ഇടതൂർന്ന മൗനത്തിനന്തരാത്മാവിലൊരു-
നിഴൽ ദീപമാരോ കൊളുത്തിവച്ചപ്പോൾ,
ഇടനെഞ്ചുപൊട്ടിപ്പിളർത്തപ്പോലേതോ
കരിവേഷബിംബം തിമിർത്തുലഞ്ഞു.
കോതി മിനുക്കാത്ത ചെമ്പൻ മുടിക്കെട്ട്,
ചെന്തീ പടർത്തുന്ന ചെമ്പൂച്ചക്കണ്ണുകൾ,
മൂശയിൽ കാച്ചിയ നാസാഗ്രക്കൂർമ്മത,
ചെഞ്ചോരയിറ്റുന്ന ദംഷ്‌ട്ര കൊടുംവാൾ,
തലയോട്ടികോർത്തിട്ട കണ്‌ഠഭാരം,
മിഴിവുറ്റ മാറിന്റെയുൾത്താളബോധം,
കരിവീട്ടികയ്യ്‌കളിൽ വെളളിത്രിശൂലം,
അരക്കെട്ടുവരിയുന്നയൊഢ്യാണ ചന്തം,
കരിനാഗച്ചുരുൾപോൽ നാഭിത്തടം,
പൊൻചിലമ്പ്, പിന്നെ ചെമ്പട്ടുതറ്റ്,
കാൽവണ്ണയാരോ കടഞ്ഞിട്ട ശില്‌പം.
അട്ടഹാസകൊടുംമ്പേരിയാൽ തത്‌ക്ഷണം,
ആഞ്ഞാഞ്ഞുകുത്തി, കൊലവിളിച്ചെന്നെയത്,
ഞെട്ടിയുണർന്നു ഞാനുറ്റുനോക്കുമ്പോ-
-ഴേയ്‌ക്കും, നിഴൽ ദീപമാരോ കെടുത്തിവച്ചു.
Generated from archived content: duswapnam.html Author: ratheeshkumar