ശേഷം കാഴ്ചയില്‍…

എടാ കുശ്മാണ്ട,

ഞാന്‍ ഈ മാസം നാട്ടില്‍ വരുന്നുണ്ട്. കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നത് ബ്‌ളൂലേബല്‍. ഓസിനല്ല. ഞാന്‍ പറയുന്ന വിഷയത്തില്‍ ഒരു കഥ അയച്ച് തരണം. വിഷയം ‘മൂത്രം’.

സ്‌നേഹപൂര്‍വ്വം, തോമാ.

പ്രീയപ്പെട്ട ഉടായിപ്പ് തോമാ,

വിവരംകെട്ട സംസാരം നിന്റെ കൂടപ്പിറപ്പായി ഇപ്പോഴും ഉണ്ട് എന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. തല്‍ക്കാലം മൂത്രത്തെപറ്റി കഥയൊന്നും എഴുതുന്നില്ല. മറ്റേ സാധനം നീ തന്നെ വച്ചോ. ഞാന്‍ നിര്‍ത്തി.

‘പകല്‍ സൂര്യന് ഇത്രവെളിച്ചമുണ്ടെങ്കില്‍ രാത്രിയില്‍ എന്നാ വെളിച്ചമായിരിക്കും’ എന്നത് പോലുള്ള നിന്റെ തമാശകള്‍ ഇപ്പോഴും അവിടെയെല്ലാം വീശിയടിക്കുന്നുണ്ടാകും .

നിന്നോട് അത്ഭുത തോന്നുന്ന ഒരു കാര്യം പറയുവാനുണ്ട്. ധാരാസ്‌നാനം ചെയ്തുകൊണ്ടിരുന്ന ഒരു മനുഷ്യനെ കാണാനില്ല. കുളിച്ചുകൊണ്ട് നില്ക്കുമ്പോള്‍ അയാള്‍ അപ്രത്യക്ഷനാകും. എന്നാല്‍, ഏറെ നേരത്തിന് ശേഷം വീണ്ടും അതേ സ്ഥാനത്ത് തന്നെ പ്രത്യക്ഷനാകും. പ്രശ്‌നം ഡോക്റ്ററിനും ഇതുവരെ ലക്ഷണം കൊണ്ട് നിര്‍ണ്ണയിക്കാന്‍ ഒത്തിട്ടില്ല. ഇയാളെ ചികിത്സിക്കുന്ന ഡോക്റ്റര്‍ തന്നെയാണ് ഇത് എന്നോട് പറഞ്ഞത്. തല്‍ ക്കാലം നമ്മുക്ക് പുള്ളിക്കാരനെന്ന് വിശേഷിപ്പിക്കാം. ഡോക്റ്ററും പുള്ളിക്കാരനെന്നാണ് വിശേഷിപ്പിച്ചത്. ഡോക്റ്റര്‍ പറയുന്നത് പുള്ളിക്കാരന്‍ നമ്മളെപ്പോലെ തന്നെ സാധാരണക്കാരനാണെന്നാണ്. വര്‍ത്തമാനത്തിലും മറ്റ് പെരുമാറ്റരീതിയിലും യാതൊരു വിധ അസാധരണത്വവും ഇല്ല. ഇയാള്‍ സ്വയം ഡോക്റ്ററുടെ അടുത്ത് ചെല്ലുകയായിരുന്നു.

ഇയാളുടെ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനും അതിന് എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വിശദീകരണം ലഭിക്കുന്നതിനും വേണ്ടിയാണ് ഡോക്റ്റര്‍ ഐസ്‌ക് എന്നെ സമീപിച്ചത്. പക്ഷേ, എനിക്ക് കൂടുതല്‍ ഒന്നും സഹായിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, ഈ വ്യക്തി ഇത്തരം സംഭവങ്ങള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ പിന്നീട് ഓര്‍ത്തിരിക്കുന്നി ല്ല. ഡോക്റ്ററിന് ഈ കേസില്‍ എന്തോ പ്രത്യേക താല്‍ പര്യമുള്ളത് പോലെ. ഈ വ്യക്തിയെപറ്റിയോ, പുള്ളിക്കാരന്റെ ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങളോ ഐസക് വളരെ വ്യക്തിപരമായി ഒളിപ്പിച്ച് വച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ ഡോക്റ്ററുടെ നിരീക്ഷണത്തില്‍ കഴിഞ്ഞുവരുന്നു . പുള്ളിക്കരന്റെ ഡയറിക്കുറിപ്പുകള്‍ വരെ മറ്റാരെയോ കൊണ്ട് പക ര്‍പ്പെഴുതിച്ചാണ് എന്നെ കാണിച്ചത്.

പുള്ളിക്കാരന്റെ ജീവിതത്തിലെ വിസ്മയകരമായ സംഭവങ്ങള്‍ എന്നെ ഏറെ ചിന്തിപ്പിച്ചു. പിന്നെ ഞാന്‍ ഓരോ സംഭവങ്ങളിലൂടെയും ഒരു എഴുത്തുകാരനെന്ന നിലയില്‍ കടന്ന് പോയി. ഏങ്ങനെയാണ് അയാള്‍ അപ്രത്യക്ഷനായത്. അത് ഒരിക്കലും ഒരു ദിവസം കൊണ്ട് നടക്കുന്ന കാര്യമല്ല. അല്ലെങ്കിലും, ഒരു പ്രത്യേക ക്ഷണത്തില്‍ മാത്രമേ പുള്ളിക്കാരന് അങ്ങനെ ചെയ്യാന്‍ കഴിയൂ. മറ്റ് സംഭവങ്ങളിലൊന്നും തന്നെ ഇങ്ങനെയൊന്ന് ഡോക്റ്റര്‍ ഐസക് രേഖപ്പെടുത്തിയിട്ടില്ല. അതിന് ഒരു പ്രത്യേകത കാണും.

ഞാന്‍ ഒന്നാമത്തെ സംഭവം എടുത്തു. ഓഫീസില്‍ നിന്നും ഇറങ്ങിവരുന്ന പുള്ളിക്കാരന്‍ കാണുന്നത്, ഒരു സ്ത്രീ തന്റെ ഇടത്തെ കൈവിരലുകള്‍ മകന്റെ വലത്തെ കൈവിരലുകളില്‍ കോര്‍ത്ത് പിടിച്ച് നടക്കുന്നതാണ്. പുള്ളിക്കാരന്‍ നേരെ റോഡ് കടന്ന് അപ്പുറം പോകണ്ടേതിന് പകരം ആ സ്ത്രീയുടെയും മകന്റേയും പിറകേ പോയി. പോയി എന്ന് മാത്രമ ല്ല, അയാളുടെ നടത്തത്തിന്റെ അനുകരണം ആ സ്ത്രീയുടേതായിരുന്നു. തിരിഞ്ഞു നോക്കിയ മകന്‍ കാണുന്നത് തന്റെ അമ്മയെ അനുകരിച്ച് പിന്നാലെ കൂടിയിരിക്കുന്ന ചെറുപ്പക്കാരനെയാണ്. ശേഷമുള്ള കാര്യങ്ങള്‍ക്ക് പ്രസക്തിയില്ലെങ്കിലും അവിടെ ഒരു നിഗൂഢതയുണ്ട്. നേരേ പോകാന്‍ പോയ മനുഷ്യനെ വഴിതെറ്റിച്ച് അയാള്‍പോലും അറിയാതെ ആ സ്ത്രീയു ടെ പിന്നാലെ നടത്തിയതാണ്. ഇതില്‍ ഒരു സാധാരക്കാരനെ സംബന്ധിച്ച് വലിയ പ്രത്യേകതയൊന്നും ഇല്ല. അവര്‍ ഇയാളെ ഒരു പെണ്ണുപിടിയനെന്നോ മറ്റോ ചിത്രീകരിച്ച് തള്ളികളഞ്ഞേക്കും.

രണ്ടാമത്തേത്, ചിലര്‍ അടുത്തുകൂടി പോകുമ്പോള്‍ അയാള്‍ക്ക് അവരുടെ ശ്വാസത്തില്‍ ലയിച്ചു ചേരുന്നു. അവരുടെ ശരീരത്തിലെ സകലനാഡീവ്യൂഹങ്ങളിളൂടെയും ഞരമ്പുകളിലൂടെയും കടന്ന്‌പോകുന്നു. അവര്‍ എന്താണ് ചിന്തിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഒക്കുന്നു, അയാള്‍ അവരായി മാറുന്നു. പിന്നെ കുറച്ചുനേരത്തേക്ക് അവര്‍ നടക്കുന്നത് മാതിരി, ചിന്തിക്കുന്നപോലെ പുള്ളിക്കാരന്‍ സ്വയം പ്രവര്‍ത്തിക്കുന്നു.

ആകസ്മികത നിറഞ്ഞ മറ്റൊന്ന്, പുള്ളിക്കാരന്‍ ഒരു ദിവസം തന്റെ മുറിയുടെ ഭിത്തിയില്‍ നോക്കുന്നിടത്തെല്ലാം വളര്‍ത്ത് നായയുടെ കണ്ണുകള്‍ തന്നെ നോക്കി കണ്ണിമയ്ക്കുന്നു. പുരികങ്ങള്‍ ഇടത്തോട്ടും വലത്തോട്ടും വെട്ടിക്കുന്നു. അപ്പോള്‍ ആ പട്ടിയും ആ മുറിയില്‍ ഉണ്ടായിരുന്നു. ഇയാള്‍ സ്‌നേഹപൂര്‍വ്വം വളര്‍ത്തിയിരുന്ന നായായിരുന്നു അത്. ഉറക്കവും തീറ്റയുമെല്ലാം അതിന്റെ കൂടെ. ഈ പട്ടിയുടെ പ്രത്യേകത അതിന്റെ സംസാരിക്കുന്ന പുരികക്കൊടികളും കറുപ്പും തവിട്ടും നിറമുള്ള കൃഷ്ണമണിയും കണ്‍പോളകളുമാണ്. അത് ഒരു പട്ടിയായിരുന്നില്ല. ഒരു മനുഷ്യന്റെ എല്ലാ ഭാഷ്യങ്ങളും, ആംഗ്യങ്ങളും അതിനറിയാം. അതുപോലെ തന്നെ അതിന്റെ ഉടമസ്ഥന് തിരിച്ചും. ആ ദിവസം പു ള്ളിക്കാരന്‍ കൂറേനേരം ആതിന്റെ കണ്ണുകളില്‍ തന്നെ നോക്കിയിരുന്നു. അതിന്റെ പുരികം വെട്ടിക്കുന്നതും മറ്റും. പക്ഷേ സംഭവിച്ചത്, അയാള്‍ കണ്ണെടുത്ത് ഭിത്തിയിലേക്ക് നോക്കിയപ്പോളാണ് നേരത്തെ പറഞ്ഞകാര്യം സംഭവിച്ചത്.

എന്തൊരത്ഭുതം. പക്ഷേ, ഈ രണ്ട് സംഭവങ്ങള്‍ ക്കും എന്തെങ്കിലും ഒരു ബന്ധമുണ്ടോ? അല്ലെങ്കില്‍ ഇവയ്ക്ക് മുകളില്‍ പറഞ്ഞ സംഭവുമായി എന്തെങ്കിലും ആപേക്ഷികത! ഞാന്‍ കൂടുതല്‍ വിവരങ്ങള്‍ ഡോക്റ്ററില്‍ നിന്നും ചോദിച്ചറിഞ്ഞു. മേല്‍ പറഞ്ഞ രണ്ട് സംഭവങ്ങളിലും സൗന്ദര്യത്തിന്റെ ഒരു അതി പ്രസരണം അയാളില്‍ കടക്കുന്നുണ്ടാക്കണം. പുള്ളിക്കാരന്‍ മനോഹാരിതയിലേക്ക് ആവാഹിക്കപ്പെടുന്നതായി എനിക്ക് തോന്നുന്നു.

ഞാന്‍ മേല്‍ പറഞ്ഞ അതേ പട്ടിയെ തന്നെ പുള്ളിക്കാരന്‍ കടിച്ച് പറിച്ച് കൊല്ലുകയുണ്ടായി. ഇയാളുടെ വീട്ടില്‍ ഒരു പൂച്ചക്കുട്ടി നിത്യ സന്ദര്‍ശകയായിരുന്നു. നല്ല കളിപ്രായമുള്ള, ചുവന്ന മൂക്കും തൂവെള്ള രോമയും ഇന്ദ്രനീല കണ്ണുകള്‍. തന്നെ കാണാന്‍ വരുന്നത് തന്റെ വളര്‍ത്ത് നായ കാണാറില്ലായിരുന്നു. എന്നാല്‍ ഒരു ദിവസം അത് സംഭ വിച്ചു. ആ പൂച്ചക്കുട്ടിയെ കടിച്ച് കുടയുന്നു. ആ പുള്ളിക്കാരനും നിലത്തുകിടന്ന് ഉരുണ്ടു. എന്നിട്ട് പുറകില്‍ നിന്ന് വന്ന് തന്റെ പട്ടിയെയും കടിച്ച് കുടഞ്ഞു. എന്താണെല്ലെ!. ഇതെല്ലാം സംഭവിക്കുമോ?

മനുഷ്യനങ്ങനെയാണ്. വളരെ മനോഹരമായ ഒരു ആവരത്താല്‍, അകത്ത് നടക്കുന്നത് അറിയുന്നില്ല. ചിലര്‍ പുറമെ നിന്ന് നോക്കിയാല്‍ സാധാരണക്കാര്‍, എന്നാല്‍ എന്താണ് അകത്ത് നടക്കുന്നത്?

എനിക്ക് തോന്നുന്നത്, ഈ പറഞ്ഞ പുള്ളിക്കാരന്‍, ഓരോ നിമിഷവും ഓരോ അവസ്ഥയില്‍ കൂടി കടന്ന് പോകുന്നുവെന്നാണ്. ഞാന്‍ ഒരു എഴുത്തുകാരനാണെന്ന് അവസ്ഥയാണ്. എന്നാല്‍ ഞാന്‍ ഒരു ദിവസം മുഴുവനുമോ അല്ലെങ്കില്‍ ഒരു വര്‍ഷം മുഴുവനുമോ എഴുത്തുകാരനല്ല. എന്നാല്‍ ചില അനര്‍വചനീയമായ നിമിഷങ്ങളില്‍ ഒരു പ്രേരകശക്തിക്ക് വിധേയമാകുമ്പോള്‍ എന്നി ല്‍ എഴുത്തുകാര്‍നെന്ന അവസ്ഥ ഉണ്ടാകുന്നു. എന്നാല്‍ ഞാന്‍ ഒരു അധ്യാപകനാണെന്നത് മറ്റൊരവസ്ഥയാണ്. ഒരു ദിവസത്തില്‍ ഏറിയ സമയവും നമ്മളെന്തിനായി ചിലവഴിക്കുന്നുവോ, നാം ഒരു പക്ഷേ ആ അവസ്ഥയ്ക്ക് മുറക്കാരാകുന്നു. ഒരു ഭക്തന്റെ മാനസീക അവസ്ഥ, അവന്‍ ഏതോ ഒരു ശക്തിയെ ഉത്തേജിപ്പിക്കുന്നു, അവന്റെ എപ്പോഴും ഉള്ള ഈശ്വരീയ സഹവാസ ത്തിലൂടെ. അങ്ങനെ ഓരോ മനുഷ്യനും വ്യത്യസ്തമായ നിലയില്‍ കൂടി ജീവിതം നയിക്കുമ്പോള്‍ എന്തുകൊണ്ട് ഒരാള്‍ക്ക് ആ വ്യത്യസ്തത ഓരോ നിമിഷവും വന്നുകൂടാ. ഈ പുള്ളിക്കാരന്‍ ചിലപ്പോള്‍ ധാരാസ്‌നം ചെയ്യുമ്പോള്‍ അതിലെ ഓരോ വെള്ളത്തുള്ളികളായി മാറാനുള്ള അവസ്ഥസ്വീകരിക്കാന്‍ കഴിവുണ്ടെങ്കില്‍. അങ്ങനെ ഒരു അവസ്ഥവിടുമ്പോള്‍ അയാള്‍ തിരിച്ച് പ്രത്യക്ഷപ്പെടുന്നു.

മറ്റൊരു രസകരമായ സംഭവം പറയട്ടെ. കഥയില്‍ ചോദ്യമില്ല എന്ന് പറയുന്നത് പോലെ ഞാന്‍ ഈ പറയാന്‍ പോകുന്ന സംഭവത്തിനും ഒരു ചോദ്യവും പാടില്ല. ഈ വ്യക്തി, തന്റെ വീട്ടിലല്ലാതെ വെളിയില്‍, വികസിക്കാതെ കിടക്കുന്ന ഏതെങ്കിലും സ്ഥലത്ത് മൂത്രമൊഴിച്ചാല്‍ ആ ഭൂമിയില്‍ തുടരെ തുടരെ അഭിവൃദ്ധിപ്പെടും. ഇതിനെ ചൂണ്ടിക്കാണിക്കുന്ന ഒ ത്തിരി സംഭവങ്ങള്‍ ഇയാളുടെ ഡയറിക്കുറുപ്പികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇയാള്‍ ഐസക്കിനെ കാണിക്കുകയുണ്ടായി. ഇയാള്‍ മൂത്രമൊഴിക്കുമ്പോള്‍ ഇയാള്‍ കുറച്ച് നേരത്തേക്ക് സ്വപ്നം കാണുമത്രേ. ആയാള്‍ എന്താണോ ദിവാസ്വപ്നം കാണുന്നത്, അതുപോലെ ആ സ്ഥലത്തിന് മാറ്റം വരുമെന്ന്.

പിന്നെ വേറൊരു വിശേഷം കൂടിയുണ്ട്. ഞാന്‍ ഇപ്പോള്‍ പഴയസ്ഥലത്തല്ല താമസിക്കുന്നത്. അവള്‍ മക്കളുടെ കൂടെ ദുബായിക്ക് പോയി. പിന്നെ എനിക്കെന്തിനാണ് ഇത്രയും വലിയ വീട്. ഞാന്‍ അത് വാടകയ്ക്ക് കൊടുത്തു. എന്റെ താമസം ഇപ്പോള്‍ ഡോക്റ്റര്‍ ഐസക്കിന്റെ കൂടെയാണ്. ഐസക്കിന് ഒരു തുണയായിക്കോട്ടെ എന്ന് വിചാരിച്ചു. ഡോക്റ്റര്‍ തന്നെയാണ് ഇങ്ങനെ ഒരു അഭിപ്രായം എന്നോട് പറഞ്ഞത്. ഇത്തവണ വരുമ്പോള്‍ ഇവിടെ കൂടാം. ഞാന്‍ നിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. ഡോക്റ്ററിന് പൂര്‍ണ്ണസമ്മതമാണ്.

തോമാ, ഞാന്‍ നിര്‍ത്തി എന്ന് പറഞ്ഞത് ബ്‌ളൂ ലേബല്‍ ആണ്. ഹൈലാന്‍ഡ് പാര്‍ക്കായിക്കോട്ടെ ഇത്തവണ.

ശേഷം കാഴ്ചയില്‍…

Generated from archived content: story3_oct7_14.html Author: ratheesh_gopinadhamenon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English