ഗൃഹലക്ഷ്‌മി

ഉറക്കച്ചടവുളള കണ്ണുകൾ പാതി തുറന്നപ്പോൾ ചുണ്ടിൽ ചുംബനത്തിന്റെ ചൂട്‌. കരവലയത്തിനുളളിൽ അമർന്നപ്പോൾ കാതുകളിൽ മന്ത്രധ്വനി.

“ഹാപ്പി ബേർത്ത്‌ഡെ ലക്ഷ്‌മി”

പിന്നെ എന്തെല്ലാമോ കേൾക്കുവാൻ മോഹിച്ചു. പക്ഷേ ഒന്നുമുണ്ടായില്ല. സ്നേഹം ഒരു കിഴിക്കുളളിലാക്കി മനസിന്റെ ആഴങ്ങളിൽ എവിടെയോ ഒളിപ്പി ച്ചുവച്ചിരിക്കുന്ന ഭർത്താവ്‌. വല്ലപ്പോഴും എടുത്തുകാട്ടിയാൽ ഞാൻ ആ കിഴി ഒരു നിധി പോലെ സ്വീകരിക്കും. “പൂവങ്കോഴി പോലെ കൂകി അറിയിക്കുവാനുളളതാണോ എന്റെ സ്നേഹമെന്ന്‌ ചോദിക്കുമ്പോൾ വാദിക്കുവാൻ ഒരുമ്പെടാറില്ല.

മന്ത്രധ്വനി കഴിഞ്ഞ്‌ മണിയൊച്ച മുഴങ്ങിയപ്പോൾ അലാറം നിർത്തി എഴുന്നേറ്റു. കുട്ടികളെ കുലുക്കി വിളിച്ചുണർത്തി. ഇന്ന്‌ സ്‌കൂൾ ബസ്‌ കിട്ടാതെപോയാൽ കിടന്നുറങ്ങിയ സ്വെറ്റ്‌ പാന്റ്‌സ്‌ ധരിച്ച്‌ കുട്ടികളെ സ്‌കൂളിൽ കൊണ്ടിറക്കുവാൻ വയ്യ. പ്രത്യേകിച്ചും ഇന്ന്‌ എന്റെ പിറന്നാൾ ദിവസമല്ലേ? കാലത്തെഴുന്നേറ്റ്‌ കുളിച്ച്‌ കുറിതൊട്ട്‌ ഭർത്താവിനെ വിളിച്ചുണർത്തി ബെഡ്‌കോഫീ കൊടുക്കേണ്ടവൾ. ഞാൻ, ഗൃഹലക്ഷ്‌മി.

സ്‌കൂൾബസിന്റെ ഇരമ്പൽ കേട്ട്‌ പാഞ്ഞിറങ്ങിയ കുട്ടികൾ പറഞ്ഞു. ”ഹാപ്പി ബേത്ത്‌ഡേ മാം. ഹാവ്‌ എ നൈസ്‌ ഡേ.“

കുട്ടികളുടെ ആശംസകൾ പ്രവർത്തിയിൽ വരട്ടെ എന്നാഗ്രഹിച്ചു. ഭർത്താവിന്റെ രുചിക്കനുസരിച്ചുളള കറികൾ ഉണ്ടാക്കുവാനായി ഒരേ വേവുളള പച്ചക്കറികൾ ഒരേ വലുപ്പത്തിൽ മുറിച്ചു കൊണ്ട്‌ എന്റെ നല്ല ദിവസത്തിനു തുടക്കമിട്ടു. കുട്ടികൾ എന്തെങ്കിലും നോർമൽ ഭക്ഷണം ഉണ്ടാക്കണം. ഇന്ത്യൻ ഭക്ഷണമല്ലാത്തതെന്തും അവർക്ക്‌ നോർമൽ.

ഉച്ചയോടടുത്തപ്പോൾ മനസു പറഞ്ഞു. ഇന്ന ത്തെ നിന്റെ നല്ല ദിവസത്തിന്‌ പതിവുപോലെ ആവർത്തനവിരസത. ശേഷമുളള ദിവസമെങ്കിലും ആവർത്തനം ഒഴിവാക്കൂ. മാളിലൂടെ വെറുതെ കറങ്ങി നടന്നു. സെന്റർ കോർട്ടിൽ എന്തോ കലാപരിപാടി നടക്കുന്നു. അഴികളിൽ കൈയ്യൂന്നി പരിപാടികളിൽ മിഴിനട്ട്‌ വെറുതെ നിന്നു.

”ഹലോ“ ശബ്‌ദം കേട്ട വശത്തേക്ക്‌ നോക്കി. ഒരാൾ പരിചയപ്പെടുവാനുളള ഒരുക്കത്തോടെ എനിക്കുനേരെ കൈനീട്ടി.

”ഞാൻ ലക്ഷ്‌മീ“

”ഇന്ത്യനാണല്ലേ? ലക്ഷ്‌മി, നല്ല പേര്‌. എന്താണണതിന്റെ അർത്ഥം? അയാൾ വെറുതെ വിടാനുളള ഭാവമില്ല.

“ഐശ്വര്യ ദേവത” മറുപടി നൽകി.

“ലക്ഷ്‌മി ഡോക്ടറാണോ?”

“അല്ല” ഒറ്റവാക്കിൽ മറുപടികൊടുത്തു. ഡോക്ടറാണെങ്കിൽ ഞാനീ നേരത്ത്‌ മാളിലൂടെ കറങ്ങി നടക്കാതെ വല്ല ആശുപത്രിയിലും ജോലി ചെയ്‌ത്‌ കാശ്‌ ഉണ്ടാക്കില്ലേ മരമണ്ടൂസെ എന്ന്‌ ചോദിക്കണമെന്നു തോന്നി.

മുഷിവ്‌ തോന്നരുത്‌, ഇന്ത്യയിൽ നിന്നും ധാരാളം ഡോക്ടർമാരും എഞ്ചിനിയർമാരും ഇവിടെ വരുന്നതുകൊണ്ട്‌ ചോദിച്ചതാണ്‌. അയാൾ തുടർന്നു. കമ്പൂട്ടറിനോട്‌ ബന്ധപ്പെട്ട ധാരാളം ജോലികൾ ഇപ്പോൾ നിങ്ങളുടെ നാട്ടിലാണല്ലോ നടക്കുന്നത്‌? ഞാനും അതേ ഫീൽഡിൽ ആയിരുന്നു. ഇന്ത്യൻ ആൾക്കാരുടെ ബുദ്ധി ഈ നാട്ടിലേക്ക്‌ ഇറക്കുമതി ചെയ്യുവാൻ തുടങ്ങിയതോടെ ജോലി പോയൊരു ഹതഭാഗ്യനാണ്‌ ഞാൻ.“

അയാളുടെ ജീവിതപുസ്‌തകം എന്റെ മുന്നിൽ നിവർത്തിവയ്‌ക്കുമോ എന്ന്‌ ഭയപ്പെട്ട ഞാൻ സഹതാപം അയാൾക്ക്‌ നേരെ ചൊരിഞ്ഞു കൊടുത്തു.

”ഭാര്യയ്‌ക്ക്‌ ജോലിയുണ്ട്‌. അതുകൊണ്ട്‌ പിടിച്ചു നിൽക്കുന്നു. വിന്ററിൽ വീട്ടിലിരുന്ന്‌ ബോറടിച്ചു. വാരാന്ത്യത്തിൽ സ്‌കീയിങ്ങിന്‌ പോകണമെന്നാഗ്രഹമുണ്ട്‌. അതിന്‌ ഷോപ്പിങ്ങിനിറങ്ങിയതാണ്‌. ലക്ഷ്‌മി സ്‌കീ ചെയ്യുമോ?“

”ഇല്ല“ എന്നു ഞാൻ പറഞ്ഞപ്പോൾ സഹതാപം നിഴലിച്ചത്‌ അയാളുടെ മുഖത്തായിരുന്നു.

”പറയുവാൻ വിരോധമില്ലെങ്കിൽ ഞാനൊന്ന്‌ ചോദിച്ചോട്ടെ, ഭർത്താവ്‌ എന്തു ചെയ്യുന്നു?“

”ഡോക്ടറാണ്‌“ മറുപടി കൊടുത്തു.

”നല്ല പ്രൊഫഷൻ. ഡോക്‌ടേർസ്‌ ഭാഗ്യവാൻമാരാണ്‌. ലോകാന്ത്യം വരെ ഈ ഭൂമിയിൽ രോഗികളുണ്ടാവും. രോഗികൾ ഉളള കാലമത്രയും വൈദ്യനേയും വേണമല്ലോ“. ജോലിയില്ലാത്തൊരുവന്റെ വാക്കുകൾ.

”ലക്ഷ്‌മി. വിരോധമില്ലെങ്കിൽ നമുക്കൊരു കപ്പ്‌ കാപ്പികുടിക്കാം?“ എന്റെ ചിരിക്കിപ്പോഴും വശ്യതയുണ്ടെന്നും ആകാരത്തിന്‌ വടിവുണ്ടെന്നും ഓർമ്മിപ്പിക്കുമാറ്‌ ഓർക്കാപ്പുറത്തൊരു ചോദ്യം.

വിരോധമുണ്ടെന്നോ സങ്കോചമുണ്ടെന്നോ പറഞ്ഞില്ല. സൗഹാർദ്ദം പുരട്ടിയ ചിരിയെറിഞ്ഞു പറഞ്ഞു ”വീട്ടിലെത്താനൽപ്പം തിടുക്കമുണ്ട്‌“.

ഒരു സുഹൃത്‌ബന്ധം എനിക്ക്‌ ഞാൻ തന്നെ നിഷേധിച്ച്‌ തിരിഞ്ഞു നടക്കുമ്പോൾ – ”ഹാവ്‌ എ നൈസ്‌ ഡേ ലക്ഷ്‌മി“.

ഞാൻ എഞ്ചിനിയറോ, ഡോക്ടറോ അല്ല. അതിനുമുപരിയായി സ്‌കീ ചെയ്യുവാനുമറിയില്ല. എങ്കിലും ഞാനിപ്പോൾ വെറും ലക്ഷ്‌മിയല്ല. ഡോക്ടർ ഭർത്താവുളള ഭാഗ്യലക്ഷ്‌മിയാണ്‌. എന്നിൽ നിക്ഷിപ്തമായിരിക്കുന്നത്‌ ഒരമ്മയുടേയും ഭാര്യയുടേയും നിസാരവും അതേ സമയം സങ്കീർണവുമായ ജോലിയും കർത്തവ്യങ്ങളും മാത്രം. ”ലക്ഷ്‌മി, അധികം പ്രതീക്ഷകൾ പാടില്ല, അപ്പോഴല്ലേ നിരാശയുണ്ടാവുക? നിന്റെ സുഖദുഃഖങ്ങളുടെ ഉത്തരവാദി നീ തന്നെ“ ഭർത്താവിന്റെ കൂടെക്കൂടെയുളള വാക്കുകൾ.

സൂപ്പർമാർക്കറ്റിൽ ഒരു ഡോളറിന്‌ കിട്ടുന്ന അഞ്ച്‌ ഏത്തക്കയെക്കുറിച്ചും ഇന്ത്യൻ കടയിൽ നിന്നും വാങ്ങുന്ന തുടുത്ത കോവക്കയെക്കുറിച്ചും എനിക്ക്‌ അതീവമായി സന്തോഷിക്കുവാൻ കഴിയില്ലാത്തത്‌ എന്റെ കുഴപ്പമെന്ന്‌ എന്നെത്തന്നെ ബോധിപ്പിക്കുവാൻ ശ്രമിക്കുന്നു. മനസിനിണങ്ങിയ കൂട്ടുകാരെ തിരയുന്നത്‌ വെറുമൊതു വിനോദമാണെന്ന്‌ എനിക്ക്‌ തോന്നിയിട്ടില്ല.

എന്റെ ആത്മാവിന്റെ രോദനം എനിക്കെന്നും താരാട്ടാണ്‌. മനസിന്റെ ദാഹമകറ്റാൻ എവിടെയാണ്‌ തിരയേണ്ടത്‌? അളവില്ലാത്ത സ്നേഹം മനസിലൂടെ ഒഴുകിയിറങ്ങുമ്പോൾ ആത്മാവിന്റെ ദാഹം സ്വാഭാവികമല്ലേ?

ചുറ്റും നോക്കി. തിരക്കുപിടിച്ച്‌ ഓടി നടക്കുന്ന, സ്വയം സ്നേഹിക്കുന്ന കുറെ മനുഷ്യ ജീവിതങ്ങൾ. ഓട്ടത്തിന്റെ അന്ത്യത്തിൽ തളരുമ്പോൾ ഏതോ ഒരു നേഴ്‌സിങ്ങ്‌ഹോമിൽ എരിഞ്ഞുതീരുന്ന ജീവിതം. ഇന്നെന്റെ ബേർത്തഡേയാണ്‌. ആ വൃദ്ധ സദനത്തിലേക്ക്‌ ഒരുവർഷം കൂടി അടുത്തിരിക്കുന്നു.

പെർഫ്യൂം കടയിൽ പൈസകൊടുത്തു കഴിഞ്ഞ്‌ വാച്ചിലേക്ക്‌ നോക്കിയപ്പോൾ നേരം ഒരുപാടായെന്ന്‌ മനസിലായി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ നേരം വൈകിയിരുന്നു. ഭർത്താവ്‌ നേരത്തെ വീട്ടിൽ എത്തിയിരിക്കുന്നു. എന്റെ പിറന്നാൾ പ്രമാണിച്ച്‌ രോഗികൾ അവധിയിലാണോ?

കുട്ടികൾ ഓടിവന്ന്‌ എന്നെ കെട്ടിപ്പിടിച്ചു.

”അമ്മ എന്തേ വരുവാൻ വൈകുന്നതെന്നു ചിന്തിച്ച്‌ ഞങ്ങൾ ആകെ വിഷമിച്ചിരിക്കയായിരുന്നു“.

”ലക്ഷ്‌മി, നിനക്കൊന്ന്‌ ഫോൺ ചെയ്യാമായിരുന്നില്ലേ? കൈയ്യിലുളള സെൽഫോൺ ഓണാക്കിയിട്ടുകൂടെ? വെറുതെയെല്ലാവരേയും വിഷമിപ്പിച്ചതെന്തിനാ? നിന്റെ പിറന്നാൾ പ്രമാണിച്ച്‌ ഡിന്നറിന്‌ പുറത്തു പോകാമെന്നു കരുതി പേഷ്യൻസിനെ വൈകി എടുത്തില്ല“

ആ കണ്ണുകളിലെ പരിഭ്രമം കെട്ടടങ്ങിത്തുടങ്ങിയിരുന്നു. മുഖത്ത്‌ ഞാനിതുവരെ കണ്ടിട്ടില്ലാത്തൊരു ആർദ്രത.

സങ്കീർണ്ണമല്ലാത്ത, കടമകൾ ഇല്ലാത്തൊരു ലോകത്തിലൂടെയുളള ഇന്നത്തെ എന്റെ നല്ല ദിവസത്തിന്റെ അന്ത്യത്തിൽ എന്നിലെ ഗൃഹലക്ഷ്‌മിക്ക്‌ കുറ്റബോധം തോന്നി.

ഇരുളിന്റെ പുതപ്പണിഞ്ഞ മുറിയിൽ, എന്റെ കാതുകളിൽ മന്ത്രധ്വനി മുഴങ്ങി ”ഹാപ്പി ബർത്തഡേ ലക്ഷ്‌മീ, നീയെന്നെ വളരെ പേടിപ്പിച്ചുവല്ലോ“

ഞാൻ ആ കരവലയത്തിലൊതുങ്ങി.

”നല്ല സുഗന്ധം, ഏത്‌ പെർഫ്യൂമാണ്‌?“

സ്നേഹത്തിന്റെ കിഴി ഭർത്താവെനിക്കു വെച്ചുനീട്ടി. ആത്മാവിന്റെ ദാഹമകറ്റുന്ന തെളിനീര്‌ ഞാൻ രുചിച്ചറിഞ്ഞു.

”ദേവേട്ടാ, ഈ സ്നേഹമെല്ലാം മനസിന്റെ ആഴങ്ങളിൽ പൂഴ്‌ത്തിവച്ചിരുന്നാൽ പായലുപിടിച്ചുപോവില്ലേ? ഞാൻ പകുതി കളിയായും കാര്യമായും ചോദിച്ചു.

Generated from archived content: story1_jan24_07.html Author: reeni_mambalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English