അമേരിക്കയില്‍ കേരളത്തിന്റെ ഭൂപടം വരക്കുമ്പോള്‍(ഭാഗം-2)

അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം നേരിട്ടു കണ്ടത് ഒരു വര്‍ഷം മുമ്പാണ്. ഞങ്ങള്‍ക്കൊരു വാടക വീടുണ്ട്. ആദ്യം താമസിച്ച വീട് അടുത്ത കാലം വരെ താമസക്കരെ ആവശ്യമുള്ളപ്പോള്‍ പത്രത്തില്‍ പരസ്യം കൊടുക്കും. അപ്പോള്‍ ആരെയെങ്കിലും കിട്ടും. കഴിഞ്ഞ തവണ വാടകക്ക് ആളെ കിട്ടാന്‍ വിഷമം വന്നു. പലരും ചോദിച്ചു വാടക കുറയ്ക്കുമോയെന്ന്. ചിലര്‍ ചോദിച്ചു സെക്ഷന്‍ ഐറ്റ് എടുക്കുമോ എന്ന്. ജോലി ഇല്ലാത്തവര്‍ക്ക് വീടിന്റെ വാടക കൊടുക്കാന്‍ സഹായിക്കുന്ന സര്‍ക്കാരിന്റെ സംവിധാനമാണ് സെക്ഷന്‍ ഐറ്റ്. താമസത്തിന് ആളില്ലാത്തതിനാല്‍ അല്‍പ്പം അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അടുക്കളയിലെ സിങ്കും ടൈലും മാറ്റുക, ബാത്ത് റൂം പുതുക്കുക, വീട്ടില്‍ വെള്ളം ഓടുന്ന കോപ്പര്‍ പൈപ്പുകള്‍ മാറ്റുക എന്നിവ. മാറ്റിയ സാധങ്ങള്‍ എറിഞ്ഞു കളയാന്‍ ഒരു ഡമ്പസ്റ്റര്‍ വാടകക്ക് എടുത്ത് ഹൈവേയില്‍ ഇട്ടിട്ടുണ്ട്. വലിയ ഒരു മെറ്റല്‍ കണ്ടെയ്നറാണ് ഡമ്പസ്റ്റര്‍ നിറഞ്ഞു കഴിഞ്ഞാല്‍ ട്രക്ക് വന്ന് മുകളില്‍ എടുത്തു വച്ച് കോണ്ടു പോകും. അതില്‍ അടുക്കളയില്‍ മാറ്റിയിട്ട സ്റ്റീലിന്റെ സിങ്കും ബാത്ത് റൂമിലെ കാസ്റ്റ് അയണ്‍ ബാത്ത് ടബ്ബും കോപ്പര്‍ പൈപ്പുകളും ഉണ്ട്. പണി എങ്ങിനെ നടക്കുന്നുവെന്നറിയാന്‍ ഭര്‍ത്താവ് അവിടേക്ക് പോയി. ഭര്‍ത്താവ് അവിടെയെത്തിയപ്പോള്‍ ഡോര്‍ബെല്‍ അടിച്ചു. വാതില്‍ തുറന്നപ്പോള്‍ ഏതാ കമ്പനിയുടെ പേരെഴുതിയ ട്രക്ക് ഡ്രൈവേയില്‍; അതിന്റെ ഉടമസ്ഥര്‍ വാതില്‍ക്കലും. അയാള്‍ പറഞ്ഞു ‘’ ജോലി നഷ്ടപ്പെട്ട ഒരു ഇലക്ട്രീഷ്യനാണ് ഞാന്‍. തനിയെ എന്തെങ്കിലും ജോലി ചെയ്യാമെന്ന് വിചാരിച്ചിട്ട് അതും ശരിയാവുന്നില്ല. ഭാര്യയുണ്ട് കുട്ടികളുണ്ട് വീടിനും കാറിനും കടമുണ്ട് സര്‍ക്കാരില്‍ നിന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്ക് കീട്ടുന്ന അണ്‍ എംപ്ലോയ്മെന്റും നിന്നു. സ്ക്രാപ്പ് മെറ്റല്‍ കിട്ടിയാല്‍ ഞാന്‍ വില്‍ക്കും .ജീവിക്കേണ്ടേ? ഒരു പൗണ്ടിന് ഏഴുസെന്റ് കിട്ടും. ഡമ്പസ്റ്ററില്‍ മെറ്റല്‍ സാധങ്ങള്‍ ഉണ്ടോ എന്ന് നോക്കിക്കോട്ടെ?’‘

ഭര്‍ത്താവ് അനുമതി കൊടുത്തു. ഇപ്പോള്‍ താമസിക്കുന്ന വീട്ടിലെ ഗാരേജില്‍ നിന്നും കാറിന്റെ വീലുകള്‍ മെറ്റല്‍ റാമ്പുകള്‍ എന്നിവ പിറ്റെ ദിവസം രാവിലെ കൊണ്ടു വന്നിടുമെന്നും അത് വന്നെടുത്തുകൊള്ളാനും പറഞ്ഞു. ഞാന്‍ അടുത്ത തവണ ചെന്നപ്പോള്‍ അവയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. അമേരിക്കയുടെ പരാധീനതയുടെ നേര്‍ക്കാഴ്ച എന്ന വിധം.

അടുത്ത ആഴ്ച എനിക്ക് ഷാമ്പൂ കണ്ടീഷണര്‍ തുടങ്ങിയ അല്ലറ ചില്ലറ സാധങ്ങള്‍ വാങ്ങണമായിരുന്നു. ഞാന്‍ പാര്‍ക്കിംഗ് ലോട്ടില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ ഏകദേശം മുപ്പതിന്റെ പരിസരത്ത് എത്തിയിരുന്ന ഒരു സ്ത്രീ അടുത്ത് വന്നു ‘’ എനിക്ക് രണ്ടു ഡോളര്‍ തരുമോ ഒന്നും കഴിച്ചിട്ടില്ല എന്തെങ്കിലും വാങ്ങി കഴിക്കാനാ’‘ ഞാനൊന്നു പരുങ്ങി. ഇങ്ങനെ വരുന്നവരുടെ കൈയില്‍ ചിലപ്പോള്‍ തോക്ക് കാണുമെന്നും സ്ത്രീകളുടെ ബാഗ് പിടിച്ചു പറിക്കുമെന്നും അവര്‍ മിക്കവരും മയക്കമരുന്നിന് അടിമയായിരിക്കുമെന്നും മയക്കുമരുന്നിനുള്ള പൈസ ഇല്ലാത്തപ്പോഴാണ് യാചിക്കുന്നതെന്നുമുള്ള കേട്ടറിവില്‍ ഞാനൊന്നു പകച്ചു. ബാഗ് തുറന്നു നോക്കി. സോറി ചില്ലറയില്ലല്ലോ സത്യമായും എന്റെ കയ്യില്‍ ഇരുപതു ഡോളറിന്റെ ഒരു നോട്ടു മാത്രമേ ഉണ്ടായിരുന്നുള്ളു. ക്രഡിറ്റ് കാര്‍ഡ് ഉള്ളപ്പോള്‍ എന്തിന് പൈസ കൊണ്ടു നടക്കണം. അവര്‍ നടന്നു നീങ്ങി. വിശക്കുന്ന വയറിന് ഒരു നേരത്തെ ആഹാരം ഞാന്‍ നിരസിച്ചോ എന്ന അപകര്‍ഷതാബോധത്തിലായിരുന്നു ഞാന്‍ കുറെ സമയത്തേക്ക്. പിന്നെ വാങ്ങിയ ഷാമ്പൂവിലും കണ്ടീഷണറിലും എന്റെ കുറ്റബോധം ഒലിച്ചു പോയി. നാട്ടില്‍ കണ്ടിരുന്നപോലെ കീറത്തുണികളും ഭാണ്ഡക്കെട്ടുകളും ഇല്ലാത്തൊരു സോഫ്റ്റിക്കേറ്റഡ് യാചന അന്ന് ഞാന്‍ ശരിക്കും കണ്ടു. 21 -ആം നൂറ്റാണ്ടിലെ എല്ലാ സാങ്കേതിക പുരോഗതിയും സൗകര്യങ്ങളുമുള്ള അമേരിക്കയില്‍ ഞങ്ങള്‍ അടുത്ത കാലത്ത് നമ്മുടെ പൂര്‍വികരേപ്പോലെ ഒരാഴ്ചയില്‍ കൂടുതല്‍ കഴിച്ചു കൂട്ടി. ഈ നാട്ടില്‍ വൈദ്യുതി പോവുന്നത് വിരളമാണ്. പോയാല്‍ തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ വരികയും ചെയ്യും. അതിനാല്‍ എമര്‍ജന്‍സി ലൈറ്റുകള്‍ വാങ്ങി വയ്ക്കാറില്ല. ഒരിക്കല്‍ കൊടുങ്കാറ്റടിച്ച് രണ്ടു ദിവസത്തേക്ക് കറന്റ് പോയപ്പോള്‍ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ മെഴുകുതിരികളും, കുടിവെള്ളവും വാങ്ങി ബാത്ടബ്ബില്‍ വെള്ളം പിടിച്ച് വച്ച് അതിനെ ആഘോഷമാക്കി മാറ്റിയെടുത്തു. വല്ലപ്പോഴും വീണു കിട്ടുന്ന അവസരമല്ലേ. പൂര്‍വികരുടെ നാളുകളിലൂടെ സഞ്ചരിക്കാന്‍. കഴിഞ്ഞ ഒക്ടോബറില്‍ മരങ്ങളില്‍ ഇലകള്‍ നിറഞ്ഞു നിന്ന സമയത്ത് കാലം തെറ്റി വന്നേക്കാവുന്ന ഒരു സ്നോ സ്റ്റോമിനെക്കുറിച്ചും അതിനെത്തുടര്‍ന്നുണ്ടായേക്കാവുന്ന നാശനഷ്ടങ്ങളെ കുറിച്ചും വൈദ്യുതി കമ്പികളിലേക്ക് മരക്കൊമ്പുകള്‍ ഒടിഞ്ഞു വീണാല്‍ ഉണ്ടാകുന്ന വിപത്തുകളെ കുറിച്ചും ചാനലുകള്‍ സംസാരിച്ചതിന് ഞങ്ങള്‍ അധികം ചെവി കൊടുത്തില്ല. സുഹൃത്തുക്കളുടെ കൂടെ കറങ്ങിയടിച്ച് അര്‍മാദിച്ച് നടക്കുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ ആരു ശ്രദ്ധിക്കാന്‍? ഞങ്ങള്‍ താമസിക്കുന്ന സ്റ്റേറ്റിലും ശിശിരത്തില്‍ നിറം മാറി മഞ്ഞയും ചുവപ്പും ഓറഞ്ചുമാകുന്ന ഇലകള്‍ അവയുടെ വര്‍ണ്ണഭംഗികൊണ്ട് മദാലസകളേപ്പോലെ ഒക്ടോബര്‍മാസത്തില്‍ കാഴ്ചക്കാരെ വശീകരിക്കാറുണ്ട്. ഇലകള്‍ക്ക് പച്ചനിറം കൊടുക്കുന്ന ഹരിതകം മരങ്ങള്‍ വേരുകളിലേക്ക് വലിച്ചെടുത്ത് ശിശിരത്തില്‍ ഇലകള്‍ക്ക് ചുവപ്പും മഞ്ഞയും ഓറഞ്ചും നിറങ്ങള്‍ നല്‍കുന്നു. ഞങ്ങളുടെ സ്റ്റേറ്റില്‍ ശിശിരത്തിലെ ഇലകളുടെ വര്‍ണ്ണമേളം കേഴ്വികേട്ടതാണ്. യുവത്വത്തെ വെല്ലുന്ന സൗന്ദര്യം ഉണ്ടാവും പ്രകൃതിക്കപ്പോള്‍. കണ്ടാല്‍ ആരും നോക്കി നിന്നു പോകും മനസുകൊണ്ട് മോഹിച്ച് പോകും, അവളുടെ കമിതാവാകാന്‍ കൊതിച്ചു പോകും! ആ കാഴ്ച കാണാന്‍ ഞങ്ങളുടെ സുഹൃത്തും നടനും നിര്‍മ്മാതാവുമായ തമ്പി ആന്‍റണിയും ഭാര്യ പ്രേമയും വന്നിട്ടുണ്ട്. ആ ശനിയാഴ്ച ഞങ്ങളുടെ പട്ടണത്തില്‍ നിന്നും രണ്ടര മണിക്കുര്‍ അകലെ ന്യൂജഴ്സിയില്‍ നടക്കുന്ന പ്രസ്ക്ലബ്ബ് മീറ്റിംഗില്‍ പങ്കെടുക്കാനായി അവരുടെ അതിഥിയായി കാലിഫോര്‍ണിയയില്‍ നിന്നും എത്തിയിരിക്കുകയാണ്. അവിടെയെത്താന്‍ ന്യൂയോര്‍ക്കില്‍ നിന്നും ഏകദേശം ആറുമണിക്കൂര്‍ വിമാനയാത്രയുണ്ട് . അവിടെ ഇലകള്‍ക്ക് മദിപ്പിക്കുന്ന നിറം മാറ്റം ഉണ്ടാവില്ല. മരങ്ങള്‍ മദാലസകളാവാറില്ല. പക്ഷെ കറിക്ക് ഉപ്പു ചേര്‍ക്കുമ്പോലെ ഒരു നിത്യ സംഭവമായി ചെറിയ തോതില്‍ ഭൂമി കുലുങ്ങി ക്കൊണ്ടിരിക്കും.

ശനിയാഴ്ച രാവിലെ പ്രസ് ക്ലബ്ബ് മീറ്റിംഗിന് പോകാന്‍ തയ്യാറായി. സാധാരണപോലെ ഇലകള്‍ എല്ലാം കൊഴിഞ്ഞതിനു ശേഷം മഞ്ഞുണ്ടായാല്‍ കുഴപ്പമില്ല. ഇപ്പോള്‍ മരങ്ങളില്‍ മഞ്ഞുവീണാല്‍ അതിന്റെ ഭാരം മരങ്ങള്‍ക്ക് താങ്ങാനാവില്ല. മരത്തിന്റെ ചില്ലകള്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയില്‍ വീണാല്‍ വയറുകള്‍ പൊട്ടും. പിന്നെ കുറെ ദിവസത്തേക്ക് വൈദ്യുതി ഉണ്ടാ‍വില്ല. ഈ വാര്‍ത്ത കേട്ടപ്പോല്‍ അല്‍പ്പം ചകിത യായി. എന്തായാലും ന്യൂജേഴ്സിയിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചു. അവിടെ എത്തും മുമ്പ് മഞ്ഞു പെയ്യാന്‍ തുടങ്ങി. അകാലത്തിലുണ്ടായ ഈ മഞ്ഞു വീഴ്ചയുടെ ഭവിഷ്യത്തുകള്‍ അറിയിച്ചുകൊണ്ട് കാര്‍ റേഡിയോവിലെ സ്റ്റേഷനുകള്‍ മനസ്സിനെ മദിച്ചു. ജേക്കബിന് വാര്‍ത്ത കേട്ട് വേവലാതിയായി. കണക്ടിക്കട്ടില്‍ ന്യൂജേഴ്സിയേക്കാളും തണുപ്പ് കൂടുതാ‍ണ്. ന്യൂജേഴ്സിയില്‍ പെയ്യുന്ന മഴയെ മഞ്ഞാക്കി മാറ്റാനുള്ള ഇന്ദ്രജാലം കണക്ടിക്കട്ടിനുണ്ട്. ലഞ്ചിനു മുമ്പ് ഞങ്ങള്‍ മടങ്ങി. തമ്പിയും പ്രേമയും മീറ്റിംഗ് നടക്കുന്ന ഹോട്ടലില്‍ തങ്ങി. വീട്ടിലേക്ക് ഹൈവേയില്‍ രണ്ടര മണിക്കൂര്‍ യാത്രയുണ്ട്. ഹൈവേയില്‍ ആമ വേഗത്തില്‍ നീങ്ങുന്ന ട്രാഫിക്ക്. വലത്തെ ലെയിന്‍ മരങ്ങള്‍ വീണ് പലയിടത്തും അടച്ചിട്ടിരിക്കുന്നു. വഴിയില്‍ പലയിടത്തും അപകടം പിണഞ്ഞ വാഹനങ്ങള്‍. ഇഴഞ്ഞിഴഞ്ഞ് നാലര മണിക്കുര്‍ കൊണ്ട് ഞങ്ങള്‍ ഹൈവേയില്‍ നിന്ന് വീട്ടിലേക്കു ള്ള എക്സിറ്റ് എടുത്തു. വീട്ടിലേക്ക് സാധാരണ എടുക്കാറുള്ള വഴി സ്വര്‍ഗരാജ്യത്തേക്കുള്ളതുപോലെ ഇടുങ്ങിയതാണ്. അത് അടച്ചിട്ടിരിക്കുന്നു. ദൂരെ നിന്നു തന്നെ പൊട്ടിവീണ ഇലട്രിക് വയറുകള്‍ കണ്ടു. വയറുകള്‍ ലൈവ് ആണോ എന്നറിയില്ല. പണ്ടു കാലത്ത് രണ്ടു കുതിര വണ്ടികള്‍ക്ക് പോവാനുള്ള വീതിയില്‍ ഉണ്ടാക്കിയിരുന്ന റോഡുകളാണ്. ഇപ്പോഴും റോഡുകള്‍ പഴയതു പോലെ തന്നെ. ഞങ്ങളുടേത് ഒരു ഹിസ്റ്റോറിക് ടൗണ്‍ ആണ്. ടൗണിന്റെ പ്രത്യേകനുവാദമില്ലാതെ അതിന് യാതൊരു മാറ്റവും വരുത്താന്‍ അനുവദിക്കില്ല. ചില വീടുകള്‍ 1800 -ല്‍ ഉണ്ടാക്കിയവയാണ്. ആറ് ഇഞ്ചില്‍ കൂടുതല്‍ വ്യാസമുള്ള മരങ്ങള്‍ വെട്ടാന്‍ ടൗണിന്റെ അനുവാദം വേണമെന്നുള്ള കരാറില്‍ വീട് വാങ്ങുമ്പോള്‍ ഒപ്പിട്ടത് ഓര്‍മ്മയുണ്ട്. വളഞ്ഞ വഴിയെടുത്ത് വീടിന്റെ ഡ്രൈവേയിലേക്ക് കാര്‍ കയറ്റി. അവിടെ കണ്ട കാഴ്ച ശ്വാസം നിലപ്പിക്കുന്നതായിരുന്നു. ഒരു മരത്തിന്റെ വലിയ ചില്ലയൊടിഞ്ഞ് ഡ്രൈവേക്ക് കുറുകെ കിടക്കുന്നു. വെട്ടിമാറ്റാനാകാതെ കാര്‍ കൊണ്ടുപോകാനാവില്ല. നേരെത്തെ ഉണ്ടാ‍യിരുന്നു ചെയിന്‍ സോ കേടു വന്നപ്പോള്‍ ഗാരേജിന് അലങ്കാരമായി. എന്തിന് വേറൊരു ചെയിന്‍ സോ വാങ്ങണം എന്നൊരു ധാരണയില്‍ എത്തി നില്‍ക്കുകയായിരുന്നു. ജേക്കബ്ബ്. ഗാരേജില്‍ നിന്ന് കൈവാളെടുത്ത് മരച്ചില്ല അറുത്തുമാറ്റിയതിനു ശേഷമാണ് കാ‍ര്‍ ഗാരേജില്‍ ഇട്ടത്. വെളിയില്‍ ഇട്ടാല്‍ അടുത്ത മരം വീഴുന്നത് അതിനു മുകളിലായിരിക്കും. ആ തണുപ്പത്തും ജേക്കബ്ബിന് വിയര്‍ക്കുന്നുണ്ടായിരുന്നു.

വീട്ടില്‍ കയറിയപ്പോല്‍ കറന്റില്ല. കറന്റ് പോയാല്‍ ഞങ്ങള്‍ക്ക് വെള്ളവും ഇല്ല. വീട്ടിലേക്കാവശ്യമായ വെള്ളത്തിനായി സ്വന്തം കുഴല്‍ കിണറിനെ ആശ്രയിക്കുന്നു. ആ പരിസരത്തെ ഓരോ വീടിനും അവരുടെതായ സെപ്റ്റിക് സിസ്റ്റം ഉണ്ട്. ബാത്ത്റൂം രണ്ട് പ്രാവശ്യം ഫ്ലഷ് ചെയ്താല്‍ ടാങ്കിലെ വെള്ളവും തീരും. ആകെ ജീവിതം സ്തംഭിച്ചതു തന്നെ. വീടിനു ചുറ്റും ചിലയിടത്ത് മൂന്നടി അടുത്ത് വരെ കുടപിടിച്ചു നില്‍ക്കുന്ന മരങ്ങളാണ്. മഞ്ഞിന്റെ ഭാരത്താല്‍ ഒടിഞ്ഞു വീഴുന്ന മരച്ചില്ലകളുടെ ശബ്ദം പടക്കം പൊട്ടുന്നതു മാതിരി കേള്‍ക്കാമായിരുന്നു. ചിലതെല്ലാം വീടീന്റെ പുറത്ത് വീഴുന്ന ശബ്ദവും. ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന റോഡീയോ കേട്ടു. മൂന്നു നാലു സ്റ്റേറ്റില്‍ മരങ്ങള്‍ വൈദ്യുതി കമ്പിയില്‍ വീണ് വന്‍ നാശം സംഭവിച്ചിട്ടുണ്ട്ന്നും വൈദ്യുതി ലഭിക്കാന്‍ ചിലപ്പോള്‍ ഒരാഴ്ചവരെ കാത്തിരിക്കേണ്ടി വരുമെന്നും കേട്ടു അപ്പോള്‍ മോഹന്‍ലാലിനേപ്പോലെ ‘ ചുമ്മാ ‘ എന്നു പറയാനാണ് തോന്നിയത്. രാത്രി ഒന്നരയായപ്പോള്‍ ഇനി കിടക്കാം എന്ന ആലോചന മനസ്സിനെ ഉരുട്ടിക്കൊണ്ടിരുന്നു. ഇങ്ങനത്തെ കാലാവസ്ഥയില്‍ മുകളിലത്തെ ബെഡ് റൂമില്‍ കിടക്കരുത് എന്ന് ഇളയ മകള്‍ സ്വപ്നയുടെ കല്‍പ്പനയുണ്ട്. കാരണം ബെഡ് റൂമിന് കുട പിടിച്ചു നില്‍ക്കുന്ന മരങ്ങള്‍ തന്നെ . വീടിന്റെ മെയിന്‍ നിലയില്‍ ലിവിങ് റൂമിനേയും ഡൈനിങ് റൂമിനേയും വേര്‍തിരിച്ച് ഗ്യാസ് കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ഫയര്‍ പ്ലേസ് ഉണ്ട്. അത് ഓണാക്കിയിരുന്നു എയര്‍ അടിച്ച് വീര്‍പ്പിക്കുന്ന ഒരു മെത്തയുണ്ട്. അത് വാങ്ങിയപ്പോള്‍ സൗകര്യാര്‍ത്ഥം വൈദ്യുതി ഔട്ട് ലെറ്റിനോട് ഘടിപ്പിക്കുന്ന ഒന്നാണ് വാങ്ങിയത്. അതുകൊണ്ട് ഗ്യാസ് ഫയര്‍ പ്ലേസിനരികില്‍ സ്ലീപ്പിംഗ് ബാഗ് വിരിച്ച് ഉറങ്ങാം എന്ന ചിന്തയുമായി സ്ലീപ്പിംഗ് ബാഗ് നിവര്‍ത്തിയിടുമ്പോള്‍ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് ഭയങ്കരമായ ശബ്ദം. ഇരുട്ടത്ത് കൈയില്‍ ഒരു ചെറിയ ഫ്ലാഷ് ലൈറ്റുമായി മുകളിലേക്കോടി . കണ്ട കാഴ്ച വിശ്വസിക്കാനായി കണ്ണുകള്‍ പല തവണ ചിമ്മിയടച്ചു, കൈത്തണ്ടയില്‍ നുള്ളി. ആ മുറിയിലെ ഒരു സ്കൈലൈറ്റ് പൊട്ടിച്ച് അകത്തു വീണ മരത്തിന്റെ ചില്ലയുടെ ഒരറ്റം നിലത്ത് മുട്ടി നില്‍ക്കുന്നു. മറ്റേ അറ്റം സ്കൈലൈറ്റിനു വെളിയിലും. രാത്രി രണ്ടു മണിക്ക് വേറൊരു ഇന്ത്യാക്കാരനെ വിളിച്ചാല്‍ അവര്‍ക്കും ഇത്തരം വകുപ്പില്‍ പരിചയം വളരെ കുറവാണെന്ന് അറിയാവുന്നതിനാല്‍ വിളിച്ചില്ല. ഒരു സായിപ്പ് സുഹൃത്തിനെ വിളിച്ചപ്പോള്‍ കിട്ടിയില്ല. അവരുടെ കേബിളും ഫോണും പോയിരുന്നുവെന്ന് പിന്നീടറിഞ്ഞു. കൈവാളുപയോഗിച്ച് ചില്ല വെട്ടി മാറ്റി പുറത്തെറിഞ്ഞു. ഭാഗ്യത്തിന് മുറിയുടെ പൊക്കം കുറഞ്ഞിടത്തായിരുന്നതിനാല്‍ ചെറിയ ഏണിയില്‍ കയറി നിന്നാല്‍ കൈയെത്തുമായിരുന്നു. പൊട്ടിയ സ്കൈലൈറ്റ് ഒരു കഷണം സ്റ്റൈറഫോമിട്ട് ഒട്ടിച്ചു. അതുവരെ വെളിയില്‍ പെയ്തിരുന്ന മഞ്ഞ് വിള്ളലിലൂടെ അകത്ത് വീണുകൊണ്ടിരുന്നു. ഇതു മതി, ഇവരെയൊക്കെ ആവശ്യത്തിന് ആധി പിടിപ്പിച്ചു എന്ന് ആരോ ചിന്തിക്കും പോലെ അധികം താമസിയാതെ മഞ്ഞു വീഴ്ച നിന്നു. ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. വൈദ്യുതി കിട്ടാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ സമയം എടുക്കുമെന്ന് റേഡീയോ ആവര്‍ത്തിച്ചു പറഞ്ഞു. റിപ്പയര്‍ ചെയ്യുന്നതിന് ആള്‍ക്കാരെ മറ്റു സ്റ്റേറ്റുകളില്‍ നിന്ന് വരുത്തിയിട്ടുണ്ടെത്രെ . അറിയുന്ന സുഹൃത്തുക്കള്‍ക്കാര്‍ക്കും കറന്റില്ല. ഒരു മണിക്കൂര്‍ റേഡിയസ്സില്‍ ഉള്ള ഹോട്ടലുകളില്‍ ഒന്നും മുറികള്‍ ലഭ്യമല്ല . ഭാഗ്യത്തിന് ഒരു സുഹൃത്തിന്റെ മകള്‍ ഒരു ഹോട്ടല്‍ ക്ലബ്ബിലെ അംഗമായതിനാല്‍ അവര്‍ക്കൊരു മുറി കിട്ടി. ഞങ്ങള്‍ അവിടെ ചെന്നു കുളിച്ചു . ബാത്ത് റൂം ഫ്ലഷ് ചെയ്യാന്‍ വെള്ളത്തിനെന്താ മാര്‍ഗം എന്ന് വേവലാതിപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ടെമ്പറേച്ചര്‍ സ്നോ ഉരുകുന്നതിനടുത്തെത്തിയത്. പാത്തിയിലൂടെ സ്നോ ഉരുകി വരുന്ന വെള്ളം 30 ഗ്യാലന്‍ കൊള്ളുന്ന വലിയ പ്ലാസ്റ്റിക് പാത്രത്തില്‍ പിടിച്ചു വച്ചു. അധികം താമസിയാതെ ചില സുഹൃത്തുക്കള്‍ക്ക് കറന്റ് കിട്ടിയത് വലിയ ആശ്വാസമായി. മറ്റു സ്റ്റേറ്റുകളില്‍ നിന്നുള്ള റിപ്പയര്‍ ട്രക്കുകള്‍ ഹൈവേയില്‍ കണ്ടപ്പോള്‍ മനസ്സിനു കുളിര്‍മ തോന്നി. പുറത്താണെങ്കില്‍ നല്ല തണുപ്പും. ഫ്രീസിംങ് ടെമ്പറേച്ചറിനടുവരെയെത്തി.

വീട് ചൂടാക്കാന്‍ ഉപയോഗിക്കുന്ന ചൂടു വെള്ളം പോകുന്ന പൈപ്പിലെ വെള്ളം തണുത്ത് ഐസായി പൈപ്പ് പൊട്ടി അവിടെയെല്ലാം വെള്ളം കയറുമെന്ന പേടി കൊണ്ട് പൈപ്പുകളില്‍ നിന്ന് വെള്ളം ഊറ്റിക്കളഞ്ഞു. ഒരാഴ്ച കടന്നു പോയി. ഫയര്‍ പ്ലേസ് ഉള്ള മുറി മാത്രം ചൂടോടെ നിന്നു. ആര്‍ക്കിടെക്റ്റ് ഗ്യാസ് കൊണ്ടുള്ള ആ ഫയര്‍പ്ലേസ് ഡിസൈന്‍ ചെയ്തപ്പോള്‍ അതൊരു വെറും പാഴ്ചെലവ്, ആവശ്യമില്ലാത്ത ആഡംബരം എന്നൊക്കെ പറഞ്ഞ് വേണ്ടെന്നുവരെ വച്ചതാണ്. ആ ആര്‍ക്കിടെക്റ്റിന് ഇപ്പോള്‍ സ്തുതി ഗീതം പാടണമെന്നു തോന്നി. അതിനടുത്ത് ചൂടും പിടിച്ച് ഇരുന്നപ്പോള്‍ ഫോണ്‍ അടിക്കരുതേയെന്നായിരുന്നു പ്രാര്‍ത്ഥന. ഒരു സാധാരണ ഫോണ്‍ ഉള്ളത് അടുക്കളയിലാണ്. അവിടെയാണെങ്കില്‍ ഇപ്പോള്‍ പത്ത് ഡിഗ്രിയും. കോഡ് ലസ് ഫോണുകള്‍ ഒന്നും വൈദ്യുതിയില്ലാതെ പ്രവര്‍ത്തിക്കുകയില്ലല്ലോ !തണുത്തിട്ട് ഫോണില്‍ സംസാരിച്ച് അടുക്കളയില്‍ നില്‍ക്കാന്‍ വയ്യ. അവിടെ നിന്ന് ഫോണില്‍ സംസാരിക്കുമ്പോള്‍ ഞാന്‍ വിന്റെര്‍ കോട്ട് ധരിച്ചു. ഓരോ ദിവസം കഴിയുന്തോറും ക്ഷമ നശിച്ചുകൊണ്ടേയിരുന്നു. പുറത്തുള്ള ബാര്‍ബിക്യൂ ഗ്രില്ലിലെ ബേര്‍ണറില്‍ അത്യാവശ്യത്തിനു കാപ്പിയുണ്ടാക്കി. ഒരു സുഹൃത്തിന്റെ മകന്റെ കല്യാണ റിസപ്ഷന്‍ ഇവിടെ നിന്നും ഒരു മണിക്കൂര്‍ അകലെയുള്ള ഒരു സിറ്റിയിലായിരുന്നു. അന്നു രാത്രി അവിടെ ഹോട്ടലില്‍ തങ്ങി. അപ്പോഴേക്കും തൊണ്ണൂറു ശതമാനം ആള്‍ക്കാര്‍ക്കും വൈദ്യുതി കിട്ടിയിരുന്നു . മടങ്ങുമ്പോള്‍ കറന്റു വന്നു കാണും എന്ന പ്രതീക്ഷയായിരുന്നു. വീണ്ടും മുറിയിലെത്തിയപ്പോള്‍ സമനിലയാകെ തെറ്റി. ടൗണ്‍ സെലക്ട്മാനെ വിളിച്ച് ഒരു മെസേജ് ഇട്ടു. അധികം കഴിഞ്ഞില്ല. ലൈറ്റുകള്‍ തെളിഞ്ഞു. വീട്ടാവശ്യത്തിനുള്ള വെള്ളം ചൂടാക്കുന്ന ഫര്‍ണസ് വലിയ ശബ്ദം ഉണ്ടാക്കി ഓണായി. പൈപ്പിലൂടെ വെള്ളമോടി. ഞങ്ങള്‍ വെളിച്ചത്തിലായി. ഇന്ന് മഹത്തായ ഒന്‍പതാം ദിവസം. വെളിച്ചം വരട്ടെ എന്ന് ആരോ കല്‍പ്പിക്കുമ്പോലെ ലോകത്തിലേക്കും സംഗീതാത്മകമായ ശബ്ദം പൈപ്പിലൂടെ ഒഴുകുന്ന വെള്ളത്തിന്റേതാണെന്ന തിരിച്ചറിവിലാണ് ഞാനിപ്പോള്‍. ഈ സംഭവത്തിനു ശേഷം വൈദ്യുതി കമ്പനിയുടെ പ്രസിഡന്റ് രാജി വച്ചു . ഇങ്ങനെ ഒരു അനുഭവത്തിലൂടെ കേരളത്തിലാരും കടന്നു പോയിട്ടുണ്ടെന്നു തോന്നുന്നില്ല. ശരിക്കും ശിലായുഗത്തിലേതിനു തുല്യമായ ജീവിതം.

ഇപ്പോള്‍ വൈദ്യുതി പോവുന്നതിനെ കുറിച്ച് ആകാംക്ഷയില്ല. ഒരു ജനറേറ്റര്‍ വാങ്ങി ഗാരേജില്‍ പിടിപ്പിച്ചു. ബര്‍ബിക്യൂ ഗ്രില്ലില്‍ പിടിപ്പിക്കുന്ന ഒരു ഉപകരണം വാങ്ങി. അത് ഗ്യാസ് കുറ്റിയോട് ഘടിപ്പിച്ചാല്‍ മുറി ചൂടാക്കി വയ്ക്കും.

ഇവിടെ കൊട്ടാരം സ്വന്തമായിട്ടുണ്ടെങ്കിലും മരിക്കുമ്പോള്‍ ശവസംസ്ക്കാരം വരെ കിടക്കാനൊരിടം വേണം. ഏതെങ്കിലുമൊരു ഫ്യൂണറല്‍ ഹോമില്‍ കറുത്തതോ ചാരനിറമുള്ളതോ ആയ വേഷങ്ങള്‍ ഫാമിലിയിലെ ആള്‍ക്കാര്‍ക്ക് ധരിക്കാന്‍ വേണം. ഓഫീസിലെ ഒരു സ്ത്രീ പതിവിനു വിപരീതമായി താമസിച്ചാണ് ഒരു ദിവസം ഓഫീസിലെത്തിയത്. കൈയില്‍ മേസീസിന്റെ ഒരു ബാഗും ഉണ്ടായിരുന്നു. ”സമാധാനമായി ഫ്യൂണറലിനിടാന്‍ ഒരു കറുത്ത പാവാടയും ജാക്കറ്റും കിട്ടി, മൈക്കിന് ഒരു സൂട്ടും വാങ്ങി.” ബാഗ് ഡെസ്ക്കിനടിയിലേക്ക് വയ്ക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞു. അവരുടെ അമ്മക്ക് സുഖമില്ലെന്നും ഏതു നിമിഷവും മരിച്ചേക്കാമെന്നും അറിയാം. വളരുന്ന പ്രായത്തിലുള്ള മൈക്കിന് എന്തു വാങ്ങിയാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പാകമല്ലാതാകും. പാകമാകുന്ന ഒരു സൂട്ട് വാങ്ങും മുമ്പ് അമ്മ മരിച്ചേക്കുമോ എന്നായിരുന്നു അവരുടെ പേടി. അവരുടെ അമ്മ മരിച്ചു. അമേരിക്കന്‍ ആചാരമനുസരിച്ച് ബോഡി വ്യൂവിങ്ങിനായി ഫ്യൂണറല്‍ ഹോമില്‍ വയ്ക്കും. ആള്‍ക്കാരുടെ സൗകര്യമനുസരിച്ച് ശനിയാഴ്ചയോ ഞായറാഴ്ചയോ വൈകുന്നേരങ്ങളിലോ ആയിരിക്കും വ്യൂവിങ്. അതിനെ വേക്ക് എന്നാണു വിളിക്കുക. വേക്ക് ഓപ്പണ്‍ കാസ്ക്കറ്റും ക്ലോസ്ഡ് കാസ്ക്കറ്റും ഉണ്ട്. ഏതെങ്കിലും അപകടത്തില്‍ മരിച്ചവരാണെങ്കില്‍ മുഖത്തുള്ള പരുക്ക് കാണാതിരിക്കുവാന്‍ കാസ്ക്കറ്റ് അടച്ചു വച്ച് വേക്ക് ക്ലോസഡ് കാസ്ക്കറ്റ് ആയിരിക്കും. സുഹൃത്തിന്റെ അമ്മയുടെ വേക്കിന് പോയി . ഫ്യൂണറല്‍ ഹോമില്‍ മരിച്ചയാളിന്റെ സ്വന്തക്കാര്‍ മുന്നിരയില്‍ ഇരിക്കും. കാണാനെത്തുന്നവര്‍ അവരെ അനുശോചനമറിയിക്കും. മരിച്ചയാളിനെ ഒരുക്കി വിലയേറിയ ശവപ്പെട്ടിയിലാക്കി അവിടെ കാഴ്ചക്കു വച്ചിട്ടുണ്ടാകും. കരച്ചിലില്ല, പിഴിച്ചിലില്ല, അലമുറയില്ല എല്ലാം വളരെ നിശബ്ദം, ഫോര്‍മല്‍. അവിടെ മുന്‍ നിരയില്‍ ഞങ്ങളുടെ സുഹൃത്ത് ഇരിക്കുന്നുണ്ട്. പൊതുവെ പ്രസന്നവതിയും സുന്ദരിയുമായ അവര്‍ , ദു:ഖം കലര്‍ന്ന പുഞ്ചിരിയോടെ , ഒരു പിങ്ക് ബ്ലൗസും കറുത്ത ജാക്കറ്റും കറുത്ത പാവാടയുമിട്ട് കൂടുതല്‍ സുന്ദരിയായി കൈപിടിച്ച് കുലുക്കിയും കെട്ടിപിടിച്ചും എന്റെ ദു:ഖം അറിയിക്കുമ്പോള്‍ മൈക്കിന്റെ പുതിയ സൂട്ട് നോക്കാന്‍ ഞാന്‍ മറന്നില്ല.

ഓഫീസിലെ ഒരു സുഹൃത്തിന്റെ കൂട്ടുകാരിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വേക്ക് നടത്തുന്ന ദിവസം നിശ്ചയിച്ചു. നിങ്ങളുടെ പട്ടണത്തിലെ ഒരു ബ്യൂട്ടിപര്‍ലറിന്റെ പേരു പറയു അവരുടെ തലമുടി സ്റ്റയിന്‍ ചെയ്യണം നഖങ്ങള്‍ നെയില്‍ പോളീഷ് ചെയ്യണം ഒരു കുഴപ്പമുണ്ട് ഞങ്ങളുടെ ടൗണില്‍ ഏതെങ്കിലും ബ്യൂട്ടിപാര്‍ലറില്‍ പോയാല്‍ ആള്‍ക്കാര്‍ അവരെ തിരിച്ചറിയും. കുശുകുശുക്കും. ഓഫീസിലെ സുഹൃത്ത് എന്നോടു പറഞ്ഞു. ഞാന്‍ പേരു പറഞ്ഞു കൊടുത്തു. അവര്‍ പട്ടണത്തിലുള്ള ബ്യൂട്ടി പാര്‍ലറില്‍ പോയിക്കാണും. വളരുന്ന പ്രായത്തിലുള്ള അവരുടെ കുട്ടികള്‍ക്ക് ഫ്യൂണറലിനിടാന്‍ പാകമായ സ്യൂട്ടും പാവാടയും ഉണ്ടായിരുന്നോ എന്തോ? ആത്മഹത്യയല്ലേ ഒന്നും പ്ലാന്‍ ചെയ്യാന്‍ സമയം കിട്ടിക്കാണില്ലല്ലോ!

ഇപ്പോള്‍ വിവാഹങ്ങള്‍ പോലെ മരണാനന്തര ചടങ്ങുകളെക്കുറിച്ചും ചിന്തിക്കേണ്ട അവസരങ്ങള്‍ ഞങ്ങള്‍ക്ക് വരുന്നു. ഞങ്ങള്‍ക്കൊരു സുഹൃത്തുണ്ടായിരുന്നു. മൂത്ത ജേഷ്ഠനേപ്പോലെ അസുഖം മൂര്‍ച്ഛിച്ച് ആശുപതിയില്‍‍ ആണ്, ഏതു നിമിഷവും മരണം സംഭവിക്കാം. ആള്‍ തന്നെ ഡോക്ടര്‍ ആയിരുന്നതിനാല്‍ ജീവിതം നീട്ടേണ്ട എന്നു നിശ്ചയിച്ച ആള്‍. ഡോക്ടേഴ്സ് , സുഹൃത്തിനെ കൈയൊഴിഞ്ഞ സമയം രാത്രി വൈകിയെത്തിയ വേളയില്‍ ഭാര്യ ഞങ്ങളോട് ഒരു ഫ്യൂണറല്‍ ഹോം കണ്ടുപിടിക്കാന്‍ ആവശ്യപ്പെട്ടു. പിറ്റെ ദിവസം രാവിലെ ഫ്യൂണറല്‍ ഹോം ഷോപ്പിങ്ങിന് ഇറങ്ങിയപ്പൊഴാണ് അതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് മനസിലായത് വെട്ടവും വെളിച്ചവും കയറുന്ന വിശാലമായൊരു ഫ്യൂണറല്‍ ഹോം കണ്ടെത്തി. ധാരാളം പാര്‍ക്കിങ്.

ബോഡി ദഹിപ്പിക്കണം ഞങ്ങള്‍ ആവശ്യം ഉന്നയിച്ചു. അതിനുള്ള ഇന്‍സിനറേറ്റര്‍ അടുത്തു തന്നെയുണ്ട് മരിച്ചാല്‍ ഉടന്‍ അവരെ അറിയിക്കണം. അവര്‍ ബോഡി ആശുപത്രിയില്‍ നിന്ന് കൊണ്ടുവരും എന്നിട്ട് എംബാം ചെയ്ത് സൂക്ഷിക്കും. മരണത്തിന് ഇരുപത്തിനാലു മണിക്കൂറിന് ശേഷമേ ദഹിപ്പിക്കു. സംശയാസ്പദമായ സാഹചര്യങ്ങളില്‍ മരിച്ചെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും തോന്നിയാല്‍ അതിനു വേണ്ടിയാണ്. ഡെത്ത് സര്‍ട്ടിഫിക്കറ്റും അവര്‍ ശരിയാക്കിത്തരും. മരിച്ചെന്നുള്ള വാര്‍ത്ത ഫ്യൂണറല്‍ ഹോം പോലെയുള്ള വിശ്വസനീയമായ സ്ഥലങ്ങളില്‍ നിന്ന് വന്നാല്‍ മാത്രമേ പത്രക്കാര്‍ പ്രസിദ്ധീകരിക്കു. 800 ഡോളര്‍ മുതല്‍ 6000 ഡോളര്‍ വരെ വിലയുള്ള ശവപ്പെട്ടികള്‍ കാണിച്ചു, അവരുടെ കാറ്റലോഗും. അവര്‍ പ്രത്യേക ഡീല്‍ തന്നു. അതില്‍ ചിതാഭസ്മം വയ്ക്കുവാനുള്ള ജാര്‍ വരെയുണ്ട് . ദഹിപ്പിക്കുന്നതിനാല്‍ ഡിസ്പോസബിള്‍ കോഫീനുള്ളില്‍ വച്ച് രണ്ടും വേക്കിന്റെ സമയത്ത് ഒരു ഫാന്‍സി കോഫിനുള്ളില്‍ കാഴചക്കാര്‍ക്കായി ഇറക്കി വയ്ക്കും. ഒന്നില്‍ കൂടുതല്‍ ബോഡീസ് ഉണ്ടെങ്കില്‍ വേക്കിന് സൗകര്യമുള്ള ഒന്നില്‍ കൂടുതല്‍ മുറികളുണ്ട്. അവിടെ പൂജ നടത്താനുള്ള സൗകര്യങ്ങളും ചെയ്തു തരും. ഞങ്ങള്‍ക്ക് അവരുടെ നിബന്ധനകള്‍ സമ്മതമായി. കോണ്ട്രാക്ട് എഴുതി കൈകൊടുത്ത് പിരിഞ്ഞു. അന്നു രാത്രി സുഹൃത്ത് മരിച്ചു.

ഇതു ആഘോഷങ്ങളുടെ നാടാണ് എന്തും ആഘോഷിക്കും മദേഴ്സ് ഡെ, സെക്രട്ടറീസ് ഡേ, ഫാദേഴ്സ് ഡേ, ബോസ് ഡേ അങ്ങനെ. കുടിയേറ്റത്തിന്റെ ആദ്യ കാലങ്ങളില്‍ കുട്ടികളുടെ ഒന്നാം പിറന്നാളും രണ്ടാം പിറന്നാളും ആഘോഷിച്ചു. പിന്നെ അത് മധുരപ്പതിനാറിന്റേയും മധുരപ്പതിനേഴിന്റേയും ആഘൊഷങ്ങളായി. അതിനിടയില്‍ ഇരുപത്തിയഞ്ചാം കല്യാണവാര്‍ഷികം വന്നു. ചില കുട്ടികളുടെ വിവാഹം കഴിഞ്ഞു. മറ്റുള്ളവര്‍ വിവാഹാ‍ഘോഷങ്ങളില്‍ പങ്കു ചേര്‍ന്ന് ആഹ്ലാദിച്ചു. കുട്ടികളില്‍ ചിലര്‍ അച്ഛനും അമ്മയും ചൂണ്ടിക്കാണിച്ച ആള്‍ക്കാരെ വിവാഹം ചെയ്തു. അവരെ പേടിച്ചിട്ടാകണം അല്ലെങ്കില്‍ സ്വയം മനസിനിണങ്ങിയവരെ കണ്ടു പിടിക്കാനുള്ള വിഷമം കൊണ്ടാവണം ചിലര്‍ പങ്കാളിയെ സ്വയം കണ്ടു പിടിച്ചു. ചിലര്‍ അച്ഛനും അമ്മയും കണ്ടുപിടിക്കുന്നവരെ വിവാഹം കഴിക്കില്ല എന്ന ശാഠ്യത്തില്‍ എന്നാല്‍ സ്വയം കണ്ടുപിടിക്കാനാവാതെയും വീട്ടുകാരെ വേദനിപ്പിച്ചുകൊണ്ട് കെട്ടാതെ അവരുടെ സ്വാതന്ത്ര്യം ആഘോഷിച്ചുകൊണ്ടു ജീവിച്ചു. ഭൂരിഭാഗം പെണ്‍കുട്ടികളാണ് വാശിയെടുത്ത് നില്‍ക്കുന്നത്. ആണ്‍കുട്ടികള്‍ ചിലരൊക്കെ അച്ഛനും അമ്മയും ചൂണ്ടിക്കാട്ടുന്നവരെ വിവാഹം ചെയ്യും. പരമ്പരാഗത ഭാരതീയ ഭാര്യമാരേപ്പോലെ ഭര്‍ത്താവിനെ ദൈവമായി കാണുമെന്ന പ്രതീക്ഷിച്ചാണോ എന്തോ?

പാരമ്പര്യത്തിനു വിപരീതമായിട്ടുള്ള വിവാഹങ്ങളെ പറ്റി പറയാതെ വയ്യ. സ്വവര്‍ഗാനുരാഗികളുടെ വിവാഹം പല സ്റ്റേറ്റുകളിലും ഇപ്പോള്‍ അനുവദിക്കുന്നു. അമേരിക്കാരുടെയിടയില്‍ പെണ്ണിന് പെണ്ണിനെയും ആണിന് ആണിനേയും കെട്ടിയ പല കേസുകളും കണ്ടു കേട്ടു. വീട്ടുകാര്‍ ഇടപെട്ട് ആര്‍ഭാടമായി നടത്തിയ വിവാഹങ്ങള്‍. ഇന്ത്യാക്കാരുടെ ഇടയിലും സ്വവര്‍ഗാനുരാഗികള്‍ കാണും. പക്ഷെ അവര്‍ പബ്ലിക്കായി വിവാഹം നടത്തിക്കണ്ടിട്ടില്ല ഇതുവരെ. ഇവരെല്ലാം നല്ല മനുഷ്യര്‍. അവര്‍ക്ക് ഇഷ്ടം സ്വവര്‍ഗത്തില്‍ ഉള്ളവരോടാണെന്നു മാത്രം. കാലിഫോര്‍ണിയ എന്ന സ്റ്റേറ്റ് സന്ദര്‍ശിച്ചപ്പോള്‍ പുരുഷന്മാര്‍ തോളത്തു കയ്യിട്ടും സ്ത്രീകള്‍ കൈകോര്‍ത്ത് നടക്കുന്നതും കണ്ടു. ഞാന്‍ വളരുമ്പോള്‍ കേരളത്തില്‍ കണ്ട ഇത്തരം കാഴ്ചകള്‍ എന്റെ പുരികം ചുളുപ്പിച്ചില്ല. അതൊരു നിഷ്കളങ്ക സൗഹൃദത്തിന്റെ ശരീരഭാഷയായിരുന്നു. എന്നാല്‍ ഇത്തരം പെരുമാറ്റം സ്വവരഗാനുരാഗത്തിന്റെ ബാഹ്യപ്രകടനങ്ങളായാണ് ഇവിടുത്തുകാര്‍ കാണുന്നതെന്ന് എനിക്കൊരു പുതിയ അറിവായിരുന്നു.

ഞങ്ങള്‍ താമസിക്കുന്ന ചെറിയ പട്ടണത്തില്‍ ഭൂരിഭാഗവും റിപ്പബ്ലിക്കന്‍ അനുഭാവികളാണ്. ഒബാമ ഇറങ്ങിപ്പോകുന്നത് കാത്തിരിക്കയാണവര്‍. അദ്ദേഹത്തിനെ തെരെഞ്ഞെടുത്തപ്പോള്‍ ആവേശഭരിതരായത് യുവതലമുറയാണ്. ഒരു മാറ്റത്തിനായി കാത്തിരുന്നവരാണ്. ഒബാമ വൈറ്റ് ഹൌസിലെത്തിയപ്പോള്‍ അദ്ദേഹം നാല് വര്‍ഷം അവിടെ തികച്ച് ഇരിക്കില്ല അതിന് മുമ്പ് വെടിയേറ്റ് ചാവും എന്ന് ദേഷ്യത്തോടെ പറഞ്ഞ ഒരു സ്ത്രീയെ ഓര്‍ക്കുന്നു. ഇപ്പോ തോന്നുന്നു അവരോട് പന്തയം കെട്ടണമായിരുന്നെന്ന്.

നാളികേരത്തിന്റെ നാട്ടില്‍ നാഴിയിടങ്ങഴി മണ്ണ് സ്വന്തമാക്കി അതില്‍ ഒരു വീട് പണിയണമെന്ന് ഏതൊരു പ്രവാസിയേയും പോലെ അമേരിക്കന്‍ മലയാളിയും ആഗ്രഹിക്കുന്നു, സ്വപ്നം കാണുന്നു. അതിന്റെ ഫലമായി വൈറ്റ് ഹൗസിനോട് സമാനമായ വീടുകളും ഒരു കായല്‍ത്തിര ഫ്ലാറ്റും വാങ്ങി അത് പൂട്ടിയിടുകയും ഇടക്കിടെ തുറന്ന് മാറാലയടിക്കുവാന്‍ ആളിനെ ഏര്‍പ്പാടാക്കുകയും ചെയ്യുന്നു. മടങ്ങിപ്പോകണമെന്ന് ജീവിതത്തിന്റെ സായന്തനങ്ങളില്‍ വിചാരിച്ചാലും കേരളം, വല്ലപ്പോഴും ഒരിക്കല്‍ പോകുമ്പോഴത്തെ അവധിക്കാല കാഴ്ചകളായിത്തീരുന്ന മക്കളും കൊച്ചുമക്കളും കാന്തശക്തിയോടെ നില്‍ക്കുന്നു. അമേരിക്കയുടെ ഡോളര്‍ക്കാടുകളില്‍ പെട്ടാല്‍ അകപ്പെട്ടതു തന്നെ. പുറത്തേക്കുള്ള വഴി കണ്ടെത്തിയാലും പുറത്തേക്കിറങ്ങാന്‍ അത്ര എളുപ്പമല്ല. ഇവിടെ വന്നു കഴിഞ്ഞാല്‍ എലിപ്പത്തായത്തിനുള്ളില്‍ വീണതുപോലെ ഇവിടെത്തന്നെ ശിഷ്ട ജീവിതം. ഇതെന്റെ തോന്നലുകള്‍ അനുഭവങ്ങള്‍. വേറൊരാളുടെ അനുഭവങ്ങളും തോന്നലുകളും വേറെയാകാം.

Generated from archived content: essay1_sep22_12.html Author: reeni_mambalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here