പെട്ടിയിൽ നിന്ന് അപ്പന്റെ വസ്‌ത്രങ്ങൾ വെളിയിലെടുക്കുമ്പോൾ ഉറഞ്ഞുകൂടിയ ദുഃഖം തൊണ്ടയിൽ കുടുങ്ങിനിന്നു. വേദപുസ്‌തകവും കൊന്തയും കട്ടിലിനരികിലുള്ള ചെറിയ മേശപ്പുറത്തുവച്ചു. പരിചയമുള്ള വസ്‌തുക്കൾ അടുത്തുതന്നെയിരിക്കട്ടെ.
ശിശിരകാലം സുഖമുള്ള തണുപ്പുമായി എത്തിയിരുന്നു. പച്ചപ്പ് നഷ്‌ടപ്പെട്ട് വിടപറയുന്നയിലകൾക്ക് ചുവപ്പും മഞ്ഞയും ഓറഞ്ചും നിറങ്ങൾ. കൊഴിഞ്ഞു വീഴുന്ന ഇലകൾ നേഴ്‌സിങ്ങ്‌ഹോമിലെ വൃദ്ധസമൂഹത്തെ ഓർമ്മിപ്പിച്ചു. ഊന്നുവടികളുമായി, വോക്കറുകൾ ഉന്തി, ജീവിതം മുന്നോട്ടിഴച്ചുകൊണ്ടുപോകുന്ന വാർദ്ധക്യകോലങ്ങൾ ആടിയാടിനടന്ന്, ഒടുവിൽ, മരണം കാത്തിരിക്കുന്നൊരു മൗനക്കുഴിയിലേക്ക്.
അപ്പന്റെ കുഴിഞ്ഞുതാണ കണ്ണുകൾ അകലെയെവിടെയോ ഉടക്കിനിന്നു. ജീവിതസായാഹ്നത്തിൽ പറിച്ചുമാറ്റപ്പെട്ട പടുമരമായി അപ്പൻ നിന്നു. എന്റെ നിറവേറ്റപ്പെടാത്ത കടമകളുടെയും കർത്തവ്യങ്ങളുടെയും കുറ്റപത്രം വെച്ചുനീട്ടിക്കൊണ്ട്.
വാർദ്ധക്യം ചുഴിമണലാണ്. പുതഞ്ഞ്, ഉള്ളിലേക്കുതാഴ്‌ന്ന്, ചോരയും നീരും വറ്റി നിർജ്ജീവമാകുംവരെ ഈ നേഴ്സി്ംഗ് ഹോമിൽ…..
ഓർമ്മകൾ എന്നെ അകലെയുള്ളൊരു ഗ്രാമത്തിലെ ചേറിന്റെ മണമുള്ള ദിവസ്സങ്ങളിലേക്ക് കൊണ്ടുപോയി. വർഷങ്ങൾക്കുമുമ്പ് അപ്പന്റെ വാത്സല്ല്യത്തിന്റെ കരിമ്പടത്തിനുള്ളിൽ ഞാൻ കഴിയുമ്പോൾ……..
“നീ ഇവിടത്തെ ചേറിലും ചതുപ്പിലും വളരാൻ പാടില്ല, പഠിച്ച് മിടുക്കനാവണം”.
വെദ്യുതക്കമ്പികളിലിരുന്ന് കരയുന്ന കാക്കകളെ പറത്തിയകറ്റിയ ട്രെയിനിൽ അകലെയുള്ള കോളേജിലേക്ക് ഞാൻ യാത്രയായി. ചേറും ചെളിയും പോക്കാച്ചിത്തവളകളെയും എനിക്കിഷ്‌ടമായിരുന്നതിനാൽ തിരികെവരുമെന്നുറപ്പായിരുന്നു.
എന്റെയിഷ്‌ടങ്ങൾക്കും അപ്പുറത്തുനിൽക്കുന്ന അപ്പന്റെ പ്രതീക്ഷകൾ..
ഉപരിപഠനാർത്ഥം വിദേശത്തേക്കുള്ള പ്ലെയിൻ കാത്തിരിക്കുമ്പോൾ അപ്പൻ പറഞ്ഞു.
“നീ ആവുന്നത്ര പഠിക്കണം. അതെന്റെ സ്വപ്‌നമാണ്.”
സ്വപ്‌നത്തിനോടൊപ്പം പേക്കിനാവുകളും വന്നുചേരുമെന്ന് പാവം അപ്പനറിഞ്ഞില്ല.
അപരിചിതമായ നാട്ടിൽ, നാവിനുവഴങ്ങാത്ത ഭാഷയുമായി ജീവിതാവസാനം കഴിച്ചുകൂട്ടേണ്ടിവരുമെന്ന് ചിന്തിച്ചിരുന്നുവോ?
“ഫാദറിന് ആൽഷൈമേഴ്‌സാണല്ലേ? കഷ്‌ടം.”
അധികം പരിചയമില്ലാത്തവരും ചോദിച്ചുതുടങ്ങി.
“വിന്ററിനുമുമ്പായി അപ്പച്ചനെ ഏതെങ്കിലും നേഴ്‌സിങ്ങ്‌ഹോമിൽ ആക്കിക്കൂടെ? കഴിഞ്ഞ വിന്ററിൽ ന്യൂമോണിയ വന്നപോലെ ഈ വർഷവും വന്നെങ്കിലോ?”
കനമുള്ള ചോദ്യങ്ങൾ കൊണ്ട് സുഹൃത്തുക്കളെന്നെ ചിന്തകളുടെ കടലിലാഴ്‌ത്തി. കുഴലുകളും കുപ്പികളും ഘടിപ്പിച്ച് ആസ്‌പത്രിയിൽ കിടന്ന കാഴ്‌ച ഓർമ്മിപ്പിച്ചു.
അപ്പനെ നേഴ്‌സിംഗ് ഹോമിലേക്കയക്കുക എന്നത് എനിക്ക് ചിന്തിക്കുവാൻകൂടി കഴിഞ്ഞില്ല.
സ്‌നേഹം മനസ്സുകളുടെ ബന്ധനമാണ്. ശരിയായ തീരുമാനങ്ങൾ എടുക്കാനാവുന്നില്ല.
ഒരു രാത്രിയിൽ വാതിൽതുറന്ന് വെളിയിലിറങ്ങിയ അപ്പൻ ആൽഷൈമേർസിന്റെ ക്രൂരമായ ലോകത്തിലേക്കെന്നെകൊണ്ടുപോയി. അഗാധമായൊരു കിണറിന്റെ അടിത്തട്ടിലെന്നപോലെ. ഓർമ്മകൾ ഇരുണ്ട്, കട്ടപിടിച്ച്, സ്‌ഥാനംതെറ്റി, സ്‌ഥലകാലബോധമില്ലാതെ. അവിടെ യുക്തിക്കും കാരുണ്യത്തിനും സ്‌ഥാനമില്ലായിരുന്നു. പകരം കരുതലും കാടുകയറിയ ചിന്തകളും വന്നുകൂടി. വീടിന് അലാറം പിടിപ്പിച്ചു. രാത്രികാലങ്ങളിൽ മുറി പുറത്തുനിന്ന് പൂട്ടി.
ഒരു ദിവസം മുറിയിലേക്ക് ചെന്നപ്പോൾ ചോദിച്ചു.
“നീയേതാ കൊച്ചനെ”
സ്വന്തം മകനെ തിരിച്ചറിയുവാൻ കഴിയാത്തൊരു അവസ്‌ഥ. എന്റെയുള്ളുനടുങ്ങി. തലച്ചോറാരോ ഇളക്കിയെടുത്ത് വറചട്ടിയിലിട്ടതുപോലെ പുകഞ്ഞു. കുട്ടികളുടെ കോളേജ്‌പഠനം, വീടിന്റെ കടം, കാറുകളുടെ കടം, ഇതെല്ലാം കൂടി എന്നെ മൊത്തത്തിലൊരു കടക്കാരനാക്കിയിരുന്നു. കടങ്ങളും ക്രെഡിറ്റ്‌കാർഡുകളുമില്ലെങ്കിൽ അമേരിക്കൻ ജീവിതം പൂർണ്ണമാവില്ലല്ലോ. പകൽസമയം അപ്പനുകൂട്ടിരിക്കാൻ മറ്റൊരു മലയാളിവാർദ്ധക്യത്തിനെ വാടകയ്‌ക്കെടുത്തു.
ഒരു രാത്രി മുറിയിലെ കാർപ്പറ്റിൽ ചവുട്ടിനോക്കിയിട്ട് പറഞ്ഞു. “കൊച്ചൗസേപ്പേ, മുറ്റമാകെ ചെളിനിറഞ്ഞ് പതുപതുത്ത് കിടക്കുന്നു. നീയാ അയ്യപ്പനോട് പറഞ്ഞ് ഒരു വള്ളം മണലിറക്കണം.”
അങ്ങനെ ഞാൻ അപ്പന്റെ കണ്ണിൽ വേറെ ആരോ ആയി. ഞാനെന്ന മകൻ അപ്പന്റെ ഓർമ്മകളിലില്ലാതായി എന്ന സത്യം ഏറെ ദുഃഖിച്ചു. ഒരുടുപ്പ് ധരിപ്പിക്കുന്ന ലാഘവത്തോടെ ഓർമ്മകളുടെ പുതിയ കുപ്പായം അണിയിക്കുവാൻ സാധിച്ചിരുന്നെങ്കിൽ.
പിറ്റേന്ന് രാവിലെ മുറിയുടെ വാതിൽ തുറക്കുമ്പോൾ മൂത്രത്തിന്റെ ഗന്ധം സഹിക്കാനാവാതെ എന്റെഭാര്യ തിരിച്ചുനടന്നു. ഒരു കാവൽനായയുടെ ജാഗ്രതയോടെ ഞാൻ രക്ഷകർത്താവായി രാത്രിയുറക്കം അപ്പന്റെ മുറിയിലേക്ക് മാറ്റി. വാർദ്ധക്യത്തിന്റെ നിസ്സഹായതയിൽ രണ്ടുതലമുറകൾ അവരുടെ ജീവിതവേഷങ്ങൾ കൈമാറുന്നു.
രാത്രി പുതപ്പിച്ചുറക്കിയ ഇരുട്ടിൽ എനിക്ക് ഉറക്കം വന്നില്ല. ഭാര്യയുടെ ചൂടുപിടിച്ച് അഞ്ചാറുമണിക്കൂർ ഒന്നിച്ചുറങ്ങണമെന്ന് തോന്നിത്തുടങ്ങിയിരുന്നു. ശരീരം കടങ്ങളുടെ കണക്കെടുത്തു. എഴുന്നേറ്റ് ബെഡ്‌റൂമിലേക്ക് നടന്നു. ഉഷയും ഉറങ്ങാതെ കിടക്കുന്നു. ഇരമ്പിയാർത്ത വികാരങ്ങളൊടുക്കി ഭാര്യയോടൊട്ടികിടന്നപ്പോൾ അവൾ ചോദിച്ചു.
“നമുക്ക് അപ്പനെ ഹെറിറ്റേജ് നേഴ്‌സിംഗ് ഹോമിലാക്കിക്കൂടേ? അവിടെ പരിചയമുള്ള മലയാളി നേഴ്‌സുമാരുണ്ട്. അപ്പച്ചന് മലയാളം സംസാരിക്കുകയും ചെയ്യാം.”
നേഴ്‌സിംഗ്‌ഹോമിനെക്കുറിച്ച് ഞാനും ചിന്തിച്ചുതുടങ്ങി. അപ്പന്റെ രക്ഷകർതൃത്വം മനസ്സിനെയും ശരീരത്തെയും തളർത്തിയിരുന്നു.
“കൊച്ചൗസേപ്പേ, നീയൊന്നുണർന്നേ. നാളെ അയ്യപ്പന്റെ മോൾ അമ്മിണീടെ കല്ല്യാണമാ. നീയവർക്ക് തേങ്ങയൊ, നെല്ലോ, എന്താണന്ന് വച്ചാൽ കൊണ്ടക്കൊട്”. ഒരു രാത്രിയിൽ ഉറക്കത്തിലായിരുന്ന എന്നെ കുലുക്കിയുണർത്തിപറഞ്ഞു. അപ്പന്റെ മനസ്സിൽ അമ്മിണിയിപ്പോഴും നനവുള്ളൊരോർമ്മയായി തങ്ങിനിൽക്കുന്നു. ഉറക്കപ്പിച്ചിനിടയിൽ ഓർമ്മകളുടെ വിളക്കുകൊളുത്തി അമ്മിണിയെ ഞാനും ഉണർത്തി.
വയലിലും തൊടിയിലും അമ്മിണിയും, ഞാനും കായൽക്കാറ്റും കളിച്ചുനടന്ന എന്റെ കുട്ടിക്കാലം പഴമാങ്ങയോടൊപ്പം പങ്കുവച്ചത് സഹോദരസ്‌നേഹമായിരുന്നു.
വയലിൽ കൊയ്‌ത്തു നടക്കുന്ന സമയം. സന്ധ്യക്ക് കച്ചിക്കെട്ടുകൾക്കുപുറകിലേക്ക് നടക്കുമ്പോൾ അപ്പന്റെ കൈകളിൽ നിന്ന് സ്വന്തംകൈ വിടുവിച്ചോടുന്ന അമ്മിണിയെയാണ് കണ്ടത്. പൊട്ടിവീണ കുപ്പിവളക്കഷ്‌ണങ്ങൾ നേർത്ത വെളിച്ചത്തിൽ ഞാൻ തപ്പിയെടുത്തു. അധികമൊന്നും ചിന്തിക്കുവാൻ അറിവിന്റെ അതിർവരമ്പുകൾ അനുവദിച്ചില്ല. അമ്മിണിയുടെ പതിനെട്ടുവയസ്സുതുളുമ്പുന്ന ശരീരം മനസ്സിൽ തിരകളുയർത്താൻ ഞാനന്നു കൊച്ചുകുട്ടിയായിരുന്നല്ലോ.
ചായക്കടയിൽ നിന്ന് തിരികെ നടക്കുമ്പോൾ അപ്പൻ അധികമെന്നും സംസാരിച്ചില്ല. വീടിനോടടുത്തപ്പോൾ പറഞ്ഞു.
“അമ്മിണിയും ഞാനും തമ്മിൽ വഴക്കുകൂടിയ കാര്യം മോൻ അമ്മയോട് പറയരുത് കേട്ടോ” “ഇല്ല” ഞാൻ തലയാട്ടി. പപ്പടബോളിയുടെ സ്വാദ് വായിൽ വെള്ളമുതിർത്തപ്പോൾ വാക്കുകൾ ഓളങ്ങൾ ഉണ്ടാക്കുമെന്ന് ഭയന്നു. വെറുമൊരു സംശയനിവർത്തിക്കായി പിറ്റേന്ന് അമ്മിണിയോട് ചോദിച്ചു.
അമ്മിണിയെന്തിനാ അപ്പച്ചനുമായി വഴക്കടിച്ചത്?. “അത് മോന്റെ അപ്പൻ എന്റെ കയ്യേൽ പിടിച്ചതോണ്ടല്ലേ”
“അപ്പോ ഞാൻ അമ്മിണീടെ കയ്യേൽ പിടിക്കുന്നതോ”? “മോൻ ചെറിയ കുട്ടിയല്ലേ”.
പ്രായത്തിന്റെ ഏറ്റക്കുറച്ചിൽ പ്രവർത്തികളെ നീതികരിക്കുമെന്നുള്ളത് പുതിയ അറിവായിരുന്നു. കറുപ്പും വെളുപ്പുമണിഞ്ഞ് പെൻഗ്വിനുകളെ ഓർമ്മിപ്പിക്കുന്ന കന്യാസ്‌ത്രീകളുടെ സ്‌കൂളിലെ സുന്ദരിയായ സിസിലിടീച്ചറിനെ മനസ്സിലിരുത്തി കൗമാരം വന്നു. ഗൃഹപാഠം കൊടുക്കുമ്പോൾ അറിഞ്ഞുകൊണ്ട് അവരുടെ വിരലുകളിൽ തൊട്ടു. അറിവിന്റെ ചുരുളുകൾ അഴിയുകയായിരുന്നു. സമയവും സൗകര്യവും ഒത്തുവരുമ്പോൾ പൊന്തിവരുന്ന ദൗർബല്യങ്ങൾ മീശമുളക്കാത്ത എന്നിലുമുണ്ടന്ന് മനസ്സിലായി.
“ആരാണ് ഈ അമ്മിണി”?
ഒരിക്കൽ ഉഷ ചോദിച്ചു.
“അയൽവക്കത്തുണ്ടായിരുന്ന പെൺകുട്ടി. അവരെനിക്ക് ചേച്ചിയും അപ്പന് മോളുമായിരുന്നു.” ജീവിതത്തിൽ വളരെയധികം സ്‌നേഹിച്ച രണ്ടുപേരെക്കുറിച്ച് മറുത്തൊന്നും പറഞ്ഞില്ല. ആദ്യത്തെ പ്രസവത്തിൽ അമ്മിണി മരിച്ചു. വളരെയധികം കരഞ്ഞൊരു ദിവസം. മരിക്കുമ്പോൾ ആത്മാവും ശരീരവും ഒരേസമയം നഷ്‌ടപ്പെടുന്നു. അപ്പന്റെ ആത്മാവ് എന്നേ മരിച്ചു. എനിക്ക് അപ്പനെന്ന വികാരം നഷ്‌ടപ്പെടുത്തിക്കൊണ്ട്. ഓർമ്മകൾ ഊറ്റിയെടുത്ത്, ആത്മാവിനെ വലിച്ചെടുത്ത്, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള എതോ ഒരവസ്‌ഥയിലാണ് അപ്പനിപ്പോൾ. എനിക്ക് മുഖപരിചയമുള്ള അപരിചിതനോട് ചിലപ്പോൾ ദുഃഖം പുരണ്ട ദേഷ്യം തോന്നുന്നു. സ്‌നേഹിക്കുന്നവർ നഷ്‌ടപ്പെടുമ്പോൾ ഇത്തരം വികാരങ്ങൾ മനസ്സിന്റെ പ്രതിരോധന മാർഗ്ഗമായിരിക്കുമോ?
പുറത്ത് ശിശിരത്തിലെ കാറ്റ് ചുഴറ്റിയടിച്ചു. പലവർണ്ണങ്ങളിലുളള ഇലകൾ കൊഴിഞ്ഞുവീണു. അപ്പൻ അസ്വസ്‌ഥനായി. പരിചയമില്ലാത്ത മുറി വിട്ട് പുറത്തിറങ്ങി.
“എങ്ങോട്ടാ അപ്പച്ചാ.
”പാടത്തേക്ക്. കൊച്ചൗസേപ്പേ, പാടത്ത് കൊയ്‌ത്തൂനടക്കുവല്ലേ? നീയിവിടെ നിന്നാൽ മതിയൊ“?
”സാരമില്ല. അൽപ്പം ഇറങ്ങിനടന്നോട്ടെ. ഇവിടെ മതിലുകളുണ്ട്. മേൽനോട്ടത്തിനാളുണ്ട്. ഒന്നും പേടിക്കേണ്ടതില്ല.“ അധികാരികൾ ഉറപ്പുതന്നു.
”ചാർളി. നീയവസാനം വന്നുവോ“?
ഹോൾവേയിൽ എതിരെ വന്ന വീൽചെയറിൽ നിന്ന് ഒരു വൃദ്ധ എന്നെക്കണ്ട് എഴുന്നേൽക്കുവാനൊരു ശ്രമം നടത്തി. ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടിൽ വീൽച്ചെയർ ഉന്തുന്ന പെൺകുട്ടി എന്റെ നേരെ പുഞ്ചിരിതൂകി.
തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സ് വിങ്ങുകയായിരുന്നു, പ്രിയപ്പെട്ടതെന്തോ എവിടെയോ എറിഞ്ഞുകളഞ്ഞതുപോലെ. ജീവിതത്തിൽ കർത്തവ്യങ്ങളും കടപ്പാടുകളും സ്‌നേഹത്തിന്റെ ഭാഗമാണ്. ഇതൊരു ബാദ്ധ്യതയായിത്തീർന്ന,് ശരീരവും മനസ്സും തളർന്നാൽ സ്‌നേഹത്തിന് മങ്ങലേൽക്കുന്നു. അപ്പനോടുള്ള സ്‌നേഹം എന്റെ മനസ്സിൽ എന്നും തിളങ്ങണം. തെളിനീരായി, കുടിവെള്ളമായി. വീട്ടിലെത്തിയപ്പോൾ അൽപം എകാന്തത തേടി കിടപ്പുമുറിയിൽ കയറി.
താഴെ സഹോദരിയുടെയും മകളുടെയും ശബ്‌ദം. മോൾ കോവണികയറി മുകളിലെത്തി, ഒറ്റച്ചാട്ടത്തിന് എന്റെ ബെഡിൽ കയറിയിരുന്നു.
”ഞാൻ ഗ്രാന്റ്‌പായെ കണ്ടു എനിക്ക് നാളേം കാണണം.“
പിന്നെ എന്തോ ആലോചിച്ചതിനുശേഷം പറഞ്ഞു.
”അങ്കിൾ വയസായി നേഴ്സിംഗ്്ഹോമിൽ പോവുമ്പോ ഞാൻ കാണാൻ വരാം“.
Generated from archived content: stiry2_feb25_09.html Author: reeni_mambalam
Click this button or press Ctrl+G to toggle between Malayalam and English