ചോറ്‌തരാം, ആ തലച്ചോറ് പകരം തന്നാൽ മതി
ഞാൻ ഏറെ കൗതുകത്തോടെ കണ്ടിരുന്ന വ്യക്തിയായിരുന്നു ഇ.എം.എസ്. രാഷ്‌ട്രീയചാര്യൻ എന്ന നിലയിലും പത്രപ്രവർത്തകൻ എന്ന നിലയിലുമൊക്കെ മനസിലാക്കാനും ഇടയ്‌ക്കൊക്കെ നേരിട്ട് സംസാരിക്കാനും ചില യാത്രകൾക്ക് കൂടെ പോകാനും എനിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാനൊരു കഥ ഓർമിച്ചിരുന്നു.
ഇ.എം.എസ്. പണ്ട് ഏതോ ഒരു സദ്യയിൽ പങ്കെടുക്കുന്നു. സദ്യക്ക് വിളമ്പുകാരൻ പഴയ സോഷ്യലിസ്‌റ്റും പത്രപ്രവർത്തകനുമായിരുന്ന ആർ.എം. മനക്കലാത്താണ്. ഇലയിലെ ചോറ് തീർന്നപ്പോൾ മനക്കലത്തിനോട് അല്‌പം കൂടി ചോറാകാമന്ന് ഇ.എം.എസ്, ഉടനെ ചോറ് വിളമ്പികൊണ്ട് മനക്കലാത്ത് “അണ്ടക്ക് ഇഷ്‌ടം പോലെ ചോറ് തരാം. ആ തലച്ചോറ് എനിക്ക് തന്നാൽ മതി” എന്നു പറഞ്ഞുവത്രെ. ശരിയാണത്, ആ തലച്ചോറിനും തലക്കും വിലപറഞ്ഞവർ (ഒളിവിലിരിക്കുന്ന ഇ.എം.എസി.നെ പിടിച്ചുകൊടുക്കുന്നവർക്ക് പോലീസ് സമ്മാനം വാഗ്‌ദാനം ചെയ്‌തിരുന്നു) ധാരാളം.
ഓർമ്മശക്തിയായിരുന്നു ഇ.എം.എസിന്റെ ധനം. ഒരിക്കൽ ഒരാളുമായി പരിചയപ്പെട്ടാൽ വർഷങ്ങൾ കഴിഞ്ഞു കാണുമ്പോൾ പേര് ഓർമിച്ചുപറയും. വായിച്ച പുസ്‌തകത്തിന്റെ കാര്യവും ഇതുതന്നെ. ആലോചിച്ചേ പറയൂ. പറയുന്നതിൽ ഒരു പുതുമ കാണും. അത് വിവാദം ഉണ്ടാക്കുകയും ചെയ്യും.
പത്രലേഖകർക്ക് വളക്കാൻ കഴിയാത്ത പ്രകൃതമായിരുന്നു, പത്രക്കാർ ചോദ്യം വഴി വളക്കാൻ ശ്രമിക്കുമ്പോൾ പുഞ്ചിരിയോടെ പറയും – “വാക്ക് കൊണ്ട് ഗുസ്‌തി പിടിക്കണ്ട. നിങ്ങൾ ഉദ്ദേശിക്കുന്നത് എന്റെ വായിൽ തിരുകി വെക്കണ്ട”.. ഉടനെ വരും ഒരു മറു ചോദ്യം.
ഒരിക്കൽ ഇ.എം.എസ്. മലയാള മനോരമ ഓഫീസ് സന്ദർശിച്ചു. സന്ദർശകപുസ്‌തകവുമായി കെ.എം. മാത്യു ചെന്നു. ഇ.എം.എസ് ഉടനെ എഴുതി – “ ഞാൻ ഇന്ന് മനോരമ ഓഫിസ് സന്ദർശിച്ചു.” ആശിർവാദമോ, അഭിനന്ദനമോ ഒന്നും എഴുതിയില്ല. എഴുതിയാൽ അത് നാളെ പത്രപ്രചാരണത്തിന്റെ പരസ്യവാചകമായി മാറുമെന്ന് ഇ.എം.എസിന് അറിയാം.
അധികാര ഭ്രമം തൊട്ടു തീണ്ടാത്ത മനുഷ്യൻ. ആഢംഭരജീവിതമില്ല. മറ്റ് മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതികിട്ടുന്ന പണം നേരെ പാർട്ടി കേന്ദ്രമായ എ.കെ.ജി. സെന്ററിൽ എത്തിക്കാൻ പറയും. ചിലവെല്ലാം പാർട്ടി.
പത്രപ്രവർത്തകനായിരുന്ന അദ്ദേഹത്തിന് പത്രഭാഷയെകുറിച്ചും ചില കാഴ്‌ചപ്പാടുകൾ ഉണ്ട്. തെളിഞ്ഞ ഭാഷവേണം. സാധാരണക്കാരന് മനസിലാവണം. ഏച്ചുകെട്ടും വളച്ചുകെട്ടും വേണ്ട. അച്‌ഛൻ, അമ്മ എന്നതിനുപകരം പിതാവ്, മാതാവ് എന്ന് എന്തിന് എഴുതുന്നു? പത്ത്‌ലക്ഷം എന്നതിന് ദശലക്ഷം എന്ന് എഴുതിയാൽ എന്ത് ഗുണം? അങ്ങനെ പോകുന്നു ആ ചിന്തകൾ.
ഒരിക്കൽ ജസ്‌റ്റീസ് വി.ആർ. കൃഷ്‌ണയ്യരെക്കുറിച്ച് ഈ ലേഖകൻ എഴുതിയ ജീവചരിത്ര പുസ്‌തകം (ജനഹൃദയങ്ങളിൽ ഒരു ന്യായാധിപൻ എന്ന പുസ്‌തകം) പ്രകാശനം ചെയ്‌തത് ഇ.എം.സ് ആണ്. പ്രസംഗം തുടങ്ങിയത് ഇങ്ങനെ “ഗ്രന്ഥകാരൻ എഴുതിയ പുസ്‌തകത്തിന്റെ തലക്കെട്ട് ജനഹൃദയങ്ങളിൽ ഒരു ന്യായാധിപൻ എന്നാണ്. അത് ശരിയാണോ ഈ വാചകം കേട്ടപ്പോൾ എന്റെ നെഞ്ച് ഇടിച്ചു. ഇ.എം.എസ്. എന്നെ വിമർശിച്ചു നാശമാക്കുമെന്ന് കരുതി ഒട്ടൊരു ഭയപ്പാടോടെ അടുത്ത വാചകത്തിന് ഞാൻ കാതോർത്തു.
ഇ.എം.എസ്. തുടർന്നു. ”കൃഷ്‌ണയ്യർ വിശ്വപൗരനാണ്. അപ്പോൾ ഈ തലക്കെട്ടിന് ഔചിത്യകുറവുണ്ടോ. എന്നാൽ ജനങ്ങൾക്കിടയിൽ അദ്ദേഹം അറിയപ്പെടുന്നത് ന്യായധിപനായിട്ടാണ്. അതുകൊണ്ട് ഈ പുസ്‌തകത്തിന്റെ തലക്കെട്ടിന് വളരെ വളരെ ഔചിത്യമുണ്ടുതാനും.“
ആവൂ, ഞാൻ ദീർഘശ്വാസം വിട്ടു. അഭിമാനംകൊണ്ട് തലയുയരുകയും ചെയ്‌തു.
Generated from archived content: column1_sep28_09.html Author: ravi_kuttikkadu
Click this button or press Ctrl+G to toggle between Malayalam and English