സെപ്‌തംബർ 14

 

തണുത്ത വായു മുറിയിലാകെ തളംകെട്ടിയപ്പോൾ ഡോക്‌ടർ ജാനകി മേനോൻ ഉണർന്നു. സർനെയിമിന്‌ പ്രസക്തി കൊടുക്കുന്ന അമേരിക്കൻ സമൂഹത്തിൽ, സഹപ്രവർത്തകർക്കും രോഗികൾക്കുമിടയിൽ ഡോക്‌ടർ മേനോൻ എന്നറിയപ്പെടുന്ന അവൾ ‘ജാൻ’ എന്നു വിളിക്കപ്പെടുവാൻ ഇഷ്‌ടപ്പെടുന്നു. വിവാഹം കഴിഞ്ഞിട്ട്‌ അവൾ ‘ജയമോഹൻ’ എന്ന വള്ളിയിൽ കിടന്നാടിയില്ല. ആരാനും തിരഞ്ഞുതന്ന പേരിനുള്ളിൽ ആമക്ക്‌ തോടെന്നപോലെ ജീവിതകാലം മുഴുവൻ കഴിയണോ?

സെപ്‌തംബർ മാസത്തിലെ ദിവസങ്ങൾക്ക്‌ ഭാവങ്ങൾ പലതാണ്‌. ചിലപ്പോൾ ശുണ്‌ഠിപിടിച്ച ചെറുപ്പക്കാരിയെപ്പോലെ ചൂടായി ചൊടിച്ചു നിൽക്കും. മോഹമുണർത്തും. ചിലപ്പോൾ രക്തയോട്ടം കുറഞ്ഞ്‌ വിറങ്ങലിച്ചിരിക്കുന്ന മുത്തശ്ശിയെപ്പോലെ തണുത്തിരിക്കും. ചൂടുപകരാൻ അടുത്തൊരാൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന്‌ ഏതൊരു സ്‌ത്രീയും ആശിക്കുവാൻ പാകത്തിന്‌ മുറിക്കുള്ളിൽ തണുപ്പ്‌ നിറഞ്ഞുനിന്നു. കട്ടിലിന്റെ ഒഴിഞ്ഞു കിടക്കുന്ന മറുപാതയിലേക്ക്‌ ചെരിഞ്ഞ്‌ കിടന്ന്‌ അവൾ ഇലക്‌ട്രിക്ക്‌ ബ്ലാങ്കറ്റ്‌ ഓണാക്കി.

തിങ്കൾ…. ചൊവ്വ….. ബുധൻ….. ഇന്നേതുദിവസമാണ്‌….

ചൊവ്വാഴ്‌ച, ദിവസം ഓർത്തെടുത്തു. അവളുടെ അവധി ദിവസം. ഇന്ന്‌ എപ്പോഴെങ്കിലും കിടക്ക വിട്ടാൽ മതി. കാലത്ത്‌ ഷവറിൽ ധൃതിയിൽ ഷേവ്‌ ചെയ്യുമ്പോളുണ്ടാവുന്ന റേസർ മുറിവുകൾ ഇന്ന്‌ കാലുകളിൽ കാണില്ല. അവളെ സംബന്ധിച്ചിടത്തോളം ജോലിസ്‌ഥലം തിരക്കുപിടിച്ച ലോകമാണ്‌. സമയവും സൗകര്യവും നോക്കാതെ സംഭവിക്കുന്ന അപകടങ്ങളും നിന്നനിൽപ്പിൽ അസുഖം ബാധിക്കുന്നവരും എമർജെൻസിറൂമിൽ അവളെ തിരക്കിൽ നിന്ന്‌ തിരക്കിലേക്ക്‌ എത്തിക്കുന്നു.

മുന്നിൽ പുതിയൊരു ദിവസം വിരിഞ്ഞ്‌ വെളിച്ചം പരത്തുന്നു.

കണ്ണാടി ജാലകങ്ങൾക്കരുകിൽ ഗൃഹാതുരത്വം ഉണർത്തി നിൽക്കുന്ന കരിവേപ്പിനും ചെമ്പരത്തിക്കും കിടക്കമുറിയിൽ പ്രത്യേകമൊരിടം കിട്ടിയതിന്റെ ഗർവ്വുണ്ട്‌. ചുവരുകളിൽ വാൻഗോഗിന്റെയും മൊണെയുടെയും പ്രിന്റുകൾ. ചില്ലുവാതിലിലൂടെ കാണുന്ന ആകാശത്തിന്റെ കോണിൽ വെള്ളവാൽ സൃഷ്‌ടിച്ച്‌ പറന്നകലുന്ന ഒരു വെള്ളിവിമാനം. അവൾക്ക്‌ ഇഷ്‌ടമില്ലാത്തതായി കിടക്കമുറിയിലൊന്നുമില്ല, കുറെ ഓർമ്മകളൊഴിച്ച്‌.

താളം തെറ്റുന്ന ദിവസങ്ങളുടെ ഏകാന്തനിമിഷങ്ങളിൽ വേണ്ടാത്ത ചിന്തകൾ കടൽക്കാക്കകളെപ്പോലെ കാറിക്കരഞ്ഞുവന്ന്‌ മനസ്സിന്റെ നിലയില്ലാക്കയത്തിൽ മുങ്ങി മരിക്കും. മകനെ വിളിക്കുമ്പോഴൊക്കെ ‘ഹായ്‌ ദിസ്‌ ഈസ്‌ സഞ്ജയ്‌, പ്ലീസ്‌ ലീവ്‌ എ മെസ്സേജ്‌ എന്നാണ്‌ കേൾക്കുക. പിന്നെ അടുത്ത കുറെ മണിക്കൂറുകൾ ഫോണടിക്കുമ്പോൾ പ്രതീക്ഷയുടെ ഒരു മായാലോകം മുന്നിൽ ഉയർന്നുവന്ന്‌ കോളർഐഡി കാണിക്കുമ്പോഴേക്കും തകർന്നുവീഴുന്നു.

“ജാൻ, നീയെന്നോടൊപ്പം താമസിക്കൂ, എന്റെ ഭാര്യയായി, നമുക്ക്‌ എന്നും ഒരുമിച്ചുറങ്ങി പുതിയൊരു ദിവസത്തിലേക്ക്‌ ഒരുമിച്ച്‌ ഉണരാം.” വർണ്ണങ്ങൾ കാവടിയാടുന്ന സ്‌റ്റുഡിയോയോട്‌ അനുബന്ധിച്ച കിടപ്പുമുറിയിൽ ഒരിക്കൽ ബാലചന്ദ്രനോടൊപ്പം ഉറക്കമുണരുകയായിരുന്നു അവൾ.

“ബാലാ, നിന്റെ സുന്ദരികളായ മോഡലുകളെയും നിന്നെയും എനിക്ക്‌ വിശ്വാസമില്ല” അവൾ കളിയാക്കി.

സ്‌ത്രീ, വർണ്ണങ്ങൾ വിതാനിച്ച ക്യാൻവാസാണ്‌, നിറക്കൂട്ടുകൾ നിറഞ്ഞ സൗന്ദര്യമാണ്‌. ചിത്രകാരൻ നിറക്കൂട്ടുകളുടെ കമിതാവാണ്‌. നൂറുകണക്കിന്‌ ആളുകളുടെ ജീവൻ രക്ഷിക്കുന്ന എമർജെൻസിറൂം ഡോക്‌ടർ എന്തിനെയാണ്‌ ഭയന്നത്‌? ആരെയാണ്‌ ഭയക്കുന്നത്‌?

“സജ്ഞെയ്‌ – അവനിപ്പോൾ അമ്മയെ വെറുക്കുന്നു. വിവാഹമോചനത്തിന്‌ കാരണക്കാരി അമ്മയാണെന്ന്‌ വിശ്വസിക്കുന്നു. അവൻ ദാമ്പത്യം നുകരുമ്പോൾ സ്‌ത്രീപുരുഷബന്ധം എന്തെന്നറിയും. അപ്പോൾ എന്നോട്‌ ക്ഷമിക്കും. അതുവരെ നമുക്ക്‌ വിവാഹത്തിന്റെ വിള്ളലിലേക്ക്‌ ഒലിച്ചിറങ്ങാത്തൊരു ബന്ധം മതി, അല്ലേ? ഹൃദയ രേഖകൾ നിയമത്തിന്റെ കടലാസിലേക്ക്‌ പകർത്തുന്നതുകൊണ്ട്‌ എനിക്ക്‌ കൂടുതലായി എന്തു നേടുവാനാണ്‌? നിന്റെ സ്വത്തോ?”

“ഡോക്‌ടർ മേനോൻ, നിങ്ങൾ ലക്കിയാണ്‌. ബാധ്യതകൾ ഇല്ലാത്ത ജീവിതം, സ്വതന്ത്രമായ ദിവസങ്ങൾ.” രണ്ടാമതൊന്ന്‌ ചിന്തിക്കാതെ മെഡിക്കൽ കോൺഫ്രൻസിന്‌ പോവുമ്പോൾ സഹപ്രവർത്തകർ പറയുന്നു. ഭംഗിയുള്ള പുറംചട്ടയുള്ള പുസ്‌തകമാണ്‌ താൻ. അകത്ത്‌ ചിതലെടുത്തിരിക്കുന്നത്‌ ആരും കാണുന്നില്ല. തന്റെ ദാമ്പത്യമെന്ന തടവറയെക്കുറിച്ച്‌ വളരെ അടുത്തവരോട്‌ മാത്രം പറഞ്ഞു. മുൻവിധി എഴുതുവാൻ ആളുകളുടെ മുന്നിലേക്ക്‌ ആവശ്യമില്ലാതെ എന്തിന്‌ കടലാസ്‌ എറിഞ്ഞുകൊടുക്കണം.

ഭാവി ഭദ്രമാക്കാൻ ജയമോഹൻ കണക്കുകൂട്ടി കണ്ടുപിടിച്ചൊരു പെൺകുട്ടിയായിരുന്നു ഡോക്‌ടർ ജാനകി മേനോൻ… ഒരു “ട്രോഫി റ്റേക്കർ” വൈഫ്‌. ജോലി തുടങ്ങിയപ്പോൾ മുതൽ അയാൾ അവൾക്കു ചുറ്റും സംശയത്തിന്റെ വല നെയ്‌തു. അവൾ എവിടെയെങ്കിലും പോയാൽ സംശയം, തിരികെയെത്തുവാൻ വൈകിയാൽ സംശയം, ഹോസ്‌പിറ്റലിൽ നിന്ന്‌ ആരെങ്കിലും വിളിച്ചാൽ സംശയം. പരുന്ത്‌ പോലെ അവളുടെ ചുറ്റും പറന്നു നടന്ന ഒരു കൺട്രോൾ ഫ്രീക്ക്‌. സംശയത്തിന്റെ പുകചുരുളുകളിൽ പരസ്‌പരം കണ്ടെത്താനാവാതെ ദിവസങ്ങൾ നീങ്ങി. ബന്ധങ്ങൾ അകന്ന്‌ വലിഞ്ഞ്‌ പൊട്ടി.

മകനെയോർത്ത്‌ അവൾ പിടിച്ചുനിന്നു. അമേരിക്കൻ നിയമമനുസരിച്ച്‌ പതിനെട്ടുവയസ്സിൽ പ്രായപൂർത്തിയായിക്കഴിഞ്ഞാൽ കുട്ടികൾക്ക്‌ തീരുമാനങ്ങൾ എടുക്കുവാനുള്ള വ്യക്തിസ്വാതന്ത്ര്യമുണ്ട്‌. അവരുടെ സ്വകാര്യതയെ മാതാപിതാക്കൾ മാനിച്ചെ പറ്റൂ. ഇഷ്‌ടാനിഷ്‌ടങ്ങളൊന്നും അടിച്ചേൽപ്പിക്കുവാൻ സാധിക്കില്ല. അവൻ കോളേജിൽ പോവട്ടെ, വീടുവിടട്ടെ, അതുവരെ…….

തുറന്നിടാനാവില്ലെങ്കിൽ ജാലകങ്ങൾക്കൊണ്ട്‌ എന്തു പ്രയോജനം?

ജാലകങ്ങൾ തുറന്നിട്ടത്‌ സഞ്ജയ്‌ കോളേജിൽ പോയ ഒന്നാംവർഷമാണ്‌. വേനലവധിക്ക്‌ വീട്ടിൽ വരുമ്പോഴേക്കും വാർത്ത പഴങ്കഞ്ഞിപോലെ പഴകണം.

പൊട്ടിത്തെറിക്കയായിരുന്നു അവൻ, വീട്ടിലെ സംഘർഷത്തിന്റെ ചൂട്‌ മറന്നുവെന്ന്‌ തോന്നിപ്പിക്കുന്ന വിധത്തിൽ.

“അച്ഛൻ?”

“അപ്പാർട്ടുമെന്റടുത്ത്‌ മാറിത്താമസിച്ചു.”

അതാണ്‌ സെൽഫോണിന്റെ ഗുണം. എവിടെനിന്നാണ്‌ വിളിക്കുന്നതെന്ന്‌ ഒരു തുമ്പും കൊടുക്കില്ലല്ലോ!

“അമ്മ ഇപ്പോൾ വളരെ എസ്‌റ്റാബ്‌ളിഷ്‌ഡായി, അല്ലേ? അച്ഛനെയും എന്നെയുമൊന്നും ആവശ്യമില്ലല്ലോ! ഐ കാണ്ട്‌ ബിലീവ്‌ യു ഡിഡ്‌ ദിസ്‌ റ്റു അസ്‌”.

ദൂരെ മഞ്ഞുമലകൾ…. ഉറഞ്ഞുപോയില്ല…. തളർന്നുപോയില്ല…. എന്തിനെന്ന്‌ ഒരിക്കൽ അവന്‌ മനസ്സിലാവും.

ഇവിടെ മുള്ളും ഇലയും എല്ലാം താനാകുന്നു. അവന്റെ നോട്ടത്തിൽ മുള്ളൊടിച്ചിട്ടതും താൻതന്നെ. കാറ്റത്തും മഴയത്തും കാത്തുരക്ഷിച്ച കൂട്‌ കാറ്റിലുലഞ്ഞപ്പോൾ അവൻ പരിഭ്രമിക്കുന്നു. ആൺകുട്ടികളുടെ മാതൃകാപുരുഷനാണ്‌ അച്ഛൻ. കുറ്റങ്ങളും കുറവുകളും കാണുവാൻ അവർക്കാവില്ല. അവന്റെ മാത്രം സന്തോഷത്തിനായി എത്ര നാൾ?

വേനലവധിക്ക്‌ അവൻ മിക്കവാറും സമയം ചെലവഴിച്ചത്‌ ജയമോഹനോടൊപ്പം. വീടെന്ന സർക്കസ്‌കൂടാരത്തിൽ ഞാണിന്മേൽകളി മതിയാക്കി അമ്മ പുറത്തുചാടിയതിന്റെ അമർഷമായിരുന്നോ? അവധികഴിഞ്ഞ്‌ തിരികെപ്പോയ അവന്റെ ശബ്‌ദം കേട്ടത്‌ മാസങ്ങൾ കഴിഞ്ഞാണ്‌.

“നിന്നോട്‌ ഇക്കാര്യം പറഞ്ഞതാരാണ്‌?”

“ദേവി ആന്റിയുടെ മകൻ ഗോപു”.

മലയാളികളേക്കാൾ മലയാളിയായി ജീവിക്കുന്ന, സമുദായത്തിന്റെ നിയമപാലകരായ ആന്റിമാർ അവരുടെ കുടിയേറ്റക്കുട്ടികളോട്‌ പറഞ്ഞുകാണും“ ഡോക്‌ടർ ജാനകി, ഭർത്താവ്‌ കിടക്കവിടും മുമ്പ്‌ മറ്റൊരു പുരുഷനെ അന്വേഷിച്ച്‌ പോയവൾ. സമൂഹത്തിന്‌ നാണക്കേട്‌ വരുത്തുന്നു. എന്റെ കുട്ടി, നീ അവരുമായി ഇടപെഴകാനൊന്നും പോവണ്ട”.

“ഇതുസത്യമാണോ? യു ആർ ആൻ എംബാരസ്‌മന്റ്‌.”

അവന്റെ ശബ്‌ദത്തിൽ അമർഷവും പാരുഷ്യവും.

സത്യമാണ്‌ സഞ്ജയ്‌. ഞാൻ നിന്റെ അമ്മയാണ്‌, എങ്കിലും ഞാനൊരു സ്‌ത്രിയല്ലേ? എനിക്കുമാത്രം നിഷിദ്ധമല്ലല്ലോ ജീവിതം.

ഇവിടെ ആരും ആരെയും വഞ്ചിച്ചില്ലല്ലോ! പ്രായപൂർത്തിയായ സ്വതന്ത്രരായ ഒരു സ്‌ത്രീയും പുരുഷനും തമ്മിൽ സ്‌നേഹിക്കുന്നതിൽ എന്താണ്‌ തെറ്റ്‌?

കുറച്ചുവർഷങ്ങൾക്കു മുമ്പ്‌ ഹോസ്‌പിറ്റലിൽ ആർട്ട്‌ എക്‌സിബിഷൻ നടന്നപ്പോഴാണ്‌ ബാലചന്ദ്രനെ ആദ്യമായി കണ്ടുമുട്ടിയത്‌. മലയാളി എന്ന നിലയിൽ അന്ന്‌ പരിചയപ്പെട്ടു. അയാളും അയാളുടെ ചിത്രങ്ങളും “ലുക്‌സ്‌ ഗുഡ്‌” എന്ന്‌ മനസ്സിൽ കണക്കെടുത്തു. രണ്ടു ദിവസം കഴിഞ്ഞ്‌ അയാൾ അവളെ വിളിക്കുംവരെ ഒരു സാധാരണ പരിചയപ്പെടലായി മാത്രം അവളതിനെ കണക്കാക്കി. ഹോസ്‌പിറ്റൽ കമ്മീഷൻ ചെയ്‌ത ചിത്രങ്ങളുമായി അയാൾ പലതവണ വന്നു. സമാനതലത്തിൽ ചിന്തിക്കുന്ന അവർക്ക്‌ കാഫറ്റീരിയയിലെ തണുത്ത കാപ്പിക്കപ്പുകൾ മുഷിച്ചിലില്ലാതെ കൂട്ടിരുന്നു.

വിവാഹത്തൊഴുത്തിൽ കെട്ടിയിടപ്പെട്ട എത്രയോ സ്‌ത്രീപുരുഷ ജന്മങ്ങളുണ്ട്‌……

തൊഴുത്തിലെ ദുർഗന്ധവും മാലിന്യങ്ങളും സഹിച്ച്‌……

തൊഴുത്തുവിടാൻ ആരും മുതിരാറില്ല. ദുർഗന്ധവും മാലിന്യവും സമൂഹത്തിലേക്ക്‌ പടർന്ന്‌ നാറും.

അയാൾ എല്ലാം മണത്തറിഞ്ഞിരുന്നു.

“ഞാൻ വിവാഹിതയാണ്‌. എനിക്കൊരു മകനുണ്ട്‌. നമുക്ക്‌ സുഹൃത്തുക്കളായി കഴിയാം.” തിരിച്ചറിവിന്റെ നിമിഷത്തിൽ അവൾ പറഞ്ഞു.

’ഞാൻ കാത്തിരിക്കാം. നീ സ്വതന്ത്രയാവുംവരെ. ഈ മൈൽക്കുറ്റിക്കു വളരെ മുമ്പുതന്നെ നാം കണ്ടുമുട്ടേണ്ടവരായിരുന്നു.“

അയാൾ കാത്തിരുന്നു.

തമ്മിൽ സ്‌നേഹിക്കാനും കരുതുവാനും കഴിയുമെന്നറിഞ്ഞത്‌ അവനിലേക്കുള്ളവഴിയിലായിരുന്നു. വഴിപിഴച്ച സ്‌നേഹം എന്നൊന്നുണ്ടോ? സ്‌നേഹത്തിന്റെ വഴിയിലാണ്‌ ആത്മാവിനെ ഉണർത്തുന്ന ജീവന്റെ സംഗീതം പൂർണ്ണമാവുന്നത്‌.

ജയമോഹനെ അവസാനമായി കാണുന്നത്‌ മണിക്കൂറുകൾ ആകാശദൂരമുള്ള സഞ്ജയുടെ കോളേജ്‌ ഗ്രാഡ്വേഷൻ ദിവസ്സമായിരുന്നു. തടിച്ചു വീർത്ത അയാളുടെ കണ്ണുകളിൽ ക്ഷീണം കുടിയേറിയിരുന്നു.

”ഹാർട്ടിന്‌ പ്രശ്‌നമുണ്ട്‌. തടികുറക്കണം. ഡയറ്റ്‌ ശരിയാവുന്നില്ല“ കേട്ടപ്പോൾ വല്ലായ്‌മതോന്നി.

ഗ്രാഡ്വേഷൻ സെറിമണികഴിഞ്ഞ്‌ അവൻ ഓടിവന്ന്‌ അമ്മയെ കെട്ടിപ്പിടിച്ചു. ”ഐ ലവ്‌ യു മാം“ ഡിഗ്രി കിട്ടിയതിനാലാവണം അവൻ വികാരധീനനായിരുന്നു. അതോ അച്ഛനും അമ്മയും അടങ്ങുന്ന ‘ഫാമിലി’ ഒന്നിച്ചു കൂടിയത്തിന്റെ സന്തോഷത്തിലോ?

അവളും ജയമോഹനും സഞ്ജയും അന്ന്‌ അടുത്തടുത്ത സീറ്റുകളിൽ മുഖാമുഖം നോക്കി ഡിന്നർ കഴിച്ചു. ഡിന്നറിനു മുമ്പ്‌ അയാൾ പല ഗുളികകൾ വിഴുങ്ങി. മൂന്നുവർഷത്തിനുള്ളിൽ അയാൾ വളരെ മാറിയിരിക്കുന്നു. അവൾക്ക്‌ സഹതാപം തോന്നി.. കുറ്റബോധം പുരളാത്ത സഹതാപം. അവളുടെ വിധികർത്താവ്‌ അയാൾ ആയിരുന്നല്ലോ! ഓർമ്മകളുടെ ചാരത്തിന്‌ ഇപ്പോഴും നല്ല ചൂടുണ്ട്‌. ഉള്ളിൽ ജ്വലിക്കുന്ന കനലുകളുണ്ട്‌. പൊള്ളിക്കുവാൻ പാകത്തിൽ.

അവിടെത്തന്നെ ജോലി കണ്ടെത്തിയ അവനെ വീണ്ടും കാണുന്നത്‌ ജയമോഹന്റെ ഫ്യൂണറലിനാണ്‌.

”അച്ഛന്റെ ആരോഗ്യവും ഡയറ്റും നോക്കി സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. അമ്മയാണ്‌ അച്ഛനെ മരണത്തിലെക്ക്‌ വിട്ടത്‌. ഒരിക്കലും അച്ഛനെ വിട്ടുപോകരുതായിരുന്നു. ഐ ഹേറ്റ്‌ യു ഫോർ ദാറ്റ്‌. ഐ ഡോണ്ട്‌ അണ്ടർസ്‌റ്റാൻഡ്‌ യു.“ സ്‌നേഹം വിളക്കണച്ച വാക്കുകൾ. ഡോക്‌ടർ മേനോൻ തളരുന്നു.

മുന്നിൽ ഭൂമി പിളരുന്നു… ജനകന്റെ ജാനകിയായി വിള്ളലിൽ…. താണ്‌… താണ്‌.

മദേർസ്‌ഡേയുമായി മെയ്‌ മാസം വന്നു. അമേരിക്കൻ സമൂഹത്തിൽ അമ്മയോടുള്ള സ്‌നേഹം പൂക്കളായും ചോക്കളേറ്റുകളായും റെസ്‌റ്റോറന്റിൽ ഒരു ഡിന്നറായും മക്കളിൽ നിന്ന്‌ വരുന്ന ദിവസം. അമ്മമാർക്കുള്ള പൂച്ചെണ്ടുകൾ വെള്ളിയാഴ്‌ചതന്നെ ഫ്ലോറിസ്‌റ്റുകൾ ഓഫീസുകളിൽ എത്തിക്കുന്നു മദേർസ്‌ഡെ.

ഞായറാഴ്‌ച അവളുടെ ടെലഫോൺ ചിണുങ്ങി. പിന്നെ വോയ്‌സ്‌ കോളർഐഡിയുള്ള ടെലഫോൺ വിളിച്ചു പറഞ്ഞു ”കോൾ ഫ്രം സഞ്ജയ്‌ ജയമോഹൻ“.

ആയിരം ചിറകുകൾ മുളപ്പിച്ച്‌ അവൾ പറന്നു.

”അമ്മയെന്താ ഇന്ന്‌ ബാലചന്ദ്രനോടൊപ്പം ന്യൂയോർക്ക്‌ ആർട്ട്‌ മ്യൂസിയത്തിൽ പോവാതിരുന്നത്‌? ഐ ആൾവെയ്‌സ്‌ ലൈക്ക്‌​‍്‌ ന്യൂയോർക്ക്‌, ദ സിറ്റി ദാറ്റ്‌ നെവർ സ്ലീപ്പ്‌സ്‌. യു തിങ്ക്‌ ഐ കാൻ മീറ്റ്‌ ബാലചന്ദ്രൻ സം ഡെ?“

അവൻ ബാലചന്ദ്രനെക്കുറിച്ച്‌ സംസാരിക്കുന്നു. കൈത്തണ്ടയിൽ തുടിച്ചു നിന്ന ഞരമ്പിൽ നുള്ളി വേദനിപ്പിച്ചു, ഇതു സ്വപ്‌നമല്ല.

അടുക്കളയുടെ തറയിൽ നീന്തുന്ന അവൻ അമ്മയുടെ കാലിൽ പിടിച്ച്‌ എഴുന്നേൽക്കുവാൻ ശ്രമിക്കുന്നു. ”സഞ്ജെയ്‌, യൂ അമ്മാസ്‌ ഗുഡ്‌ ബോയ്‌.

ആശയുടെ തീനാളം ആളിക്കത്തിയപ്പോൾ നോക്കുന്ന ചുവരുകളില്ലാം അവന്റെ നിഴലുകൾ. പൊലിയുവാൻ വെമ്പി നിൽക്കുന്ന വിളക്കിന്‌ ചെറിയൊരു കാറ്റുമതി അണഞ്ഞുപോവാൻ.

പറമ്പിൽ പുല്ലുവെട്ടുന്ന യന്ത്രത്തിന്റെ ശബ്‌ദം. തുറന്നുകിടക്കുന്ന ജാലകത്തിലൂടെ തണുത്തകാറ്റിനോടൊപ്പം പച്ചപ്പുല്ലിന്റെ മണം. മുറിയിലാകെ സൂര്യന്റെ വെളിച്ചം മഞ്ഞച്ച്‌ നിൽക്കുന്നു. വാൻഗോഗിന്റെ സൂര്യകാന്തിപ്പൂക്കൾക്ക്‌ പതിവിലേറെ മഞ്ഞളിപ്പ്‌. സ്‌കൈലൈറ്റിന്‌ പതിച്ചുകിട്ടിയ ഒരു തുണ്ട്‌ ആകാശത്തിൽ വെള്ളവാലിട്ട്‌ മറ്റൊരു വെള്ളിവിമാനം.

സമയം എട്ടരയോട്‌ അടുക്കുന്നു. സ്വഛമായേക്കാമായിരുന്ന ഒരു പ്രഭാതം നശിപ്പിച്ചുവെന്ന്‌ അലോസരപ്പെട്ട്‌ അവളെഴുന്നേറ്റു. ചായക്കപ്പ്‌ ചുണ്ടുകളോടടുപ്പിച്ചപ്പോൾ ബാലചന്ദ്രന്റെ ഫോൺകോൾ.

‘ജാൻ ടി.വി ഓണാക്കു. ട്വിൻടവറിൽ ഒരു പ്ലെയിൻ ഇടിച്ചിരിക്കുന്നു. വിമാനപകടം. ഞാൻ ഒരു കസ്‌റ്റമറെ കാണുന്നതിനായി ന്യൂയോർക്കിലേക്ക്‌ ഡ്രൈവ്‌ ചെയ്യുകയാണ്‌.“

ട്വിൻടവറിനുനേരെ പറന്നടുത്ത വിമാനം ടവറിൽ ഇടിച്ച്‌ തീഗോളമായി എരിയുന്നു. പിന്നെ മിനിറ്റുകൾക്കുള്ളിൽ അടുത്ത ടവറിലിടിച്ച്‌ അഗ്നികുണ്‌ഠമായ മറ്റൊരു വിമാനം. രണ്ടു കെട്ടിടങ്ങൾക്കുള്ളിൽ പല കമ്പനികളുടെ ഓഫീസുകൾ. നടക്കുന്നതെന്തന്നറിയാതെ ഓഫീസ്‌മുറികൾ വിട്ടോടി തീയിലും പുകയിലും അകപ്പെട്ട്‌ തിക്കിത്തിരക്കുന്ന ജനക്കൂട്ടം. എലവേറ്റേർസിലും സ്‌റ്റെയർകേസിലും കുടുങ്ങിപ്പോയ നിസ്സഹായർ. പുറത്തുകടന്നവർക്ക്‌ രക്ഷപ്പെട്ടതിന്റെ ആശ്വാസം. കെട്ടിടങ്ങൾക്കുള്ളിൽ അകപ്പെട്ടവർക്ക്‌ പ്രിയമുള്ളവരെ ഇനി കാണുവാനാവുമോ എന്ന ഭീതി. ചാനലുകൾ പുലമ്പി” ആഗോള വൻശക്തിയായ അമേരിക്കക്കെതിരെ ഭീകരമായ ടെററിസ്‌റ്റ്‌ ആക്രമണം. ആരാണെന്നറിയില്ല. എവിടെനിന്നെന്നറിയില്ല.

“ഞാൻ മടങ്ങുന്നു. ന്യൂയോർക്ക്‌ സിറ്റി ആകെക്കൂടി സ്‌തംഭിച്ചിരിക്കുകയാണ്‌.” ബാലചന്ദ്രൻ കാറിൽ നിന്ന്‌ വിളിച്ചു.

“ഡോക്‌ടർ മില്ലറുടെ മകൾ ട്വിൻടവറിലുള്ള ഒരു ഓഫീസിലാണ്‌ ജോലി ചെയ്യുന്നത്‌. അവർ അവളെ കോണ്ടാക്‌റ്റ്‌ ചെയ്യുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ യാതൊരു വിവരവുമില്ല. ”ഹോസ്‌പിറ്റലിൽ നിന്ന്‌ ഒരു സുഹൃത്ത്‌ അറിയിച്ചു.

എരിഞ്ഞുയരുന്ന രണ്ട്‌ അഗ്നിപർവ്വതങ്ങൾ. ഇരുണ്ട പുകപടലം ആകാശത്തിലേക്ക്‌ കുമിഞ്ഞുയരുന്നു.

ഡോക്‌ടർ മില്ലറുടെ അമ്മമനസ്സ്‌ ഭീതിയുടെയും പരിഭ്രമത്തിന്റെയും കുണ്‌ഠത്തിലെരിയുന്നത്‌ അവളറിയുന്നു. ഒരിക്കലുമുറങ്ങാത്ത ന്യൂയോർക്ക്‌ സിറ്റി. യുവജനങ്ങളുടെയും കരിയറിസ്‌റ്റുകളുടെയും സ്വപ്‌നഭൂമി. കലാകാരന്മാരുടെ ചിത്രഭൂമി. സംസ്‌കാരവും സ്‌റ്റൈലും തിളച്ചുകൊഴുത്ത സിറ്റി. അവിടെ തന്റെ നാഡിയുടെ തുടിപ്പ്‌ അന്വേഷിച്ചുപോയ പെൺകുട്ടി…..

അടുത്ത രണ്ടു മണിക്കൂർ ചാനലുകൾ ആളുകളെ മുറിയിൽ തളച്ചിട്ടു. കണ്ണുകളെ കണ്ണാടിപ്പെട്ടിയിൽ ഒട്ടിച്ചുവെച്ചു. കെട്ടിടങ്ങളുടെ സ്‌റ്റീൽ കമ്പികൾ മെഴുകുപോലെയുരുകി. അംബരചുംബികളായ ട്വിൻടവേർസ്‌ തീപ്പെട്ടിപോലെ കത്തിയെരിഞ്ഞ്‌ നിലംപതിച്ചൂ. ആയിരമായിരം മനുഷ്യശരീരങ്ങൾ വെന്തുകരിഞ്ഞു.

ദൈവമേ, നീ എവിടെയായിരുന്നു? ആകാശത്തിന്റെ അതിരുകളിലോ? അപാരമായ സമുദ്രത്തിന്റെ ആഴങ്ങളിലോ? അതോ വിസ്‌തൃതമായ മണലാരണ്യത്തിലോ? മഞ്ഞുമൂടിയ മലകളിലോ? കരിഞ്ഞു ചാമ്പലായ മനുഷ്യമനസ്സുകളിൽ നിന്ന്‌ ദിവസങ്ങൾക്കുമുമ്പേ നീ ഒളിച്ചോടിയിരുന്നോ, അവരുടെ പ്രാർത്ഥനകൾ കേൾക്കുവാനാവാത്ത ഒരിടത്തേക്ക്‌?

ഡോക്‌ടർ മില്ലറുടെ മകൾ അമ്മയെ വിളിച്ചുവെന്ന്‌ ഹോസ്‌പിറ്റലിൽ നിന്നറിയിച്ചു. ആളുകളുടെ തിക്കിത്തിരക്കിൽ പരുക്കേറ്റിട്ടുണ്ട്‌. അവൾക്ക്‌ ജീവിതം തിരികെക്കിട്ടിയിരിക്കുന്നു. വ്രണപ്പെടുത്തിയ ഭീതിനിറഞ്ഞ കാഴ്‌ചകളിൽ, അനുഭവങ്ങളിൽ, മനസ്സ്‌ നഷ്‌ടപ്പെട്ടിരിക്കുമോ? മനസ്സിനെ തിരിച്ചുപിടിക്കുവാൻ കഴിയുമോ?

ബുധൻ…………..വ്യാഴം………….. വെള്ളി………..

മറ്റൊരു വാരാന്ത്യത്തിന്റെ തുടക്കം. അന്ന്‌ ജോലികഴിഞ്ഞ്‌ വീട്ടിൽ വരുമ്പോൾ കുറെ തീരുമാനങ്ങൾ എടുത്തതിന്റെ സന്തോഷത്തിലായിരുന്നു ഡോക്‌ടർ മേനോൻ.

കണ്ണുകളിൽ പുളയുവാൻ മടിക്കുന്ന പരൽമീനുകൾ. കവിളുകളിൽ നിറം മങ്ങുന്ന പൂവുകൾ.

പണിതീരാപ്പാലങ്ങളിലൂടെ, നഷ്‌ടപ്പെട്ടുപോയ എന്തിനെയൊക്കുറിച്ചുള്ള ഉത്‌ക്കണ്‌ഠകളുമായി സാക്ഷാത്‌ക്കരിക്കപ്പെടാത്ത സ്വപ്‌നങ്ങളുമായി സഞ്ചരിക്കുകയാണ്‌.

ജീവിതത്തിന്‌ പൂർണ്ണചന്ദ്രനിൽ ലയിക്കുന്ന നിശയുടെ നിർവൃതിയുണ്ടാവണം.

ബാലചന്ദ്രന്‌ ഇഷ്‌ടപ്പെട്ട ഐസ്‌ക്രീം ഫ്രീസറിൽ എടുത്തുവെച്ചു. ആൻസറിംഗ്‌ മെഷീൻ ഓണാക്കി.

പരിചയമില്ലാത്ത ശബ്‌ദം “ആന്റി എന്റെ പേര്‌ ദീപക്‌. ഞാൻ സഞ്ജയുടെ ഒരു ഫ്രെണ്ട്‌. ഞാൻ കുറച്ചുദിവസങ്ങളായി ബിസിനസ്സ്‌ ട്രിപ്പിൽ സിംഗപ്പൂരിലായിരുന്നു. സഞ്ജയ്‌ക്ക്‌ സെപ്‌തംബർ 11 ന്‌ രാവിലെ എട്ടുമണിക്ക്‌ ന്യൂയോർക്കിൽ ട്വിൻടറിലുള്ള ഒരു കമ്പനിയിൽ ഇന്റർവ്യൂ ഉണ്ടായിരുന്നു. സഞ്ജയെ കോണ്ടാക്‌റ്റ്‌ ചെയ്യുവാൻ ശ്രമിച്ചിട്ട്‌ ഇതുവരെ സാധിച്ചിട്ടില്ല. അവൻ സെപ്‌തംബർ 10ന്‌ കാലിഫോർണിയായിൽ നിന്നും ന്യൂയോർക്കിലേക്ക്‌ യാത്ര ചെയ്‌ത്‌ എന്ന്‌ എയർലൈൻസ്‌ കൺഫേം ചെയ്‌തു.”

കേട്ടത്‌ ഗ്രഹിക്കുവാൻ ശ്രമിക്കുകയായിരുന്നു അവൾ. കാൽപ്പത്തിയിലൂടെ ഇഴഞ്ഞുകയറുന്ന ഭീതിയുടെ പെരുമ്പാമ്പുകൾ ശരീരത്തെ വരിഞ്ഞുമുറുക്കുന്നു. ഭയത്തിന്റെ നനവാർന്ന തണുപ്പ്‌.

കുറച്ചു നിമിഷത്തെ മൗനത്തിനുശേഷം അവൻ തുടർന്നു. “ന്യൂയോർക്കിൽ ഒരു ജോലി കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു അവൻ. അപ്പോൾ അമ്മയെ ഇടക്കിടെ കാണാമല്ലോ.”

അടുക്കളയാകെ കറങ്ങുന്നു. തറയിൽ അവന്റെ കറങ്ങുന്ന പമ്പരം. കണ്ണുകളിൽ ഇരുട്ട്‌ കയറുന്നു.

ന്യൂയോർക്ക്‌ സിറ്റിയുടെ ശ്‌മശാനമായിമാറിയ ഗ്രൗണ്ട്‌ സീറോ. അവിടെ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിലൂടെ സഞ്ജയ്‌ മുട്ടിലിഴയുന്നു. അവൻ കരയുകയാണോ?

Generated from archived content: story1_mar19_11.html Author: reeni_mambalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English