ഇനി കൈപിടിയിൽ ഒതുങ്ങില്ല ഈ നഗരം

കൊച്ചിയുടെ ഹൃദയം എവിടെ? വിനോദസഞ്ചാരികൾ തിരയുന്നതും “ഹാർട്‌ ഓഫ്‌ ദ സിറ്റി”യെ യാണ്‌ നമുക്കവർക്ക്‌ കാണിച്ചുകൊടുക്കാൻ മറൈൻ ഡ്രൈവ്‌. ഇതൊരു ചെറുപട്ടണമായിരുന്നപ്പോഴും അതിനുമുമ്പ്‌ ‘കര’ വെച്ചപ്പോഴും കൊച്ചിയുടെ ദൃശ്യഭംഗി ഇന്നത്തെ ഹൈക്കോടതി മന്ദിരം മുതൽ തേവരവരെയുള്ള നീണ്ടു നിവർന്നു കിടക്കുന്ന കായൽ തീരമാണ്‌. ഒമ്പതാം നൂറ്റാണ്ടിനു ശേഷം കൊച്ചിയിൽ വന്ന ചൈനീസ്‌ സ്‌ഥാനപതികൾ മാഹ്വാനും ഫെയ്‌സീനും എഴുതിയത്‌ വായിക്കുക – “കായൽ തീരത്ത്‌ നിറയെ മുക്കുവകുടിലുകൾ. അവർക്ക്‌ മൂന്നടിയിൽ കൂടുതൽ ഉയരം ഇല്ല. മത്സ്യം പിടിക്കലാണിവരുടെ ജീവിതം. നാമമാത്രമായ വസ്‌ത്രധാരണം.” പിന്നീട്‌ ഇവിടെ വന്ന നിക്കോളോ കോണ്ടി പറഞ്ഞത്‌ ഈ പട്ടണത്തിന്‌ എട്ട്‌ കിലോമിറ്റർ ദൂരമുണ്ടെന്നാണ്‌. അപ്പോഴെക്കും കൊച്ചിക്കാരുടെ അടുക്കളയിൽ ചീനച്ചട്ടികളും ചീന പിഞ്ഞാണികളും ചീനഭരണികളും എത്തിതുടങ്ങി. കൊച്ചി കണ്ട ആദ്യത്തെ ഇംഗ്ലീഷുകാരൻ റാൾഫ്‌ ഹിച്ചാണ്‌. (1583-ൽ) അയാൾ എഴുതി – “ ചുട്ടുപഴുത്ത കാലാവസ്‌ഥ. ഭക്ഷണത്തിനു കടുത്തക്ഷാമം. ശുദ്ധജലം കിട്ടാൻ പ്രയാസം. പക്ഷെ പ്രകൃതി സൗന്ദര്യത്തിൽ മുഴുകിയ ഞാനതെല്ലാം സഹിച്ചു.”

കൊച്ചി രൂപമെടുക്കുന്നതിനുമുമ്പുള്ള രേഖാചിത്രം ഇതുപോലൊരു യാത്ര വിവരണത്തിൽ നിന്നു വായിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്‌. പായ്‌ക്കടലിൽ മുസിരിസ്‌ (കൊടുങ്ങല്ലൂർ) തുറമുഖത്തെത്തിയ ആ യാത്രികൻ നേരെ കിഴക്കോട്ട്‌ വിശാലമായ കായൽപരപ്പിലൂടെയും പുഴയിലൂടെയും സഞ്ചരിച്ച്‌ കോട്ടയത്ത്‌ എത്തി. അവിടെനിന്ന്‌ നേരെ പുറം കടലിലേക്ക്‌ കടന്നത്‌ ആലപ്പുഴയിലെ പുറക്കാട്ട്‌ വഴിയാണത്രെ. അത്രയും പ്രദേശം പിന്നീട്‌ കരവെച്ചതാകാം. അതിനു കാരണം പെരിയാറിലെ 1341-ലെ പ്രളയം. കരവെച്ച പ്രദേശങ്ങൾ തുരുത്തും കരയും തുറയുമായിട്ടാണല്ലോ അറിയപ്പെടുന്നത്‌. (തൃക്കാക്കര, തൃപ്പൂണിത്തുറ, മടപ്ലാതുരുത്ത്‌, പൂണിത്തുറ…. അങ്ങനെ പോകുന്നു സ്‌ഥലനാമങ്ങൾ)

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊച്ചിയിൽ അനവധിനാൾ തങ്ങിയ വിദ്യാഭ്യാസ വിദഗ്‌ധനാണ്‌ എഫ്‌. എസ്‌. ഡേവീസ്‌. അയാളുടെ വിവരണത്തിൽ നിന്ന്‌ (കൊച്ചിൻ, ബ്രിട്ടൺ ആന്റ്‌ ഇന്ത്യൻ എന്ന പുസ്‌തകം) എറണാകുളത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും ചിത്രം കിട്ടും. അയാൾ എഴുതി – “ ഈ പട്ടണം ഭിക്ഷക്കാരുടെയും നാടോടികളുടെയും മന്ത്രവാദികളുടെയും ഇന്ദ്രജാലക്കാരുടെയും വിഹാരകേന്ദ്രമാണ്‌. ചതുപ്പുനിലങ്ങളാണവിടെയും. റോഡുകൾ ഇല്ല. വഞ്ചിയാത്രതന്നെ ശരണം. ഓളപ്പരപ്പിലെ അപകടയാത്ര. സൂര്യാസ്‌തമനം അതിമനോഹരം.”

സായിപ്പ്‌ എഴുതിയ അക്കാലത്തിന്റെ ഓർമകളുമായി ഒരു തലമുറ ഇന്നും നമ്മോടൊപ്പമുണ്ട്‌. ഇന്ന്‌ അംബരചുംബികളായ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നത്‌ ആ ചതുപ്പുനിലത്തിലാണ്‌. തിരക്കേറിയ പത്മ ജംഗ്‌ഷൻ പുഞ്ചപ്പാടമായിരുന്നു. അവിടെ വർഷക്കാലത്ത്‌ വാഴപ്പിണ്ടി ചങ്ങാടമുണ്ടാക്കി കളിച്ചവർ ഇന്ന്‌ അപ്പൂപ്പന്മാരായി ഓർമ അയവിറക്കുന്നു. ബാനർജിറോഡും കലൂരിന്‌ കിഴക്ക്‌ പാലാരിവട്ടം വരെയും തോടും പാടവുമായിരുന്നു. അന്നത്തെ കച്ചവടകേന്ദ്രം മട്ടാഞ്ചേരിയും ഫോർട്ടുകൊച്ചിയുമായിരുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങൾ. പതിനാലു ഭാഷസംസാരിക്കുന്നവരുടെ വാസസ്‌ഥാനം. കായൽവഴിയാണ്‌ പ്രധാനയാത്ര. പിന്നെ കാൽനടയാത്രശരണം. പഴയ എറണാകുളം ബോട്ട്‌ജെട്ടി ഇന്നും ചരിത്രസ്‌മാരകമായി നിലക്കൊള്ളുന്നു. എറണാകുളത്ത്‌ ജാതിതിരിച്ചു പോലെയായിരുന്നു. ജനതാമസം. ചിറ്റൂർ റോഡ്‌ മതുൽ രവിപുരം വരെ നായന്മാരും കായൽ തീരത്ത്‌ മത്സ്യതൊഴിലാളികളും ബ്രോഡ്‌വെയിൽ കറുത്ത ജൂതന്മാരും കോമ്പാറയിൽ ഈഴവരും മാർക്കറ്റ്‌ പ്രദേശത്ത്‌ ക്രിസ്‌ത്യാനികളും. അയിത്തം വേരോടിയ കാലത്തെ കഥകൾ ഏറെ.

മലബാറിൽ തീവണ്ടി സർവീസ്‌ തുടങ്ങിയത്‌ 1861-ൽ കൊച്ചിയിൽ 1902-ലും. അന്നത്തെ റയിൽവെ സ്‌റ്റേഷൻ ഇന്നും ഉണ്ട്‌. ഹൈക്കോടതിക്ക്‌ പിന്നിലുള്ള ഇ.ആർ.ജി. ഇവിടെ ബസ്‌സർവ്വീസ്‌ തുടങ്ങിയത്‌ 1939-ൽ. എട്ട്‌ പേർക്ക്‌ മാത്രം യാത്ര ചെയ്യാൻ കഴിയുന്ന കൽക്കരികത്തിച്ച ബസ്സാണ്‌ തുടക്കം. റിക്ഷാവണ്ടിയുടെ കഥയും പറയാനുണ്ട്‌. എറണാകുളത്തെ ചെമ്മൺ റോഡുകൾ ടാറിട്ടറോഡുകളായി മാറിയത്‌ ഷൺമുഖൻ ചെട്ടി ഷൺമുഖം റോഡ്‌ നിർമ്മിച്ചതിനുശേഷമാണ്‌. അതിനു മുമ്പ്‌ കായൽ തീരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങളെ പച്ചാളത്തേക്ക്‌ മാറ്റി. പകരം കായൽ ഭിത്തികെട്ടി. മറൈൻ ഡ്രൈവിന്‌ ഭൂമി നികത്തുന്നത്‌ വരെ നഗരവാസികളുടെ സായാഹ്‌നങ്ങളിലെ സൊറ പറച്ചിൽ ഷൺമുഖം റോഡിനഭിമുഖമായി പണിത പാരപറ്റിലാണ്‌. ഈ സൊറ പറച്ചിലുകാരിൽ വൈക്കം മുഹമ്മക്ക്‌ ബഷീറും, തകഴിയും, പോഞ്ഞിക്കര റാഫിയുമൊക്കെയുണ്ടായിരുന്നു. തൊട്ടടുത്ത സീ വ്യൂ ഹോട്ടലിലായിരുന്നു അക്കാലത്തെ പ്രശസ്‌തരായ രാഷ്‌ട്രീയ നേതാക്കളുടെയും നഗര പ്രമുഖരുടെയും താവളം.

പിറന്നപടി യാതൊരു ആസൂത്രണവും ഇല്ലാതെ വളർന്ന നഗരമാണിത്‌. വിദേശമേൽക്കോയ്‌മകളുടെ കൈമുദ്രപതിഞ്ഞകാലത്ത്‌ ഏറെ വികസിച്ചത്‌ ഫോർട്ടുകൊച്ചിയും മട്ടാഞ്ചേരിയുമാണ്‌. കൊച്ചിരാജാക്കന്മാരുടെ ഭരണം തിളക്കം കൂട്ടിയത്‌ തൃപ്പൂണിത്തുറക്കും എറണാകുളത്തിനുമാണ്‌. രാഷ്‌ട്രീയ കഥകളും ഏറെയുമുണ്ട്‌ കൊച്ചിക്ക്‌. ഗാന്ധിജിയുടെ വരവും (കൊച്ചിക്ക്‌ അറബിക്കടലിന്റെ റാണിയെന്ന്‌ പേരിട്ടു) സ്വാതന്ത്ര്യസമരവും കൊച്ചിരാജ്യ ജനകീയമന്ത്രിസഭയും ഒക്കെ ചരിത്രം രേഖപ്പെടുത്തിയ ഏടുകൾ. തുറമുഖപട്ടണം എന്നിപേരിന്റെ തുടക്കം റോബർട്ട്‌ ബ്രിസ്‌റ്റോ എന്ന ഭാവനാ. സമ്പന്നനിൽ നിന്നാണ്‌. വില്ലിംടൺ ദ്വീപിന്റെ വളർച്ച തുടങ്ങിയത്‌ അപ്പോൾ നാവികസേന ആസ്‌ഥാനവും വിമാനത്താവളവും വളർന്നു. അറബിക്കടലിന്റെ റാണിയുടെ മുഖച്‌ഛായ പതുക്കെ പതുക്കെ മാറാൻ തുടങ്ങി. വ്യവസായ കേന്ദ്രങ്ങൾ വന്നു. തമാസിയാതെ കപ്പൽ നിർമാണശാല. പ്രാന്തപ്രദേശങ്ങളിലും ഉണർവ്‌ കാണാറായി.

മുനിസിപ്പാലിറ്റിയിൽ നിന്ന്‌ കൊച്ചിനഗരസഭ രൂപമെടുത്തത്‌ ഒരു കേരളപ്പിറവിദിനത്തിലാണ്‌. (1967-നവംബർ ഒന്ന്‌) നഗരവികസനം തുടക്കമിടുന്നത്‌ നഗരസഭവന്നതോടെയാണ്‌. നോക്കിനിൽക്കെ നഗരം മെട്രോപദവിയിലേക്ക്‌ ഉയർന്നു. കേരളത്തിലെ ഒന്നാം നമ്പർ വ്യവസായനഗരം. അരനൂറ്റാണ്ടിനുമുമ്പ്‌ കൊച്ചിവിട്ട ഒരാൾ തിരിച്ചുവരികയാണെങ്കിൽ അന്തം വിടും. മറൈൻ ഡ്രൈവും തിരക്കേറിയ തെരുവുകളും വാഹനങ്ങളും ജനങ്ങളും ഇഴഞ്ഞു നീങ്ങുന്ന എം.ജി.റോഡും വൻഷോപ്പിംങ്ങ്‌ കോപ്ലക്‌സുകളും ആകാശം തൊടുന്ന ഫ്‌​‍്ലാറ്റുകളും പഞ്ചനക്ഷത്ര ആശുപത്രികളും വൈപ്പിൻ പാലവും ആ തിരിച്ചുവരവുകാരനെ അത്ഭുതപ്പെടുത്തുക ചില്ലറയല്ല.

കൊച്ചി ഇന്ന്‌ കിഴക്കോട്ടെക്കും പടിഞ്ഞാറിലേക്കും വികസിച്ചുവളരുകയാണ്‌. നാളെ കാക്കനാട്‌ പ്രദേശത്ത്‌ സ്‌മാർട്ട്‌ സിറ്റി ഉയരും. പത്ത്‌ വർഷത്തിനകം തൊണ്ണൂറായിരം ആളുകൾക്ക്‌ നേരിട്ട്‌ ജോലി ലഭ്യമാകും. ഐ.റ്റി. സ്‌ഥാപനങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട്‌ നിരവധിപേർക്ക്‌ തൊഴിൽ വേറെയും ലഭിക്കും. കൊച്ചി നഗരത്തിലെ വ്യവസായ മേഖലകളിൽ ഇപ്പോൾ പണിയെടുക്കുന്നവരുടെ ഇരട്ടിയിലധികം ആളുകൾക്കായിരിക്കും സ്‌മാർട്ട്‌ സിറ്റിയിൽ തൊഴിൽ ലഭിക്കുക. അതോടെ വികസിപ്പിക്കുന്നത്‌ ഇന്നുവരെ വികസനം തൊട്ടുതീണ്ടാത്ത എറണാകുളത്തിന്റെ കിഴക്കൻ ഗ്രാമപ്രദേശങ്ങൾവരെയാണ്‌. നിലവിലുള്ള ഇൻഫ്രാപാർക്ക്‌ സമാന്തരമായി വളരും. നെടുമ്പാശേരി വിമാനത്താവളവും അന്താരാഷ്‌ട്രനിലവാരത്തിലേക്ക്‌ വീണ്ടും വളരും. ഇതോടെ വീർപ്പുമുട്ടുന്നത്‌ എറണാകുളം നഗരമാണ്‌. മെട്രോ ട്രയിൻ തന്നെയാണ്‌ ഗതാഗതപ്രശ്‌നത്തിന്‌ പരിഹാരം. മെട്രോവരുന്നതോടെ നഗരത്തിന്റെ മുഖഛായ്‌ക്ക്‌ മറ്റൊരുമാനം കൈവരും.

പടിഞ്ഞാറൻ മേഖലയുടെ വളർച്ച ത്വരിതഗതിയിലാണ്‌. വല്ലാർപാടത്തെ ട്രാൻസ്‌ഷിപ്പ്‌മെന്റ്‌ ടെർമിനൽ പൂർത്തിയാകുന്നു. അവിടെ ഒരു ചെറുനഗരം ഉയരും. പുതുവെയ്‌പ്‌ പ്രദേശത്ത്‌ എൽ.എൻ.ജിയും അന്താരാഷ്‌​‍്യട ബങ്കറിങ്ങ്‌ ടെർമിനലും സിങ്കിൾ ബോയ്‌ മൂറിങ്ങ്‌ (എസ്‌.ബി.എം) സിസ്‌റ്റവും വില്ലിംഗൺ ഐലണ്ടിൽ ഇന്റർനാഷണൽ ക്രൂയിസ്‌ ടെർമിനലും വല്ലാർപാടത്തും പുതുവയ്‌പിലും തുറമുഖത്തെ ബന്ധപ്പെടുത്തി പ്രത്യേക സാമ്പത്തിക മേഖലയും വരികയാണ്‌.

നാളെ വളരുന്നത്‌ അങ്കമാലി, ആലുവ, പെരുമ്പാവൂർ മേഖലകളാണ്‌ അവിടെ കൊച്ചിയുടെ വളർച്ചക്കനുസൃതമായി വ്യാപാര കേന്ദ്രങ്ങൾ വളർന്നേ മതിയാകൂ. ടൂറിസം മേഖല വളർച്ചയുടെ മറ്റൊരു നാഴികകല്ലാണ്‌. ഇതോടൊപ്പം നഗരം അനുഭവിക്കുന്ന ദുരിതങ്ങൾ ഏറെ മാലിന്യ പ്രശ്‌നവും കുടിവെള്ളവും ഗതാഗതവും കൂടാതെ ശാസ്‌ത്രീയമായ ആസൂത്രണത്തിന്റെ അഭാവവും. ഇത്‌ കൊച്ചി കോർപ്പറേഷൻ മാത്രം നിർവഹിക്കേണ്ട കാര്യമല്ല. കേന്ദ്ര – സംസ്‌ഥാന സർക്കാരുടെ സഹകരണവും ഇടപെടലുകളും വേണം. മുംബൈക്ക്‌ സമാനമായിരിക്കും നാളെയുടെ കൊച്ചിയുടെ മുഖച്‌ഛായ. മുബൈക്ക്‌ ആസൂത്രണമുണ്ട്‌. ഇവിടെ അതില്ല. ഈ വളർച്ചയിൽ നഗരജീവിതത്തിൽ നിന്ന്‌ നാളെപുറം തള്ളപ്പെടുന്നത്‌ സാധാരണക്കാരാണ്‌. വർഷങ്ങൾക്ക്‌ മുമ്പ്‌ മുബൈ നഗരത്തിന്റെ കഥ എഴുതിയ ആനന്ദ്‌ ദീർഘവീക്ഷണത്തോടെ കണ്ടപോലെ ആൾ കൂട്ടത്തിൽ അവർ അലിഞ്ഞില്ലാതെയാകും. ആർ, ആരെ പഴിക്കും.

Generated from archived content: column1_agu7_09.html Author: ravi_kuttikkadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here