ആ ബാലന്റെ പേരെന്താണ്? ബബത്പുറിലെ ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൽ നിന്നും ബാഗ് എടുക്കാൻ ബെല്‍റ്റ് നമ്പർ രണ്ടിൽ നില്‍ക്കുമ്പോൾ എന്റെ മനസ്സിലേക്ക് പെട്ടെന്ന് വന്ന, ഗതകാലസ്മരണയെ തട്ടിയുണർത്തുന്ന, ഒരു ചോദ്യമായിരുന്നു അത്.
മുത്തച്ഛ്ന്റെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കാനും ബലിയിടാനുമാണ് അന്ന് വന്നത്. മുത്തച്ഛ്ൻ മരിച്ചിട്ട് ഇന്നേക്ക് പതിനാറ് വർഷം. അമ്മാവന്റെ കൂടെ വന്നപ്പോൾ ഈ നഗരത്തെക്കുറിച്ചും ഇതിന്റെ പൗരാണികവും, ആത്മീയവും, മതപരവുമായ വൈകാരികഭാവങ്ങളും സാങ്കേതികവിദ്യയിലും തച്ചുശാസ്ത്രത്തിലുമുള്ള വൈദഗ്ദ്ധ്യത്തേയും വൈശിഷ്ട്യത്തെക്കുറിച്ചും നന്നെ അജ്ഞനായിരുന്നു. തീർത്തും ഒരു അനുധാവനം മാത്രമായിരുന്നു അത്. ജിജ്ഞാസുവിന്റെ സംശയങ്ങളും ചോദ്യങ്ങളും ധിക്കാരമായും, തർക്കുത്തരങ്ങളായും കാണാൻ ശ്രമിച്ച അമ്മാവന്റെ ശാസനകളെ ഞാൻ ഭയന്നിരുന്നു. അമ്മാവന്റെ ശീഘ്രനടത്തം ഞാൻ ഒരക്ഷരം മിണ്ടാതെ ആവർത്തിച്ചു. ഒരു അനുസരണയുള്ള കുട്ടിയെപ്പോലെ. അതൊരു കാപട്യമായിരുന്നു.
വർഷങ്ങൾ എത്ര കഴിഞ്ഞു! എന്നിട്ടും എന്തുകൊണ്ടാണ് ആ ബാലനെ മറക്കാത്തത്. ആറ് വയസ്സ് പ്രായമായിരുന്നിരിക്കണം അന്നവന്. ഞാൻ കൊരങ്ങന്മാരുടെ കളികളും കണ്ടുകൊണ്ടിരിക്കുമ്പോൾ, അമ്മാവൻ എന്റെ ഇടത്ത് വശത്തിരിക്കുന്ന ശാസ്ത്രികൾക്ക് അഭിമുഖമായിരുന്നുകൊണ്ട് വൈജ്ഞാനിക ഗ്രന്‌ഥങ്ങളെക്കുറിച്ച് സംവാദത്തിലായിരുന്നു. അവിടെ കിടന്ന് മലരുകൾ നുള്ളിപ്പെറുക്കി കൂട്ടി വയ്ക്കുന്ന തിരക്കിലായിരുന്നു ഞാൻ. ആദ്യം ഞാൻ ചെയ്തത് ഒരു രസത്തിനായിട്ടായിരുന്നു. ഞങ്ങൾ അമ്പലപറമ്പുകളിൽ ഉത്സവകാലങ്ങളിൽ വെള്ളമണൽ കൂമ്പാരം കൂട്ടാറുണ്ട്. വാദ്യക്കാർ മേളം തകൃതിയിൽ നടത്തുമ്പോൾ ആനകൾ അതിനൊത്ത് ചെവികൾ വീശിക്കൊണ്ട് മുൻപിലുള്ള ഓലകൾ അകത്താക്കാനുള്ള ശ്രദ്ധയിലായിരിക്കും. ഞങ്ങൾ അമ്പലത്തിനു ചുറ്റും എത്രത്തോളം മൺക്കൂനകൾ കൂട്ടാം എന്ന തിരക്കിലും. കാശീ വിശ്വനാഥന്റെ തിരുസന്നിധിയിൽ ഇരുന്നപ്പോൾ എനിക്ക് ചുറ്റും മലരുകൾ കണ്ടപ്പോൾ, പെട്ടെന്ന് അത് കൂട്ടിവയ്ക്കാനാണ് എനിക്ക് തോന്നിയത്. എന്റെ ചെയ്തികൾ കണ്ടിട്ടാവണം അവിടെ മുക്കിലും മൂലയിലും വിരിപ്പിന്റെ അടികൾ വരെ പൊക്കിനോക്കിക്കൊണ്ടിരുന്ന കുരങ്ങന്മാർ എന്റെ അടുക്കവന്ന് ഓരോന്നും നുള്ളിപ്പെറുക്കിയിരുന്ന് തിന്നാൻ തുടങ്ങി.
എയർപ്പോട്ടിൽ നിന്നും ഞാൻ സഞ്ചരിക്കുന്ന കാർ ഇരുപത്തിനാല് കിലോമീറ്റർ അകലെയുള്ള കാശിയിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു.
ആഹാരം ദരിദ്രന്റെ ചിന്തയാണെങ്കിൽ മതം ഇടത്തരക്കാരന് ആശ്വാസവാക്കുകളാണ്. ആത്മീയത അറിവു തേടിയുള്ള യാത്രയാണ്.
അവിടെ അപ്പോളാണ് അവൻ പ്രത്യക്ഷപ്പെടുന്നത്. എന്റെ വലതുവശത്ത് ഇത്തിരി മാറിയിരുന്നവരുടെ ഓരോരുത്തരുടേയും തലയിൽ തൊട്ട് അനുഗ്രഹിക്കുന്നു.
ആ ബാലന്റെ അടുത്ത ഊഴം ഞാനായിരുന്നു. അവൻ നാലുവിരലുകൾ എന്റെ തലയിൽ വച്ച് തള്ളവിരൽ എന്റെ നെറ്റിയിൽ ചേർത്ത് തലകുനിച്ച് നിന്ന് എന്തോ ചുണ്ടുകൊണ്ട് പ്രാർത്ഥിച്ചു. എന്നിട്ട് പെരുവിരലിൽ പറ്റിയിരുന്ന ഭസ്മം എന്റെ നെറ്റിയിൽ തൊടീച്ചു. നാട്ടുമ്പ്രദേശത്ത്കാരനായ ഒരു കൗമാരപ്രായക്കാരന്റെ നിഷ്കളങ്കതയിൽ അവന്റെ പ്രവർത്തിയുടെ വ്യാപ്തി എത്രയാണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
പതിഞ്ഞ സ്വരത്തിൽ അവൻ കൈനീട്ടിക്കൊണ്ട് പറഞ്ഞു “ആപ് ഖുഷ് ഹുവാ തോ മുചേ കുച് പൈസെ ദെ ദോ”. (താങ്കൾ സന്തോഷമുണ്ടെങ്കിൽ കുറച്ച് പൈസാ താ).
ഒരു ആറ് വയ്സ്സുകാരന്റെ പ്രവർത്തി അന്ന് അനധാനതയോടെ എടുത്തുവുള്ളെങ്കിലും പിന്നീടുള്ള എന്റെ ഓരോവളർച്ചയിലും ഞെട്ടലോടെയാണ് ആ സംഭവം അവലോകനം ചെയ്തത്.
അവൻ ആ വാക്കുകൾ പറഞ്ഞപ്പോഴാണ് മുകളിലത്തെ രണ്ട് പല്ലുകൾ ഇല്ലെന്ന് ഞാൻ ശ്രദ്ധിച്ചത്.
ഒന്നുമില്ലായെന്ന് ഞാൻ തലയാട്ടി.
അടുത്ത ദിവസം കഴിഞ്ഞ ദിവസം ഇരുന്ന സ്ഥലത്തിരിക്കുമ്പോൾ അവൻ എന്റെ അടുക്കൽ വന്നിരുന്നു.
അവനോട് ഞാൻ ചോദിച്ചു “മേം കൽ തുംഹേം ദേഖാ ഥാ” (ഇന്നലെ നിന്നെ ഞാൻ കണ്ടായിരുന്നു)
കഹാം? (എവിടെ)
“ഗംഗാ ആരതി കേ ദൗരാൻ”. (ഗംഗ പൂജ നടക്കുമ്പോൾ)
അവനെന്നെ ഓർമ്മയില്ല എന്ന് മനസ്സിലായി. ഇവൻ അവിടെ ഒരു വിദേശിയെ ഭസ്മം തൊടീക്കാൻ ശ്രമിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്റെ അടുക്കൽ ഒരു സ്റ്റീൽ പാത്രത്തിൽ കുറേ പത്ത് രൂപാ നോട്ടുകളും ഒരു കളിമൺ വിളക്കും അതിനു ചുറ്റും ആരതി കാണാൻ വന്നിരിക്കുന്നവരെ തൊടീക്കാൻ ഭസ്മവും ഇട്ടിരുന്നു.
അവൻ തലയ്ക്ക് മുകളിലൂടെ ഇടത്തോട്ട് വിരലുകൾ ചൂണ്ടിക്കൊണ്ട് തള്ളവിരൽ അല്പ്പം മടക്കി തലതാത്തി വലത്തേക്കാലിന്റെ തള്ളവിരലുകൊണ്ട് എന്തോ നിലത്തെഴുതിക്കൊണ്ട് പറഞ്ഞു “മേം ഇസ് തരഫ് രഹ് രഹാ ഹൂം”. (ഞാൻ ഇവിടെയാണ് താമസിക്കുന്നത്)
“മേം ഫിർ തുമേം ദേഖാ ഥാ.” (പിന്നേം കണ്ടായിരുന്നു)
കഹാം? (എവിടെ)
“കപടാ ദുകാൻ സേ. ആപ് ഏക് വിദേശി കെ സാഥ് ബാത് കർ രഹേ ഥേ.” ( ആ തുണിക്കടയിൽ ഒരു വിദേശിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു)
“ഹം തീൻ ഹൈ” (ഞങ്ങൾ മൂന്നുപേരുണ്ട്)
അവർ മൂന്ന് സഹോദരങ്ങളും ഒരേപോലെ ആണെന്ന് പറഞ്ഞത് ഞാൻ വിശ്വസിച്ചു. പക്ഷേ, എന്റെ അമ്മവൻ എനിക്ക് തിരുത്തി തന്നു. നിനക്ക് വട്ടാണോടാ അത് വിശ്വസിക്കാൻ. മൂന്നുപേർക്കും ഒരേ സമയത്ത് മുമ്പിലെ രണ്ട് പല്ലുകൾ പോകുമോ?
“സാബ്” എന്ന ഡ്രവറുടെ വിളികേട്ടപ്പോൾ ഞാൻ ഞെട്ടിയുണർന്നു.
“ആപ് കെ ലേനെ കേലിയെ യഹാം ആയേഗാ”. ( താങ്കളെ കൂട്ടിക്കൊണ്ട്പോകാൻ ആൾ ഇവിടെ വരും)
അടുത്ത ദിവസം ദുർഘടമായ അനേകം ചുറ്റുകളുള്ള ഇടവഴികളിലൂടെ ഞാൻ കാശി വിശ്വനാഥന്റെ ദർശനത്തിനായി നീങ്ങുമ്പോൾ, അറിയാതെ എത്തിച്ചേർന്നത് ഗേറ്റ് നമ്പർ രണ്ടിലാണ്. എനിക്ക് എളുപ്പം ഗേറ്റ് നമ്പർ മൂന്നായിരുന്നു. ലോഡ്ജിൽ നിന്നും മാനേജർ പറഞ്ഞത് പ്രകാരം ഞാൻ ആരോടും സംസാരിക്കാൻ നിന്നില്ല. ഞാൻ മാനേജറോട് പറഞ്ഞിരുന്നു, എന്നെ ആർക്കും പറ്റിക്കാനൊക്കില്ലായെന്ന്.
ഗേറ്റ് നമ്പർ രണ്ടിലെത്തുമ്പോൾ എന്നോട് ഒരാൾ പറഞ്ഞു,
“സാബ്, ജൂതെ ആഗെ നഹീം പഹൻ സക്തേ ഹൈം. ആപ് ഇസേ യഹാം രഖ്.” ( ചെരുപ്പ് ഇതിനപ്പുറത്തേക്ക് ഇടാൻ ഒക്കത്തില്ല. ഇവിടെ വച്ചുകൊള്ളൂ)
“കിതനാ ഹൈ ഇദർ രഖ്നെ കേലിയെ.” (ഇവിടെ വയുക്കുന്നതിന് എത്രയാണ്)
“സാബ്, ആപ് ക്യാ ബോൽ രഖേ. ആപ് ഇദർ രഖോ. ടെൻഷൻ മത് ബാബു. മേം ദിഖേഗാ. അപ്നേ ഹാഥ് ധുലായിയെ”. (താങ്കൾ എന്താണ് പറയുന്നത്. ചെരിപ്പ് ഇവിടെ സൂക്ഷിച്ചുകൊള്ളാം. പരിഭ്രമിക്കുകയൊന്നും വേണ്ടാ. ഇനി കൈകഴുകിക്കൊള്ളുക.)
ഇത്രയും പറഞ്ഞുകൊണ്ട് ആയാൾ എന്റെ സെല്ഫോൺ ഒരു ലോക്കറിൽ വച്ച് പൂട്ടി കടയുടെ അഡ്രസ്സും തന്നു. തൊഴുതതിനു ശേഷം വഴിമാറിപോകാതിരിക്കാനായിരുന്നു അത്. ഞാൻ എന്റെ ഷൂവും സോക്സും അവിടെയിട്ടു, അയാളെ ഏല്പ്പിച്ചു.
അതുകഴിഞ്ഞപ്പോൾ അയാൾ എന്നെ ഒരു ചെറിയ കൊട്ടയിൽ കുറച്ച് പൂജാ സാധനങ്ങൾ ഏല്പ്പിച്ചു.
“കിതനാ.” (എത്രയാ)
“തീൻ സൗ പചാസ്.” (350)
അപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്. അവന്റെ മുൻപിലെത്തെ രണ്ട് പല്ലുകൾ ഇല്ല.
ഞാൻ ചുമ്മാ ഒരു നമ്പറിട്ടു.
“മേം തുമേം ദേഖാ ഥാ.” (ഞാൻ നിന്നെ കണ്ടിട്ടുണ്ട്)
“ഹം തീൻ ഹൈ” (ഞങ്ങൾ മൂന്നുപേരാ)
Generated from archived content: story1_jan8_15.html Author: ratheesh_gopinadhamenon