(1)
പ്രണയമൊരുചില്ലോടുപോലെ-
കൂരിരുട്ടിലെ ആശ്വാസക്കതിരെന്നേതോകവി.
എന്നിട്ടെന്തേ; ഹൃദയചിഹ്‌നങ്ങൾക്ക്,
നിറക്കൂട്ട് ചാലിക്കാൻ-
സപ്‌തവർണ്ണങ്ങളില്ലാത്ത വേളയിൽ
ചില്ലോടുകൾ തകർക്കപ്പെടുന്നത്?
ചോരപൊടിയുന്ന ഉൾക്കാഴ്‌ച്ചകൾക്ക്,
മരുന്ന് വയ്‌ക്കാനാവാത്തവണ്ണം-
ചുറ്റും കൂരിരുട്ട് പരക്കുന്നത്?
(2)
അപ്രീയ സത്യം പറയാതെവയ്യ!!!
ക്യാംപസിൽ-പ്രണയത്തിന് ദൈർഘ്യമില്ല.
സമയംകൊല്ലുവാൻ വെറുമൊരു ജല്പനംപോലെ,
മൂന്നാലുവർഷത്തേയ്‌ക്കുളള എഗ്രിമെന്റ്.
പ്രണയമൂലകളിൽ, കാന്റീനിൽ, ഒഴിഞ്ഞ ക്ലാസ്സ്‌മുറികളിൽ-
അകതാരിലനുരാഗമൂറിയ ചില നിമിഷങ്ങളാണത്.
നുണച്ചിറക്കിയ ഐസ്‌ക്രീം, കോള, പെപ്‌സി
പിന്നെ അണിയറയിലെ സി.ഡി.യുതിർക്കുന്ന-
കേട്ടുതഴമ്പിച്ച കുറെ പ്രണയസങ്കീർത്തനങ്ങളാണത്.
മനോഹര സമ്മാനങ്ങൾക്കായ്,
മാതാപിതാക്കളുടെ പോക്കറ്റടിക്കാനുളള-
പിൻബലമാണത്.
അവസ്ഥാന്തരങ്ങളിൽ-
“നമുക്കെന്നും നല്ല ഫ്രണ്ട്‌സാ”വാമെന്ന
ഭാവപ്പകർച്ചയില്ലാത്ത വാമൊഴിയാണത്.
ലക്ഷ്യബോധം തീർത്ത വിടപറച്ചിലാണത്.
(3)
ഒടുക്കം-
നായകന്, നരച്ച പാതകളിലൂടെ,
കരപറ്റാനുളള കാൽനടയാത്രകൾ.
ഇടയ്‌ക്ക്, തേട്ടുന്ന ഓർമ്മകളിൽ വിശ്രമം.
മുൻ സഹയാത്രിക സുമംഗലിയാവാഞ്ഞാൽ
ബുക്ക്‌പോസ്‌റ്റിലയക്കുന്ന ‘വാലന്റെൻ കാർഡി’-
ലെല്ലാമൊടുക്കാനുളള തത്രപ്പാടുകൾ.
(4)
ഒടുക്കം-
നായികയ്‌ക്ക്, സീത്രീധനക്കുറവിലൊരു കല്ല്യാണ-
മൊരുക്കാനുളള ഭഗീരഥ പ്രയത്നം.
ഇടയ്‌ക്ക്, പഴകിയ ചിന്തകളാലൊരു വെളളിത്തിര.
ക്യാംപസ് കാമുകന്റെ ഫംഗസുബാധിച്ച കളർഫോട്ടോ.
മറുപുറത്ത്, പരന്ന നീലമഷിയിൽ മേൽവിലാസം.
ബുക്ക്‌പോസ്‌റ്റിലയക്കുന്ന ‘വെഡിംഗ് കാർഡി’ൽ,
‘ഫ്രം യുവർ ഫ്രണ്ടെ’ന്നെഴുതിയ ചതുരയായ-
പ്രേയസിയങ്ങിനെ ഉത്തരാധുനിക പ്രണയ-
ത്തിന്റെ തിരുശേഷിപ്പാവുന്നു.
(5)
ക്യാംപസിൽ-പിന്നേയും പ്രണയ മരങ്ങൾ
പൂക്കുന്നു; കായ്‌ക്കുന്നു.
അനന്തരം- കൊഴിഞ്ഞില്ലാതെയാവുന്നു.
ബാക്കിയാവുന്നത്; അനശ്വര സ്വപ്‌നങ്ങളൊന്നുമാത്രം.
Generated from archived content: pranayam_chillu.html Author: ratheeshkumar_k