(1)
ഭാവനയുടെ അതിര്,
മുൾവേലികളല്ല.
കൂറ്റൻ മതിൽക്കെട്ടുകളുമല്ല.
മറിച്ച്,
പുൽമൈതാനങ്ങളും,
കുന്നിൻചരിവുകളും,
ശലഭങ്ങൾക്കു സ്വന്തമായ-
താഴ്‌ന്ന ആകാശങ്ങളും പോലെ;
അകക്കണ്ണിനുമപ്പുറം,
തെളിയുന്ന നീലിച്ച നാളമാണ്.
പേറ്റന്റെടുക്കാത്ത തോന്നലാണ്.
(2)
പുരാവൃത്തങ്ങൾ,
ഹൃദയത്തിന്റെ-
അടിത്തട്ടുകളിലാണ്
അഭിരമിക്കുക.
സുഖസുഷുപ്‌തി-
യിലാഴ്‌ന്നുഴലുമ്പോൾ,
തിരസ്‌ക്കരിക്കാനാവാത്ത
അത്തരം-അതിഥികളെ കാണുന്നു.
ഇടയ്‌ക്ക്;
തിരിഞ്ഞും
മറിഞ്ഞും
ഞരങ്ങിയും
മൂളിയും
കാഴ്‌ചകളെമ്പാടും
കണ്ടു തീർക്കുന്നു.
(3)
വിശേഷണങ്ങളുടെ
പറഞ്ഞുപതിയലിൽ,
‘ബാണഞ്ചേരി’യെ
കൈമോശപ്പെടുത്തിയതെങ്ങിനെ?
‘ബാണൻ+ചേരി = ബാണഞ്ചേരി’
അപ്പോൾ, ബാണൻ?
[അതോ, പാണനോ?]
അഥവാ,
വൈപര്യദേവനോ?
[അതോ, പഴമ്പാട്ടു പാടാറുളള-
കറുത്ത കൃശഗാത്രനോ?]
(4)
അങ്ങ്,
മൂന്നാം കുന്നിനുമകലെ,
നരച്ച ആകാശച്ചരിവിനു-
താഴെ,
വെളളാനിക്കാടിന്റെ
ഹൃദയം തുരന്ന്,
ഒരു കൊച്ചുവെളളക്കെട്ടുണ്ട്.
അവിടേയ്‌ക്ക്,
നിശ്ശബ്‌ദ രാവിന്റെ കൂട്ടാളിയായ്,
തിളങ്ങുന്ന ലോഹച്ചട്ടയണിഞ്ഞ്,
കാരിരുമ്പിന്റെ കരുത്തുമായ്,
മൗനാരവത്തോടെയാണ്,
ബാണന്റെ ആഗമനം.
കൊടിയ മീശയും,
വിടർന്ന മാർവിടത്തിനിടയി-
ലൂടെഴുന്നു നിൽക്കുന്ന,
രോമകൂപങ്ങളും,
ചോരയൂറ്റിയ കണ്ണുകളിലെ
‘ലേസർ’ തീക്ഷ്‌ണതയും;
ചുണ്ടിലെ ബീഭത്സവും
പിന്നെ,…… ?!!!!?…
അതെ,
ഭാവനയുടെ അതിര് മുൾവേലികളല്ല,
കൂറ്റൻ മതിൽക്കെട്ടുകളുമല്ല…
(5)
ആസുരബിംബങ്ങൾ,
ആയുധയറകൾ,
(ഇന്ന്-കല്ലറകൾ..!!)
മാണിക്യം കൈമാറിയ സർപ്പപാതകൾ;
….‘ശിഥിലമാക്കപ്പെട്ട
തിരുശേഷിപ്പിൽ,
അധികമൊന്നും
പറഞ്ഞു കേട്ടീല്ല’….
(6)
തിരിച്ചറിവിന്റെ
പുതിയ ഏടുകളിൽ,
പഴമയുടെ നൂൽബന്ധമറുക്കാത്ത-
മാമൂലുകൾപോലും,
ഫംഗസുകൾ, തിന്നുതീർത്തിരിക്കുന്നു…
കാലത്തിന്റെ ഫോസിൽപ്പാളികളിൽ,
‘ബ’ എന്നത്,
‘പ’ ആവുന്നു.
[ഇനി ‘പ്‌ഫ’ എന്നോ?]
(7)
ആത്‌മാവിന്റെ,
പാസ്‌വേർഡുകൾ-
മോഷ്‌ടിച്ച്,
പുതിയ തേർവാഴ്‌ച്ചകളൊരുക്കുമ്പോൾ,
ഇത്രമാത്രം ഓർമ്മിക്കുക.
‘ഭാവനയുടെ അതിര്,
മുൾവേലികളല്ല,
കൂറ്റൻ മതിൽക്കെട്ടുകളുമല്ല…’
(ശുഭം)
(ബാണഞ്ചേരി എന്ന കവിയുടെ നാടിനെക്കുറിച്ചാണീ കവിത)
Generated from archived content: poem1_july2.html Author: ratheeshkumar_k