ജനുവരി

1

പ്രണയം,

മുഷിയുമ്പോൾ-

ആകുലതകളേറുമത്രേ…

ശേഷം,

ചിന്തകളുടെ നേർഗതി

ഗത്യന്തരമില്ലായ്‌മകളിലേക്ക്‌,

മുഖം തിരിയ്‌ക്കും….

2

എന്നാലും,

ഉറഞ്ഞ കണ്ണീരിന്നടിയിൽ

ഹൃദയം-തുണ്ടംതുണ്ടമായി

പകുത്തിടുന്നതെന്തിനെന്നുളള

നെരൂദാ മൊഴിയോ,

ആലസ്യത്തിലാഴ്‌ന്ന തപോവനങ്ങൾ

മഞ്ഞിന്റെ ദുപ്പട്ടയണിയുന്നതെന്തിനെന്നോ,

ആരും മനസ്സിരുത്താറില്ല.

3

ഇല – തളിർക്കുന്നതും,

പൂവ്‌ – മിഴിതുറക്കുന്നതും,

കിളിക്കൂടുകളൊരുങ്ങുന്നതും

സുഖദമായ നേർക്കാഴ്‌ച്ചക-

ളാവുകയും ചെയ്യും…

4

ഒപ്പം,

തലേവർഷശീലങ്ങൾ വെടിഞ്ഞ്‌-

പുതുവർഷകുമ്പസാരങ്ങൾ…

പ്രതിജ്ഞാബദ്ധതയുടെ,

ബന്ധനങ്ങൾ….

5

പിന്നെ,

ബാർട്ടർ സമ്പ്രദായത്തിലുളള,

ഹൃദയ കൈമാറ്റ വേളകൾ…

അതിന്നാദ്യപടിയെന്നോണം,

‘ന്യൂ ഇയർ കാർഡുകൾ’…

ഉറുമ്പിനു തിന്നു തീർക്കാൻ,

‘ന്യൂ ഇയർ കേക്കുകൾ’…

6

ഇടതടവില്ലാതെ,യിഴപാകിയിടുന്ന

ജനുവരിക്കാറ്റ്‌…!!!

വിറളി പിടിപ്പിക്കുന്ന,

തണുപ്പ്‌…!!!

7

എല്ലായ്‌പ്പോഴുമിങ്ങിനെ,

ഉന്‌മാദ കാന്തവലയം

തീർത്ത്‌,

അവൾ, അഥവാ ജനുവരി

വീണ്ടും – വീണ്ടും,

ഓർമ്മാക്ഷരങ്ങളുരുവിട്ടു പഠിച്ചിരുന്നെങ്കിൽ…!!!

Generated from archived content: january.html Author: ratheeshkumar_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here