കണ്ടതും കേട്ടതും – 6

വൈലോപ്പിള്ളിക്കുള്ള മാമ്പഴം

ഞാൻ തൃശ്ശൂർ കേരളവർമ്മ കോളേജിൽ (എം.എക്ക്‌ 1972) പഠിക്കുന്ന കാലത്ത്‌ സംസ്‌ക്കാരിക നഗരമായ തൃശൂരിലെ പല പ്രമുഖരായ സാംസ്‌ക്കാരിക നായകന്മാരെ പരിചയപ്പെടാനും ആത്‌മബന്ധം പുലർത്താനും അവരുടെ സ്വഭാവ വിശേഷതകൾ നോക്കി കാണാനും കഴിഞ്ഞിട്ടുണ്ട്‌. അവരിൽ ഓർമവരുന്നത്‌ വൈലോപ്പിള്ളി ശ്രീധരമേനോനെയും ജോസഫ്‌ മുണ്ടശ്ശേരിയെയും ബാലസാഹിത്യകാരനായിരുന്ന നരേന്ദ്രനാഥിനെയും എം.ർ.ബി.യെയും ആണ്‌. ഇവരിൽ ഞാൻ എപ്പോഴും ഓർമിക്കുന്നത്‌ വൈലോപ്പിള്ളിയെയാണ്‌.

ഞാൻ അക്കാലം കോളേജ്‌ ഹോസ്‌റ്റൽ യൂണിയൻ സെക്രട്ടറിയായിരുന്നു. യൂണിയൻ ഉത്‌ഘാടനത്തിന്‌ മഹാകവി വൈലോപ്പിള്ളിയെ മതിയെന്ന്‌ തീരുമാനിച്ചു. കൊച്ചി ദേവസ്വം വക കോളേജിൽ ദേവസ്വം ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കവി മതിയെന്ന്‌ സഹപ്രവർത്തകർ. ഇതനുസരിച്ച്‌ ഞാൻ നഗരത്തിലെ ദേവസ്വം കോർട്ടേഴ്‌സിൽ ചെന്നു. വൈലോപ്പിള്ളിയെ കാണാൻ പോകുന്ന വിവരം പറഞ്ഞപ്പോൾ എന്റെ ഗുരുനാഥൻ കെ.പി.നാരായണ പിഷാരടി പറഞ്ഞു – സൂക്ഷിക്കുന്നത്‌, നന്ന്‌. അത്‌ മനസിൽ വെച്ചായിരുന്നു യാത്ര.

ഉച്ചതിരിഞ്ഞ്‌ മൂന്നു മണി. ക്വാർട്ടേഴ്‌സിലെ ചെറിയ വീട്‌. ഗേറ്റ്‌ തുറന്ന്‌ വരാന്തയിൽ കയറി. അകത്ത്‌ ഒച്ച കേൾക്കാം. അടുക്കളയിലാണെന്നു മനസിലായി. പാൽ കാച്ചിയപ്പോൾ മകന്റെ അശ്രദ്ധമൂലം പാൽ തിളച്ച്‌ പാതിയും പുറത്ത്‌ വീണതാണ്‌ കവിയുടെ തിളച്ചു മറിയുന്ന രോഷത്തിന്‌ കാരണം. എന്തൊക്കെയോ പുലമ്പുന്നുണ്ട്‌. (എന്റെ മനസിൽ കവിയുടെ കുടിയൊഴിക്കലിന്റെ രംഗം വന്നു).

കുറേ നേരം ഞാൻ വരാന്തയിൽ നിന്നു. ഉടനെ ഒരു തവിയുമായി കവി എന്റെ മുന്നിൽ. ഷർട്ട്‌ ഇട്ടിട്ടില്ല. മുഖത്ത്‌ ദേഷ്യ ഭാവം.

ആരാ. എന്താ?

ഞാൻ വിവരം പറഞ്ഞു. മുഖത്ത്‌ ഭാവദേദമില്ല. കവി കുറെ കഴിഞ്ഞപ്പോൾ – “ഞാൻ വരുന്നില്ല. എന്നെ കൂവാൻ വേണ്ടി ഗൂഢതന്ത്രം”

അല്ലെന്ന്‌ ഞാൻ

ആണെന്ന്‌ കവി.

അല്ലെന്ന്‌ ആവർത്തിച്ചപ്പോൾ കവി ആണയിട്ടു പറഞ്ഞു – സത്യം. അതാണ്‌ തന്റെയും ചങ്ങാതിമാരുടെയും തന്ത്രം.

ഞാൻ നിശ്ശബ്‌ദനായി.

എന്നാൽ പോകാമെന്നായി കവി.

പോകില്ലെന്ന്‌ ഞാനും

കവി മുറ്റത്തേക്കിറങ്ങി ചെടികളിലേക്ക്‌ വിരൽ ചൂണ്ടി-“ കണ്ടോ. ഞാൻ നട്ട മന്ദാരമെല്ലാം കരിഞ്ഞു. എനിക്ക്‌ വെള്ളം ഒഴിക്കണം. അതിനിടയിലാണ്‌ – പ്രസംഗം”.

കവി പിറുപിറുത്തു.

ഞാൻ ലോഹ്യം കൂടാൻ ശ്രമം നടത്തി.

എന്റെ പ്രൊഫസർമാർക്കും കവിയെ വിളിക്കണമെന്ന്‌ നിർബന്ധമാണെന്ന്‌ തട്ടിവിട്ടു. ഞാൻ പറയുന്നതെല്ലാം കേട്ടതായി ഭാവമില്ല. ഒടുവിൽ പറഞ്ഞു – “താൻ പോകാൻ ഭാവമില്ലെ…… ഞാൻ വിളിച്ചു കൂവി അയൽക്കാരെ കൂട്ടും.”

മുഖം ചുവന്നു.

ഇനി നിന്നാൽ പന്തികേടാണെന്നു കണ്ട്‌ പടിക്കലേക്ക്‌ നടന്നു. തിരിച്ചു നോക്കി.

കവി എന്തോ ആലോചനയിലാണ്‌. വർഷങ്ങൾ കഴിഞ്ഞു. ഞാൻ ദേശാഭിമാനിയിൽ പത്രപ്രവർത്തകാനായി. ഒരിക്കൽ പത്രാധിപരായിരുന്ന എം.എൻ. കുറുപ്പിനെ കാണാൻ കവി ഓഫീസിൽ വന്നു. എം.എൻ. എന്നെ പരിചയപ്പെടുത്തി. ഞാൻ ഉടനെ പഴയ കഥ പറഞ്ഞു. കവി ചിരിച്ചു കൊണ്ട്‌ തോളിൽ പിടിച്ചു താൻ വരാ…… ഞാൻ കഴിക്കാൻ വാങ്ങിതരാം“.

ഞാൻ ഒഴിഞ്ഞു മാറി.

പിന്നെ, എം.എൻ. കുറുപ്പിനെ കാണുമ്പോഴൊക്കെ എന്നെ കുറിച്ച്‌ തിരക്കിയിരുന്നുവത്രെ.

ഒരിക്കൽ കവിയുടെ ഓർമയിൽ ഞാൻ ബാലചന്ദ്രൻ ചുള്ളിക്കാടിനെയുംകൊണ്ട്‌ കലൂർ ആസാദ്‌ റോഡിലെ വൈലോപ്പിള്ളിയുടെ വീട്ടിൽ പോയി. കവി മൺമറഞ്ഞിട്ടും ആ ഓർമയാണ്‌ വീടുനിറയെ. ചുവരിൽ കവികോറിയിട്ട ചിത്രങ്ങൾ മായാതെ ഉണ്ട്‌. പ്രസിദ്ധമായ ആ മാവ്‌ (മാമ്പഴം എന്ന കവിത ഓർമിക്കുക) വീട്ടുമുറ്റത്ത്‌ വൃദ്ധനായി തലയുയർത്തി നിൽക്കുന്നു. ഞാൻ ചുള്ളിക്കാടിനെ മാവിന്റെ ചുവട്ടിൽ നിർത്തിപടമെടുത്തു. വൈലോപ്പിള്ളിയുടെ പിൻതുടർച്ചക്കാരനാണല്ലോ ഈ കവിയും, പത്രത്തിൽ പ്രസിദ്ധീകരിക്കാൻ ഒരു കുറിപ്പും വേണമെന്ന്‌ ബാലനോട്‌ ഞാൻ പറഞ്ഞു. ബാലൻ എഴുതി – ”ആ മാമ്പഴക്കാലം കഴിഞ്ഞു.“ വായനക്കാരുടെ പ്രതികരണം നന്നായിരുന്നു. കവിക്ക്‌ ഞാൻ സമർപ്പിച്ച ഒരു മാമ്പഴം.

Generated from archived content: column1_jan11_10.html Author: ravi_kuttikkadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here