സുഗന്ധിയുടെ മനസ്സ്‌

ചുവന്ന വണ്ടിയുടെ ഹോണടി ഇപ്പോഴും എന്റെ നെഞ്ചിനകത്ത്‌ ഇടിമിന്നലിന്റെ പ്രകമ്പനമുണ്ടാക്കുന്നു. ആ ഉച്ച സമയത്ത്‌ ഒരു തുള്ളി വെള്ളത്തിനു വേണ്ടി വേഴാമ്പലിനെ പോലെ ഞങ്ങൾ കാത്തിരിക്കുമ്പോഴും ഡ്രൈവർ സൂക്ഷ്‌മതയോടെ വണ്ടി ഓടിക്കുകയായിരുന്നു. എന്നിട്ടും ലക്കും ലഗാനുമില്ലാതെ അവർ വന്നു കയറി. എറണാകുളം മറൈൻ ഡ്രൈവിൽ വച്ചുണ്ടായിട്ടും അവർ നിർത്താതെ പോയി. കൂട്ടക്കരച്ചിൽ പൊങ്ങി. ചോരപ്പുഴ ഒഴുകി. ആരും തിരിഞ്ഞുനോക്കാനില്ലായിരുന്നു. പലരും മരണ വെപ്രാളത്തോടെ പിടഞ്ഞു. അവിടേയും ഓടിയെത്തിയത്‌ കുറച്ച്‌ മാംസദാഹികൾ മാത്രം. രക്ഷാപ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. അന്ന്‌ എന്റെ രക്ഷകനായി എത്തിയത്‌ നന്ദേട്ടനായിരുന്നു. ആ നെഞ്ചിലെ ചൂടും വാക്കുകളിലെ മാധുര്യവും സാന്ത്വനവും ഞാൻ നുകർന്നു. കുഞ്ഞുപ്പിള്ളേരുടെ കളിപ്പാട്ടമാണ്‌ നഗരത്തിലോടുന്ന ചുവന്ന വണ്ടികൾ. സീബ്രാക്രോസിംങ്ങിനെക്കുറിച്ചൊക്കെ ആ കെഴങ്ങമ്മാർക്ക്‌ എന്തറിയാം? അല്ലെങ്കിലും ആരാണിവിടെ ഞങ്ങളോട്‌ ചോദിക്കാനെന്നാണവരുടെ ഭാവം?

എനിക്കിപ്പോഴും ജീവിതത്തിൽ വലിയ പ്രതീക്ഷകളൊന്നും തന്നെയില്ല. കാത്തിരിക്കാൻ ഒരാളുണ്ടായിട്ടുതന്നെ കുറച്ചുകാലമേ ആയുള്ളു. ജീവിതത്തിന്റെ ഓരോ നിമിഷവും കടന്നു പോകുന്നത്‌ നെഞ്ചിടിപ്പോടെയാണ്‌. ഉള്ളുരുകി പ്രാർത്ഥിക്കുന്നുണ്ട്‌ എല്ലാവർക്കും വേണ്ടി. പക്ഷേ എനിക്കും നന്ദേട്ടനും ഒന്നു രക്ഷപ്പെടാനായിരുന്നെങ്കിൽ…. സഹായത്തിന്റെ കൈവെട്ടവുമായി ഏതെങ്കിലും ഒരു നല്ല മനുഷ്യൻ ദൈവത്തിന്റെ ദൂതനായി ഒന്നു പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ.

“സുഗന്ധി… നമുക്ക്‌ ജീവിക്കാൻ സാധിക്കുമോ?”

“പറ്റും നന്ദേട്ടാ…. ന്റെ മനസ്സുപറയണു. നമ്മൾ അത്രമാത്രം തെറ്റൊന്നും ചെയ്‌തിട്ടില്ല. നമ്മുടെ പ്രണയം ദൈവം തിരിച്ചറിയും നന്ദേട്ടാ”

“നിന്റെ സ്വാന്തനം എനിക്കാവേശമാണ്‌ സുഗന്ധി. എങ്കിലും….. അടുത്ത നിമിഷത്തെക്കുറിച്ച്‌ നമുക്കൊന്നും പറയാൻ പറ്റില്ലല്ലോ. ഒരു ചൂണ്ടു വിരൽ പതിഞ്ഞാൽ മതി എല്ലാം തീർന്നു വെള്ളത്തിലെ കുമിളപോലെ… നാളെ ഞായറാഴ്‌ചയാണ്‌. എന്റെ ഹൃദയം പൊട്ടുകയാണ്‌.”

“ഇത്‌ ജീവിതമാണ്‌ നന്ദേട്ടാ നേരിടണം. തളരരുത്‌. ഇങ്ങനെ വിങ്ങരുത്‌. ആ വിങ്ങൽ എനിക്ക്‌ താങ്ങാനാവില്ല്യ….”

ഞാനൊരു അനാഥയാണ്‌ നന്ദേട്ടനും. ഞങ്ങളുടെ പ്രണയത്തിന്റെ തിരയിളക്കം ഒരിക്കൽ പൊട്ടി വീണു. അതുകൊണ്ട്‌ ജീവിതത്തിന്‌ ഒരർത്ഥം വന്നതായി തോന്നി. നന്ദേട്ടന്റെ കുട്ടികളെ എനിക്ക്‌ വളർത്തണം. നന്ദേട്ടൻ നല്ലവനാണ്‌. ഒരു ദുഃസ്വഭാവങ്ങളും ഇല്ലാത്തവൻ. അതെന്റെ ഭാഗ്യമാണ്‌.

മറ്റുള്ളവന്റെ ആഗ്രഹങ്ങൾക്കും ആഘോഷങ്ങൾക്കും വേണ്ടി സ്വയം ഹോമിക്കാനുള്ള ജീവിതം. കഴിഞ്ഞ രാത്രി ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. നന്ദേട്ടന്റെ ചുമലിൽ ചാരി ഒന്നു മയങ്ങിയിരുന്നു. അപ്പോഴക്കും പുലരിയെ വിളിച്ചോതുന്ന ചുവന്ന വണ്ടിയുടെ ഹോണടി കേട്ടാണ്‌ ഞെട്ടിയുണർന്നത്‌. റോഡിലൂടെ പായുന്ന വണ്ടിയെ അവൾ എത്തിനോക്കിയിരുന്നു.

“നന്ദേട്ടാ…. ന്റെ മനസ്‌ പെടയണു. ഇന്ന്‌… ഞായറാഴ്‌ച്ചയല്ലേ?”

“നീ ഭയക്കാതെ സുഗന്ധി….., നന്നായി പ്രാർത്ഥിക്ക്‌… നീ എന്റെ ഒപ്പം നിന്നോ.”

“പോകുന്നെങ്കിൽ നമുക്ക്‌ ഒന്നിച്ചു പോവാൻ കഴിഞ്ഞിരുന്നെങ്കിൽ… ഞാൻ നന്ദേട്ടന്റെ പൊറകിൽ പറ്റി ചേർന്ന്‌ നിൽക്കണണ്ട്‌.”

“എന്നെ ആദ്യം ചൂണ്ടിക്കോട്ടെ…. നിന്നെ ചൂണ്ടണത്‌ എനിക്കിഷ്‌ടമല്ല….‘ ഇടറുന്ന സ്വരത്തോടെ അവൻ പറഞ്ഞു.

”ഈ ലോകം എത്ര സുന്ദരമാണ്‌ നന്ദേട്ടാ… നിക്ക്‌ ജീവിക്കാൻ കൊതി തോന്നണു….“

”നിക്കും…… എടി ഞാൻ നിന്നെ ഒന്ന്‌ ചുംബിച്ചോട്ടെ…. ഇനി…..“

അവൾ പൊട്ടികരഞ്ഞപ്പോൾ നന്ദനിൽ ചൂണ്ടുവിരൽ പതിഞ്ഞു. അവൻ ഉറക്കെ കരഞ്ഞു. പഴയ കൂട്ടുകാരൻ അശോകന്റെ മരണവെപ്രാളം മനസ്സിൽ നിറഞ്ഞപ്പോൾ നന്ദൻ അലമുറയിട്ടു കരഞ്ഞു.

പഴയ കൂട്ടുകാരൻ അശോകന്റെ മരണവെപ്രാളം മനസ്സിൽ നിറഞ്ഞപ്പോൾ നന്ദൻ അലമുറയിട്ടു കരഞ്ഞു……. അവളുടെ കരച്ചിൽ അവിടെ പടർന്ന്‌ പിടിച്ചു. ഒരു നിമിത്തം പോലെ അവളെയും നന്ദനോടൊപ്പം പിടിച്ചു….

”മൂന്നര കിലോ വരും ചേട്ടാ“

”ങാ ഇത്‌ മൊട്ടയിടില്ലേ….“

”ങാ.. മൊട്ടയിടും ഒന്നു പൂവനാട്ടോ“

”ങാ കൊഴപ്പോല്ല്യാ…. ഒരു ഇണ വേണ്ടേ…..ന്റെ മോക്ക്‌ വളർത്താനാ“

”ങാ എങ്കി ആയിക്കോട്ടെ“

”ഈ സഞ്ചിയിലേക്ക്‌ ഇട്ടേക്ക്‌…“

അവൻ അവളെ മുറുകെ കെട്ടിപ്പുണർന്നു. അവരുടെ കണ്ണുനീർ ഒന്നായി പ്രണയത്തിന്റെ പുതിയൊരു വസന്ത കാലം അവിടെ ഉയിർകൊള്ളുകയായിരുന്നു.

അതിർത്തികളില്ലാത്ത സ്‌നേഹത്തിന്റെ ഒത്തുചേരൽ……

Generated from archived content: story1_juy7_10.html Author: rayamangalam_jayakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here