കണ്ടതും കേട്ടതും – 5

മഴയിൽ കുതിർന്ന രാത്രി

ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന സന്ദർഭങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കൂടെ പത്രറിപ്പോർട്ടർ എന്ന നിലയിൽ നടത്തിയ യാത്രകളെല്ലാം എനിക്ക്‌ വലിയ അനുഭവങ്ങളായിരുന്നു. അതെല്ലാം എഴുതുകയാണെങ്കിൽ ഒരു പുസ്‌തകത്തിന്‌ വകുപ്പുണ്ട്‌.

മറക്കാനാവാത്ത ഒരു യാത്ര ഇവിടെ എഴുതാം. നായനാരുട സ്വഭാവം മാറ്റുരക്കാൻ കഴിയുന്ന യാത്രയായിരുന്നു അത്‌. 1987ൽ മുഖ്യമന്ത്രിയായി അധികാരമേറ്റ്‌ ഒരാഴ്‌ച കഴിഞ്ഞില്ല, നായനാർ എറണാകുളത്ത്‌ രണ്ട്‌ പരിപാടികളിൽ പങ്കെടുക്കാനെത്തി. ഒന്ന്‌ അങ്കമാലിയിലും മറ്റൊന്ന്‌ വടക്കൻ പറവൂരിലും.

നായനാർ എറണാകുളം ഗസ്‌റ്റ്‌ ഹൗസിൽ വന്നാൽ തങ്ങുന്നത്‌ പഴയ ഗസ്‌റ്റ്‌ ഹൗസ്‌ മന്ദിരത്തിലെ റൂം നമ്പർ ഒന്ന്‌ സ്യൂട്ടിലാണ്‌. മുഖ്യമന്ത്രി വന്നുവെന്നറിഞ്ഞാൽ കലക്‌ടറും പോലീസ്‌ ഉദ്യോഗസ്‌ഥരും എത്തും. നായനാർ അവരോട്‌ വലിയ ലോഹ്യം പറച്ചിലൊന്നും നടത്താറില്ല. പാർട്ടിക്കാരാണെങ്കിൽ ഗസ്‌റ്റ്‌ ഹൗസിലൊന്നും കാണാൻ വരാറില്ല. ഒരു കെട്ട്‌ പത്രവും ചില പത്രങ്ങളിൽ നിന്ന്‌ മുറിച്ചെടുത്ത വാർത്തകളുടെ ഫയലും കൂടെ കാണും. പ്രസംഗത്തിനിടയിൽ പ്രതിപക്ഷത്തെയും കോൺഗ്രസിനെയും കശക്കാനാണത്‌. ഗസ്‌റ്റ്‌ ഹൗസിൽ വന്നാൽ ദേശാഭിമാനി ലേഖകനെ തിരക്കും. കൂടെ ലേഖകനും ഫോട്ടോ ഗ്രാഫറും വേണം. പതിവുപോലെ തിരക്കി. ഞാൻ ഹാജരായി. ആദ്യം അങ്കമാലിയിൽ പൊതുസമ്മേളനത്തിലേക്ക്‌. അങ്കമാലി കവലയിൽ എത്തിയപ്പോൾ കാണുന്നത്‌ ജനസാഗരമാണ്‌. ആൾകൂട്ടം കണ്ടാൽ നായനാർക്ക്‌ ഹാലിളകും. അരമണിക്കൂർ ഉദ്ദേശിച്ച സമയമങ്ങ്‌ നീളും. അങ്കമാലിയിൽ തുടങ്ങിയത്‌ തമിഴ്‌നാട്ടിൽ നിന്ന്‌ കേരളത്തിലെ അറവുശാലകളിലേക്ക്‌ കൊണ്ടുവരുന്ന നാൽക്കാലികൾക്ക്‌ സർക്കാർ നികുതി ഏർപ്പെടുത്താൻ പോകുന്നത്‌ സംബന്ധിച്ചാണ്‌ പറഞ്ഞു തുടങ്ങിയത്‌. അത്‌ തന്നെ ആവർത്തിച്ചു കാച്ചി. കൂട്ടത്തിൽ കരുണാകരൻ വധവും ഒക്കെ കാച്ചി. ചില തമാശകൾ. ജനം തലതല്ലിചിരിച്ചു. പ്രസംഗം കഴിഞ്ഞ്‌ കാറിൽ കയറിയപ്പോൾ എന്നോട്‌ ചോദിച്ചു. പ്രസംഗം എങ്ങനെയുണ്ട്‌. നന്നായില്ലെന്ന്‌ ഞാൻ. ഉടനെ ക്ഷുഭിതനായി കാറിലെ മുൻസീറ്റിലിരിക്കുന്ന പ്രൈവറ്റ്‌ സെക്രട്ടറി വാര്യരെ നായനാർ തോണ്ടി പറഞ്ഞു. “ഞാൻ നികുതി കാര്യം പറയാൻ കാരണമെന്തെന്ന്‌ ഇവനറിയില്ല. ഞാൻ നോക്കുമ്പോൾ ചുറ്റും നിൽക്കുന്നത്‌ വെന്തിങ്ങ ഇട്ടവർ. പശുക്കളെ അറക്കാൻ കൊണ്ടുവരുന്നത്‌ ഇവർക്ക്‌ വേണ്ടിയാണ്‌. അവരുടെ ഇഷ്യുവാണത്‌. അതാണ്‌ കാച്ചിയത്‌ കെട്ടോ” ഞാൻ മിണ്ടാതിരിക്കുന്നത്‌ കണ്ടുകൊണ്ടാവാം നായനാർ എന്നെ ചൊറിഞ്ഞു. “വാര്യരെ ഇവന്‌ ഒന്നും പിടികിട്ടിയില്ല കേട്ടോ.”

കാർ നേരെ വടക്കൻ പറവൂർ ടൗൺ ഹാളിലേക്ക്‌ മുഖ്യമന്ത്രിയ്‌ക്ക്‌ സ്വീകരണം. മാലകൾ ചൊരിയാൻ തുടങ്ങി. സമയം നീളുന്നു. യാത്രാക്ഷീണം മൂലമാണെന്നു തോന്നുന്നു, ഒരു രണ്ടു വാക്കിൽ പ്രസംഗം ഒതുക്കി. തിരിച്ചു യാത്രക്ക്‌ ഒരുങ്ങുമ്പോൾ പാർട്ടി ഏരിയ സെക്രട്ടറി വന്നു നായനാരോട്‌ പറഞ്ഞു – ടി.ബി.യിൽ ഭക്ഷണം ഒരുക്കിയിട്ടുണ്ട്‌. നായനാരുടെ മുഖത്ത്‌ പുഞ്ചിരി ടി.ബിയിലെ വി.ഐ.പി മുറിയിലെ ടേബിളിൽ മീൻ കറികൾ പലതരം. നായനാർ ഉഷാറായി. ആരെയും ശ്രദ്ധിക്കുന്നില്ല. മീൻ കറികൾ – വറുത്തതും വെച്ചതും – ചപ്പാത്തിയിൽ മുക്കി ഒതുക്കാനുള്ള ശ്രമത്തിലാണ്‌ ഭക്ഷണകാര്യത്തിൽ വിട്ടുവീഴ്‌ചയില്ലാത്ത പ്രകൃതം. ആ സമയം പരിചയക്കാരൊക്കെ അപരിചിതർ. അങ്ങനെ ഞാനും അപരിചിതനായി. നായനാരുടെ ഭക്ഷണ മത്സരം കണ്ടുകൊണ്ടിരുന്നു. നല്ല വിശപ്പുണ്ട്‌. എന്തു ചെയ്യാം. നായനാർ വിളിക്കുമെന്ന പ്രതീക്ഷയില്ല. സംഘാടകർക്കാണെങ്കിൽ, നേതാവിനെ ഊട്ടുന്ന തിരക്കും. അരമണിക്കൂർ കഴിഞ്ഞപ്പോഴാണ്‌ നായനാരുടെ മൽപിടുത്തതിന്‌ ഒരയവ്‌ വന്നത്‌. പ്ലേറ്റുകളെല്ലാം ക്ലീൻ സ്ലേറ്റ്‌ പോലെയായി.

കാറിൽ കയറിയത്‌ കോട്ടുവാ ഇട്ടാണ്‌. കയറിയ ഉടൻ ബാഗ്‌ തുറന്ന്‌ വൂളൻ തൊപ്പി ധരിച്ചു. ഡ്രൈവറോട്‌ നായനാർ – റെഡി വണ്ടിവിട്ടോ. പെട്ടെന്നാണ്‌ ഒരു പെരുമഴ വന്നത്‌. നായനാർ ഉറക്കത്തിനുള്ള പുറപ്പാടാണ്‌. ഉറക്കം വന്നാൽ കാറിലാണെങ്കിൽ തൊട്ടടുത്തിരിക്കുന്നയാളെ തിക്കി പുറത്താക്കി നീണ്ടുനിവർന്നു കിടക്കുമെന്ന്‌ കേട്ടിട്ടുണ്ട്‌. ഞാൻ പുറത്താക്കൽ നേരിടാൻ തയ്യാറെടുത്തു. വണ്ടി ആലുവ കഴിഞ്ഞു. മഴ തലതല്ലി പെയ്യുകയാണ്‌ “എന്തൊരു മഴ” ഞാൻ നായനാർ കേൾക്കെ പറഞ്ഞു. പ്രതികരണമില്ല. വണ്ടി ഇടപ്പള്ളി സൈഡ്‌ റോഡിലേക്ക്‌ കയറുമ്പോൾ നായനാർ ഉറക്കെ ഡ്രൈവറോട്‌ – “വണ്ടി നിർത്ത്‌” എന്നോട്‌ “നീ ഇറങ്ങ്‌ റൈറ്റ്‌” വണ്ടി നിർത്തിയതും ഞാൻ ചാടിയിറങ്ങിയതും വെള്ളം തെറിപ്പിച്ച്‌ വണ്ടികുതിച്ചു പാഞ്ഞതും നിമിഷങ്ങൾക്കകം.

ഞാൻ മഴയിൽ കുതിർന്നു. നടത്തം തുടങ്ങി. വാച്ചിൽ നോക്കി. പന്ത്രണ്ടര കലൂരിലെ പത്രമാഫീസിൽ നടന്നെത്താൻ അരമണിക്കൂർ പോര ഓട്ടോ ഒന്നും കാണാനില്ല. നടന്നു. നായനാരുടെ പ്രസംഗം എഴുതിയെടുത്ത കടലാസ്‌ പോക്കറ്റിൽ കുതിർന്നു കിടന്നു. ഓഫീസിലെത്തി നായനാരുടെ പ്രസംഗം എഴുതികൊടുത്ത്‌ വീട്ടിലെത്തിയപ്പോൾ രണ്ടര. പിറ്റേന്ന്‌ ഈ അനുഭവം ഓഫീസിൽ ഞാൻ വിളമ്പി. ഇക്കാര്യം ഒരിക്കൽ നായനാരോട്‌ പത്രത്തിന്റെ മാനേജർ പറഞ്ഞപ്പോൾ നായനാരുടെ പ്രതികരണം ഇങ്ങനെ – ഓന്‌ ഓട്ടോറിക്ഷ പിടിക്കാൻ പണം ചോദിച്ചാൽ ഞാൻ കൊടുത്തേനെ. ചോദിച്ചില്ല കൊടുത്തില്ല“.

Generated from archived content: column1_dec23_09.html Author: ravi_kuttikkadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here