ജീവിതചക്രം

ഞാന്‍, നിന്നെ പ്രണയിച്ചിരുന്നു…
നീ എന്നേയും….
ജന്മങ്ങളുടെ പൊരുത്തവും പൊരുത്തക്കേടും
ചികഞ്ഞപ്പോള്‍…. കരഞ്ഞു
കരഞ്ഞു കൊണ്ടേ….. വിടപറഞ്ഞു.
പൊരുത്തമന്വേഷിച്ചു വീണ്ടും ജീവിതയാത്ര..

ഇടയ്ക്കെവിടെയോ വച്ചു കണ്ടുമുട്ടുമ്പോള്‍
നീ ഒരു ഭാര്യയായിരുന്നു.
ഞാന്‍ ഒരു ഭര്‍ത്താവും.
അന്നു നമ്മള്‍ പുഞ്ചിരിച്ചു
ഓര്‍മ്മകള്‍ മങ്ങാത്ത ചുണ്ടുകളോടെ….

വീണ്ടും കാണുമ്പോള്‍
നീ ഒരു അമ്മയായിരുന്നു.
ഞാന്‍ ഒരച്ഛനും.
അന്നും നമ്മള്‍ പുഞ്ചിരിച്ചു
പ്രണയം മങ്ങാത്ത ചുണ്ടോടെ…

പിന്നെ കണ്ടുമുട്ടുമ്പോഴേക്കും
നീ വിധവയായിരുന്നു
ഞാന്‍ വിഭാര്യനും
പ്രണയം വറ്റാത്ത ചുണ്ടുകളോടെ ഞാന്‍
ചോദിച്ചു….
പൊരുത്തവും പൊരുത്തക്കേടും നോക്കാതെ-
ഇനിയെങ്കിലും?
നീ പുഞ്ചിരിച്ചു…. നമ്മുടെ കുട്ടികളും…

Generated from archived content: poem1_aug30_11.html Author: reeja_mukundan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here