബു നമ്പൂതിരിയായിരുന്നു സ്റ്റിയറിങ്ങിനു പുറകില്‍. ബാബു അതീവ ശ്രദ്ധയോടെ 13 സീറ്റര്‍ വാന്‍ ‘ ഹെയര്‍ പിന്‍’ വളവുകളിലൂടെ മുന്നോട്ടു കൊണ്ടുപോയി.
ആദ്യമായിട്ടാണെന്നു തോന്നുന്നു ഇത്രയും വലിയ വാഹനം ബാബു ഓടിക്കുന്നത്. റോഡിന്റെ ഒരു വശത്തേക്ക് നോക്കുമ്പോള്‍ കാണുന്ന ആരേയും പരിഭ്രമിപ്പിക്കുന്ന ഗര്‍ത്തങ്ങളില്‍ അസ്വസ്ഥമായ മനസ്. ഒരു വശത്ത് ഉയരം കൊണ്ട് നമ്മെ പരവശരാക്കുന്ന പര്‍വതങ്ങള്‍ . അങ്ങ് ദൂരെ , മഞ്ഞ് തലയില്‍ ചൂടിയ പര്‍വത നിരകള്‍ . ഏകദേശം പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനും ജേക്കബ്ബും കുട്ടികളോടൊപ്പം അവരുടെ സ്കൂളില്‍ നിന്ന് ഒരു നാഷനല്‍ കോമ്പറ്റീഷന് കോളറാഡോയില്‍ ‘ബോള്‍ഡര്‍’ എന്ന സ്ഥലത്ത് വന്നിരുന്നു. അന്ന് ബോള്‍ഡറില്‍ ഉള്ള റോക്കി പര്‍വ്വത ശിഖരത്തിന്റെ ഏറ്റവും മുകളില്‍വരെ കാറില്‍ പോയിരുന്നു. അതൊരു മെയ്മാസത്തിലായിരുന്നു. മലയുടെ അടിവാരത്ത് ബോള്‍ഡറില്‍ സുഖകരമായ കാലാവസ്ഥ. എങ്കിലും കയ്യില്‍ ജാക്കറ്റുകള്‍ കരുതിയിരുന്നു. മല കയറുന്തോറും കാലാവസ്ഥ മാറുന്നതറിഞ്ഞു. കുറെ ഉയരത്തില്‍ ചെന്നപ്പോള്‍ അവിടെ മഞ്ഞുപെയ്യുന്നുണ്ടായിരുന്നു . വൃക്ഷത്തലപ്പുകളിലും ചുറ്റുവട്ടത്തും മുമ്പ് പെയ്തതും അപ്പോള്‍ പെയ്യുന്നതുമായ മഞ്ഞിന്റെ പ്രളയം , ഭൂപ്രകൃതി ശരിക്കും കാണുവാനാവാതെ , റ്റെമ്പറേച്ചര്‍ ഫ്രീസിങ്ങിന് മുകളിയായിരുന്നതിനാല്‍ റോഡില്‍ നിന്ന് മഞ്ഞ് ഉരുകിക്കൊണ്ടിരുന്നു. അതിനാല്‍ റോഡ് അടച്ചിരുന്നില്ല . പിറ്റെ ദിവസം മല കയറുവാന്‍ ശ്രമിച്ചവര്‍ക്ക് മഞ്ഞുപാതം നിമിത്തം റോഡ് അടച്ചിട്ടതിനാല്‍ പകുതി കയറിയിട്ട് തിരികെപ്പോരേണ്ടി വന്നു . ആ മല കയറ്റത്തിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസില്‍ മായാതെ നില്‍ക്കുന്ന ഒരു ചിത്രമുണ്ട്. കാഴ്ച കാണുവാന്‍ വഴിയരുകില്‍ നിര്‍ത്തിയപ്പോള്‍ ഒരു യുവാവ് , സ്കീ ചെയ്യുവാനായിരിക്കണം , അയാളുടെ സ്കീയുമായി മഞ്ഞണിഞ്ഞ വിജനമായ മലയിലൂടെ താഴേക്ക് ഇറങ്ങുന്നു. സാഹസികര്‍ എവിടെ ചെന്നാലും നമ്മള്‍ അറച്ചു നില്‍ക്കുന്ന ചുറ്റുപാടുകളില്‍ സാഹസികതക്കുള്ള അവസരം കാണുന്നു.
‘ ബെയര്‍ ലേക്ക് ആയിരുന്നു ഞങ്ങളുടെ അടുത്ത സ്റ്റോപ്പ്. പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള മേഘങ്ങളെ അലയാന്‍ വിട്ട നീലാകാശം രഹസ്യം ചൊല്ലാനെന്നമട്ടില്‍ താണിറങ്ങിയിട്ടും , കള്ളക്കാമുകനെപ്പോലെ ചുംബനദൂരത്ത് നിര്‍ത്തി, ദേഹത്ത് അവിടവിടെയായി മഞ്ഞ് വാരിയിട്ട ഗജവീരന്മാരേപ്പോലെയുള്ള പര്‍വതനിരകളെ ചുറ്റിനും കാവല്‍ നിര്‍ത്തി, പൈന്‍ മരങ്ങള്‍ അതിര്‍ത്തിയിട്ട , ഭൂമിയുടേ മടിയില്‍ ശാന്തമായി കിടക്കുന്ന ഒരു നീല വിസ്മയം . അതായിരുന്നു ആ നിമിഷത്തില്‍ എന്റെ നോട്ടത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 9450 അടി ഉയരത്തിലുള്ള ‘ ബെയര്‍ ലേക്ക് . ഐസ് ഏജിന്റെ അവസാനത്തില്‍ ഗ്ലേസിയേര്‍സ് ( ഹിമാനികള്‍) ഉരുകിയാണ് ബെയര്‍ ലേക്ക് ഉണ്ടായിരിക്കുന്നത്. അവിടെയടിക്കുന്ന കാറ്റിനു പോലും മത്തു പിടിപ്പിക്കുന്ന ഒരു നീലനിറമുണ്ടെന്ന് എനിക്കു തോന്നി. ആ വിസ്മയ ദൃശ്യത്തെ ക്യാമറയിലാക്കുവാന്‍ ജേക്കബ്ബ് ശ്രമിച്ചത് വിജയിച്ചു എന്ന് പിന്നീട് മനസിലായി. ഈ കാഴ്ചകളൊന്നും തന്നെ ഭ്രമിപ്പിക്കുവാന്‍ പോന്നതല്ല എന്ന മട്ടില്‍ ഒരു അണ്ണാറക്കണ്ണന്‍ ഞങ്ങളുടെ പുറകെ കൂടി. സന്ദര്‍ശകര്‍ അവന് എറിഞ്ഞു കൊടുക്കുന്ന ഭക്ഷണപദാര്‍ഥത്തിലായിരുന്നു അവന്റെ നോട്ടം. ‘’ വിശക്കുന്നു , വല്ലതും തരണെ ‘’ എന്നു അവന്‍ ഒച്ചയില്ലാതെ കെഞ്ചുന്നുവെന്ന് തോന്നി.
വാനിന്റെ ഡ്രൈവറെ മാറ്റിയെടുക്കണം . ഡ്രൈവ് ചെയ്യുവാന്‍ ജേക്കബ്ബ് മുന്നോട്ടു വന്നു. ഇത്രയും വലിയൊരു വാഹനം ജേക്കബ്ബ് ഈ യാത്രക്ക് മുമ്പ് ഓടിച്ചിട്ടില്ല . ഞങ്ങള്‍ക്ക് ഒരു സെവന്‍ സീറ്റര്‍ മിനിവാന്‍ ഉള്ളതു തന്നെ ഡ്രൈവ് ചെയ്യുവാന്‍ വലിയ താത്പര്യം ഉള്ള ആളല്ല. വണ്ടി മലകയറുകയാണ് . പുറകിലും മുമ്പിലും അധിക വാഹനങ്ങള്‍ ഇല്ല. ധാരാളമായി കണ്ടിരുന്ന പൈന്‍ മരങ്ങള്‍ കാണാതായി . മരങ്ങളുടെ തലപ്പുകള്‍ ഇപ്പോള്‍ ഞങ്ങളുടെ കണ്ണൂകള്‍ക്ക് താഴെയാണ്. അതായത് ഞങ്ങള്‍ ‘ ട്രീ ലയിനിനും ‘ മുകളിലായി എന്നു സാരം. കാലാവസ്ഥയുടെ രൂക്ഷത , കാറ്റ്, വരള്‍ച്ച, വേരുകള്‍ ആഴത്തിലേക്ക് താഴ്ത്തിവിട്ട് വളരാനുള്ള സൗകര്യക്കുറവ് , എന്നീ കാരണങ്ങള്‍ കൊണ്ട് ഇവിടെ ഇത്രയും പൊക്കത്തില്‍ മരങ്ങള്‍ വളരില്ല.
ചുറ്റിനും നയനവിരുന്നൊരുക്കി നില്‍ക്കുന്ന പ്രകൃതി. കണ്ണും കാലും കാണിച്ചൊരു അഭിസാരികയേപ്പോലെ മാടി വിളിക്കുന്നു . തന്റെ എല്ലാ വിധ സൗന്ദര്യസമൃദ്ധിയും കാട്ടി. ജേക്കബ്ബിന് നിയന്ത്രിക്കാനായില്ല… ‘’ ദൂരേക്ക് നോക്കു, എന്തൊരു ഭംഗി ‘’ വെളിയിലേക്ക് ചൂണ്ടി ജേക്കബ്ബ് പറഞ്ഞു. ‘’ ബാബു’‘ പരിഭ്രാന്തയായി ഞാന്‍ ഉറക്കെ വിളിച്ചു . ഞാന്‍ അങ്ങനെയാണ് , നേര്‍വസ് ആയാല്‍ വിളിപ്പേരാണ് ആദ്യം വായില്‍ വരിക. ‘’ കാഴ്ചകള്‍ ഞങ്ങള്‍ കണ്ടോളാം റോഡിലേക്ക് നോക്കി ഓടിക്കു’‘ സ്ത്രീജനങ്ങള്‍ ഒന്നടങ്കം വിളിച്ചു പറഞ്ഞു. ‘’ എനിക്ക് രണ്ട് കണ്ണൂകളുണ്ടല്ലോ, ഒരു കണ്ണ് റോഡിലേക്കും ഒരു കണ്ണ് കാഴ്ച കണാനും ‘’ ജേക്കബ്ബ് പറഞ്ഞു. ഞങ്ങള്‍ ഇപ്പോള്‍ 11500 അടിക്ക് മീതെ ‘റ്റന്‍ഡ്ര’ എന്ന് വിളിക്കുന്ന സസ്യജാലങ്ങള്‍ വളരുന്നയിടത്താണ്. സന്ദര്‍ശകര്‍ വണ്ടി നിര്‍ത്തി കാഴ്ച കാണുന്നയിടത്ത് ഞങ്ങളും നിര്‍ത്തി. സുഖകരമായ കാലാവസ്ഥ. ജാക്കറ്റിന്റെ പോലും ആവശ്യമില്ല. നിലത്തിനോട് ചേര്‍ന്നു വളരുന്ന ചെടികള്‍ മാത്രം . തലയുയര്‍ത്തി ഗാംഭീര്യത്തോടെ വളരുന്ന പൈന്‍ മരങ്ങള്‍ ഞങ്ങള്‍ക്ക് എത്രയോ അടി താഴെ ! ഭൂമിയോട് ശൃംഗരിച്ച് മുട്ടിയുരുമ്മി നില്‍ക്കുന്ന ആകാശം. ദൂരെ മഞ്ഞിന്റെ ചേല ചുറ്റിയ പര്‍വത ശിഖരങ്ങളുടെ ഗാംഭീര്യം. ‘ സ്വര്‍ഗം താണിറങ്ങി വന്നതോ’ എന്ന് അറിയാതെ മൂളിപ്പോയി. ആകാശത്തേക്ക് നോക്കി നിന്നപ്പോള്‍ സ്വര്‍ഗത്തിന്റെ വാതില്‍ ഏതു നിമിഷവും തുറക്കപ്പെട്ടേക്കാമെന്നും വെള്ള മേഘങ്ങള്‍ ചിറകുവിരിച്ച് മാലാഖമാര്‍ ആവുമെന്നും തോന്നി. അവാച്യമായൊരു അനുഭൂതി എന്നെ പൊതിഞ്ഞു. ഇവിടെ ഞാനൊന്നുമല്ല. ഭൂമിയുടെ അവകാശികള്‍ എന്ന് ഭാവിക്കുന്ന മരങ്ങള്‍ പോലുമില്ല . ഈ ഭൂമി പര്‍വതശൃംഗങ്ങളുടേതാണ്. അവരാണ് ഭൂമിയുടെ അവകാശികള്‍ !
മഞ്ഞിന്റെ സമൃദ്ധത , മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന സബ്സീറോ റ്റെമ്പറേച്ചര്‍, വരള്‍ച്ച , സൂര്യപ്രാകാശത്തിന്റെ കാഠിന്യം , മുതലായവയാണ് സമുദ്രനിരപ്പില്‍ നിന്ന് 11500 മുകളിലേക്കുള്ള ഈ പ്രദേശത്തെ കാലാവസ്ഥ . ഇവിടെ ചുറ്റിയടിക്കുന്ന കാറ്റിന് 175 മൈല്‍ വേഗത വരെയാകാം. തണുപ്പും ആറ് ആഴ്ചക്കാലം മാത്രം വളര്‍ച്ചക്ക് അനുകൂലമായ ഈ കാലാവസ്ഥയും നിമിത്തം ഇവിടെ മരങ്ങള്‍ വളരുന്നില്ല . ചില പായലുകളും ‘ ലൈക്കന്‍സും ‘ വളരുന്നു. ഇങ്ങനെയുള്ള കണ്ടീഷ്യന്‍സ് ഉള്ള ഭൂപ്രദേശത്തിനെ ‘ റ്റന്‍ഡ്ര’ എന്നു വിളിക്കുന്നു. ഇവിടെയുള്ള സസ്യങ്ങള്‍ നിലത്തോട് ഒട്ടി വളരുന്നതിനാല്‍ ചുഴറ്റിയടിക്കുന്ന കാറ്റ് ഇവക്ക് മീതെ കടന്നു പോകുന്നു . അഞ്ച് വര്‍ഷത്തില്‍ കാല്‍ ഇഞ്ച് ഡയാമീറ്റര്‍ എന്ന നിരക്കിലാണ് ഈ ചെടികളുടെ വളര്‍ച്ച. ഏതെങ്കിലും സാഹചര്യങ്ങളാല്‍ ഈ ചെടികള്‍ നശിക്കപ്പെട്ടുപോയാല്‍ നൂറു നൂറു വര്‍ഷങ്ങള്‍ എടുക്കും പഴയപടി വളര്‍ന്നു വരുവാന്‍. റോക്കി പര്‍വതനിരകളിലേക്ക് ഒരു വര്‍ഷം മുപ്പതുലക്ഷം സന്ദര്‍ശകര്‍ ഉണ്ടാവും. അവരില്‍ നിന്നെല്ലാം ഈ ചെടികളെ സൂക്ഷിക്കേണ്ടത് ചെടികളുടെ നിലനില്‍പ്പിന് ആവശ്യമാണ്.
ഞങ്ങള്‍ പര്‍വതത്തിന്റെ ഉച്ചിയോട് അടുക്കുന്തോറും വായുവിലെ ഓക്സിജന്റെ അളവ് കുറഞ്ഞുകൊണ്ടിരുന്നു . ‘ തിന്‍ എയര്‍’ എന്നു പറയും. അതിനാല്‍ ഡോക്ടര്‍ തങ്കപ്പന്‍ എന്തോ അസ്വസ്ഥ അനുഭവിക്കുന്നു എന്നറിയിച്ചു. മടങ്ങിപ്പോകാം എന്ന് എല്ലാവരും നിശ്ചയിച്ചു. ബാബു സ്റ്റിയറിംഗിന് പുറകിലിരുന്നു, പകുതി ദൂരം കഴിയുമ്പോള്‍ ജേക്കബ്ബിന് നല്‍കാമെന്ന് സമ്മതിച്ചു കൊണ്ട് ഞങ്ങള്‍ മലയിറങ്ങി , അടിവാരത്തുനിന്നും തീപ്പട്ടിവലുപ്പം തോന്നിക്കുന്ന കാറുകള്‍ മലകയറുന്നതിലേക്ക് എന്റെ കണ്ണുകള്‍ ചിറകു വിരിച്ചു പറന്നു. ഗര്‍ത്തങ്ങളുടെ ഓരം ചേര്‍ന്ന് വാന്‍ മലയിറങ്ങി , പര്‍വതങ്ങളിലെ മഞ്ഞിന്‍പാളികള്‍ വജ്രം പോലെ മിന്നി. കാഴ്ചകളില്‍ ഞങ്ങളുടെ മനസും കണ്ണും നിറഞ്ഞു, വയര്‍ കാളുകയും മലയിറങ്ങിയപ്പോള്‍ ഭക്ഷണം കഴിക്കുവാന്‍ നിര്‍ത്തി. റെസ്റ്റോറന്റിന് പുറകിലുള്ള കാഴചക്ക് എത്ര ഡോളര്‍ കാഴ്ചക്കൂലി കൊടുത്താലും മതിയാവില്ല. വിവിധ നിറങ്ങളുള്ള പാറക്കൂട്ടങ്ങളോടു കൂടിയ മലകള്‍ അവകള്‍ക്കിടയില്‍ ഒരു വെള്ളച്ചാട്ടം . വളരെ താഴചയില്‍ , ചാട്ടത്തില്‍ തകര്‍ന്നു പോയി എന്ന ഭാവത്തില്‍ ഒരു വെള്ളിനൂലായി പിങ്ക് നിറമുള്ള പാറകള്‍ക്കിടയിലൂടെയുള്ള വെള്ളം ഒഴുകുന്നു , എന്നെ ആരും കാണരുതേയെന്ന ഭാവത്തില്‍ , താഴ്ന്ന് താഴ്ന്ന് . കാഴ്ചകളത്രയും മനസിലും ക്യാമറയിലും പതിപ്പിച്ച് ഹോട്ടലില്‍ ഉറങ്ങാനായി എത്തി. പിറ്റെ ദിവസം രാവിലെ ‘ വയോമിങ്ങ് സ്റ്റേറ്റിലൂടെ ഓടിച്ച് വൈകുന്നേരം ആകുമ്പോള്‍ ‘ മോണ്ടാന’ എന്ന സ്റ്റേറ്റില്‍ എത്തുക. അവിടെ ബോര്‍ഡറില്‍ താമസിച്ചുകൊണ്ട് ‘ യെലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക് കാണുക. ഒരു ദിവസം മുഴുവന്‍ തുടര്‍ച്ചയായി ഡ്രൈവ് ചെയ്യണം, ഒരു മിനി സ്കൂള്‍ ബസിന്റെ വലുപ്പമുള്ള വാന്‍ . വാന്‍ വാടകക്ക് എടുത്ത ഏജന്‍സിയില്‍ നിന്നും ഓടിക്കാന്‍ ഇന്‍ഷുറന്‍സ് എടുത്ത മൂന്ന് തേരാളികളും , ആള്‍ സെറ്റ്.
പിറ്റെ ദിവസം രാവിലെ ഫോര്‍ട്ട് കോളിന്‍സ് വിട്ടു. നീണ്ട യാത്രയില്‍ കേള്‍ക്കുവാനായി പല രാഗങ്ങളായി തരം തിരിച്ച് പാട്ടുകളുടെ സിഡികള്‍ ജേക്കബ്ബ് തയാറാക്കിയിരുന്നു. ഞങ്ങള്‍ കെ. എസ് ചിത്രയും , യേശുദാസുമായി . ജേക്കബും , ദാമുവും ബാബുവും മാറി മാറി ഡ്രൈവറായും കിളിയായും സ്ഥാനമെടുത്തു. സാധാരണ ഒരു നീണ്ട യാത്രയില്‍ G P S ( globel positioning system) നോക്കി എപ്പോഴാണ് നിശ്ചിത സ്ഥലത്ത് എത്തുക, ഇനി എത്ര മൈല്‍ പോവാനുണ്ട് , റ്റോള്‍ ബൂത്ത് വരുമ്പോള്‍ prepaid device ബൂത്തിലെ സെന്‍സറിനു നേരെ കാണിക്കുക എന്നീ ഉത്തരവാദിത്വങ്ങള്‍ എന്റേതായിരിക്കും. ഈ യാത്രയില്‍ ഈ വിധ ഉത്തരവാദിത്വങ്ങള്‍ ദാമുവിനായിരിക്കുന്നതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലായിരുന്നു. അതിനാല്‍ രാവിലെ തന്നെ ഞാന്‍ എന്റെ ബാഗില്‍ നിന്ന് ബെന്യാമിന്റെ ‘ ആടുജീവിതം’ പുറത്തെടുത്തു. അന്നത്തെ നീണ്ട യാത്രക്കിടയില്‍ വായിച്ചു തീര്‍ക്കണമെന്ന് ശപഥമെടുത്തു. അങ്ങനെ കൂടെയുണ്ടായിരുന്നവര്‍ ബെന്യാമന്യന്റെ ആടുജീവിതം എന്ന ബുക്കിനെക്കുറിച്ച് കൂടുതലറിഞ്ഞു. അമേരിക്കന്‍ സമൃദ്ധിയില്‍ ജീവിക്കുന്ന എന്നെ , ഇതൊരു കെട്ടുകഥയല്ല , മിഡിലീസ്റ്റിലെ ജീവിതത്തിന് ഇങ്ങനെ ഒരു വശമുണ്ടെന്ന് ‘ മോണ്ടാനയില്‍’ എത്തും മുമ്പ് ബെന്യാമിന്‍ മനസിലാക്കിച്ചു. ബുക്ക് വായിക്കുന്നുണ്ടായിരുന്നെങ്കിലും വഴിയോരക്കാഴ്ചകളിലേക്ക് എന്റെയും ക്യാമറയുടേയും കണ്ണുകള്‍ തുറന്നു വെക്കുവാന്‍ ഞാന്‍ മറന്നില്ല . അവിടവിടെയായി കണ്ട, പിങ്ക് നിറത്തിന്റെ ഏറ്റക്കുറച്ചിലുകളിലുള്ള പാറക്കൂട്ടങ്ങള്‍ എന്നെ വിസ്മയിപ്പിച്ചു. ബ്രൌണ്‍ , ചുവപ്പ, ഓറഞ്ച്, പിങ്ക്, മഞ്ഞ എന്നീ നിറങ്ങളുടെ ചാരുത പാറക്കൂട്ടങ്ങളില്‍ കോരിയൊഴിച്ച പോലെ ഹൈവേയില്‍ മറ്റു വാഹനങ്ങള്‍ വളരെ വിരളം. തരിശായി കിടക്കുന്ന ഭൂമി. മനുഷ്യരെ കാണുവാന്‍ പോലുമില്ല. വല്ലപ്പോഴുമൊരിക്കല്‍ കണ്ട കെട്ടിടക്കൂട്ടങ്ങള്‍ ചെറിയ ഗ്രാമങ്ങള്‍ ആവാം. ഇവിടം അമേരിക്കക്ക് സ്വന്തമായി ഈശ്വരന്‍ പതിച്ചു കൊടുത്ത സ്ഥലം. മനുഷ്യരുമായിപ്പോലും പങ്ക് വെക്കേണ്ടതില്ല. ഒരു ഗ്രാമത്തിലൂടെ ഞങ്ങള്‍ കടന്നു പോയി, ‘ പോപ്പുലേഷന്‍ 250 എന്ന ബോര്‍ഡ് വായിച്ചുകൊണ്ട് പ്രകൃതി ഇത്രയും കനിഞ്ഞ സ്ഥലം വേറെയില്ല എന്നെനിക്കു തോന്നി. ഇവിടെ വളരുന്ന പുല്ലിനും , മരങ്ങള്‍ക്കു നിശ്ചലമായി നില്‍ക്കുന്ന പാറകള്‍ക്കുപോലുമുണ്ട് ഒരു കലാഭംഗിയും രൂപഭംഗിയും.
സൂര്യന്‍ അസ്തമിക്കും മുമ്പ് യെലോസ്റ്റോണ്‍ പാര്‍ക്കിന്റെ ഈസ്റ്റ് ഗേറ്റിലൂടെ പാര്‍ക്കിനുള്ളില്‍ കയറി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കാട്ടുതീയില്‍ പാര്‍ക്കിന്റെ ഒരു ഭാഗം കത്തിനശിച്ചിരുന്നു. പാര്‍ക്കിനുള്ളിലാണെന്ന് ആരും പറയാതെ തന്നെ കരിഞ്ഞു നില്‍ക്കുന്ന പൈന്‍ മരങ്ങള്‍ പറഞ്ഞു. അവക്കരുകില്‍ ആവേശത്തോടെ വളരുന്ന പൈന്‍ തൈകള്‍ ഒരു പത്തുവര്‍ഷം കൊണ്ട് അവിടം വീണ്ടും ഒരു പൈന്‍ കാടാക്കും. ഞങ്ങള്‍ യെലോസ്റ്റോണിന്റെ വെസ്റ്റ് ഗേറ്റിലൂടെ ഇറങ്ങി. ‘ മൊണ്ടാനയെ’ ലഷ്യമാക്കി ഡ്രൈവ് ചെയ്തു. രാത്രിയോടു കൂടി ഹോട്ടലിനു സമീപം എത്തി. മൂന്ന് റെസ്റ്റോറണ്ടുകള്‍ കയറിയിറങ്ങിയതിനു ശേഷമാണ് വെയ്റ്റിംഗും തിരക്കും ഇല്ലാത്തൊരിടം ഭക്ഷണംകഴിക്കുവാന്‍ കണ്ടെത്തിയത്.
ഹോട്ടലില്‍ എത്തിയപ്പോള്‍ ഞാന്‍ ആടുജീവിതവുമായി ഇരുന്നു. എനിക്ക് കുറച്ചു പേജുകള്‍ കൂടി തീര്‍ക്കുവാന്‍ ഉണ്ടായിരുന്നു . അപ്പോഴേക്കും നബീല്‍ എന്ന ആട്ടിന്‍ങ്കുട്ടിയും നജീബ് എന്ന കഥാപാത്രവും കഥാലോകത്തില്‍ നിന്നും ചോരയും നീരോടും കൂടി ഇറങ്ങി വന്ന് എന്നെയും കാത്ത് നിന്നിരുന്നു. അവരുടെ ബാക്കി കഥപറയുവാന്‍. ഞാന്‍ ബുക്ക് വായിച്ചു തീര്‍ത്തു. അവരുടെ കഥ മുഴുവന്‍ കേട്ടുകഴിഞ്ഞ അസ്വസ്ഥയായ ഞാന്‍ ഉറങ്ങുവാന്‍ ശ്രമിച്ചു . പിറ്റെ ദിവസം ‘ യെലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിന്റെ’ വിസ്മയാത്ഭുതങ്ങളിലേക്ക് ഇറങ്ങി നടക്കാമല്ലോ എന്ന് സന്തോഷിക്കുവാന്‍ ശ്രമിച്ചു കൊണ്ട്.
യെലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക്
പ്രകൃതിയുടെ വരദാനങ്ങള്‍കൊണ്ടും വിസ്മയങ്ങള്‍കൊണ്ടും സമ്പന്നമായ സ്ഥലങ്ങളുടെ സൂക്ഷിപ്പും നടത്തിപ്പും ഗവണ്മെന്റ് ഏറ്റെടുത്ത് നടത്തുന്നു. ഇത്തരം സ്ഥലങ്ങളെ നാഷണല്‍ പാര്‍ക്കുകള്‍ എന്ന് വിളിക്കുന്നു. പൊതുജനം അത്തരം ഭൂമിയെ നശിപ്പിക്കാതെ സൂക്ഷിക്കുന്നതിനാണ് ഗവണ്മെന്റ് ചില സ്ഥലങ്ങളെ നാഷണല്‍ പാര്‍ക്കുകളായി പ്രഖ്യാപിക്കുന്നത്. 1872 ല്‍ അമേരിക്കയിലെ ആദ്യത്തെ നാഷണല്‍ പാര്‍ക്കായി യെലോസ്റ്റോണ്‍ പ്രഖ്യാപിക്കപ്പെട്ടു. അസാധാരണമായ പ്രകൃതി ഭംഗിക്കും വൈവിധ്യത്തിനും പുറമെ ഒരു ‘ ആക്റ്റീവ് വോള്‍ക്കേനൊ’ യുടെ മുകളിലാണ് യെലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക്.
യെലോസ്റ്റോണില്‍ തിളച്ചു മറിയുന്ന ലാവ അധികം ആഴത്തിലല്ല. കഴിഞ്ഞ ഇരുപത് ലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ വളരെയധികം ശക്തിയോടെ ഇവിടെ വോള്‍ക്കേനോ പൊട്ടിയിട്ടുണ്ട്. അവസാനമായി സംഭവിച്ചത് 70,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്. 3468. 4 ചതുരശ്ര മൈലുള്ള പാര്‍ക്കിന്റെ ഭൂരിഭാഗം വയോമിങ്ങ് , മോണ്ടാന, ഐഡഹോ എന്ന സ്റ്റേറ്റുകളിലായി യെലോസ്റ്റോണ്‍ എന്ന ‘ കാല്‍ഡേരയില്‍’ വ്യാപിച്ചു കിടക്കുന്നു. അഗ്നിപര്‍വതം പൊട്ടി ഭൂമിയുടെ ഉള്ളില്‍ നിന്നും ലാവയും കല്ലുകളും പുറത്തേക്കു വമിക്കുമ്പോള്‍ ഉണ്ടാകുന്ന പൊള്ളയായ സ്ഥലത്തേക്ക് ചുറ്റുമുള്ള ഭൂമി താഴ്ന്ന് ഒരു പാത്രം പോലെയാകുന്നതിനെയാണ് ‘ കാല്‍ഡേര’ എന്ന് വിളിക്കുന്നത്.
11000 വര്‍ഷങ്ങള്‍ക്കു മുമ്പ് റെഡ് ഇന്‍ഡ്യന്‍സ് യെല്ലോസ്റ്റോണിനടുത്ത് താമസിച്ചിരുന്നു. പക്ഷെ ‘ കാല്‍ഡേരയില്‍ ‘ നിന്നും ഇടക്കിടെ ഉയര്‍ന്നു കൊണ്ടിരുന്ന ശബ്ദങ്ങള്‍ ആ സ്ഥലം കാത്തുസൂക്ഷിക്കുന്ന ഭൂതപ്രേതാദികളുടേതാണെന്നും ‘ കാല്‍ഡേരയില്‍’ ലേക്ക് അതിക്രമിച്ചു കയറുന്നത് അവര്‍ക്ക് ഇട്ഷമാവില്ല എന്നും വിശ്വസിച്ച് അകന്നു മാറി നിന്നു.
ഭൂമിക്കടിയിലെ ഉയര്‍ന്ന താപം കൊണ്ട് ഉണ്ടാകുന്ന ഗീസേര്‍സ്, ഹോട്ട് സ്പ്രിങ്ങ് സ്, മഡോപ്ട്ട്സ് . ഫ്യൂമറോള്‍സ്, ട്രാവെര്‍റ്റീന്‍ ടെറസ് എന്നീ പ്രതിഭാസങ്ങളും വിവിധതരത്തിലുള്ള ജീവജാലകങ്ങളുമാണ് യെലോസ്റ്റോണിന്റെ പ്രത്യേകതകള്‍
ഗീസേര്‍സ്
ഭൂമിയുടെ അടിയിലുള്ള വെള്ളം ഇടക്കിടെ ഫൗണ്ടന്‍ പോലെ ബഹിര്‍ഗമിക്കുന്ന പ്രതിഭാസത്തേയാണ് ഗീസേര്‍സ് അല്ലെങ്കില്‍ ഗൈസേര്‍സ് എന്നു വിളിക്കുന്നത് . സമുദ്രനിരപ്പില്‍ നിന്ന് വളരെയധികം ഉയരത്തിലായതിനാല്‍ യെലോസ്റ്റോണില്‍ വെള്ളത്തിന്റെ boiling point 93 ഡിഗ്രി സെന്റി ഗ്രേഡ്. സമുദ്രനിരപ്പില്‍ 100 ഡിഗ്രിയില്‍ വെള്ളം തിളക്കുന്നു. ഭൂമിയിലേക്ക് ഒലിച്ചിറങ്ങുന്ന മഴവെള്ളം തിളച്ചുമറിയുന്ന ലാവയോടക്കുമ്പോള്‍ ചൂടാവുന്നുവെങ്കിലും ഭൂമിക്കടിയില്‍ സമ്മര്‍ദ്ദം കുറഞ്ഞ് വെള്ളം തിളക്കുന്നു. നീരാവിയുടെ സമ്മര്‍ദ്ദം ശേഖരിക്കപ്പെട്ട വെള്ളത്തെയാകെ ഭൂമിയുടെ വിടവിലൂടെ ഫൗണ്ടന്‍ പോലെ പുറത്തേക്ക് തള്ളുന്നു. വെള്ളം തീരുന്നതോടെ ഫൗണ്ടന്‍ നില്‍ക്കുന്നു. ഭൂഗര്‍ഭത്തില്‍ ആവശ്യത്തിന് വെള്ളം വന്നു ചേരുന്നതോടെ വീണ്ടും ഈ പ്രതിഭാസം തുടരുന്നു .ചില ഗീസറില്‍ നിന്ന് 200 അടി ഉയരത്തില്‍ ഇത്തരം ഫൗണ്ടനുകള്‍ ഉയരുന്നു. മിക്ക ഗീസേര്‍സിലും അടുത്ത ഫൗണ്ടന്‍ എപ്പോള്‍ സംഭവിക്കുമെന്ന് പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും ചില ഗീസേര്‍സ് ഇതില്‍ കണിശത പാലിക്കുന്നു.
ഹോട്ട് സ്പ്രിങ്ങ്
ചൂടുവെള്ളം നിറഞ്ഞ ജലാശയത്തിനെയാണ് ഹോട്ട് സ്പ്രിങ്ങ് എന്ന് വിളിക്കുന്നത് . ഭൂമിക്കടിയില്‍ ചൂടായ വെള്ളം ഉയര്‍ന്ന് ഭൂനിരപ്പില്‍ എത്തുമ്പോഴേക്കും തണുക്കുകയും താഴേക്ക് ഇറങ്ങുകയും ചെയ്യുന്നു. ഭൂഗര്‍ഭത്തില്‍ നിന്ന് വീണ്ടും ചൂടുവെള്ളം മുകളിലേക്കു വരുന്നു. ഇങ്ങനെ തുടര്‍ച്ചയായി സംഭവിക്കുന്നതുകൊണ്ട് ഒരു ഫൗണ്ടനായി പരിണമിക്കുവാന്‍ വേണ്ട വിധം വെള്ളം ചൂടാവുന്നില്ല തന്മൂലം ചൂട് വെള്ളം നിറഞ്ഞ ഒരു ചെറിയ ജലാശയം ഭൂനിരപ്പില്‍ പ്രത്യക്ഷമാവുന്നു. ചില ഹോട്ട് സ്പ്രിങ്ങില്‍ ചൂടുവെള്ളം ഇളകിമറിയുന്നത് കാണാം.
മഡ് പോട്ടും ഫ്യൂമറൊള്‍സും
ചില ഹോട്ട് സ്പ്രിങ്ങില്‍ വള്രെ കുറച്ച് വെള്ളമെ കാണു . ചൂടുവെള്ളത്തില്‍ വളരുന്ന ചില പ്രത്യേക മൈക്രോഓര്‍ഗനിസംസ് ഭൂഗര്‍ഭത്തിലുള്ള ഹൈഡ്രജന്‍ സള്‍ഫൈഡ് എന്ന വാതകത്തില്‍ നിന്ന് ഊര്‍ജ്ജം ശേഖരിക്കുന്നതിന്റ്റെ ഫലമായി സള്‍ഫ്യൂറിക്ക് ആസിഡ് ഉണ്ടാവുന്നു . സള്‍ഫ്യൂറിക്ക് ആസിഡ് ചുറ്റുമുള്ള മിനറത്സിനെയും പാറകളെയും അലിയിച്ച് ഇളം ചാരനിറത്തിലുള്ള ചെളി ചെറു തടാകത്തില്‍ നിറ്യുന്നു . ചില മസ്പോട്ടുകള്‍ നിറത്തിലും ഭാവത്തിലും അടുപ്പത്ത് കലത്തില്‍ തിളച്ചുമറിയുന്ന കഞ്ഞിയെ ഓര്‍പ്പിക്കുന്നു , അത്രക്ക് വെളുത്ത നിറമില്ലെങ്കിലും . ചിലപ്പോള്‍ മസ്പോട്ടിലെ ജലാംശം വളരെ കുറഞ്ഞ് തിളക്കുന്നതായി കാണില്ല .പകരം ആവി മാത്രം കാണുന്നതിനെയാണ് ഫ്യൂമറോള്‍സ് എന്നു വിളിക്കുന്നത്.
ട്രാവെര്‍റ്റീന്‍ ടെറസ്
ചില ഹോട്ട് സ്പ്രിങ്ങിലെ ഭൂമിക്കിടയില്‍നിന്ന് വരുന്ന ചൂടുവെള്ളത്തില്‍ വളരെയധികം calcium carbonate അടങ്ങിയിരിക്കുന്നു . ഈ വെള്ളം വെളിയിലേക്ക് ഒഴുകി ഉണങ്ങുമ്പോള്‍ നിക്ഷേപിക്കപ്പെടുന്ന calcium carbonate നൂറ്റാണ്ട്കള്‍കൊണ്ട് തട്ടുകളാായി രൂപം പ്രാപിക്കുന്നു . വെളുത്ത ചോക്ക് നിറമുള്ള പാറകള്‍ പോലെയുള്ള ഈ തട്ടുകളെ ‘ ട്രാവെര്‍റ്റീന്‍ ‘ ടെറ്സുകള്‍ എന്നുവിളിക്കുന്നു . ഇവിടെ വളരുന്ന മരങ്ങള്‍ calcium carbonateനെ വലിച്ചെടുക്കുന്നതിനാല്‍ നിലത്തുനിന്നും രണ്ടടി ഭാഗം വരെ മരത്തിന് വെളുത്ത നിറമാണ് . ഇത്തരം മരങ്ങളുടെ ആയുസ് കുറവാണ് .
തുടരും……
reenimambalam@gmail.com
Generated from archived content: yathravivaranam1.html Author: reeni_mambalam