അയാള്‍ ഡിന്നറിന് ക്ഷണിച്ചപ്പോള്‍ അവള്‍ സമ്മതിച്ചു. സ്വന്തലോകത്തുനിന്ന് അല്‍പ്പനേരത്തേക്ക് പുറത്ത് കടക്കണമെന്ന് അവള്‍ക്ക് തോന്നിയിരുന്നു . താമസിക്കുന്ന ഹോട്ടലില്‍ തന്നെയുള്ള റെസ്റ്റോറന്റ് . കോണ്‍ഫ്രന്‍സില്‍ വച്ച് പരിചയപ്പെട്ട മലയാളിയോടൊപ്പം രണ്ടു മണിക്കൂര്‍ ഡിന്നറിനു ചിലവാക്കുന്നു. തന്റെ അടുത്ത പട്ടണത്തില്‍ താമസിക്കുന്ന മലയാളിയായ ജയനെ പരിചയപ്പെട്ടതിലുള്ള സന്തോഷം. വീട്ടിലെ അന്തരീക്ഷം അവളില്‍ പിരിമുറുക്കം ഉണ്ടാക്കിയിരുന്നു.
രണ്ടുമൂന്നു ആഴ്ച മുന്‍പ് ഒരു ദിവസം ഫാമിലി റൂമില്‍ നിന്ന് ഭര്‍ത്താവിന്റെ ശബ്ദം ഉയര്‍ന്നു കേട്ടു. ‘’ അവള്‍ക്ക് മറ്റ് പെണ്‍കുട്ടികളോടൊപ്പം സ്കൂള്‍ ഡാന്‍സിന് പോയിക്കൂടെ ? ഈ യുഗത്തിലും ആണ്‍കുട്ടികളുടെ തുണ വേണമെന്നുണ്ടോ’‘? സന്ധ്യ ഫാമിലി റൂമിലേക്ക് എത്തി നോക്കി.
‘’ ഇത് വെറും സ്കൂള്‍ ഡാന്‍സ് അല്ല ഡാഡി, ഞങ്ങളുടെ സീനിയര്‍ പ്രോം ആണ് . ഒരു ഡേറ്റ് ഇല്ലാതെ പ്രോമിനു പോകുന്നത് നാണക്കേടാണ്. ബ്രയന്റെ ഡേറ്റാകാമോ എന്നു ചോദിച്ചു . ഇതൊക്കെ അമേരിക്കന്‍ സംസ്ക്കാരത്തിന്റെ ഭാഗമല്ലേ, ഡാഡിക്കറിയില്ലേ?’‘
മകള്‍ കൈകള്‍ കൂട്ടി തിരുമ്മുന്നതും കണ്ണുകള്‍ മുകളിലേക്ക് മറിക്കുന്നതും കണ്ടു. ഡാഡിക്ക് ഇത്രകാലമായിട്ടും ഇതൊന്നും അറിയില്ലെ എന്നാണ് ആ മുകളിലേക്കു മറിയുന്ന കണ്ണുകളുടെ അര്‍ത്ഥം . അടുത്തിടയായി അവളുടെ കണ്ണുകള്‍ കൂടെക്കൂടെ മുകളിലേക്കു മറിയുന്നു.
‘അമ്മെ , ഡാഡിയോട് ഒന്ന് പറയു, പ്രോമും ഡേറ്റിംഗും കുഴപ്പമില്ലാത്ത സംഗതിയാണെന്ന് . പ്രോമിന് പോയാല്‍ ലോകം അവസാനിക്കാനൊന്നും പോകുന്നില്ല ഇതൊക്കെ ഹൈസ്കൂള്‍ ജീവിതത്തിന്റെ ഭാഗമല്ലേ?’‘
പാവം കുട്ടി, വെളുത്ത സംസ്ക്കാരത്തിന്റെ ഇരുണ്ട തൊലിക്കുള്ളില്‍ അവള്‍ ഞെരിയുന്നു. ഈ നാട്ടില്‍ പിറന്നു വീണ നിമിഷം തൊട്ട് അവളുടെ മനസ്സ് വെളുത്തതാണ്. അവളുടെ ചിന്തകള്‍ക്കും വെളുത്ത നിറം തന്നെ. തന്റെ ഒരു സുഹൃത്ത് പറഞ്ഞതുപോലെ ‘’ She is like a coconut. Brown on the out side , white on the inside” ഇതെല്ലാം മനസിലാക്കാന്‍ വിസമ്മതിക്കുന്ന ഡാഡി.
‘’ നീ വിഷമിക്കാതെ , ഡാഡിയെ ഞാന്‍ പറഞ്ഞ് മനസിലാക്കാം ‘’ സന്ധ്യ മകളെ കെട്ടിപ്പിടിച്ച് അവളുടെ നെറുകയില്‍ ചുംബിച്ചു. മകളുടെ കണ്ണുകള്‍ നിറഞ്ഞ് തുളിമ്പിയിരുന്നു.
അവള്‍ പിടിവിടുവിച്ച് കോവണി അമര്‍ത്തിച്ചവുട്ടി സ്വന്തം മുറിയിലേക്ക് ഓടിക്കയറി.
പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി വന്ന കന്നുകാലികളാണ് തങ്ങളെന്ന് സന്ധ്യക്കു തോന്നി. മകള്‍ പോയവഴിയേ നിസ്സഹായതോടെ നോക്കി നിന്നു. പുതിയ മേച്ചില്‍പ്പുറം മാത്രം കണ്ട് വളര്‍ന്ന കുട്ടികളെ സുരക്ഷിതരായി പഴയ തൊഴുത്തില്‍ അടച്ചിടുവാന്‍ പലപ്പോഴും ആഗ്രഹിക്കുന്നു, സ്വന്തം ആശ്വാസത്തിനായി മാത്രം.
പ്രോം കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം അവള്‍ പുതിയ നിവേദനവുമായി എത്തി ‘’ ഡാഡി , ബ്രയന്റെ കൂടെ ഒരു മൂവിക്ക് പൊയ്ക്കോട്ടെ? ഞാന്‍ തനിയെ അല്ല, ഞങ്ങള്‍ കൂട്ടുകാര്‍ കുറെപ്പേരുണ്ട്. ‘’
അയാളുടെ മുഖത്ത് പടര്‍ന്ന അസ്വസ്ഥത സന്ധ്യ വായിച്ചെടുത്തു.
‘’ ഇവള്‍ എന്ത് ഭാവിച്ചാ’‘ ഇത്തവണ അമര്‍ത്തിച്ചവുട്ടി കോവണികയറിപ്പോയത് അയാളായിരുന്നു.
‘’ ഡാഡീടെ മോന്‍ വിവേക് എന്താണ് ചെയ്യുന്നതെന്ന് വല്ല വിവരവും ഉണ്ടോ? വീട്ടിലേക്ക് വിളിച്ചിട്ട് എത്രനാളായി ? ഞാന്‍ വീട്ടില്‍ താമസിക്കുന്നതുകൊണ്ട് അനുവാദം ചോദിക്കുന്നു . അടുത്ത വര്‍ഷം വീട് വിട്ട് കോളേജില്‍ എത്തിയാല്‍ എന്റെ ഓരോ നീക്കങ്ങളും ഡാഡി അറിയുമോ? ‘’ അവള്‍ കോവണിപ്പടികളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
‘’ ഒന്ന് മനസിലാക്കാന്‍ ശ്രമിക്കു , ഇവള്‍ കരയില്‍ അകപ്പെട്ട മീനാണ്. കരയില്‍ പിടിച്ചിട്ടത് നമ്മള്‍ തന്നെയല്ലേ? ഒരിക്കല്‍ ഒരു മൂവിക്ക് പോയതുകൊണ്ട് അവള്‍ അവനെ കല്യാണം കഴിക്കാന്‍ ഒന്നും പോകുന്നില്ലല്ലോ. വല്ലപ്പോഴുമൊക്കെ അവരുടെ ഇഷ്ടങ്ങള്‍ അനുവദിച്ചുകൊടുത്തില്ലെങ്കില്‍ അവര്‍ ഒളിച്ച് പലതും ചെയ്തേക്കും. പലതും നമ്മളോട് പറഞ്ഞില്ലെന്നും വരും. നഷ്ടപ്പെടുന്നത് നമുക്കല്ലേ?’‘ സന്ധ്യ അയാളുടെ പിന്നാലെ മുകളിലേക്കു ചെന്നു.
അയാള്‍ അപ്പോള്‍ മുറ്റത്തുള്ള എവര്‍ഗ്രീന്‍ ചെടിയില്‍ കൂട് കൂട്ടുന്ന കിളിയെ ശ്രദ്ധിക്കുകയായിരുന്നു. അവളുടെ കൂട്ടുകാരനാകണം അടുത്ത് തന്നെ ഒരു ചെടിയില്‍ ഇരിക്കുന്നു.
‘’ വിവേക് വിളിച്ചിട്ട് കുറച്ചു ദിവസങ്ങള്‍ ആയല്ലോ! ഇന്നലെ വീണ്ടും മെസ്സേജ് ഇട്ടിട്ടും തിരികെ വിളിച്ചില്ല’‘ അയാള്‍ മകനെക്കുറിച്ച് പറഞ്ഞു.
മകനെ ക്കുറിച്ച് ഭര്‍ത്താവിന് നിശ്ചിതമായ ധാരണകളും നിറപ്പകിട്ടുള്ള സ്വപ്നങ്ങളും ഉണ്ട്. തന്റെ ചെറിയ ലോകത്തില്‍ വന്മതില്‍ തീര്‍ത്ത് കുടുംബത്തെ അതിനുള്ളില്‍ സൂക്ഷിക്കുവാന്‍ അയാള്‍ ആഗ്രഹിക്കുന്നു. താന്‍ പറയുന്ന പെണ്‍കുട്ടിയെ മകന്‍ വിവാഹം കഴിക്കുമെന്ന് അയാള്‍ വിശ്വസിക്കുന്നു. ഭര്‍ത്താവ് അതിനെക്കുറിച്ച് സംസാരിച്ചപ്പോഴൊക്കെ അവളുടെ ഉള്ള് പിടഞ്ഞു.
‘’ വിവാഹമെന്നത് മനസ്സുകളുടെ ഇണക്കമാണ്. ഇണക്കമുള്ള മനസുകളില്‍ പ്രണയം താനേ വിരിയും. വിവേക് അവന് ഇഷ്ടമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കട്ടെ.’‘ അവള്‍ ഇടക്കിടെ അയാളെ ഓര്‍മ്മിപ്പിച്ചു.
ബന്ധുക്കള്‍ ആലോചിച്ച് നടത്തിയ തങ്ങളുടെ വിവാഹം ഒരു ബന്ധനമാണ് . ഒരു ഉണങ്ങിയ മരം. അതില്‍ പ്രണയം വിരിയുന്നില്ല . പാട്ടുപാടുന്ന കിളികള്‍ക്കിരിക്കാന്‍ ചില്ലകള്‍ പോലും ഇല്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അമേരിക്കന്‍ രീതികളുമായി ഇഴുകിച്ചേരാനാവാത്ത ഭര്‍ത്താവിനെയോര്‍ത്ത് സന്ധ്യ വ്യാകുലപ്പെട്ടു.കുട്ടികള്‍ അയാളില്‍ നിന്നും പലതും മറച്ചു വയ്ക്കുന്നു.
ഓഫീസ് മീറ്റിംഗ് കഴിഞ്ഞ് തിരികെ വന്നപ്പോള്‍ മെസേജ് ഉണ്ടെന്ന് സെല്‍ഫോണറിയിച്ചു.
‘’ സന്ധ്യ , ജയനാണ്, ഇന്ന് വേറെ പ്ലാനൊന്നും ഇല്ലെങ്കില്‍ ലഞ്ചിന് കാണാന്‍ സാധിക്കുമോ?നിങ്ങളുടെ ഓഫീസിന് അടുത്ത് വരെ വരേണ്ട കാര്യമുണ്ട്. ഒന്ന് തിരികെ വിളിക്ക്’‘
ഒരു പരിചയം പുതുക്കല്‍ , അവള്‍ രണ്ടാമതൊന്ന് ചിന്തിച്ചില്ല അവള്‍ക്ക് മുമ്പേ അയാള്‍ എത്തിയിരുന്നു . പണ്ട് കണ്ട ബിസിനസ് ഭാവം മുഖത്തില്ല. പകരം ഒരു സുഹൃത്ത് ഭാവം.
‘’ ഷോട്ട് നോട്ടീസ്സ് തന്നത് ബുദ്ധിമുട്ടായില്ലല്ലോ! എനിക്കൊരു കണ്‍ഫഷന്‍ ഉണ്ട്, സന്ധ്യ, തന്നെ ഒന്ന് കാണണമെന്ന് തോന്നി.’‘
അവളുടെ ഉള്ള് പിടഞ്ഞു.
‘’ ജയന്‍ , നിങ്ങള്‍ എന്തുകൊണ്ട് ഇതുവരെ വിവാഹം കഴിച്ചില്ല ?’‘ ലഞ്ചിനിടയില്‍ പരിചയം പുതുക്കിയ ബലത്തില്‍ അവള്‍ ചോദിച്ചു.
‘’ ആലോചിച്ച് നടത്തുന്ന വിവാഹത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല .മനസില്‍ അല്‍പ്പം ഭ്രാന്ത് സൂക്ഷിക്കുന്നതുകൊണ്ടാവാം മനസിനിണങ്ങിയ ഒരാളെ ഇതുവരെ കണ്ടുമുട്ടിയില്ല എന്ന് കരുതിക്കോളൂ. ഒറ്റയായി ഈ ഭൂമിയിലേക്ക് വന്നു . ഇപ്പോഴും ഒറ്റയായി നടക്കുന്നു. ‘’ ദാ, തലമുടി നരച്ചു, കഷണ്ടിയും കയറിത്തുടങ്ങി. നരച്ചു തുടങ്ങിയ മുടിയിലും വീതിയേറിയ നെറ്റിയിലും തടവി അയാള്‍ ചിരിച്ചു.
‘’ ഇനി കാണണമെന്ന് തോന്നുമ്പോള്‍ ഞാന്‍ ലഞ്ചിനു വിളിക്കാം . അപ്പോള്‍ വരുമോ?’‘ ലഞ്ച് കഴിഞ്ഞ് യാത്ര പറയുമ്പോള്‍ അയാള്‍ ചോദിച്ചു.
ഉച്ച കഴിഞ്ഞ് ജയന്‍ അവളെ ഓഫീസില്‍ വിളിച്ചു ‘’ നല്ല കുറച്ചു സമയം തന്നതിന് നന്ദി. ഐ ഹാഡ് എ ഗുഡ് റ്റൈം’‘ ചെവികളില്‍ സംഗീതം മുഴങ്ങിയോ?
തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവള്‍ തീരവും അയാള്‍ തിരയുമാണെന്ന് അവള്‍ക്ക് തോന്നി അല്ലെങ്കില്‍ അയാള്‍ അവളുടെ ചിന്തകളുടെ നല്ലൊരു ഭാഗവുമായി തിരികെപ്പോവുന്നതെന്താണ്? അയാളെക്കുറിച്ച് ഭാരമില്ലാത്ത തൂവലുകള്‍ പോലെ പറന്നെത്തുന്ന ചിന്തകള്‍ക്ക് അവള്‍ക്ക് ഏകാന്ത സന്തോഷം നല്‍കുന്നതെന്താണ്? ചെറുകുമിളകളായി , പതയായി, നുരയായി അവളില്‍ ബാക്കിയാവുന്നതെന്തിനാണ്? ആളും തരവും സാഹചര്യവും നോക്കാതെ വന്നു പൊതിയുന്ന നനുത്തവികാരങ്ങള്‍ അവളെ ഭയപ്പെടുത്തി മനസ്സ് കൈവിട്ടുപോകുന്നുവോ? എന്താണ് പക്വതയില്ലാതെ ഇങ്ങനെയൊക്കെ?
അയാള്‍ വീണ്ടും വിളിച്ചു .’‘ ഒരു ഹലോ പറയണമെന്ന് തോന്നി. ഇന്ന് ലഞ്ചിന് കാണുവാന്‍ സാധിക്കുമോ?’‘
‘’ നിങ്ങളുടെ സൗഹൃദത്തില്‍ എനിക്ക് സന്തോഷമേയുള്ളു. പക്ഷെ ഞാന്‍ വരില്ല എനിക്കു ചുറ്റും വരമ്പുകള്‍ ഉണ്ട്, മതിലുകള്‍ ഉണ്ട് ഞാന്‍ പുറത്തേക്കിറങ്ങിയാല്‍ എന്റെ ഭര്‍ത്താവ് അതിനുള്ളില്‍ ഒറ്റപ്പെടും ഇപ്പോള്‍ തന്നെ അയാള്‍ക്ക് കുട്ടികളെ നഷ്ടപ്പെട്ടുവോ എന്ന് ഞാന്‍ ഭയപ്പെടുന്നു’‘
‘’സ്ത്രീ പുരുഷ സൗഹൃദം ഒരു യുദ്ധമല്ല സന്ധ്യ, തികച്ചും സ്വാഭാവികം ഇത് നിനക്കും അറിയാം ഞാന്‍ ഇടക്കിടെ നിന്നെ വിളിക്കും.’‘
വൈകീട്ട് വീട്ടിലെത്തുമ്പോള്‍ ഭര്‍ത്താവ് സോഫയില്‍ ഇരുപ്പുണ്ടായിരുന്നു , അയാളില്‍ നിന്ന് ജീവന്‍ വാര്‍ന്നൊലിച്ച് പോയതു പോലെ.
‘’ വിവേക് വിളിച്ചിരുന്നു’‘ അയാള്‍ പിറുപിറുത്തു.’‘ അവന്‍ കൂടെ പഠിച്ചിരുന്ന ഒരു ചൈനീസ് പെണ്‍കുട്ടിയെ റെജിസ്റ്റര്‍ മാരിയേജ് ചെയ്തുവെന്ന് . നിനക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയാമായിരുന്നോ?’‘.
Generated from archived content: story1_dec23_11.html Author: reeni_mambalam