ക്ഷണിക്കപ്പെട്ട വികൃതി

രണ്ട്‌ പടവലങ്ങയും കയ്യിലേന്തി വീരയോദ്ധാവിന്റെ പ്രൗഢിയോടെ ബദ്ധശത്രുവായ ഇസ്‌മായീലിന്റെ സൈക്കിളിനു പിറകിലിരുന്നായിരുന്നു ഇന്ന്‌ ഓമന മുക്താർ സ്‌കൂളിൽനിന്നും വീട്ടിലെത്തിയത്‌.

വീട്ടിലെത്തി സഹിക്കവയ്യാത്ത വിശപ്പുമായി വരാന്തയിൽ അവൻ ഇരുന്നു. വിശപ്പ്‌ അവനെ ക്രൂദ്ധനാക്കി. നാല്‌ ചാല്‌ അങ്ങോട്ടും ഇങ്ങോട്ടും ധൃതിയിൽ നടന്നു. ഇരുകയ്യിലും പടവലങ്ങയുമേന്തി വിശപ്പ്‌ സഹിക്കവയ്യാതെ പുരയ്‌ക്ക്‌ ചുറ്റും ഓടി നടന്നു. എന്നിട്ടും അരിശം തീരാതെ അവൻ രണ്ട്‌ പടവലങ്ങയും മൂലയിലിട്ടു; ക്രൂദ്ധനായി അവയെ നോക്കിനിന്നു.

രണ്ട്‌

രാവിലെ ഒരു ദുർമരണം നടന്നിരുന്നു. പരേതൻ ഓമനയുടെ അകന്നബന്ധുവാണ്‌. വാർത്തകേട്ട ഉടൻ ഓമനയുടെ മാതാവ്‌ മരണഗേഹത്തിലേക്ക്‌ പോയി. പോകുംമുൻപ്‌ മാതാവ്‌ മകന്‌ പത്ത്‌ രൂപ നൽകിയിരുന്നു. ഉച്ചഭക്ഷണം വാങ്ങിക്കഴിക്കാനായിരുന്നു പണം.

ഇന്ന്‌ വിദ്യാലയം ഉച്ചവരേ ഉണ്ടായിരുന്നുളളൂ. സ്‌കൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾ നട്ട്‌ നനച്ച്‌ കായ്‌ച്ചപടവലങ്ങ കുട്ടികൾക്കായി ലേലം നടത്തുന്നു. ഘഡാ ഘഡിയൻമാരായ രണ്ട്‌ പടവലങ്ങ ലേലവിജയിക്ക്‌ ലഭിക്കും. ലേലത്തിൽ സ്വരൂപിക്കുന്ന പണം ദരിദ്ര വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നാണ്‌ പ്രധാന അധ്യാപകന്റെ അറിയിപ്പ്‌.

ലേലം ആരംഭിച്ചു. ഓമനയ്‌ക്ക്‌ മോഹം- ലേലത്തിൽ പങ്കെടുക്കാൻ. കൂട്ടുകാരെല്ലാം പണം മുടക്കുന്നു. കാശുണ്ട്‌ പക്ഷേ ഉച്ചഭക്ഷണം… വൈകുന്നേരവും ഭക്ഷണം ലഭിക്കില്ല. രാത്രി മാതാവ്‌ വീട്ടിലെത്തിയിട്ട്‌ വേണം ആഹാരം കഴിക്കാൻ. ചിന്ത ഉണർന്നു. കിട്ടിയാൽ പടവലങ്ങ. ഇല്ലേൽ…? മുടക്കുക തന്നെ. അവൻ തീർച്ചപ്പെടുത്തി.

ലേലത്തിന്റെ സസ്‌പെൻസ്‌ ഒഴിവാക്കി ക്ലൈമാക്‌സ്‌ ലളിതമായി വിശദീകരിക്കാം- അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി ഓമന മുക്താറിന്‌ രണ്ട്‌ പടവലങ്ങയും ലേലത്തിൽ ലഭിച്ചിരിക്കുന്നു.

ജയ്‌ജയ്‌ മുഴക്കി വിദ്യാർത്ഥിക്കൂട്ടം ഓമനയെ അഭിനന്ദിച്ചു. അധ്യാപകർ റാങ്ക്‌ വിദ്യാർത്ഥിയെന്നോണം അവനെ പ്രോൽസാഹിപ്പിച്ചു.

ഓർക്കുന്തോറും വിശപ്പും ദേഷ്യവും ഇറക്കം ഇറങ്ങുന്ന ഇസ്‌മായീലിന്റെ സൈക്കിളിനെ അനുകരിച്ച്‌ വേഗത്തിൽ കുതിച്ചുയർന്നു.

‘എടാ ഓമനേ…’ അയലത്തെ വീട്ടിലെ ഗൃഹനാഥ ബീവാത്തുമ്മാടെ ശബ്‌ദം. അഞ്ച്‌ രൂപ നൽകി നാഥ കൽപ്പിച്ചു.

‘അരകിലോ മത്തങ്ങ വാങ്ങിവാ പൊന്നാരക്കട്ടേ.’

നന്ദി ! തമ്പുരാനേ നന്ദി !

ദൈവത്തോട്‌ നന്ദി പറഞ്ഞ്‌ ഓമന ഝടിതിയിൽ ചായക്കടയിലേക്ക്‌ ഓടി. ഒരു ചായയും രണ്ട്‌ പരിപ്പ്‌ വടയും അകത്താക്കി. വീട്ടിലേക്ക്‌ ചെന്ന്‌, രണ്ട്‌ പടവലങ്ങയും നുറുക്കി മത്തങ്ങ പരുവത്തിലാക്കി പൊതിഞ്ഞ്‌ നാഥയുടെ കയ്യിൽ ഏൽപ്പിച്ച്‌, ഓമന മുക്താൻ കളിക്കളത്തിലേക്ക്‌ ഓടി.

Generated from archived content: story_kshnikkappetta.html Author: rayees_rs

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here