കണ്ടതും കേട്ടതും – 4

വി. എസിന്റെ ചിരി

അന്ന്‌ പൊൻമുടിയിലാണ്‌ പത്രപ്രവർത്തക യൂണിയന്റെ സംസ്‌ഥാന സമ്മേളനം. ഞാൻ പ്രതിനിധി. മൂന്നു ദിവസം നീണ്ട സമ്മേളനം. ഉത്‌ഘാടനം മുഖ്യമന്ത്രിയും സമാപന സമ്മേളനം പ്രതിപക്ഷ നേതാവുമാണ്‌ നിർവഹിക്കുന്നത്‌. വി.എസ്‌. അച്യുതാനന്ദനാണ്‌ പ്രതിപക്ഷ നേതാവ്‌ എന്റെ പത്രത്തിന്റെ ചീഫ്‌ എഡിറ്റർ കൂടിയാണ്‌.

സമാപന സമ്മേളനം വൈകിട്ട്‌ നടക്കുന്നു. വി.എസ്‌. എത്തി കൂടെയുള്ള ഗൺമാൻ എന്നെ കണ്ടപ്പോൾ ഓടിവന്നു. മടക്കയാത്ര കോട്ടയം വഴി തിരുവനന്തപുരത്തേക്കാണെന്നു പറഞ്ഞു. വി.എസ്‌.ന്റെ കൂടെ പോയാൽ കോട്ടയത്ത്‌ ഇറങ്ങാമെന്ന്‌ ഗൺമാൻ പറഞ്ഞു. പ്രസംഗം കഴിഞ്ഞ്‌ വി.എസ്‌. കാറിൽ കയറുമ്പോൾ ഞാൻ കാറിനരികിൽ നിൽക്കുന്നുണ്ട്‌. ഒന്നു നോക്കി ചെറുപുഞ്ചിരി “എന്താ….. വരുന്നുണ്ടോ..” ഞാൻ തലയാട്ടി. എന്നാൽ കയറുക.“ ഞാൻ പിൻ സീറ്റിൽ വി.എസിന്‌ അരികിൽ ഇരുന്നു. യാത്ര തുടങ്ങി.

ഏകദേശം നാലുമണിക്കൂർ വേണം കോട്ടയത്ത്‌ എത്താൻ, പോലീസ്‌ വണ്ടി വഴികാട്ടി ഞങ്ങൾക്ക്‌ മുന്നിലുണ്ട്‌, ഡ്രൈവർ നല്ല സ്‌പീഡിൽ വിടുന്നു. വി.എസ്‌. ഒറ്റയിരുപ്പിലാണ്‌. ഗൗരവഭാവം. ഡയലോഗ്‌ തുടങ്ങിയാലോ…. ഞാൻ ആലോചിച്ചു. നായനാരുടെ കൂടെയാത്ര ചെയ്യുമ്പോഴുള്ള അനുഭവം വേറെ. ഓരോ സ്‌ഥലത്ത്‌ എത്തുമ്പോൾ നായനാർ ആ സ്‌ഥലത്തിന്റെ ചരിത്രം വിളമ്പും. ഇത്‌ നമ്പൂതിരി ഫലിതം. കാറിലെ സ്‌റ്റീരിയോയിൽ നിന്ന്‌ സാംബശിവന്റെ കഥാപ്രസംഗം കേൾക്കൽ ചിലപ്പോൾ കവിത ചൊല്ലൽ….. അരങ്ങ്‌ കൊഴിപ്പിക്കും. ആ ഓർമയിൽ ഞാൻ ചുണ്ടനക്കി വി.എസി.നോട്‌ പറഞ്ഞു. ”പത്രപ്രവർത്തകരുടെ ജീവിതം മറ്റ്‌ തൊഴിലെടുക്കുന്നവരെക്കാൾ മോശമാണ്‌“

വി.എസ്‌. കണ്ണടക്കിടയിലൂടെ എന്നെനോക്കി. തല എന്റെ ഭാഗത്തേക്ക്‌ ചെരിച്ചു. ഞാൻ തുടർന്നു- ”വേജ്‌ ബോർഡ്‌ പ്രഖ്യാപനം വൈകുന്നു. സർക്കാർ അക്രഡിറ്റേഷൻ എഡിറ്റോറിയൽ ജീവനക്കാർക്ക്‌ വേണം. ഭവന പദ്ധതികൾ എല്ലാ ജില്ലകളിലും വേണം“ ഞാൻ വിവരിക്കാൻ തുടങ്ങി.

വി.എസ്‌. എല്ലാം കേട്ടു. ഞാൻ നിർത്തിയപ്പോൾ അമർത്തിമൂളി. അത്രമാത്രം. ഞാൻ പ്രകൃതിഭംഗിയും മലനിരകളും നോക്കിയിരുന്നു.

നിമിഷങ്ങളും മണിക്കൂറുകളും, എനിക്ക്‌ ബോറടിക്കുന്നു. പതുക്കെ പറഞ്ഞുഃ എനിക്കൊന്ന്‌ മൂത്രമൊഴിക്കണം.

വി.എസ്‌. ഉടനെ, സ്വസിദ്ധമായ ശൈലിയിൽ ഡ്രൈവറോട്‌ – ”വണ്ടി നിർത്തു….. ഇയാൾ മൂത്രമൊഴിക്കട്ടെ.“

വണ്ടിനിർത്തി. തൊട്ടുമുന്നിലെ പോലീസ്‌ ജീപ്പും സഡൻ ബ്രേക്ക്‌. പോലീസുകാർ ചാടിയിറങ്ങി….. ഞാൻ റോഡരുകിലേക്ക്‌ നീങ്ങി, പോലീസിനെ സാക്ഷിനിർത്തി മൂത്രമൊഴിക്കാൻ തുടങ്ങി.

വി.എ.സി.ന്റെ കാറിന്റെ ബാക്ക്‌ ഡോർ തുറക്കുന്ന ശബ്‌ദം കേട്ടു. വി.എസ്‌. ഇറങ്ങുന്നു. റോഡരുകിൽ നീങ്ങി നിന്ന്‌ മൂത്രമൊഴിക്കുന്നു. ഞങ്ങൾ കാറിൽ കയറി.

എന്തെങ്കിലും പറയണമല്ലോ എന്നു കരുതി ഞാനൊരു നമ്പർ തൊടുത്തു – ”കേരളീയന്റെ പ്രത്യേകതയാണിത്‌. ഒരാൾക്ക്‌ മൂത്രമൊഴിക്കണമെന്ന്‌ തോന്നിയാൽ മറ്റെയാളും…..“ മുഖത്ത്‌ ഭാവഭേദമില്ല. ഞാൻ നോക്കിയപ്പോൾ വി.എസ്‌. പറഞ്ഞു – ”ആയിരിക്കാം“ പിന്നെ നിശ്ശബ്‌ദത.

കാർ അതിവേഗത്തിൽ മുന്നോട്ടുപോയി. ഞാൻ മറ്റ്‌ മനോരാജ്യങ്ങളിലേക്ക്‌ നീങ്ങി. കോട്ടയം ടൗണിൽ എത്തിയപ്പോൾ, ബസ്‌റ്റാന്റ്‌ അടുത്തപ്പോൾ വി.എസ്‌. ഡ്രൈവറോട്‌ ”വണ്ടി നിർത്തു….. ഇയാൾ ഇറങ്ങട്ടെ“ ഞാൻ യാത്രപറഞ്ഞപ്പോൾ വി.എസ്‌. കൈ ഉയർത്തി. മുഖഭാവം പഴയപടി.

പിന്നീടൊരിക്കൽ വി.എസ്‌. ചീഫ്‌ എഡിറ്ററായ എന്റെ പത്രം മലയാള സിനിമയുടെ 75 വർഷം ഉൾക്കൊള്ളുന്ന ”വെള്ളിത്തിര“ എന്ന പേരിൽ പ്രത്യേക പതിപ്പും പുറത്തിറക്കി. ഞാനായിരുന്നു അതിന്റെ എഡിറ്റർ ഈ പതിപ്പ്‌ പ്രകാശനം ചെയ്‌തത്‌ നടൻ ശ്രീനിവാസനായിരുന്നു. വി.എസും ഉണ്ടായിരുന്നു. ചടങ്ങിൽ സ്വാഗതം പറഞ്ഞ ഞാൻ പ്രസിദ്ധീകരണം വൈകാനുള്ള സാഹചര്യം വിവരിച്ചു. ”ഇത്‌ വൈകാൻ കാരണം ശ്രീനവാസന്റെ അമ്മയാണ്‌. അമ്മയുടെ പ്രശ്‌നങ്ങൾ ഞങ്ങളെയും ബാധിച്ചു.“ മറുപടി പറഞ്ഞത്‌ ശ്രീനിവാസനാണ്‌. ”സ്വാഗത പ്രാസംഗികൻ എന്റെ അമ്മയെകുറിച്ച്‌ പറഞ്ഞത്‌ കേട്ടു. അമ്മക്ക്‌ 80 വയസായി. പാവം അമ്മ“ ഞാൻ സൂചിപ്പിച്ചത്‌ സിനിമാക്കാരുടെ അമ്മ എന്ന സംഘടനയെ കുറിച്ചാണെന്ന്‌ മനസിലാക്കിയ സദസ്‌ ശ്രീനിവാസന്റെ മറുപടി കേട്ടപ്പോൾ ആർത്തു ചിരിച്ചു. ഞാൻ നോക്കുമ്പോൾ വി.എസ്‌. കുനിഞ്ഞിരുന്ന്‌ പൊട്ടി പൊട്ടി ചിരിക്കുകയാണ്‌. നർമബോധം ആവോളം ആസ്വദിച്ച വി.എസിനെയാണ്‌ ഞാനവിടെ കണ്ടത്‌.

വി.എസിന്റെ മറ്റൊരു ചിരിക്കുന്ന മുഖം കണ്ടത്‌ കഴിഞ്ഞ പാർലമെന്റ്‌ പൊതു തെരഞ്ഞെടുപ്പു ഫലം വന്നപ്പോഴാണ്‌. പത്രക്കാരുടെ മുന്നിൽ തോൽവിയെകുറിച്ച്‌ പരാമർശിക്കുമ്പോൾ വി.എസ്‌. പൊട്ടി പൊട്ടി ചിരിച്ചു. അത്‌ പിന്നീട്‌ പാർട്ടിയിൽ ചർച്ചാവിഷയമായി. ആ ചിരി അസ്‌ഥാനത്തായിരുന്നുവോ?

Generated from archived content: column1_nov23_09.html Author: ravi_kuttikkadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here