ഉമ്മുക്ക നാലാമത്തെ പ്രാവശ്യമാണ് തലകറങ്ങി വീഴുന്നത്. ബോധം തെളിഞ്ഞപ്പോൾ – എന്താണ് തലകറങ്ങാൻ കാരണം. കൂടെ കൂടെ സംഭവിക്കുന്നുണ്ടല്ലോ എന്നെല്ലാം ബന്ധുക്കൾ അയാളോട് അന്വേഷിച്ചു. ഡോക്‌ടറെ കാണാൻ പറഞ്ഞിട്ട് അയാൾ സമ്മതിച്ചില്ല. പെണ്ണുകെട്ടിയിട്ടില്ലാത്ത ഉമ്മുക്ക വലിയ പിടിവാശിക്കാരനാണ്. തലകറക്കത്തിന്റെ നിജസ്‌ഥിതി അറിയാവുന്നവർ ഉമ്മുക്കയെ ഡോക്‌ടറുടെ അടുത്തേയ്‌ക്കു ഉന്തിതള്ളില്ല. സത്യാവസ്‌ഥ ബന്ധുക്കളെ അറിയിക്കാൻ ദുരഭിമാനം വിലക്കി.
ഒന്നൂടെ മൂപ്പനെ രഹസ്യമായി കണ്ടുകളയാം. ആരെയന്നല്ലേ – അത്ഭുത സിദ്ധിയുള്ള ശൈഖ് അബ്‌ദുള്ള തങ്ങളെ!
തങ്ങൾക്കു വെള്ളിയാഴ്‌ച അവധി ദിവസമാണ്. വെളുപ്പിന് എണീറ്റ് കുളിച്ച് സുബഹ്‌നമസ്‌കരിക്കും. പിന്നെ നാസ്‌ത വരെ ഖുർആൻ പാരായണം. ശേഷം ഭാര്യയും മക്കളും പേരക്കുട്ടികളുമായി നേരംമ്പോക്കുമായി കൂടും. ഉച്ചയ്‌ക്കും ജുമുഅ. എന്നിട്ടു ചെമ്മീൻ ബിരിയാണി സാപ്പിട്ടു സുഖ നിദ്ര.
അങ്ങനെയുള്ള ഒരു വെള്ളിയാഴ്‌ചയാണ് തങ്ങളുടെ വീട്ടിൽ ഉമ്മുക്ക ചെന്നത്.
തങ്ങൾ വരാന്തയിൽ പേരക്കുട്ടിയുമായി ആന കളിക്കുകയായിരുന്നു.
ഉമ്മുക്കയെ കണ്ട് നീരസത്തോടെ തങ്ങൾ മുഖം കറുപ്പിച്ചു. ഇന്നെന്തിനാ ഹംക്കേ വന്നത് എന്ന മട്ടിൽ!
വെള്ളിയാഴ്‌ച തങ്ങളുടെ സിദ്ധികൾ ഫലവത്താകില്ലെന്ന് ഒരു ശ്രുതിയുണ്ട്. പാവം ഉമ്മുക്ക അതു കേട്ടിട്ടുണ്ടോ, ആവോ. പേരക്കുട്ടിയെ നിലത്തു നിർത്തി തങ്ങൾ ഉമ്മുക്കയെ കടുപ്പിച്ച് ഒന്നു നോക്കി.
എന്തും നേരിടാൻ തയ്യാറായിട്ടാണ് ഉമ്മുക്ക വന്നിട്ടുള്ളത്. അയാൾ തങ്ങളോടു ദയനീയമായി പറഞ്ഞു. “വീണ്ടും കണ്ടു തങ്ങളേ, തലകറക്കവുമുണ്ടായി രക്ഷിക്കണം.”
ഉമ്മുക്കയെ അടുത്തു വിളിച്ച് പേരക്കുട്ടി കേൾക്കാതെ രഹസ്യമായി തങ്ങൾ പറഞ്ഞു. “നിന്നെ ശല്യപ്പെടുത്തുന്നത് ഒരു ജിന്നാണ്. അവനെ ഒരു കുപ്പിയിൽ ബന്ധനസ്‌ഥനാക്കി വെച്ചിട്ടുണ്ട് ഞാൻ! നീ കുപ്പി പള്ളിക്കാട്ടിൽ ആരുമറിയാതെ കുഴിച്ചിടണം.
കുപ്പിയുടെ ഉൾഭാഗം കടലാസ് ഒട്ടിച്ച് മറച്ചിരിക്കുകയാണ്. മൂടിതുറന്നാൽ ജിന്ന് രക്ഷപ്പെടും. ഒരു കാരണവശാലും തുറക്കരുതെന്നാണ് തങ്ങളുടെ കല്‌പന!.
പകൽ പള്ളിക്കാട്ടിൽ കുപ്പി കുഴിച്ചിടുന്നതു ബുദ്ധിയല്ല. രാത്രിയാവട്ടെ. അല്ലാഹുവേ! സൂര്യനെ ഒന്നു വേഗം അസ്‌തമിപ്പിക്ക്!
പ്രാർത്ഥന ഫലിച്ചെന്നു തോന്നുന്നു. പതിവിലും നേരത്തെ ഇരുട്ടു പരന്നു!
പള്ളിക്കാട്ടിലൂടെ കുപ്പി ഭദ്രമായി പിടിച്ച് വെച്ചടിവെച്ചടി മുന്നോട്ടു നടന്നു. ആളനക്കമില്ലാത്ത ഒരു മൂലയിൽ കുഴിയുണ്ടാക്കി എന്നിട്ടു കുപ്പി കുഴിയിൽ വെച്ചു മണ്ണിട്ടു മൂടി.
ഉമ്മുക്ക ആശ്വാസത്തോടെ വീട്ടിലേക്കു നടന്നു. വഴി മദ്ധ്യേ അയാൾക്കു ബോധക്ഷയം വന്നു. നന്മയുള്ള കുറെപേർ അയാളെ താങ്ങിയെടുത്തു ആശുപത്രിയിൽ എത്തിച്ചു.
ചികിത്സകഴിഞ്ഞ് രോഗം സുഖപ്പെട്ടപ്പോൾ മണ്ണുമാന്തി കുപ്പി പുറത്തെടുത്തു അയാൾ. വളരെ പ്രയാസപ്പെട്ട് കുപ്പിയുടെ മൂടി വലിച്ചുതുറന്നു. ഉള്ളിൽ എന്തോ വെള്ളമാണ് മണത്തപ്പോൾ അസ്സൽ ചാരായം.!
Generated from archived content: story1_mar9_10.html Author: rayees_rs