കടല്‍ക്കാക്കകളേപ്പോലെ അവര്‍ പറന്നു വന്നു . അവരുടെ പെട്ടിയില്‍ മലയാളം പാട്ടുകളുടെ ടേപ്പും റെക്കോര്‍ഡുകളും കൈത്തറിക്കടയിലെ കസവുസാരികളും ഉണ്ടായിരുന്നു. പേഴ്സില്‍ റിസര്‍വ് ബാങ്ക് അനുവദിച്ച എട്ടു ഡോളറും കൈയില്‍ കേരളത്തിലെ നല്ല സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ഉപരിപഠനാര്‍ത്ഥം അമേരിക്കയിലേക്ക് എന്ന തലക്കെട്ടോടെ അവരുടെ മാതാപിതാക്കള്‍ മനോരമയിലും ദീപികയിലും പടം കൊടുത്തു. പഠനാനന്തരം അവര്‍ നല്ല ജോലികള്‍ നേടി. ന്യൂയോര്‍ക്ക് സിറ്റിയിലും പരിസരത്തും ജോലിയെടുത്തവര്‍ അവിടെയുള്ള അംബരചുംബികളിലെ ആയിരങ്ങളില്‍ ഒരു മേല്‍ വിലാസമായി താമസമാക്കി. അവിടെ ട്രെയിനും സബ് വേയും ബസ്സുമായി പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഉള്ളതിനാല്‍ കാറില്ലെങ്കിലും വേണ്ടിടത്ത് ചെന്നെത്താം. ചിലര്‍ ന്യൂയോര്‍ക്കിന്റെ അയല്‍വക്കത്തുള്ള സ്റ്റേറ്റുകളില്‍ ചെന്ന് ജോലിയെടുത്തു. അവിടെ കേരളത്തിലേക്കുള്ള വിദൂരത പോലെ അന്ന് മലയാളിയുടേതായ പല ആവശ്യങ്ങള്‍ക്കായി മൈലുകള്‍ താണ്ടണമായിരുന്നു.
ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടായപ്പോള്‍ നല്ലൊരു സ്കൂള്‍ സിസ്റ്റം നോക്കി അടുത്ത പട്ടണത്തിലേക്ക് മാറിത്താമസിച്ചു. ന്യൂയോര്‍ക്കിന്റെ ബഡ്റൂം കമ്മ്യൂണിറ്റി എന്നു വച്ചാല്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റിലും ന്യൂയോര്‍ക്ക് സിറ്റിയിലും ജോലി ചെയ്യുന്നവര്‍ സൗകര്യാര്‍ത്ഥം ഇവിടെ താമസിക്കുന്നു. വീടുകള്‍ക്ക് ന്യൂയോര്‍ക്കിനേക്കാള്‍ വിലക്കുറവ്. ട്രെയിനില്‍ കയറി ന്യൂയോര്‍ക്ക് സിറ്റിയില്‍ പോകാം. ചെറിയ പട്ടണം. ജനസംഖ്യ പതിമൂവായിരത്തിനോടടുത്ത്. ആകെ നാലു മലയാളി കുടുംബങ്ങള്. താമസക്കാര്‍ കൊടുക്കുന്ന നികുതിയുടെ നല്ല ശതമാനം ടൗണ്‍ അധികാരികള്‍ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി ചിലവഴിക്കുന്നു. ചില പട്ടണങ്ങള്‍ കൂടുതല്‍ പണം ചിലവാക്കി സ്കൂളുകളുടെ നിലവാരം കൂട്ടുന്നു. ഹൈസ്കൂളില്‍ ആകെയുള്ളത് അഞ്ചാറ് ഇന്ത്യന്‍ കുട്ടികള്‍. എന്റെ മകളുടെ ഗ്രേഡില്‍ വേറൊരു ഇന്ത്യന്‍ പെണ്‍കുട്ടിയുണ്ടായിരുന്നു. അധ്യാപികമാര്‍ എന്റെ മകള്‍ വീണയെ ഷീലയെന്നും ഷീലയെ വീണയെന്നും പേരു തെറ്റി വിളിച്ചു. അവര്‍ക്ക് എല്ലാ ഇന്ത്യന്‍ കുട്ടികളും ഒരു പോലെ. നമുക്ക് ചൈനാക്കാരെന്ന പോലെ എല്ലാവരും കാഴ്ചയില്‍ ഒന്നു പോലെ എന്നു തോന്നും മാതിരി. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ പന്ത്രണ്ടാം ക്ലാസ്സില്‍ ഉണ്ടെങ്കില്‍ സ്കൂളിലെ ഒന്നാം റാങ്കോ ( വലിഡിക്റ്റോറിയന്‍) രണ്ടാം റാങ്കോ ( സാലുറ്ററ്റോറിയന്‍) അവര്‍ക്ക് കിട്ടുമെന്ന് ഉറപ്പാണ്. അമേരിക്കയിലെ ഒന്നാം കിടയില്‍ നില്‍ക്കുന്ന ഐവിലീഗ് കോളേജുകളായ ഹാര്‍വാര്‍ഡിലും പ്രിന്‍സ്റ്റണിലും വിജ്ഞാനത്തിന്റെ പമ്പിങ് സ്റ്റേഷനായ എം ഐ ടി യിലും ( മാസച്യൂസെറ്റ് ഇന്‍സ്റ്റിറ്റൂഷന്‍ ഓഫ് ടെക്നോളജി) ഇന്ത്യന്‍ കുട്ടികള്‍ അഡ്മിഷന്‍ കരസ്ഥമാക്കി. കുട്ടികള്‍ പാരമ്പര്യം കാട്ടാതിരിക്കുമോ? അവരുടെ ഭാരിച്ച ട്യൂഷന്‍ ഫീസ് താങ്ങാന്‍ ആഡംബരങ്ങള്‍ ഇല്ലാത്ത നോ ഫ്രിത്സ് ജീവിതം അച്ഛനമ്മമാര്‍ തങ്ങളുടെ ജീവിത ശൈലിയാക്കി. കറിവേപ്പിലയും ചെമ്പരത്തിയും വീട്ടില്‍ വളര്‍ത്തി, ഒരു തുണ്ടു കേരളം കൊണ്ടു നടന്നു. ഇത് കുടിയേറ്റത്തിലെ ആദ്യ തലമുറയുടെ കഥ.
ഭൂപടത്തിനെ കുറിച്ച് വളരെ അറിവില്ലാത്ത, പാഠപുസ്തകത്തില്‍ നിന്ന് പണ്ടേ ഗ്ലോബ് ഉരുട്ടിയെറിഞ്ഞ , അമേരിക്കയും കാനഡയും ഒന്നല്ല അടുത്തടുത്തുള്ള രണ്ടു രാജ്യങ്ങളാണെന്ന് വൈകി അറിഞ്ഞ ബന്ധുക്കള്‍ സ്പോണ്‍സര്‍ ചെയ്ത ജീവിതത്തിന്റെ ഇലകൊഴിയും സമയത്ത് അമേരിക്കയിലും കാനഡയിലും കുടിയേറിപ്പാര്‍ക്കുന്ന കേരളീയര്‍ക്ക് അതൊരു വെളിപാടിന്റെ സമയം കൂടിയാണ്. നാട്ടില്‍ പത്രോം വായിച്ച് ചായക്കടരാഷ്ട്രീയവും ചര്‍ച്ച ചെയ്ത് ജീവിച്ചവര്‍ക്ക് കടകളില്‍ സാധനങ്ങള്‍ അടുക്കിവയ്ക്കുന്നതും സൂപ്പര്‍മാര്‍ക്കറ്റില്‍ കേഷ്യര്‍ ആയി ജോലിയെടുക്കുന്നതും പീത്സ ഡെലിവറി ചെയ്യുന്നതും മഹനീയ തൊഴിലായി മാറും. അതാണ് ഈ നാടിന്റെ ഗുണം. ആരേയും സ്വാശ്രയരാക്കിത്തീര്‍ക്കും. ചിലര്‍ കഷ്ടപ്പാട്ന്റെ വഴുക്കലില്‍ അടിതെറ്റും.
ചെറിയ ജോലികള്‍ തനിയെ ചെയ്യുക എന്നത് കേരളത്തില്‍ എന്തിനും ഏതിനും ആള്‍ക്കാരെ വിളീച്ച് ശീലിച്ചവര്‍ക്ക് ബുദ്ധിമുട്ടായി തോന്നും. രണ്ടു പ്രാവശ്യം ആളെ വിളിച്ച് എന്തെങ്കിലും അറ്റ കുറ്റപ്പണി ചെയ്യിപ്പിച്ചു കഴിയുമ്പോഴേക്കും നമ്മള്‍ അറിയാതെ തന്നെ ‘ഫിക്സ് ഇറ്റ് യുവര്‍ സെല്‍ഫ്’ ബുക്ക് അല്ലെങ്കില്‍ ‘ ഡു ഇറ്റ് യുവര്‍ സെല്‍ഫ്’ ബുക്ക് വാങ്ങി തനിയെ നന്നാക്കാന്‍ വായിച്ചു പഠിക്കും. റിപ്പയര്‍മാര്‍ അയാളുടെ വീട്ടില്‍ നിന്ന് നമ്മുടെ വീട് വരെ എത്തുന്ന സര്‍വീസ് ചാര്‍ജ് എന്നൊരു ഫീ ഈടാക്കും .ഒരു വാഷ്ങിംഗ് മെഷീന്‍ രണ്ടു പ്രാവശ്യം നന്നാക്കേണ്ടി വരുന്നതിലും ലാഭം ഒന്ന് പുതിയത് വാങ്ങുകയാണ്, അങ്ങനെ ഒരു ത്രോ എവേ സൊസൈറ്റിയുടെ ഭാഗമായി നമ്മളും മാറും. ചെറുമരം വെട്ടാന്‍ ചെയിന്‍ സോയും മഞ്ഞു മാറ്റുവാന്‍ സ്നോ ത്രോവറും പുല്ലു വെട്ടാന്‍ ലോണ്‍ മൂവറും വാങ്ങി ഗാരേജിനു ആഢംബരം കൂട്ടും.
കേരളത്തിലെ ജീവിത സാഹചര്യങ്ങളും അമേരിക്കയിലെ ഡോളര്‍ മരം കുലുക്കിയാല്‍ കിട്ടുന്ന പച്ചയുടെ തുണ്ടുകളും ആ പച്ച ഗുണിച്ചാല്‍ കിട്ടുന്ന രൂപയും സായിപ്പിന്റെ നാട്ടിലെ സുഖസൗകര്യ ജീവിതവും തുലനം ചെയ്തിട്ടു കിട്ടുന്നതല്ലേ ഇവിടത്തെപ്രവാസ ജീവിതം? കടലുകടന്ന് ഐ.ടി ജോലികള്‍ നാട്ടിലേക്കു പോയിട്ടും എന്തേ ഐ.ടി ക്കുട്ടികള്‍ കൂട്ടമായി ഇവിടേക്ക് എത്തുന്നത്? പറിച്ച് മാറ്റിയവര്‍ സംസ്ക്കാരവും ആത്മീയതയും നിലനിര്‍ത്താന്‍ സംഘടനകള്‍ ഉണ്ടാക്കി . പള്ളികളും ക്ഷേത്രങ്ങളും പണിതു. അവ ആള്‍ക്കാര്‍ക്ക് കളിക്കാന്‍ ഒരു തട്ടകം നല്‍കി. ആളുകള്‍ കൂടുന്നതിനനുസരിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ കൂടുകയും സംഘടനകള്‍ വളര്‍ത്തുകയും പിളര്‍ത്തുകയും ചെയ്ത് കേരളീയരെക്കാള്‍ കേരളീയരായി ജീവിച്ചു. കേരളം വാടാത്ത ഓര്‍മയും മായാത്ത ഭൂപടവും ആയി നിന്ന് വിഷുവും ഓണവും ക്രിസ്മസും ആഘോഷിക്കപ്പെടുന്നു. എല്ലാം മലയാളിത്വത്തെ മുറുകെ പിടിക്കാന്‍.
മലയാളത്തിന്റെ സാംസ്കാരിക തലസ്ഥാനം ന്യൂയോര്‍ക്കാണ്. അതിനടുത്ത് സ്റ്റേറ്റിലാണ് താമസിക്കുന്നതെന്ന് എന്നൊരു ഭാഗ്യം എനിക്കുണ്ട്. നാട്ടിലെ ചില വമ്പന്‍ എഴുത്തുകാരുടെ മക്കള്‍ ഇവിടെയില്ലെങ്കിലും സക്കറിയയും പുനത്തിലും ന്യൂയോര്‍ക്കില്‍ വരുന്നു. കാരണം സാഹിത്യ പ്രേമിയും സര്‍ഗവേദിയുടെ ചുക്കാന്‍ പിടിക്കുന്ന ആളുമായ മനോഹര്‍ തോമസ് അവര്‍ക്ക് എത്ര കാലം വേണമെങ്കിലും താമസിക്കാന്‍ വീടു തുറന്നു കൊടുക്കുന്നു. ഏതെങ്കിലും സാഹിത്യകാരന്മാര്‍ ഇവിടെ എവിടെയെങ്കിലും വന്നിട്ടുണ്ടെങ്കില്‍ മനോഹര്‍ അവരെ തേടി പിടിച്ച് സ്വന്തം ചിലവില്‍ കൊണ്ടു വന്ന് സാഹിത്യ ശില്‍പ്പശാല നടത്തിക്കളയും. എന്നാലെങ്കിലും ഇവിടത്തെ എഴുത്തുകാര്‍ കൂടുതല്‍ നല്ല കഥകള്‍ എഴുതട്ടെ എന്നു വിചാരിച്ചിട്ടാകാം. സക്കറിയയും എം. മുകുന്ദനും പുനത്തിലും മാനസിയും വരുമ്പോള്‍ ടോളും ഒന്നര മണിക്കൂറും ചെലവഴിച്ച് കേള്‍ക്കുവാന്‍ പോകുന്നത് ഭാഷയോടുള്ള സ്നേഹം കൊണ്ടാണ്. ചെറുപ്രായത്തിലുള്ള മാതാപിതാക്കള്‍ ഒക്ടോബറിലുള്ള ലാന ( ലിറ്റററി അസ്സൊസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) മീറ്റിങിനു പോകാന്‍ നേരത്തെ ആലോചിക്കുമ്പോള്‍ പ്ലെയിന്‍ ഫെയര്‍, ഹോട്ടല്‍ ചാര്‍ജ്, ആസെപ്തംബറില്‍ കുട്ടികളുടെ കോളേജ് തുറക്കുമ്പോള്‍ കൊടുക്കേണ്ട ഭാരിച്ച ട്യൂഷന്‍ ഫീസ് എന്നിവ മുന്നില്‍ തൂങ്ങിയാടും. ഇതില്‍ ഏതു കുടുക്കാണ് കഴുത്തില്‍ കൂടുതല്‍ പാകമാകുന്നതെന്ന് തീരുമാനിച്ചാല്‍ മതി. ട്യൂഷന്‍ ഫീസ് പോലുള്ള കുടുക്കുകള്‍ അനിവാര്യമാണ്. ടെക്സാസില്‍ നിന്നും ഫ്ലോറിഡയില്‍ നിന്നും ന്യൂയോര്‍ക്കില്‍ നടക്കുന്ന ഇത്തരം സാഹിത്യ കൂട്ടായ്മകളില്‍ സംബന്ധിക്കണമെങ്കില്‍ ന്യൂയോര്‍ക്ക് വരെയുള്ള പ്ലെയിന്‍ യാത്ര നാലുമണിക്കൂറില്‍ കൂടുതലാണ്. അതിലുമെളുപ്പം ഗള്‍ഫില്‍ താമസിക്കുന്ന ഒരാള്‍ക്ക് തിരുവനന്തപുരത്തുള്ള ഒരു സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്.
മലയാള ആനുകാലികങ്ങള്‍ ഭാഷയോടുള്ള സ്നേഹം കൊണ്ട് വരുത്തുന്നു. അതുവഴി ബെന്യാമിനും സുസ്മേഷ് ചന്ദ്രോത്തും ഉണ്ണി ആറും സന്തോഷ് ഏച്ചിക്കാനവും സിതാരയും കെ. ആര്‍ മീരയും ധന്യാരാജും പരിചിതരാകുന്നു. മുന്നോട്ടുള്ള നടത്തത്തില്‍ അവരൊക്കെ വഴിവിളക്കുകളായി തനിയെ പ്രകാശിക്കാത്തവര്‍ക്ക് എവിടെയെങ്കിലും വെളിച്ചം വേണമല്ലോ? ഈയിടെ അറുപത് രൂപ വിലയുള്ള ഒരു കവിതാ പുസ്തകം ഒരു സുഹൃത്തിന് വേണ്ടി മെയില്‍ ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പോസ്റ്റേജ് അഞ്ഞൂറു രൂപ . നാട്ടില്‍ ചെല്ലുമ്പോള്‍ വാങ്ങിച്ച് ഭാഷയെ സ്നേഹിച്ചോളാം . കേട്ടപ്പോള്‍ സുഹൃത്ത് പറഞ്ഞു.
മറുലോകം കണ്ടില്ലെങ്കിലും ഇവിടേയും ഭാഷയുടെ ഒരു വിളക്ക് എരിയുന്നുണ്ട്. കുറെ സാഹിത്യതല്‍പ്പരര്‍ അതിനടുത്തേക്ക് പറന്നടുക്കുന്നുണ്ട്. ഗള്‍ഫിലേപ്പോലെ മലയാളം ലൈബ്രറികള്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളും പുതിയതായി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ഇങ്ങനെയുള്ള പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് ആടുജീവിതം പോലെ ഒരു അമേരിക്കന്‍ ജീവിതം ഒരു മലയാളി എഴുതിയെന്നും വരാം. അല്‍പ്പം കൂടി സമയം തരു.
കുടിയേറ്റക്കാര്‍ക്ക് കൂട്ടികള്‍ പിറക്കുമ്പോള്‍ അവരെ ആരെ ഏല്‍പ്പിച്ചിട്ട് ജോലിക്കുപോവും എന്നത് മുന്നില്‍ തൂങ്ങിയാടുന്ന ചോദ്യമാണ്. വീട്ടില്‍ വന്ന് കുട്ടികളെ നോക്കുന്നവര്‍ മണിക്കൂറിന് പതിനഞ്ചോ പതിനാറോ ഡോളര്‍ വരെ ചോദിക്കും. ഡേകെയര്‍ സെന്റെറില്‍ ആക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ ഇരുപതിനായിരം ഡോളറില്‍ കൂടുതല്‍ വരെ ചെലവുണ്ട് . ഇത്തരം സാഹചര്യങ്ങളില്‍ സഹായകരമാകുന്നത് നഴ്സിങ് പോലെയുള്ള ജോലികളാണ്. അവര്‍ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് രാവിലെ വീട്ടിലെത്തുമ്പോള്‍ ഉറങ്ങിയെണീറ്റ കുട്ടികളും വീട്ടുജോലികളും അവരെയും കാത്തിരിക്കുന്നു. പകല്‍ കുറച്ചു സമയം ഉറങ്ങാന്‍ അവസരം കിട്ടിയാല്‍ ഭാഗ്യം. ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഒരു പൂച്ചയുറക്കത്തിനു ശേഷം ഭാര്യ വിണ്ടും ജോലിക്കു പോകാന്‍ തയ്യാറെടുക്കുന്നു. അങ്ങനെ അവള്‍ ആശുപത്രിയില്‍ മാത്രമല്ല വീട്ടിലും മാലാഖമാരായി വേഷമിടുന്നു. നേഴ്സുമാരായി ജോലിയെടുക്കാത്തവര്‍ സെന്‍ട്രല്‍ പോസ്റ്റോഫീസിലോ രാത്രി പ്രൊഡക്ഷന്‍ ഉള്ള ഫാക്ടറിയിലോ ജോലി കണ്ടെത്തുന്നു. സാമാന്യം ഭേദപ്പെട്ട ജോലിയുള്ളവരുടെ ഭാര്യമാര്‍ നോ ഫ്രിത്സ് ജീവിതം തിരെഞ്ഞെടുത്ത് കുട്ടികളെ നോക്കി വീട്ടിലിരിക്കുന്നു.
കൊച്ചുകുട്ടികള്‍ ഉള്ളവര്‍ സഹായത്തിന് നാട്ടില്‍ നിന്ന് അച്ഛനെയും അമ്മയേയും കൊണ്ടുവരണമെന്ന് വിചാരിച്ചാല്‍ പറന്നു നടക്കുന്ന കിളികളെ കൂട്ടില്‍ അടച്ചതു പോലെയാവും അവര്‍. മക്കള്‍ ജോലിക്കു പോയാല്‍ കുട്ടികളേയും നോക്കി പാചകം ചെയ്ത് പാത്രോം കഴുകി പുറം ലോകത്തെ ജനാലയിലൂടെ നോക്കി കാണേണ്ടി വരും വീക്കെന്‍ഡ് വരെ. പബ്ലിക്ക് ട്രാന്‍പോര്‍ട്ടേഷന്‍ വളരെ കുറവുള്ള പട്ടണങ്ങളില്‍ ഒരിടത്തു നിന്നും വേറൊരിടത്തേക്ക് കാറിറക്കാതെ കാല്‍നടയായി എത്താന്‍ വിഷമം. ക്രിസ്ത്യാനി അപ്പച്ചനും അമ്മച്ചിം ഞായറാഴ്ചകളെ ആഹ്ലാദത്തോടെ വരവേല്‍ക്കുന്നു. അന്ന് പള്ളിയില്‍ പോകാം. സോഷ്യലൈസ് ചെയ്യാം. കുട്ടികള്‍ക്ക് വീക്കെന്‍ഡ് തീര്‍ന്നല്ലോ എന്ന വെപ്രാളവും. കുടിശ്ശിക കിടക്കുന്ന ഉറക്കം തീര്‍ന്ന് കിട്ടിയില്ല. ക്ലീന്‍ ചെയ്യാന്‍ വച്ചിരുന്ന വീടും തുണികളും മിച്ചം. രജ്ഞിനി ഹരിദാസിനേയും പേരറിയാന്‍ വയ്യാത്ത അഭിനേതാക്കളും ഉള്ള മൂവിസും മലയാളം ചാനലുകളില്‍ കണ്ടതു മിച്ചം.
കേരളത്തിലെ സമൂഹത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം കഴ്ചയില്‍ തന്നെ അനുഭവപ്പെടുന്നു. ഇവിടെ ഒരു മാതിരിപ്പെട്ടവര്‍ക്കെല്ലാം ഒരു പരിധിവരെ സാധനങ്ങള്‍ സ്വന്തമക്കാന്‍ കഴിയും. പോരാത്തതിന് ക്രഡിറ്റ് കാര്‍ഡ് എന്ന പ്ലാസ്റ്റിക് കാര്‍ഡ് മെഷീനില്‍ ഇട്ട് ഉരച്ചാല്‍ മതിയാവുന്നതുകൊണ്ട് ഒരു മാസത്തിനുള്ളില്‍ പൈസ കൊടുത്താല്‍ മതി. അതും മിനിമം പെയ്മെറ്റ്. ബാക്കിയുള്ളത് കടത്തിന് ഭരിച്ച പലിശ കൊടുക്കണം എന്നുള്ള സത്യം അമേരിക്കന്‍ സമൂഹം ചിലപ്പോള് മറക്കുന്നു.
ഏകദേശം നാല് വര്‍ഷം മുമ്പ് സംഭവിച്ച സാമ്പത്തിക മാന്ദ്യം അമേരിക്കയെ ആകുലപ്പെടുത്തി. സെപ്തംബര്‍ 11 അമേരിക്കക്കാരുടെ ശാരീരിക സുരക്ഷാബോധത്തെയാണ് ഇല്ലാതാക്കിയെതെങ്കില്‍ സാമ്പത്തിക മാന്ദ്യം അവരുടെ സാമ്പത്തിക സുരക്ഷിതത്വത്തെയും ഇല്ലാതാക്കി. അതില്‍ നിന്നും കരകയറാന്‍ തത്രപ്പെടുകയാണ്. അതിനു പുറമെ ബുഷ് സര്‍ക്കാര്‍ ഇറാഖില്‍ ചിലവഴിച്ച പണത്തിന്റെ ഭാരിച്ച കടവും . വീടു വാങ്ങാന്‍ നിര്‍ലോഭം പണം കടം കൊടുത്തിരുന്ന ബാങ്കുകള്‍ വളരെ ശ്രദ്ധിച്ച് ആളും തരോം നോക്കി കടം കൊടുക്കുന്നു. നല്ല വരുമാനം ഇല്ലാത്തവന് വീട് സ്വന്തമാക്കാന്‍ വയ്യാത്ത നിലയിലായി . കമ്പനികളില്‍ നിന്ന് കൂട്ടത്തോടെ ജോലിക്കാരെ പിരിച്ചു വിട്ടു. ശമ്പള ലാഭത്തിനായി ജോലികള്‍ കടലുകടന്ന് ഇന്ത്യയിലും ചൈനയിലും പോയി. ഇന്ത്യയില്‍ നിന്ന് തല്‍ക്കാലത്തേക്ക് കോണ്‍ട്രാക്ട് ജോലിക്കു വന്ന ഒരാളെ കമ്പനിയുടെ ഹോള്‍ വേയുടെ ഭിത്തിയോട് ചേര്‍ത്തു നിര്‍ത്തി ഒരു അമേരിക്കന്‍ ജോലിക്കാരി പറഞ്ഞുവത്രെ.” നിങ്ങള്‍ വിദേശിയരാണ് ഞങ്ങള്‍ അമേരിക്കക്കാരുടെ ജോലികള്‍ നഷ്ടപ്പെടുത്തുന്നത്” എന്ന് . ഇതു പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ വിഷമം തോന്നി; വിശ്വസിക്കാതിരിക്കാനും.
തുടരും……..
Generated from archived content: essay1_sep7_12.html Author: reeni_mambalam
Click this button or press Ctrl+G to toggle between Malayalam and English