പുഴ പോലെ ഒഴുകുമ്പോൾ

അടുക്കളയിലെ സിങ്കിൽ തർക്കിയെ കുളിപ്പിച്ച്‌ പേപ്പർ ടൗവ്വൽ കൊണ്ട്‌ തുടച്ച്‌ കൗണ്ടറിൽ കിടത്തി. വീണ്ടുമൊരു താങ്ക്‌സ്‌ ഗിവിംഗ്‌ കൂടി.

കാലും ചിറകും ഉയർത്തിപ്പിടിച്ച്‌ നിസ്സഹായതയോടെ കൗണ്ടറിൽ കിടക്കുന്ന പക്ഷി. വർഷങ്ങൾക്കു മുമ്പ്‌ കുട്ടികൾ കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോൾ ഇതേ സിങ്കിൽ അവരെ കുളിപ്പിച്ച്‌ തുവർത്തി കൗണ്ടറിൽ കിടത്തുന്നതോർമ്മ വന്നു.

മംഗലത്തെ കൊള്ളസംഘമെന്ന്‌ ഞാൻ വിളിക്കുന്ന കുട്ടികൾ വീടുവിട്ടിരിക്കുന്നു. എന്റെ ആരോഗ്യവും പണവും സമാധാനവും കവർന്നെടുത്ത്‌, അതിലേറെ സന്തോഷം പകർന്നുതന്ന്‌, അവർ വളർന്നു. മകളെ കോളേജ്‌ഡോമിൽ ആക്കി തിരികെ മടങ്ങുമ്പോൾ അവളെ എവിടെയോ ഉപേക്ഷിച്ചിട്ട്‌ പോരുകയാണെന്ന തോന്നൽ. തീറ്റ കൊടുത്ത്‌ വളർത്തുന്ന തിരക്കിൽ ചിറകുകൾ വളർന്നത്‌ കണ്ടില്ല.

“അമ്മയെന്തിനാ കരയുന്നത്‌? താങ്ക്‌സ്‌ ഗിവിംഗ്‌ ആവുമ്പോഴേക്കും ഞാൻ വീട്ടിലെത്തുകയില്ലേ” വിടർന്ന കണ്ണുകളുമായി അവളെന്റെ അരികിൽ നിന്നു. അവളുടെ കണ്ണുകളിൽ സ്വാതന്ത്ര്യത്തിന്റെ കൊടിപാറി. അവൾ അകന്നുമാറാൻ ശ്രമിക്കുന്നത്‌ മാതൃത്വത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നല്ലേ? ഞാൻ എന്നിലേക്ക്‌ അനുകമ്പ ചൊരിഞ്ഞു. എന്റെ മാതൃത്വത്തിന്റെ പരിസരങ്ങളിൽ അവളിന്നും കൊച്ചുപെൺകുട്ടി.

കുട്ടികൾ വീടുവിട്ട്‌ സ്വായാശ്രയരായിത്തീരുന്നതിൽ ഞാൻ സന്തോഷിക്കയല്ലേ വേണ്ടത്‌? അവർ പ്രായമായിക്കഴിഞ്ഞ്‌ ഇത്തിൾക്കണ്ണികളായി മാറിയെങ്കിലല്ലേ കണ്ണീർ കൊഴിക്കേണ്ടതുള്ളൂ?

സിങ്കിൽ കുട്ടികളെ കുളിപ്പിക്കുന്ന കാര്യം ഒരിക്കൽ പറഞ്ഞപ്പോൾ അമ്മ പൊട്ടിച്ചിരിച്ചു. വെയിലത്തിരിക്കുന്ന ചെമ്പുചട്ടിയിലെ പനിക്കൂർക്കയിലകൾ ഇട്ട വെള്ളത്തിലേയ്‌ക്ക്‌ എന്റെ ശൈശവത്തെ നനച്ചിറക്കി. എന്റെ ബാല്യകാലത്തിനെ തടങ്കലിലിട്ടിരിക്കുന്ന വീട്ടിൽ അമ്മ ഇപ്പോൾ ഒറ്റയ്‌ക്ക്‌ താമസിക്കുന്നു; പരിഭവങ്ങളില്ലാതെ, പരാതികളില്ലാതെ. ഒരുപക്ഷെ അമ്മ ഇഷ്ടപ്പെടുന്നതും ഇങ്ങനെ സ്വതന്ത്രമായൊരു ജീവിതമാണോ…? എങ്കിൽ അതൊരു സത്യമായി വന്ന്‌ എന്നെ സന്തോഷിപ്പിക്കാറുണ്ട്‌. കുറ്റബോധം കൊണ്ടാവാം ആ ചിന്ത ഒരു മിഥ്യയായി എന്നെ വേട്ടയാടി വേദനിപ്പിക്കാറുണ്ട്‌.

നഗരത്തിലെ ഫ്ലാറ്റിലെ ജീവിതം അമ്മ വെറുത്തിരുന്നു. നാട്ടിൻപുറത്തെ കരിയും പുകയും നിറഞ്ഞ ജീവിതത്തെ, അമ്മയുടെ നഗരത്തിനോടുള്ള അതേ മനോഭാവത്തോടെ ഏക മരുമകളും വീക്ഷിച്ചിരുന്നു. എങ്കിലും ഞാൻ ഇടയ്‌ക്കിടെ ചോദിച്ചു “അമ്മയ്‌ക്ക്‌ പ്രദീപിനോടൊപ്പം ടൗണിൽ താമസിച്ചുകൂടെ?”

“എന്റെ മക്കൾ അടുത്തൊക്കെയുണ്ടല്ലോ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവർ ഓടി എത്തുകയില്ലേ?”

വാർദ്ധക്യത്തിലും അമ്മയുടെ സ്വാശ്രിതയായി ജീവിക്കുവാനുള്ള ആഗ്രഹത്തെ കുറ്റപ്പെടുത്തുവാനാവില്ല. അപ്പൻ മരിച്ചന്നുമുതൽ തിരിഞ്ഞുമറിയുന്ന കൊന്തമണികളോടൊപ്പം സ്വന്തം വികാരങ്ങളും മോഹങ്ങളും ഉള്ളം കയ്യിലമർത്തി തനിച്ച്‌ മക്കളെ വളർത്തിയില്ലേ? അന്നത്തെ വേവലാതികളെക്കുറിച്ച്‌ വൈകി മാത്രമറിഞ്ഞ ഞാനിപ്പോൾ എന്റെ പേടികൾക്കും കർത്തവ്യബോധങ്ങൾക്കുമിടയിൽ അമ്മയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കണമോ? എന്നോടൊപ്പം താമസിക്കുവാൻ അമ്മയെ നിർബന്ധിക്കണമെന്ന്‌ ആലോചിക്കാറുണ്ട്‌. പക്ഷേ, അടഞ്ഞ വാതിലുകൾക്കു പുറകിലിരുന്ന്‌ വാതം മുളപ്പിക്കുന്ന തണുപ്പിനെ പഴിച്ച്‌, ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഞ്ഞിനെ നോക്കി, ആർത്തലച്ചു പെയ്യുന്ന വേനൽമഴയുടെ ഈറൻ അടിച്ച്‌ അവരുടെ അവസാന പകലുകളെ ഞാൻ മരവിപ്പിച്ചു കളയണോ?

അടുത്തയിടയ്‌ക്ക്‌ അമ്മ ചോദിച്ചു “മക്കൾ കോളേജിൽ എത്തിയാൽ നിനക്ക്‌ നാട്ടിലേക്ക്‌ തിരികെ വന്നുകൂടെ? ഇവിടെ തെക്കേലെ പാപ്പന്റെ വീടും പുരയിടോം വിൽക്കാനിട്ടിരിക്കുന്നു. പ്രദീപും കെട്ടിയോളും കുടുംബത്ത്‌ താമസിക്കാനെത്തുമ്പോൾ അവർക്ക്‌ ഒരു കൂട്ടാവുകേം ചെയ്യും”. അതുവരെ വരച്ചിരുന്ന ജലചിത്രങ്ങൾ അമ്മ ഒരു കല്ലെറിഞ്ഞ്‌ പെട്ടന്ന്‌ അവ്യക്തമാക്കുന്നു. ഒരുപക്ഷെ തനിയെ താമസിച്ച്‌ മടുത്തിരിക്കും.

അറിയാതെ തന്നെ എന്റെ വായവേരുകൾ ഈ പുതിയ ഭൂമിയിൽ പടർന്നുപോയില്ലെ? എന്റെ ജീവിതം ഇപ്പോൾ എന്റെ കുട്ടികളല്ലേ? അവരെ തനിയെയാക്കിയിട്ട്‌ പോയാൽ? ഒരിക്കൽ ജീവിതം തിരികെ കൊഞ്ഞനം കുത്തുമ്പോൾ എന്റെ കുട്ടികൾ ഏതെങ്കിലും ഒരു മനഃശാസ്‌ത്രജ്ഞന്റെ സോഫയിൽ കുഴഞ്ഞ മനസുമായി പറയും “എന്റെ സുരക്ഷിതത്വമില്ലായ്‌മയുടെയും തകർന്ന ആത്മവിശ്വാസത്തിന്റെയും ഉറവിടം പേരന്റ്‌സാണ്‌. അവരെന്നെ തനിയെയാക്കി പോയപ്പോൾ മുതൽ തുടങ്ങിയതാണ്‌ എന്റെ പതർച്ച”

മനസ്സിന്റെ കറക്കം മതിയാക്കി തർക്കിയിലാകെ ധാരാളം നാരങ്ങാനീരും ഉപ്പും തേച്ചുപിടിപ്പിച്ച മസാലകൾ എല്ലാം പൊടിച്ച്‌ ചേർത്തു പുരട്ടി. ഇക്കാലമത്രയും അമേരിക്കൻ ഭൂഖണ്ഡത്തിൽ താമസിച്ചിട്ടും അൽപ്പം എരിയും പുളിയും ഇല്ലാതെ തർക്കി കഴിക്കുവാനാവില്ലെന്ന്‌ ഓർത്തുചിരിച്ചു.

മസാലപുരണ്ട കൈയ്യുമായി ഫോണെടുക്കുമ്പോൾ മറുവശത്ത്‌ ഭർത്താവിന്റെ ശബ്ദം “ഇവിടെയൊരാൾക്ക്‌ വിശപ്പ്‌, മറ്റൊരാൾക്ക്‌ ദാഹം. എന്തെങ്കിലും കഴിക്കുവാൻ വാങ്ങിക്കൊടുക്കുകയാണിപ്പോൾ. ഹൈവേയിൽ ബാക്ക്‌ ടു ബാക്ക്‌ ട്രാഫിക്ക്‌. എപ്പോൾ വീട്ടിലെത്തുമെന്നറിയില്ല”.

അകലെ കോളേജിൽ പഠിക്കുന്ന കുട്ടികളെ താങ്ക്‌സ്‌ ഗിവിങ്ങിന്റെ അവധിക്ക്‌ വീട്ടിലേക്ക്‌ കൊണ്ടുവരുന്ന ഭർത്താവ്‌. അമേരിക്കയിൽ കുടിയേറിപ്പാർത്ത പിൽഗ്രിംസ്‌, വിളവെടുപ്പിനുശേഷം റെഡ്‌ ഇന്ത്യൻസിനുവേണ്ടി അവരോടുള്ള നന്ദിയും സൗഹൃദവും കാണിക്കുന്നതിന്‌ നടത്തിയ ആദ്യത്തെ വിരുന്നിന്റെ ഓർമ്മയ്‌ക്കായി ഇപ്പോഴും നടത്തുന്ന വിരുന്ന്‌ താങ്ക്‌​‍്‌സ്‌ ഗിവിംഗ്‌. അമേരിക്കൻ കുടുംബങ്ങളിൽ പൊരിച്ച തർക്കിയുടെയും മധുരക്കിഴങ്ങിന്റെയും മറവിൽ മറഞ്ഞുപോകുന്ന കുടുംബവൈരാഗ്യങ്ങൾ, ഏറ്റക്കുറച്ചിലുകൾ. പമ്പ്‌കിൻ പൈയുടെ മധുരത്തോടൊപ്പം അവർ പൂർവ്വകാലസ്മരണകൾ നുണഞ്ഞിറക്കുന്നു. എന്റെ ഊണുമേശയിൽ, കുടിയേറ്റക്കാരായ എന്റെ കൂട്ടുകാരുടെയും എന്റെയും രസമുകുളങ്ങളുടെ ആശ്വാസത്തിനായി ഒരൽപ്പം പുളിശേരിയും ചോറും നാളെ കരുതിയിരിക്കും.

പമ്പ്‌കിൻ പൈ ഓവനിൽ നിന്ന്‌ എടുക്കുമ്പോഴേക്കും കതക്‌ തള്ളിത്തുറന്ന്‌ അകത്തു കയറുന്ന കുട്ടികളുടെ ആരവാരം. മോന്റെ കയ്യിൽ ചെറിയൊരു ബാഗ്‌. നാലുദിവസത്തേക്ക്‌ നാലിരട്ടി വസ്‌ത്രങ്ങളും ഷൂസുകളുമായി ഭാരമുള്ള ബാഗുമായി ഏന്തിവലിഞ്ഞ്‌ വരുന്ന മോൾ.

കുട്ടികൾ എന്നെ സ്നേഹത്തിന്റെ സിൽക്കു നൂലുകൊണ്ടു വരിഞ്ഞപ്പോൾ “ലവ്‌ യു മാം, ഇറ്റ്‌ ഈസ്‌ ഗുഡ്‌ റ്റു ബി ഹോം”. ആത്മാർത്ഥത തുളുമ്പുന്ന ഓട്ടയില്ലാത്ത വാക്കുകൾ.

എരിവുള്ള മിക്സ്‌ചർ കൊറിച്ച്‌ കുട്ടികൾ അവിടെയെല്ലാം ഓടിനടന്നു. ചിക്കൻക്കറിയും ചീരത്തോരനും ഡിന്നറിന്‌ ഉണ്ടോയെന്ന്‌ പാത്രങ്ങൾ തുറന്നുനോക്കി. ഇതുവരെ ഉറങ്ങിക്കിടന്ന എന്റെ വീടിന്റെ പാട്ട്‌ നിർത്തി അവർക്ക്‌ ഇഷ്ടമുള്ള പാട്ടുകൾ സ്‌റ്റീരിയോയിലൂടെ ഒഴുകിവന്നു. മുറിയിൽ അവരുടെ ബുക്കുകൾക്കും ബാഗുകൾക്കുമൊപ്പം സ്നേഹബന്ധങ്ങളും നിരന്നുകിടന്നു. പിന്നെ സാവധാനം കുട്ടികൾ സെൽഫോണും കമ്പ്യൂട്ടറുമായി അവരുടെ മാളങ്ങളിലേക്ക്‌ ഇഴഞ്ഞുപോയി. നാട്ടിലേയ്‌ക്ക്‌ ഫോൺ ചെയ്യുമ്പോൾ അവിടെ നേരം പരുപരാ വെളുത്തിട്ടേയുണ്ടായിരുന്നുള്ളൂ. അസമയത്തുള്ള വിളി അമ്മയെ പരിഭ്രമിപ്പിച്ചുവെന്ന്‌ തോന്നുന്നു.

വീട്ടുവിശേഷങ്ങൾ പുലരിയുടെ പൊൻകിണ്ണത്തിൽ നിരത്തിവച്ച്‌ അമ്മ പറഞ്ഞു. “ഞാനിന്നലെ പ്രദീപിന്റെ വീട്ടീന്ന്‌ പോന്നു. അവിടെ രണ്ടുദിവസം നിന്നപ്പോ ശ്വാസം മുട്ടുന്ന തോന്നൽ. ഇവിടെ എന്റെ നേരത്തിനും സൗകര്യത്തിനുമനുസരിച്ച്‌ ഓരോന്ന്‌ ചെയ്യാല്ലോ”

വൈധവ്യം ക്രൂരമായി എറിഞ്ഞുകൊടുത്ത സ്വാതന്ത്ര്യം അറിയാതെയെങ്കിലും ഇഷ്ടപ്പെട്ടുപോയത്‌ തെറ്റാണോ? ആ തെറ്റ്‌ അമ്മയുടെ അവകാശമല്ലേ?

ഫോൺ താഴെവയ്‌ക്കുംമുമ്പ്‌ അമ്മ ചോദിയ്‌ക്കാൻ മറന്നില്ല, “തെക്കേലെ പാപ്പന്റെ വീടും പുരയിടവും വാങ്ങുന്ന കാര്യത്തിൽ തീരുമാനം വല്ലതുമായോ?

ഭർത്താവ്‌ അടുക്കളയിൽ നിരന്നു കിടക്കുന്ന പാത്രങ്ങൾ എടുത്തുവയ്‌ക്കുന്ന തിരക്കിലായിരുന്നു. ”പ്രേമേ നിനക്ക്‌ പാചകം ചെയ്യുമ്പോൾ പാത്രങ്ങൾ ഇങ്ങനെ നിരത്തിയിടണമെന്നുണ്ടോ?“ വാക്കുകൾ എന്റെ ചെവിയിൽ വന്നടിക്കാതെ ഗ്രാനറ്റ്‌ കൗണ്ടറിൽ വീണുടഞ്ഞു. അരുമയായ ബന്ധങ്ങളുടെ മൃദുലമായ വികാരങ്ങളിലൂടെ ഞാൻ ഒഴുകിനടന്നു.

ഞാൻ ഉറങ്ങുവാൻ തയ്യാറെടുക്കുമ്പോൾ കുട്ടികൾ എങ്ങോട്ടോ പോകുന്നതിനുള്ള ഒരുക്കത്തോടെ താഴേക്കുവന്നു. ”ഇങ്ങോട്ടു വന്നതേല്ലയുള്ളൂ, ഇപ്പോത്തന്നെ കറക്കംവേണോ. ഈ പാതിരാത്രിയിൽ?“ പുറത്തേക്കു വരുവാൻ വെമ്പിനിന്ന ശാസനയുടെ ചുവയുള്ള വാക്കുകൾ ഞാൻ വിഴുങ്ങി.

”കുട്ടികളോട്‌ സ്നേഹപൂർവ്വം പെരുമാറൂ. എങ്കിലല്ലേ വീടുവിട്ടാലും അവർ തിരികെ വരൂ“ അമേരിക്കൻ പുടവയണിഞ്ഞ ഇന്ത്യൻ സംസ്‌കാരം പുലമ്പി.

”ഈ പാതിരാത്രിയിൽ എങ്ങോട്ടാ രണ്ടാളും കൂടെ? രാവിലെ പോയിക്കൂടെ?“ മന്ദഹസിച്ചു ചോദിച്ചു.

”എത്ര നാളായിന്നോ ഞങ്ങൾ കൂട്ടുകാരെ കണ്ടിട്ട്‌. അവരെല്ലാം താങ്ക്‌സ്‌ ഗിവിങ്ങിന്റെ അവധിക്ക്‌ വീട്ടിൽ വന്നിട്ടുണ്ട്‌. അമ്മേ, ഞങ്ങൾ മുതിർന്ന കുട്ടികളല്ലേ? അമ്മയുടെ പേടിയും ഭയവും ഞങ്ങളിലേക്ക്‌ പകർന്നു തരല്ലേ“ അവർ ചിരിച്ചു.

”ലേറ്റായാൽ വിളിക്കാം“

അവർ വിളിച്ചാലും ഇല്ലെങ്കിലും വെളുപ്പിന്‌ അവർ തിരികെ വരുംവരെ ഞാൻ ഉറങ്ങാതെ കിടക്കുമെന്ന്‌ എനിക്കറിയാം. ഞാനവരെ കെട്ടിപ്പിടിച്ച്‌ യാത്രയയക്കുമ്പോൾ ഓർമ്മിപ്പിച്ചു ”വൈകിയാൽ വിളിക്കുമല്ലോ?“

ഇരുണ്ട തൊലിയും ഉള്ളിൽ വെളുത്ത ചിന്തകളുമായി നടക്കുന്ന രണ്ടാം തലമുറ വാതിലടച്ചിറങ്ങി. കുട്ടികൾക്കും അവരുടെ സ്വാതന്ത്ര്യം വേണം. അത്‌ അവരുടെ കുഴപ്പമല്ലല്ലോ, അവരെ രണ്ടു സംസ്‌ക്കാരങ്ങൾക്കിടയിൽ പ്രസവിച്ചിട്ടത്‌ ഞാനല്ലേ?

പിറ്റെദിവസം ഊണുമേശയിൽ നിരത്തേണ്ട തർക്കിയും അകമ്പടി വിഭവങ്ങളും മനസിൽ വന്നുമറഞ്ഞു. തർക്കിയൊരുക്കി, സ്നോ മാറ്റി, ഐസു ചുരണ്ടി, മനസിൽ സ്വതന്ത്ര ചിന്തകളുമായി ഈ നാട്ടിൽ കഴിയുന്ന ഞാൻ രണ്ടു തലമുറകൾക്കിടയിൽ ഞെരിയുന്ന ‘സാൻഡ്‌വിച്ച്‌ ജെനറേഷൻ’

”കുട്ടികൾ കോളേജിൽ എത്തിയാൽ നിനക്ക്‌ തിരികെ നാട്ടിലേക്കു വന്നുകൂടെ?“ അമ്മയുടെ ശബ്ദം അശരീരിയായി എന്നോടൊപ്പം ബെഡ്‌റൂമിലേക്ക്‌ കോവണി കയറി. ഒരു ദിശയിലേക്കുമാത്രം ഒഴുകുവാനറിയുന്ന പുഴയായി ഞാനൊഴുകി. കുട്ടികളെ ഒരു തുരുത്തിൽ എത്തിച്ചെങ്കിലേ എന്റെ ജീവിതം പൂർണമാകൂ. അതുവരെയെങ്കിലും ഞാനൊഴുകട്ടെ.

Generated from archived content: story1_mar23_07.html Author: reeni_mambalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English