ലളിതാംബിക അന്തർജ്ജനം പ്രിയപ്പെട്ട മകനേ എന്നു സംബോധന ചെയ്‌ത് അയച്ച കത്തിനെ അനുസ്‌മരിച്ചുകൊണ്ട് തുടങ്ങുന്ന ‘അമ്മയ്‌ക്ക്’ സ്വന്തം അമ്മയെക്കുറിച്ചുളള ഓർമ്മകളാണ്. ‘അമരകോശം’ വരെ പഠിച്ചിട്ടും ഒരിക്കലും കത്തെഴുതിയിട്ടില്ലാത്ത അമ്മയാണ് എം.ടിയുടെ സ്വന്തം അമ്മ. അവർ കത്തുകളെല്ലാം എം.ടിയെ കൊണ്ടാണ് എഴുതിച്ചിരുന്നത്. ഇത് എം.ടിയുടെ എഴുത്തിലേയ്‌ക്കുളള ബാലപാഠങ്ങളായി കാണാം. ലളിതാംബിക അന്തർജ്ജനം അയച്ച കത്ത് നഷ്‌ടപ്പെട്ടു പോയതിലുളള ദുഃഖവും അദ്ദേഹം ഇവിടെ സൂചിപ്പിക്കുന്നുണ്ട്. 1953 ജനുവരിയിൽ ക്യാൻസർ ബാധിതയായി എം.ടിയുടെ അമ്മ മരിക്കുന്നു. അന്നുവരെയും എം.ടിയുടെ എഴുത്തിനെ പറ്റിയോ അവ അച്ചടിച്ചു വരുന്നതിനെപ്പറ്റിയോ അവർ അറിഞ്ഞിരുന്നില്ല. ‘കുമരനെല്ലൂരിലെ കുളങ്ങൾ’ എന്ന ലേഖനത്തിൽ എം.ടി തന്റെ ഹൈസ്‌കൂൾ ജീവിതകാലത്തെക്കുറിച്ചും അന്ന് കുളിച്ച കുളങ്ങൾ വറ്റിയതിനെക്കുറിച്ചും ഓർക്കുകയാണ്.
‘അഭയം തേടുന്ന തുമ്പപ്പൂവിൽ’ തിരുവാതിരയും ഓണവും ഗ്രാമത്തിൽ നിന്നും അപ്രത്യക്ഷമായതിനെ എം.ടി. തിരിച്ചറിയുന്നു. “ഇന്നുമടിയനാര് തന്നോരുവരംകൊണ്ട് ഇന്നുമടിയങ്ങള് തുടികൊട്ടിപ്പാടുന്നേൻ” എന്ന് വിറയ്‌ക്കുന്ന സ്വരത്തിൽ പാടിക്കൊണ്ട് ഓണപ്പാട്ടുകാരുടെ കുടുംബത്തിലെ അവസാന പാട്ടുകാരിയും പേരക്കുട്ടി വീശുന്ന ചൂട്ടിന്റെ വെളിച്ചത്തിൽ ഇരുട്ടിലേയ്‌ക്ക് മറഞ്ഞതിൽ എം.ടി ആകുലനാവുന്നു.
എം.ടിയെ ചെറുപ്പത്തിൽ കഥാലോകത്തിലേക്കു നയിച്ച വാരിയത്ത് കുട്ടിരാമമേനോൻ, കുറച്ചുകൂടി മുതിർന്നപ്പോൾ കഥയുടെ അത്ഭുതലോകത്തിലേക്ക് നയിച്ച വാസുണ്ണി നമ്പ്യാർ, പുരാണകഥകൾ പറഞ്ഞു കൊടുത്ത തറവാട്ടിലെ സ്ഥിരം കിടപ്പുകാരനായ കൂർത്ത വളർപ്പിൽ കുട്ടമ്മാൻ എന്നിവരെക്കുറിച്ച് ഓർക്കുകയാണ് ‘കഥ പറഞ്ഞു തന്നവരിൽ’.
മുന്തിയ തറവാട്ടിൽ പിറന്ന തനിക്ക് ദരിദ്രവിദ്യാർത്ഥികൾക്ക് ഫീസ് പകുതിയായി കുറച്ചു കിട്ടുന്ന പരീക്ഷയെഴുതേണ്ടി വന്നതിനെക്കുറിച്ച് ഓർക്കുന്നു. ദാരിദ്ര്യം ഒരു പാപമായിട്ടല്ല, ശാപമായിട്ടാണ് എം.ടിയ്‌ക്ക് അനുഭവപ്പെട്ടത് (‘വിക്‌ടോറിയയിലെ ഒരു പരീക്ഷ’)
‘നാടകാന്ത്യ’ത്തിൽ പാലക്കാട്ടെ മൂസ്സദ് സഹോദരന്മാർ നടത്തുന്ന ട്യൂട്ടോറിയൽ കോളേജിൽ വാർഷികത്തിന് കെ.ടി.മുഹമ്മദിന്റെ ‘കറവറ്റ പശു’ എന്ന നാടകത്തിലെ കേന്ദ്രകഥാപാത്രമായ ക്ഷയരോഗി പുരുഷുവിന്റെ റോളിൽ അഭിനയിച്ചതിനെക്കുറിച്ച് ഓർക്കുന്നു. ആ അഭിനയത്തിന് അദ്ദേഹത്തിന് കിട്ടിയ ഏറ്റവും വലിയ സർട്ടിഫിക്കറ്റായി എം.ടി. ഓർക്കുന്നത് പേരറിയാത്ത ഒരു പെൺകുട്ടി ചിന്നന്റെ കൈവശം കൊടുത്തുവിട്ട ‘നിങ്ങൾ നാടകം കളിച്ചത് ഞാൻ കണ്ടു. നിങ്ങൾക്ക് ശരിക്കും സൂക്കേട്‌ണ്ടോ? അതോ കളിയിൽ വെറുതെ കാട്ടിയതാണോ?’ എന്ന് എഴുതിയ കടലാസാണ്.
‘പുസ്‌തകങ്ങൾക്ക് പാർക്കാൻ ഒരിട’ത്തിൽ തൃശൂർ നഗരത്തെ സ്‌നേഹിക്കാനുണ്ടായ കാരണം എം.ടി. ഓർക്കുകയാണ്. തൃശൂരിനെ എം.ടി ഓർക്കുന്നത് അക്കാദമികളുടെയോ പൂരക്കാഴ്‌ചകളുടെയോ പേരിലല്ല, മറിച്ച് ഭംഗിയായി അച്ചടിച്ച ‘എന്റെ പുസ്‌തകം കണ്ണാടിക്കൂട്ടിൽ നിന്ന് ലോകത്തെ നോക്കി മന്ദഹസിച്ചത് ആദ്യമായി അവിടത്തെ ഒരു ചെറിയ ബുക്ക് സ്‌റ്റാളിൽ നിന്നായിരുന്നു“ എന്ന കാരണത്താലാണ്. എം.ടി.യുടെ ’നിന്റെ ഓർമ്മയ്‌ക്ക്‘ കറന്റ് ബുക്‌സിലൂടെയാണ് പുറംലോകം കണ്ടത്.
ഓർമ്മയിൽ തങ്ങിനിൽക്കുന്ന അനുഭവങ്ങളെ അതിന്റെ സർവ്വസാധ്യതകളോടും കൂടി തുറന്നെഴുതാൻ എം.ടി.യ്‌ക്ക് കഴിഞ്ഞിരിക്കുന്നു. സംഭാഷണശകലങ്ങളിൽ വളളുവനാടൻ മലയാളത്തിന്റെ ആർജവം അനുഭവപ്പെടുന്നുണ്ട്.
അമ്മയ്‌ക്ക്, എം.ടി. വാസുദേവൻ നായർ, കറന്റ് ബുക്‌സ് തൃശൂർ, വില ഃ 50.00
Generated from archived content: book2_june2.html Author: reeja_v