അന്നസംബന്ധിയായ പഴഞ്ചൊല്ലുകളും പാരമ്പര്യവിശ്വാസങ്ങളും ഏറെയുണ്ട്. ഭക്ഷണപാനീയങ്ങൾ, പാചകം, അടുക്കള, ധാന്യങ്ങൾ എന്നിങ്ങനെ അന്നവുമായി ബന്ധപ്പെട്ട പദാർത്‌ഥങ്ങളും പരിസരങ്ങളും മാത്രമല്ല പിറന്നാൾ, ചോറൂണ്, ഗ്രഹണം തുടങ്ങിയ സവിശേഷ സന്ദർഭങ്ങളും ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചുളള സങ്കല്പങ്ങളും ഇവയിൽ നിറഞ്ഞു നില്‌ക്കുന്നു. അന്നത്തിന് മറ്റെന്തിനേക്കാളുമേറെ പവിത്രതയും ശുദ്ധിയും കല്പിക്കുന്നതായി കാണാം. തലമുറകളുടെ അനുഭവപാഠങ്ങളാണ് പഴഞ്ചൊല്ലുകളിലും വിശ്വാസങ്ങളിലുമുളളത്. അതുകൊണ്ട് അവയെ അന്ധവിശ്വാസങ്ങളെന്നു കരുതി തളളിക്കളയാവുന്നതല്ല.
പഴഞ്ചൊല്ലുകൾ ഃ കല്ലാടും മുറ്റത്ത് നെല്ലാടില്ല, നൂറു (ചുണ്ണാമ്പ്) മുട്ടിയാൽ അന്നവും മുട്ടും, ഒറ്റച്ചുഴിയൻ ഓടിയുണ്ണും ; ഇരട്ടച്ചുഴിയൻ ഇരുന്നുണ്ണും ; മുച്ചുഴിയൻ മുടിഞ്ഞുപോകും, ചോതിപ്പെണ്ണ് അയലത്തുണ്ടൈങ്കിൽ ചോറ്റുംകുട്ട പുറത്ത്, ആൺമൂലം അമൃതൂട്ടും, ഉണ്ടുകഴിഞ്ഞ് ഉടനെ കുളിക്കരുത്, കർക്കടകം ഒന്നിന് കുന്നിക്കുരുവോളം അരിമാവു തിന്നാൽ പന്നിക്കുട്ടിയോളം കരുത്തുവയ്‌ക്കും, അരിയും ഉപ്പും കൈയിൽ കൊടുക്കരുത്, ചാണകം ചവിട്ടിയാൽ മധുരം തിന്നാം, മഞ്ഞക്കിളിയെ കണ്ടാൽ മധുരം തിന്നാം, കൊത്തിക്കൊത്തി മുറത്തിൽ കേറി കൊത്തുക.
പാരമ്പര്യവിശ്വാസങ്ങൾ
അരി ഃ അരികൊണ്ടുകളിച്ചാൽ വീട്ടിൽ ആഹാരത്തിനു മുട്ടുണ്ടാകും, അരി കൊണ്ടു പോകേണ്ടിടത്തു (ദരിദ്രഗൃഹത്തിന്) നിന്നു ബന്ധുത്വം പാടില്ല, ധർമ്മക്കാരന് അരി കൈയിൽ കൊടുക്കരുത്.
നെല്ല് ഃ നെല്ലളന്നു പാതം കൊടുക്കുമ്പോൾ അളന്നു കൊടുത്തതിൽനിന്നു കുറച്ചുമണികൾ തിരികെയിടണം, നെല്ലും അതിടാനുളള പാത്രവും ഒരിടത്തുനിന്നു കൊണ്ടുപോകരുത്.
അടുക്കള ഃ വീടിന്റെ കിഴക്കുഭാഗത്തായിരിക്കണം അടുക്കള, ദിവസവും രാവിലെ കുളിച്ചിട്ടേ അടുക്കളയിൽ കയറാവൂ, ദിവസവും രാത്രി അടുക്കളവൃത്തിയായി കഴുകിയിട്ടേ ഉറങ്ങാൻ പോകാവൂ അല്ലെങ്കിൽ വീട്ടിൽ നിന്ന് ഐശ്വര്യം പൊയ്‌പോകും, അന്യരെ മറ്റു ഗൃഹഭാഗങ്ങളിൽ പ്രവേശിപ്പിച്ചാലും അടുക്കളയിൽ കയറ്റരുത്., രജസ്വലകളും അശുദ്ധിയുളളവരും അടുക്കളയിൽ കയറരുത്, അമ്മിയിലോ ആട്ടുകല്ലിലോ ഇരിക്കുകയോ ചവിട്ടുകയോ ചെയ്യരുത്, അമ്മിയും തീയും തമ്മിൽ കാണരുത്.
പാചകം ഃ മധുരപദാർത്‌ഥങ്ങൾ പാകം ചെയ്യുമ്പോൾ പ്രാണികൾ അതിൽ പെട്ടു ചാകുന്നത് ദുർനിമിത്തമാണ്, രാത്രിയിൽ അരയ്‌ക്കരുത്, അരയ്‌ക്കുമ്പോൾ അമ്മിയിൽനിന്നു നാളികേരമെടുത്തുത്തിന്നാൽ കല്യാണത്തിനു മഴപെയ്യും, ചിരണ്ടുമ്പോൾ ചിരവയിൽനിന്നു നാളികേരമെടുത്തു തിന്നാൽ കല്യാണത്തിനു മഴപെയ്യും, പാൽ തിളപ്പിക്കുമ്പോൾ നുരച്ചുപൊന്തുന്നിടത്ത് മഹാലക്ഷ്മിയുടെ സാന്നിദ്ധ്യമുണ്ടാകും, ആഹാരം പാകംചെയ്യുമ്പോൾ സ്വാദുനോക്കിയാൽ കല്യാണത്തിനു മഴപെയ്യും, അപ്പം മുതലായവ ഉണ്ടാക്കുമ്പോൾ ആവശ്യത്തിൽ കവിഞ്ഞു പൊളളയ്‌ക്കുകയാണെങ്കിൽ ആരോവല്ലാതെ വിശന്നിരിക്കുന്നുവെന്ന് തീരുമാനിക്കാം.
ആഹാരം ഃ സന്ധ്യയ്‌ക്ക് ആഹാരം കഴിക്കാൻപാടില്ല, മരിച്ച വീട്ടിൽനിന്ന് ഒന്നും കഴിയ്‌ക്കരുത്, യാത്ര കഴിഞ്ഞു ക്ഷീണിച്ചുവന്നാൽ ഉടനേ ആഹാരം കഴിക്കരുത്, ഒരിയ്‌ക്കലിന് ഒരുപ്രാവിശ്യമേ ഉണ്ണാവൂ, ഏകാദശിക്ക് അന്നാഹാരം പാടില്ല, ആഹാരം കൊടുത്തശേഷം കുട്ടികളുടെ കണ്ണെഴുതിയ്‌ക്കരുത്, ഉരുള എണ്ണരുത് (അന്നം മുട്ടും), വ്രതമനുഷ്‌ഠിക്കുന്നവർ ഉഴുന്നുചേർത്ത വിഭവങ്ങൾ കഴിയ്‌ക്കരുത് ; ഉപ്പിലിട്ടതും ചുവന്നുളളിയും കപ്പൽമുളകും ഉപയോഗിക്കരുത്, ശുദ്ധം മാറിയിരിക്കുമ്പോൾ ഭക്ഷണം കഴിച്ചാൽ പതിത്വമുണ്ടാകും, ഉണ്ണുംമുമ്പ് രണ്ടുവറ്റ് ഭൂമിദേവിയ്‌ക്കുകൊടുക്കണം, ഉണ്ണുംമുമ്പ് വെളളമെടുത്ത് ചോറിനുമുകളിൽ വട്ടത്തിൽ കറക്കി ഒഴിക്കണം, അന്യഗൃഹങ്ങളിലെ ചോറുണ്ണുന്നത് ആഭിജാത്യത്തിനുകുറവാണ്, വിശിഷ്‌ട ആഹാരപദാർത്‌ഥങ്ങൾ ഉണ്ടാക്കുമ്പോൾ കഴിക്കുന്നതിനുമുമ്പ് അല്‌പം നുളളിയെടുത്ത് പുറത്തേയ്‌ക്കെറിയണം (അടുപ്പിലിടണം), മറ്റൊരുത്തൻ നോക്കിയിരിക്കുമ്പോൾ ആഹാരം കഴിക്കുന്നവന് വയറ്റിൽ വേദന പിടിപെടും, ഞായറാഴ്‌ച നെല്ലിക്ക ഉപ്പിലിട്ടത് കൂട്ടരുത്, ഗർഭിണി ഇരട്ടപ്പഴം തിന്നാൽ ഇരട്ട പ്രസവിക്കും, ഗർഭിണി ഓമയ്‌ക്ക തിന്നരുത്, വാവുനാളിൽ ഊണു പാടില്ല, രജസ്വലകൾ അല്‌പാഹാരംകഴിച്ച് തറയിൽ ശയിക്കണം; മൂന്നാം ദിവസം ഉപവാസമനുഷ്‌ഠിക്കണം ; നാലാംദിവസം കുളികഴിഞ്ഞ് ഭർത്താവിനേയോ കുട്ടികളേയോ കാണുന്നതിനു മുൻപ് എന്തെങ്കിലും കഴിക്കണം, രോഗവിവരം പറയാൻ ചെല്ലുമ്പോൾ വൈദ്യർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ദുർനിമിത്തം.
അത്താഴം ഃ അത്താഴം വയറു നിറയെ കഴിയ്‌ക്കരുത്, ചൊവ്വാഴ്‌ചയും വെളളിയാഴ്‌ചയും അത്താഴപ്പട്ടിണി കിടക്കരുത്, ഈ ദിവസങ്ങളിൽ അത്താഴത്തിനു കഞ്ഞിപാടില്ല, വാവു നാളുകളിൽ രാത്രി ഊണുപാടില്ല, വ്രതദിവസങ്ങളിൽ രാത്രി ഊണുകഴിക്കരുത്, അത്താഴംകഴിഞ്ഞ് ഒന്നും ആലോചിച്ചു നിശ്ചയിക്കരുത്.
ഗോരസം ഃ പശുവിന്റെ പ്രസവം കഴിഞ്ഞ് പത്തുദിവസത്തിനു ശേഷമേ പാൽ ഉപയോഗിക്കാവൂ, വെറ്റില മുറുക്കി വായിലിട്ടുകൊണ്ട് പശുവിനെ കറക്കുകയോ തൈരു കലക്കുകയോ ചെയ്യരുത്, കറന്നെടുക്കുന്ന പാലിന്റെ അളവ് അന്യർ കണ്ടാൽ കണ്ണേറുതട്ടും, ശ്രാദ്ധാദി കർമ്മങ്ങൾ വ്രതാനുഷ്‌ഠാനങ്ങൾ എന്നിവയ്‌ക്ക് ഗോരസം കൂട്ടി ഊണുകഴിക്കണം, തൈരുകൂട്ടി ഉണ്ണുന്നതായി കണ്ടാൽ മരണ സൂചകം, പാൽ കൈയിൽനിന്നു താഴെ പോകുന്നത് ദുർനിമിത്തം.
എച്ചിൽ ഃ എച്ചിലിൽ കാൽ കുത്തരുത്, എച്ചിലും വറ്റും തൊട്ടാൽ കൈ നനയ്‌ക്കണം, എച്ചിൽവായിൽ പുസ്‌തകം വായിച്ചാൽ രണ്ടാം കെട്ടേ നടക്കൂ, ഊണു കഴിച്ചേടത്ത് തളിക്കുംമുമ്പ് ചവിട്ടിയാൽ അശുദ്ധിയുണ്ട്.
കൊതി ഃ ആഹാരമുണ്ടാക്കുമ്പോഴും കഴിയ്‌ക്കുമ്പോഴും കൊതി കിട്ടാതെ നോക്കണം, ഭിക്ഷക്കാരുടെ മുന്നിൽവച്ച് കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുത്താൽ കൊതികിട്ടും, നുറുക്കാത്ത വലിയ കഷ്‌ണം; തോടുടയ്‌ക്കാത്ത നാളികേരക്കഷ്‌ണം; തൊണ്ടുകളയാത്ത ഫലവർഗ്ഗങ്ങൾ തുടങ്ങിയവ ആഹാരത്തിൽ കിട്ടുന്നത് കൊതിയൻമാർക്കാണ്, ആഹാരം കഴിക്കുന്നിടത്ത് നോക്കിക്കൊണ്ടിരുന്നാൽ കൊതി കിട്ടുകയും ദഹനക്കേടുണ്ടാകുകയും ചെയ്യും, ശിശു മുലകുടിയ്‌ക്കുന്നില്ലെങ്കിൽ അല്‌പം മുലപ്പാൽ കറന്നുകളയണം -കൊതി മാറ്റാൻ, ശിശുക്കൾക്കു രോഗംവന്നാൽ കൊതിയ്‌ക്കൂതിക്കളയണം.
പിറന്നാൾ ഃ പിറന്നാൾ ദിവസം കുളിക്കാതെ ഊണുകഴിക്കരുത്, പിറന്നാൾ സദ്യ ആദ്യം പിറന്നാൾക്കാരന് നൽകണം, പിറന്നാൾ സദ്യ വിളമ്പുമ്പോൾ മതിയെന്നു പറയരുത്, ഊണുകഴിഞ്ഞ് ഇലയിൽ ശേഷിപ്പു വയ്‌ക്കണം, മുമ്പിൽ നിലവിളക്കുകൊളുത്തിവച്ച് ഒരിലയിൽ ചോറും കറികളും വിളമ്പിയിട്ടുവേണം പിറന്നാൾ സദ്യയുണ്ണാൻ.
ഗ്രഹണം ഃ ഗ്രഹണസമയത്ത് ആഹാരം കഴിക്കരുത്, ഗ്രഹണസമയത്ത് പാചകസാധനങ്ങളിൽ കരിക്കട്ടയും തുളസിയിലയും ഇട്ടുവയ്‌ക്കണം (അശുദ്ധി പോകാൻ), ഗ്രഹണസമയത്തുണ്ടാക്കിയ ആഹാരം പിന്നീടുപയോഗിക്കരുത്.
ചോറൂണ് ഃ ചോറൂണു കഴിയാത്ത കുട്ടികൾക്ക് ആഭരണം പാടില്ല, ചോറൂണു കഴിഞ്ഞേ കുട്ടികളെ അമ്പലത്തിൽ കോണ്ടുപോകാവൂ, കുട്ടിയുടെ ചോറൂണ് കഴിയാത്ത മാതാവ് അമ്പലത്തിൽ പോകരുത്, ചോറൂണു കഴിയാത്ത കുട്ടികൾക്ക് ഉപ്പും അന്നവും ചേർന്ന ആഹാരം കൊടുക്കരുത്.
Generated from archived content: essay1_june8.html Author: ravichandran_kp