കണ്ടതും കേട്ടതും – 7

അഞ്ചെട്ട്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ ഞാൻ തിരുവനന്തപുരത്ത്‌ പത്രപ്രവർത്തകനായ സമയം. ഒരു ദിവസം തമ്പാന്നൂർ ബസ്‌റ്റാന്റ്‌ പരിസരത്ത്‌ കറങ്ങി നടക്കുമ്പോൾ ആലപ്പുഴക്കാരനായ ഒരു പത്രപ്രവർത്തകനെ കണ്ടുമുട്ടി. പലതും പറഞ്ഞകൂട്ടത്തിൽ അയാൾ സൂചിപ്പിച്ചു “കെ.പി.എ.സി. സുലോചന ജീവചരിത്രം എഴുതിവെച്ചിട്ടുണ്ടെന്ന്‌ കേട്ടു. അത്‌ അവരുടെ വീട്ടിൽ നിന്ന്‌ ചൂണ്ടാൻ നമ്മുടെ ചില പത്രസുഹൃത്തുക്കൾ ശ്രമിക്കുന്നുണ്ട്‌.

വിവരം പറഞ്ഞ്‌ സുഹൃത്ത്‌ പോയപ്പോൾ ഞാൻ കായംകുളം വഴി വടക്കോട്ട്‌ പോകുന്ന ഒരു ട്രെയിനിൽ കയറി. കായംകുളത്ത്‌ ഇറങ്ങിയപ്പോൾ സന്ധ്യയായി. സുലോചനയുടെ വീട്‌ കണ്ടെത്താൻ പ്രയാസം വന്നില്ല. കായംകുളം ടൗണിലെ ഒരു പെട്ടിക്കടക്കാരൻ സഹായമായി. ചെന്നപ്പോൾ സുലോചനയുടെ ഭർത്താവ്‌ കലേശനുണ്ട്‌. പ്രസിദ്ധ തബലിസ്‌റ്റാണ്‌ കലേശൻ. കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി പ്രവർത്തകനും. പറയേണ്ട താമസം കലേശൻ സുലോചന എഴുതിവെച്ചിരുന്ന നോട്ട്‌ പുസ്‌തകങ്ങളും ആൽബങ്ങളും വാനിറ്റി ബാഗും എന്റെ മുന്നിൽ കൊണ്ടുവന്നു. നോട്ടുപുസ്‌തകങ്ങളിൽ പെൻസിലുകൊണ്ടും പേനകൊണ്ടുമൊക്കെ അവിടെ ഇവിടെ ചില അനുഭവക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്‌. സുലോചനയും കലേശനും ചേർന്ന്‌ എഴുതിവെച്ച കുറിപ്പുകൾ വേറെയും, എല്ലാ പരിശോധിച്ചു. പുറം ലോകമറിയാത്ത അനുഭവകഥകൾ സുലോചന തന്റേതായ ഭാഷയിൽ എഴുതിവെച്ചിരിക്കുന്നു. ആൽബങ്ങളാകട്ടെ നിരവധി നാടകമുഹൂർത്തങ്ങൾ പറയുന്നു. കൗതുകത്തിന്‌ ഞാൻ ആ വാനിറ്റി ബാഗൊന്നു തുറന്നു. അതിൽ മുഖം നോക്കുന്ന ഒരു ചെറിയ കണ്ണാടിയും ഒരു ചെറിയ മെഡലും തുരുമ്പു പിടിച്ച കഠാരയും കണ്ടു. സംശയിച്ച എന്നോട്‌ കലേശൻ പറഞ്ഞു ”നാടകത്തിനു പോകുമ്പോൾ സുലോചന സ്‌ഥിരം കൊണ്ടുപോകുന്ന സാധനങ്ങളാണിത്‌. മുഖം നോക്കാനാണ്‌ കണ്ണാടി. ആദ്യമായി നാടകത്തിലഭിനയിച്ചപ്പോൾ തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ നടന്ന ചടങ്ങിൽവെച്ച്‌ സഖാവ്‌ കെ.സി. ജോർജ്ജ്‌ സമ്മാനിച്ചതാണ്‌ മെഡൽ. പിന്നെ കഠാര. ശത്രുക്കളിൽ നിന്ന രക്ഷപെടാൻ പാർട്ടി നല്‌കിയ ആയുധം.

ഒരു പക്ഷേ മലയാളത്തിലെ നമ്മുടെ നാടകനടിമാരിൽ ആത്മരക്ഷയ്‌ക്കായി കഠാര കൊണ്ടുനടക്കേണ്ടിവന്ന നടി കെ.പി.എ.സി. സുലോചനയായിരിക്കാം. ശത്രുക്കളിൽ നിന്ന്‌ ഉണ്ടായ തിക്താനുഭവങ്ങൾ സുലോചന ആത്മകഥയിൽ എഴുതിവെച്ചിട്ടുണ്ട്‌. നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി എന്ന നാടകത്തിൽ അഭിനയിക്കാൻ ചില സംസ്‌ഥാനങ്ങളിൽ പോകുമ്പോൾ രാഷ്‌ട്രീയ എതിരാളികൾ ആക്രമങ്ങൾ നടത്തുക പതിവായിരുന്നു. മേക്കപ്പ്‌ മുറിയിൽ കയറി സ്‌ത്രീകളെ കടന്ന്‌ പിടിക്കാൻ വരെ ശ്രമിച്ചിട്ടുണ്ട്‌. ഒരിക്കൽ ഇങ്ങനെ ഒരനുഭവം നേരിടേണ്ടി വന്ന സുലോചനയ്‌ക്ക്‌​‍്‌​‍്‌ നാടകസംഘത്തിലെ പാർട്ടി കമ്മറ്റി നല്‌കിയതാണ്‌ കൊച്ചു പിച്ചാത്തിയോളം പോന്ന കഠാര. അളമുറ്റിയാൽ ഇതെടുത്ത്‌ പ്രയോഗിക്കാം. ബാക്കി പാർട്ടി നോക്കിക്കൊള്ളാം“ അതായിരുന്നു ഉപദേശം. പക്ഷേ മരിക്കുന്നത്‌ വരെ സുലോചനയ്‌ക്ക്‌ ഉറയിൽനിന്ന്‌ കഠാര ഊരേണ്ടിവന്നില്ല. ജനങ്ങളായിരുന്നു എക്കാലത്തേയും അവരുടെ സംരക്ഷകർ.

ആദ്യകാലങ്ങളിൽ നാടകത്തിൽ അഭിനയിച്ച്‌ കിട്ടുന്ന നിസ്സാരകാശ്‌ സൂക്ഷിച്ച്‌ വച്ച്‌ സുലോചന ഒരിക്കൽ അരപ്പവൻ മാലവാങ്ങി വീട്ടാവശ്യത്തിന്‌ പണയം വയ്‌ക്കാൻ അച്ഛൻ പലതവണ ആവശ്യപ്പെട്ടിട്ടും അത്‌ കൊടുക്കാൻ സുലോചന വിസമ്മതിച്ചു. പക്ഷേ ഒരിക്കൽ നാടകസംഘത്തിന്‌ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ മാലയൂരി അന്നത്തെ കെ.പി.ഇ.സി. പ്രസിഡന്റ്‌ ജി.ജനാർദ്ദനക്കുറിപ്പിനെ ഏൽപ്പിച്ച്‌ സുലോചന പറഞ്ഞു ”പാർട്ടിയും നാടകസംഘവുമാണ്‌ എനിക്കിതുണ്ടാക്കി തന്നത്‌. കാശ്‌ കിട്ടുമ്പോഴും അഡ്വക്കേറ്റ്‌ ജനാർദ്ദനക്കുറിപ്പിന്റെ കണ്ണ്‌ നിറയും. പാർട്ടിയെയും നാടകസംഘത്തേയും കൃഷ്‌ണമണിക്ക്‌ തുല്യം സ്‌നേഹിച്ച സുലോചന പിന്നീട്‌ വേദനയോടെ ഈ രണ്ട്‌ പ്രസ്‌ഥാനങ്ങളോടും വിടപറഞ്ഞത്‌ മറ്റൊരു കഥ.

ആത്മകഥയിൽ മനസ്സിൽ സൂക്ഷിച്ച ഒരു പ്രണയകഥയും സുലോചന തുറന്നെഴുതിയിട്ടുണ്ട്‌. അക്കാലത്തെ ചെറുപ്പക്കാരികളുടെ മനസ്സിലുള്ളപോലെ സുലോചനയും കാതൽ മന്നൻ ജെമിനി ഗണേശനെ പ്രണയിച്ചിരുന്നു. വിവാഹം ചെയ്യണമെന്ന വൺസൈഡ്‌ മോഹവുമുണ്ടായിരുന്നു. മദിരാശിയിൽ നാടകം കളിക്കാൻ പോയപ്പോൾ ജമിനി ഗണേശനെ നേരിൽ കാണാൻ ഒരവസരം വന്നുചേർന്നു. കെ.പി.ഇ.സി.യുടെ നാടകം കാണാൻ ജെമിനി ഗണേശൻ വരുന്നുണ്ടെന്നുള്ള വിവരം എങ്ങനെയോ സുലോചന അറിഞ്ഞു. കടയിൽ നിന്ന്‌ പുത്തൻ സാരി വാങ്ങി. ചില ഫാഷൻ കല്ലുമാലകളും. ഇതെല്ലാം ധരിച്ച്‌ റൂമിൽ നിന്ന്‌ പുറത്തേക്ക്‌ ഇറങ്ങിയപ്പോൾ വഴിയിൽ ദേവരാജൻ മാസ്‌റ്റർ നിൽക്കുന്നു “സുലോചന, എവിടേയ്‌ക്കാണീ വേഷത്തിൽ? നമ്മുടെ കെ.പി.ഇ.സി. സംഘത്തിന്റെ ലളിത വസ്‌ത്രരീതിയല്ലല്ലോയിത്‌. പോയി ലളിത വസ്‌ത്രം ധരിച്ചുവരൂ”.

നിറഞ്ഞ കണ്ണുകളോടെ സുലോചന മുറിയിലേക്ക്‌ മടങ്ങി. അതോടെ കാതൽ മോഹം പൊലിഞ്ഞു എന്ന്‌ സുലോചന എഴുതുന്നു.

എത്രയെത്ര അനുഭവങ്ങൾ! പോലീസിനെ വെട്ടിച്ച്‌ നാടകം കളിച്ചത്‌. പോലീസ്‌ സ്‌റ്റേഷൻ സത്യാഗ്രഹം നടത്തിയത്‌, ആക്രമണം ഭയന്ന്‌ നാടക വാനിൽ കയറി രക്ഷപ്പെട്ടത്‌…..അങ്ങനെ സംഭവബഹുലമായ കഥകൾ, ഒ. മാധവന്റെയും വിജയകുമാരിയുടേയും മകനായ ഇന്നത്തെ സുപ്രസിദ്ധ നടൻ മുകേഷ്‌ കൈക്കുഞ്ഞായിരിക്കുമ്പോൾ നാടകവേദികൾക്കരികിലുള്ള ഗ്രീൻ റൂമിൽ സുലോചനയുടെ താരാട്ടുപാട്ട്‌ കേട്ടാണ്‌ മുകേഷ്‌ ഉറങ്ങിയിരുന്നത്‌.

പുസ്‌തകങ്ങളും ആൽബവുമെല്ലാം ഒരു ചാക്കിൽ കെട്ടി ഞാൻ തിരുവനന്തപുരത്തേക്ക്‌ കൊണ്ടുവന്നു. ഒരു മാസത്തെ ധ്യാനം. സുലോചന എഴുതിയതല്ലാം വെട്ടിയും നീട്ടിയും ചിന്തേരിട്ട്‌ മിനുക്കിയും ഒരു പരുവമാക്കി പത്രത്തിന്റെ വാരാന്ത്യപതിപ്പിൽ തുടരാനായി പ്രസിദ്ധീകരിച്ചു. വായനക്കാർ ആർത്തിയോടെ കാത്തിരുന്നാണ്‌ അത്‌ വായിച്ച്‌ തീർത്തത്‌. കത്തുകളുടെ പ്രവാഹം. പരമ്പര പൂർത്തിയായപ്പോൾ സുലോചനയുടെ ഭർത്താവ്‌ കലേശന്‌ ഇതൊരു പുസ്‌തകമാക്കണമെന്ന മോഹമുണ്ടായി. ഞങ്ങൾ തൃശ്ശൂർ കറന്റ്‌ ബുക്‌സിനെ സമീപിച്ചു. അവർ അച്ചടിച്ചുതന്നു. പ്രകാശന ചടങ്ങ്‌ നടത്തണമെന്ന കലേശന്റെ മോഹം മാത്രം ബാക്കി. തിരിഞ്ഞു നോക്കുമ്പോൾ എനിക്കും മനസ്സിൽ ആഹ്ലാദിക്കാൻ ഇതൊരവസരമായി. കേരളം ആദരിക്കുന്ന ഒരു മഹാകലാകാരിയുടെ ജീവിതകഥ അവരുടെ തന്നെ കൈപ്പടയിൽ ആദ്യമായി വായിച്ചത്‌ ഞാനാണെന്നുള്ള ഒരു ചെറിയ അഹങ്കാരം ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു.

Generated from archived content: column1_jun21_10.html Author: ravi_kuttikkadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here