എത്രനാളാണ് ഞാൻ ഉറങ്ങിത്തീർത്തത്. തലച്ചോറ് പ്രവർത്തിക്കാതായിരുന്നു. എണീക്കുമ്പോൾ ഒരു മരവിപ്പ്. കുറച്ച് നേരം എണീറ്റിരിക്കും എന്നിട്ട് വാച്ചിൽ നോക്കും. ഉച്ചയ്ക്ക് ഒരു മണി. പിന്നെ ഒന്ന് പോയി പല്ലുതേച്ച് കുളിക്കും. അപ്പോഴേക്കും ഉറങ്ങിക്കിടന്ന ദഹനാഗ്നി പ്രവർത്തിച്ച് തുടങ്ങും. ഭയങ്കരവിശപ്പ്. ഈ വിശപ്പ് ഇല്ലായിരുന്നെങ്കിൽ അത്രയും കൂടി പൈസാ ലാഭിക്കാമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലപ്പോൾ പ്രാകുക കൂടി ചെയ്തിട്ടുണ്ട്. അടുത്ത നടപടി ഒരുങ്ങുക എന്നതാണ്. തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് നടത്തമായി. മുറിക്ക് വെളിയിലേക്ക് അധികം ഇറങ്ങാതിരിക്കാൻ ശ്രമിക്കും. ഏതാനും ദിവസങ്ങളിൽ, പുറത്തിറങ്ങാൻ മടികൊണ്ട്, ദിനചര്യകൾ പാലിക്കപ്പെടേണ്ടതുകൊണ്ട് മാത്രം, അവ പൂർത്തീകരിച്ച് വീണ്ടും വന്ന് കിടക്കും. കണ്ണു തുറന്ന് ഏതാനും നിമിഷം കിടക്കുമ്പോൾ കൺപോളകൾക്ക് അധികനേരം തുറന്നിരിക്കുന്ന ശീലം മറന്ന്പോയിരിക്കുന്നത് കൊണ്ട് അറിയാതെ അവയും അടഞ്ഞ് തുടങ്ങും. അടുത്ത എണീക്കൽ വൈകിട്ട് ആറിനോ ഏഴിനോ ആയിരിക്കും. ഇരുട്ടി തുടങ്ങുന്നത് കൊണ്ട് അധികം ആരും ശ്രദ്ധിക്കില്ല. ഒന്നൊന്നര മണിക്കൂർ നടക്കും. ശരീരം ചൂടായി വിയർത്തൊലിക്കും. അപ്പോൾ മാത്രമാണ് ശരീരത്തിൽ രക്തമുള്ള ജീവിയാണ് മനുഷ്യൻ എന്ന തോന്നൽ ഉണ്ടാകുന്നത്. ജീവിതത്തിൽ എന്തോ ചെയ്ത പ്രതീതി കിട്ടും. തുടർന്ന് വല്ലതും കഴിക്കും. ആർക്കും ചോദ്യങ്ങൾക്ക് അധികം മുഖം കൊടുക്കാറില്ല. ചിലപ്പോൾ “ഏക് സൗ ബീസ്” മറ്റ്ചിലപ്പോൾ “ചാർ സൗ ബീസ്” മുറുക്കും. വിഷാദത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ചാണ് ഏതുവേണമെന്ന് ആവശ്യപ്പെടുക. മുറിയിൽ വന്ന് നടത്തിന്റെ ക്ഷീണം മാറ്റാൻ ഒന്ന് മയങ്ങും. ആ മയക്കത്തിന് വിഘാതം വരുന്നത് അടുത്ത ദിവസം ഉച്ചയ്ക്ക് ഒന്നിനായിരിക്കും.
ഒരു പരിധിവരെ വായനക്കാരനായിരിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. ഉറക്കത്തിൽ നിന്നും ഉള്ള ഈ ആസക്തി ഒഴുവാക്കാൻ. എന്നാലും കഷ്ടിച്ച് ഒരു പേജ്. അത്രതന്നെ. അപ്പോളേക്കും മനസ്സ് ആലസ്യത്തിലേക്ക് വഴുതിവീണിരിക്കും. പലപ്പോഴും അതൊരു അഭിനയമായിത്തീരുന്നത് പോലെ തോന്നിയിട്ടുണ്ട്. അഭിനയത്തിനും ഉണ്ടല്ലോ ഒരു കാലപരിധി. അവസാനം വാങ്ങിച്ച് കൂട്ടിയ പുസ്തകങ്ങളും, മാസികകളും, ആഴ്ച്ചപ്പതിപ്പുകളും മുറിക്കൊരു ഭാരമായി. നല്ല വായനക്കാരനെന്ന ഒരു പ്രതിച്ഛായയിൽ ചിലർ എന്നെ ശ്രദ്ധിക്കുവാൻ തുടങ്ങി. ആ പ്രതിച്ഛായ എനിക്ക് ദോഷമാകുമെന്നുള്ളത് കൊണ്ടും, വായിക്കാതെ കിടക്കുന്ന പുസ്തകങ്ങൾ എന്നിൽ കുറ്റബോധവും അതിലുപരി നിരാശയും ഉളവാക്കാൻ തുടങ്ങിയത് കൊണ്ടും പുസ്തകക്കടയിലേക്കുള്ള പോക്ക് കുറച്ചു.
ഒരു മടുപ്പ്, അല്ല വിഷാദം, അതാണ് കൂടുതൽ ശരി, ഇടയ്ക്ക് ജീവിതത്തെ ഗ്രസിക്കുന്നതായി തോന്നുമ്പോൾ കുറച്ച് നേരം പാട്ടുകേൾ ക്കുമായിരുന്നു. എന്നാൽ അവ കുറെ സ്വരങ്ങളും ശബ്ദ്ങ്ങളായും മാത്രം, മുറിയുടെ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ച്, കാതുകൾക്ക് അപസ്വരം സൃഷ്ടിച്ചുകൊണ്ടിരുന്നു. പാട്ടിലെ നല്ല വരികളോടു ചെവികൾ ക്കുള്ള പ്രതിഷേധം ഞാൻ അറിഞ്ഞത് അടുത്തമുറിയിലെ താമസക്കാർ മൂളിക്കൊണ്ട് പോകുന്നത് കേൾ ക്കുമ്പോളായിരുന്നു. എത്ര തവണ കേട്ടിട്ടും എനിക്കൊരിക്കലും ഒന്ന് മൂളാൻ പോലും കഴിഞ്ഞിട്ടില്ല.
പിന്നെ സുഹൃത്തുക്കൾ, അറിവിനും സമയപോക്കിനും മാത്രമല്ല, നമ്മുക്കായി സൃഷ്ടിയുടെ സമ്മാനമാണ് അവർ. പലപ്പോഴും അപൂർണ്ണമായിപ്പോകാവുന്ന പലതും പൂർണ്ണതയിൽ എത്താനും, എത്തിക്കാനും ബന്‌ധങ്ങൾ ആവശ്യമാണ്. അതിനാൽ, നമ്മളെ പൂർണ്ണരാക്കാൻ സുഹൃത്തുക്കൾ ആവശ്യമാണ്. വികാരജീവിയായ മനുഷ്യന്റെ, ഉയർച്ചക്ക്, ജീവിത വിജയത്തിന്, എന്തിന് എല്ലാ സാമൂഹ്യവും വ്യക്തിപരമായ തുറകളിലും സൗഹൃദങ്ങൾ ആവശ്യമാണ്. എന്നാൽ ചില ആൾക്കാർക്ക് കരിക്ക് കുടിച്ചാൽ വയറിളകും. സാധാരണ കരിക്ക് ആരോഗ്യത്തിന് നല്ലതാണ്. വളരെ വിചിത്രമാണ് ജന്മങ്ങൾ. ചിലർക്ക് നല്ലതെന്ന് തോന്നുന്നത് മറ്റുള്ളവർക്ക് ദോഷകരമാണ്. എനിക്കും ഉണ്ടായിരുന്നു വളരെ ഏറെ സുഹൃത്തുക്കൾ. ഏകദേശം നാന്നൂറ്റി അൻപത് ഗ്രാമങ്ങളിൽ സ്വാധീനമുണ്ടായിരുന്നു. അതും, ഒരാൾക്ക് വിചാരിക്കാൻ കഴിയുന്നതിലും നന്നെ ചെറുപ്പത്തിൽ എനിക്ക് സാധിക്കുവാൻ കഴിഞ്ഞു. പക്ഷേ എവിടെയോ ഒരു പാളിച്ച. ആരോ ഒന്ന് പിന്നിൽ നിന്നും കുത്തി. പിന്നെ തക്കം പാർത്തിരുന്നവർ ഒന്നൊന്നായി സംഘം ചേർ ന്നു. ഇപ്പോൾ, അന്ന് എന്റെ കൂടെ ഉണ്ടായിരുന്നവർ, രാഷ്ട്രീയത്തിൽ വളരെ ഉയരങ്ങളിൽ എത്തി. ഞാൻ വെട്ടി തെളിച്ച പാതകൾ അവരുടേതാണെന്ന് അവർ അവകാശപ്പെട്ടു. അങ്ങിനെ, എന്റെ മുറിയിൽ, ഞാൻ തീർത്ത തടവറയിൽ കഴിച്ച് കൂട്ടി.
എനിക്ക് ഏറ്റവും ഇഷ്ടം വൈറ്റ് റമ്മും, നല്ല കരിമീനും ആയിരുന്നു. എന്റെ ഏകാന്തതയുടെ ചില സമയം ഞാൻ ഭഞ്ജിച്ചിരുന്നത് അങ്ങിനെയാണ്. പിന്നെ ഒന്ന് പുകയ്ക്കും. പക്ഷേ, ഏകാന്തതയെ മറികടക്കാൻ ഭക്ഷണത്തെ ആശ്രയിക്കുന്നത് ഏറ്റവും അപകടമാണെന്ന് എന്റെ ശരീരഭാരം മുപ്പതാമത്തെ വയസ്സിൽ നൂറ്റിയൻപത് കിലോഗ്രാം ആയപ്പോളാണ് മനസ്സിലായത്. എനിക്കില്ലാത്ത അസുഖങ്ങളില്ലായിരുന്നു. കഴിക്കാത്ത മരുന്നുകളും. കേട്ടിട്ടില്ലേ, അടിതെറ്റിയാൽ ആനയും വീഴും.
ഒരു ഉയർത്തെഴുനേല്പ്പിന് ഒരു ജോലിയാവശ്യമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പലരും എന്നെ ഓർമ്മപ്പെടുത്തുകയും ചെയ്തു. പക്ഷേ, അതിന് എനിക്ക് കഴിയുമായിരുന്നില്ല. ഉയരം കൂടും തോറും പതനത്തിന്റെ ആഘാതവും കൂടിയിരിക്കും എന്ന് മനസ്സിലായത് പോലീസ് കൈവിലങ്ങുവച്ച് എന്നെ ജീപ്പിൽ കയറ്റിയ ദിവസമായിരുന്നു. ഞാൻ ജോലിചെയ്തിരുന്ന സ്ഥലത്ത് നിന്ന്, അത്രയും നാൾ ബഹുമാനം ഏറ്റുവാങ്ങിയവരുടേ മധ്യത്തിലൂടെ കൈയാമം വച്ചുകൊണ്ട് പോയപ്പോളാണ്. തലക്ക് ഒരു മരവിപ്പായിരുന്നു. ചിന്തിക്കാൻ ഒന്നും കഴിയുമായിരുന്നില്ല. എന്തിനാണെന്നെ വിലങ്ങുവച്ചത്? എന്റെ തല താന്നിരുന്നു.
പോലീസ് സ്റ്റേഷനിൽ എത്തിയപാടെ എന്നെ കുറേ ഒപ്പ് വയ്പ്പിച്ചു. പിന്നെ കുറേ ഇടിയായിരുന്നു. “നീ കൊലക്കുറ്റം സമ്മതിക്കില്ല എല്ലേടാ? ഞങ്ങൾക്ക് എല്ലാ തെളിവുകളും ലഭിച്ചു കഴിഞ്ഞു”. പക്ഷേ, ശരീരത്തിൽ പാടുകൾ ഒന്നും വരാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. എന്നെ ജ്യാമത്തിൽ ഇറക്കുവാൻ ആരും വന്നില്ല. ആരെല്ലാമോ ആഗ്രഹിച്ചിരുന്നത് പോലെ. അവസാനം, വാർത്തയറിഞ്ഞ്, എന്റെ വീട്ടുകാർ ഏർപ്പെടുത്തിയ വക്കീലാണ് എന്റെ അടുക്കൽ വന്ന് കാര്യത്തിന്റെ ഗൗരവം അറിയിച്ചത്.
പറഞ്ഞതു പോലെ, ഇന്ന് ജനുവരി ഒന്നാം തീയതി. ഞാൻ ബാംഗളൂർ ഉൾസൂർ പോലീസ് സ്റ്റേഷനിൽ സ്ഥിരം ഒപ്പിടേണ്ട ദിവസം. കഴിഞ്ഞ അഞ്ച് വർഷമായി, എല്ലാമാസവും മുടങ്ങാതെ ഒപ്പിടുന്നുണ്ടായിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് ഉൾസൂർ ലേക്കിൽ ഒരാളുടെ ശവം പൊങ്ങിയത് വാർത്തയായായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അത് ഒരു കൊലപാതകമാണ്. പ്രതികളായി പോലീസ് തിരഞ്ഞതിൽ ഞാനും ഉൾപ്പെട്ടിരുന്നു. മൂന്നുപേരെ പോലീസിന് ഇതുവരെ പിടികിട്ടിയിട്ടില്ല. അവർ നാട് തന്നെ വിട്ടിരുന്നു. എന്നാൽ റിമാൻഡിൽ ഇരിക്കുമ്പോൾ തന്നെ കുറ്റക്കാരനല്ലെന്ന് കോടതിയെ ബോധിപ്പിച്ചതിനാൽ, ഉപാധികളോടെ എനിക്ക് ജാമ്യത്തിൽ ഇറങ്ങുവാൻ കഴിഞ്ഞു. പക്ഷേ കേസ് ലോങ്ങ് പെൻഡിങ്ങിൽ പെട്ടതിനാൽ, യാത്രകൾ ഇഷ്ടപ്പെടുന്ന എനിക്ക് സ്ഥലം വിട്ട് പോകാനും പറ്റിയിരുന്നില്ല. പിന്നെയുള്ള ഏക പ്രതിരോധം ഒരിക്കലും വായിച്ച് തീരാൻ സാധ്യതയില്ലാത്ത ഒരു തടിച്ച നോവൽ കൈയിൽ കൊണ്ടുനടക്കുകയായിരുന്നു.
ഞാൻ ആഗ്രഹിച്ചത് പോലെ സംഭവിച്ചു. ആ പുസ്തകം ജീവിതത്തിൽ ഞാൻ എന്നും കൊണ്ടു നടന്നു. ആ ഒരിക്കലും വായിച്ചു തീരാത്തപുസ്തകമാണ് ഇന്നത്തെ ചാറ്റൽ മഴയിൽ കുതിർന്ന് എന്റെ കല്ലറയ്ക്ക് മുകളിൽ ഇരിക്കുന്നത്. എന്റെ ജീവിതം എനിക്ക് ഒരിക്കലും ആടി അഭിനയിച്ച് തീർക്കാൻ കഴിഞ്ഞില്ല. അതിനാൽ ഞാൻ ഇഷപ്പെട്ടതും ഒരിക്കലും വായിച്ചു തീരാത്ത പുസ്തകങ്ങളെയായിരുന്നു.
Generated from archived content: story2_apr28_15.html Author: ratheesh_gopinadhamenon