തമസ്സിന്റെ പ്രയാണം

കാൽനൂറ്റാണ്ട്‌ കാലത്തെ ഏകാന്തവാസത്തിനു ശേഷം, ഇങ്ങ്‌മർ ബെർഗ്‌മാൻ കാലത്തിന്റെ തമസിലേക്ക്‌ വിട വാങ്ങിയപ്പോൾ ഒടുങ്ങിയത്‌ ഒരു യുഗമാണ്‌. ലോക ചലച്ചിത്ര കലാവ്യാകരണത്തെ തന്റെ ഇടപെടലിലൂടെ നവീന വ്യാപ്തതലങ്ങൾ നെയ്തു ചേർത്ത ഒരു കലോപാസകന്റെ യുഗം. ചലച്ചിത്ര മാധ്യമം ജന്മം നൽകിയതിൽ ഏറ്റവും ഉന്നതനാര്‌ എന്ന ചോദ്യത്തിന്‌ മുന്നിൽ ഒരു നിമിഷനേരത്തെ വിരാമത്തിന്‌ പോലും അവസരമരുളാതെ ബെർഗ്‌മാന്റെ നാമധേയം നമുക്ക്‌ മുന്നിലെത്തുന്നു. അദ്ദേഹം തെളിച്ച പന്ഥാവിന്റെ മഹത്വം, പ്രാരംഭഘട്ടത്തിലെ സൈദ്ധാന്തികന്മാരെ നിരാകരിച്ചതോ, സമശീർഷരുടെ ശൈലികളുമായി ബഹുദൂരം അകലം പാലിച്ചതോ മാത്രമായിരുന്നില്ല. മനുഷ്യഗാഥകളെ അവതരിപ്പിക്കാൻ നിരവധി ശൈലികളുമായി മുന്നേറിയവരിൽ നിന്ന്‌ വ്യതിചലിച്ച്‌, സ്വയം കണ്ടെത്തിയ ഇരുണ്ടവഴികളിലൂടെ, ഒരു ദുസ്സ​‍്വപ്നത്തിലെന്നപോലെ പ്രയാണം നടത്തുകയായിരുന്നു അദ്ദേഹം. ആചാര്യന്മാരുടെ സിദ്ധാന്തങ്ങളും ‘ഇസ’ങ്ങളുടെ എഞ്ചുവടിയും അദ്ദേഹത്തിന്റെ പഥങ്ങളിൽ നിന്ന്‌ തീണ്ടാപ്പാടകലെ അവശേഷിച്ചു. ആ വഴികളിൽ മനുഷ്യന്റെ ഭൗതികമായ, ബഹിർഭാഗസ്ഥമായ അവസ്ഥകളായിരുന്നില്ല; അതി നിഗൂഢമായ മനസുകളിലെ അതിവിചിത്രമായ മനുഷ്യബന്ധങ്ങളിലെ പ്രഹേളികകളായിരുന്നു.

കാലത്തെ അതിജീവിക്കാൻ കെല്പുള്ള കലാസൃഷ്ടികളെ വിലയിരുത്തുമ്പോൾ, അവയെ ചില കളങ്ങളിലൊതുക്കി വിഭാഗീകരിക്കാൻ നാമെപ്പോഴും തിടുക്കം കൂട്ടാറുണ്ട്‌. സാമൂഹികം, രാഷ്ര്ടീയം, ആദ്ധ്യാത്മികം, സ്വകാര്യം എന്നീ ചില ഗണങ്ങളിൽ മെരുക്കിച്ചേർക്കാൻ എന്നും നാം ഔൽസുക്യം പ്രകടിപ്പിച്ചുപോരുന്നു. ബെർഗ്‌മാൻ സൃഷ്ടികളെ അപഗ്രഥിക്കുമ്പോൾ അവ ഒരേ സമയം ഇത്തരം കുറിപ്പടികളുമായി വിലയം പ്രാപിക്കുന്നതായി തോന്നുകയും, എന്നാൽ മറ്റ്‌ ചിലപ്പോൾ ഇവയുമയി കലഹിച്ച്‌ പിന്മാറി, സ്വതസിദ്ധമായ ഒരു സ്ഥാനത്ത്‌ വേറിട്ട്‌ നിൽക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും.

‘ഏഴാംമുദ്ര’യെ സ്പിരിച്ച്വൽ സിനിമയായും ‘ഫാനി ആന്റ്‌ അലക്സാണ്ടറെ’ പേഴ്‌സണൽ സിനിമയായും ദുർവാശിയോടെ നിരൂപിച്ച ഒരു ആംഗലേയ വിമർശനം ഒരിക്കൽ കണ്ടിട്ടുണ്ട്‌. എന്നാൽ ‘സെവൻത്‌ സീലി’ൽ പേഴ്‌സണൽ സിനിമയുടെ അംശങ്ങളില്ലേ? ‘ഫാനി ആന്റ്‌ അലക്സാണ്ടറി’ലെ ആദ്ധ്യാത്മികതയുടെ അനുരണനങ്ങളെ എങ്ങനെ കണ്ടില്ലെന്ന്‌ നടിക്കാൻ കഴിയും? മതവും ആദ്ധ്യാത്മികതയും രതിയും മരണവുമെല്ലാം വൈയക്തികതയുടെ മൂശയിലിട്ട്‌ പാകപ്പെടുത്തിയതാണ്‌ ബെർഗ്‌മാന്റെ ചലച്ചിത്രകലയെന്ന്‌ അവകാശപ്പെടുമ്പോഴും, പൊരുത്തപ്പെടാനറയ്‌ക്കുന്ന ഒട്ടേറെ വാദങ്ങൾ പകരം വെയ്‌ക്കാനുണ്ടാകും.

ആത്മകഥയായ ‘മാജിക്‌ ലാന്റേണിൽ’ കുട്ടിക്കാലത്ത്‌ കാട്ടിക്കൂട്ടിയിരുന്ന വികൃതിത്തരങ്ങൾക്ക്‌ ശിക്ഷയായി പുരോഹിതനായിരുന്ന പിതാവ്‌, തന്നെ ഒരു പെട്ടിയ്‌ക്കുള്ളിൽ പൂട്ടിയിടുന്ന പതിവിനെക്കുറിച്ച്‌ ബെർഗ്‌മാൻ ഓർക്കുന്നുണ്ട്‌. മരപ്പലകയുടെ വിടവിലൂടെ കാണുന്ന പുറംലോകത്തെ വെളിച്ചമായിരിക്കാം ഒരുപക്ഷേ തന്നിലെ ചലച്ചിത്രകാരനെ ആദ്യം തൊട്ടുണർത്തിയതെന്ന്‌ അദേഹം കൗതുകത്തോടെ അയവിറക്കുന്നു. ഈ ഭീതി കലർന്ന ഇരുട്ടിനുള്ളിൽ നിന്നും കണ്ടിരുന്ന വെളിച്ചത്തിൽ ദൂരീകരിക്കാൻ കഴിയാതിരുന്ന നിരവധി സന്ദേഹങ്ങളുണ്ടായിരുന്നിരിക്കാം. ഈ സന്ദേഹങ്ങളുടെ പരകോടിയാണോ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ നമ്മെ നിരന്തരം അസ്വസ്ഥപ്പെടുത്തുന്നത്‌? ‘സൈലൻസി’ലെ ജോൺ എന്ന ഒൻപതുകാരൻ, ബെർഗ്‌മാന്റെ ബാല്യത്തിന്റെ പുനരവതണമായിരിക്കാം. അപരിചിതമായ ഏതോ ഒരു നഗരത്തിലെത്തിച്ചേർന്ന ഒരു കുടുംബത്തിലെ കണ്ണിയായ ജോൺ. രോഗിണിയായ അമ്മയുടെ അമർത്തിവെച്ച ത്വരകൾക്കും കാമാർത്തയായ ചെറിയമ്മയുടെ അതിരുകൾ കടക്കുന്ന ചാപല്യങ്ങൾക്കുമിടയിൽ അനാവശ്യവസ്തുവെപ്പോലൊരു ബാലൻ. അവൻ തന്റെ സ്വകാര്യതകളിൽ, തന്റെ ഏകാന്തതയുടെ വീർപ്പുമുട്ടലിൽ ആനന്ദം കണ്ടെത്തുന്നു.

ഏകാന്തത ബെർഗ്‌മാന്‌ സ്വയം ചോദ്യങ്ങൾ ആരായാനുള്ള വേളകളാണെന്ന്‌ ഴാങ്ങ്‌-ലുക്‌ ഗൊദാർദ്‌ പറയുന്നു. അദ്ദേഹത്തിന്റെ ചലച്ചിത്ര സാക്ഷാൽക്കാരം ആ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താനുള്ള പരിശ്രമങ്ങളും. രതി, രോഗം, വാർദ്ധക്യം, മരണം എന്നിവയെക്കുറിച്ചുള്ള അശാന്തിയുണർത്തുന്ന സന്ദേഹങ്ങളും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന ഭീതിദമായ അന്തരീക്ഷവുമാണ്‌ ബെർഗ്‌മാൻ ചിത്രങ്ങളുടെ പശ്ചാത്തലം. ഇവിടെ എല്ലായ്‌പ്പോഴും മനുഷ്യ-ബന്ധങ്ങളുടെ പ്രസക്തി വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. സ്വാർത്ഥവ്യാമോഹങ്ങൾക്കും അഹം ബോധങ്ങൾക്കുമപ്പുറം ചെന്നെത്താൻ കഴിയാതെ വ്യർത്ഥതയുടെ കളങ്ങളിൽ ഒതുങ്ങിക്കഴിഞ്ഞ്‌ ജീവിതത്തിൽ ശൂന്യതയുടെ മൂല്യരാഹിത്യം സൃഷ്ടിക്കുന്ന നീക്കുപോക്കുകൾ മാത്രമായിത്തീരുന്നൂ ബെർഗ്‌മാൻ ചിത്രങ്ങളിലെ മനുഷ്യബന്ധങ്ങൾ.

ഗൗരവസിനിമകളിൽ പൊതുവെ കണ്ടുപോരാറുള്ള മനുഷ്യാവസ്ഥയെക്കുറിച്ചുള്ള അസ്തിത്വാന്വേഷണങ്ങളുടെ വരമ്പുകളിലൊതുങ്ങിക്കൂടുന്നില്ല ബെർഗ്‌മാന്റെ വ്യാകുലചിന്തകൾ. അപമാനം, അപകർഷബോധം, വിദ്വേഷം എന്നിവ ഒരു വ്യാധിപോലെ എങ്ങിനെ മനുഷ്യമനസുകളെ ഗ്രസിക്കുന്നുവെന്ന നിരന്തരബോധം അദ്ദേഹം നമ്മിലുണർത്തുന്നു. ‘ഏഴാംമുദ്ര’യിലെ, കുരിശുയുദ്ധശേഷം പശ്ചാത്താപഭാരത്താൽ ഈശ്വരനെത്തേടുന്ന യോദ്ധാവിന്റെ മനോനില ഓർക്കുക. തത്വചിന്തയുടെ മാനങ്ങളെല്ലാം പുനർനിർമ്മിക്കുകയാണോ ചലച്ചിത്രകാരനെന്ന ചോദ്യം നാം ‘ഏഴാംമുദ്ര’യുടെ ഓരോ സീക്വൻസിലും ആവർത്തിക്കുന്നു. മതത്തെക്കുറിച്ച്‌ ഇത്ര ഭയാനകമായ ആകുലതകൾ വളർത്തിയെടുക്കുന്ന മറ്റൊരു സൃഷ്ടി പകരം വെയ്‌ക്കാനില്ല. എന്നാൽ ഇവിടെ ബെർഗ്‌മാനെ യുക്തിചിന്തയുടെ പക്ഷത്ത്‌ വായിക്കാമെന്ന്‌ വെച്ചാൽ അതിനും കഴിയാതെ പോകുന്നൂ പരിമിതമായ നമ്മുടെ കാഴ്‌ചപ്പാടുകൾക്ക്‌. മറിയവും ഉണ്ണിയേശുവും വയലിലൂടെ ഉലാത്തുന്ന വെളിച്ചമേറിയ രംഗം കൊണ്ട്‌ നമ്മുടെ ചിന്താസരണിയുടെ അവഗാഹമളക്കപ്പെടുന്നു.

സിഗ്‌മന്റ്‌ ഫ്രോയ്‌ഡിന്റെ മരണഭീതിയെക്കുറിച്ചുള്ള മനശാസ്ര്തസങ്കൽപ്പവുമായി സമാഗമിക്കാൻ ശ്രമിക്കുന്നുണ്ട്‌. ‘ഏഴാംമുദ്ര’യിലെയും ‘കാട്ടുഞ്ഞാവൽപ്പഴ’ങ്ങളിലെയും മുഖ്യകഥാപാത്രങ്ങളുടെ മാനസിക പ്രപഞ്ചത്തിലൂടെ ചലച്ചിത്രകാരൻ. ‘സെവൻത്‌ സീലി’ലെ യോദ്ധാവും മരണവും തമ്മിലുള്ള ചതുരംഗക്കളിയും അന്ത്യദൃശ്യത്തിലെ മരണനൃത്തവും സ്മൃതിപഥത്തിൽ നിന്നും തൂത്തെറിയാനാവാത്ത ഭയലിപ്തമായ ദൃശ്യങ്ങളായി അവശേഷിക്കുന്നത്‌ ഈ ചിന്തയുടെ തീക്ഷ്ണത കൊണ്ടാണ്‌. ‘വൈൽഡ്‌ സ്ര്ടാബറീ’സിലെ അവസ്ഥയ്‌ക്ക്‌ വ്യത്യാസമുണ്ട്‌. വാർദ്ധക്യം സൃഷ്ടിക്കുന്ന മരണത്തെക്കുറിച്ചുള്ള വിചാരകാലുഷ്യമാണ്‌ ഇവിടെ പ്രമേയം. അതുകൊണ്ട്‌ മതം സൃഷ്ടിക്കുന്ന വിഭ്രാന്തിയെക്കാൾ ബന്ധങ്ങളുടെ കണ്ണികളുടെ മുറുക്കവും അയവും ഇതിൽ പരിസരമൊരുക്കുന്നു.

ബെർഗ്‌മാൻ സൃഷ്ടികളുടെ സ്ഥായീഭാവം സ്ര്തൈണമാണ്‌. സ്ര്തീശരീരത്തേയും മനസിനെയും അറിയുന്നതിൽ, അന്വേഷിക്കുന്നതിൽ അദ്ദേഹം തന്റെ സൃഷ്ടിപരതയുടെ ഭീമമായ ഭാഗം വിനിയോഗിക്കുന്നു. ഈ അന്വേഷണങ്ങൾ നമ്മെ കൂടുതൽ സന്ദേഹങ്ങളുടെ ചിലന്തിവലയ്‌ക്കുള്ളിൽ കുരുക്കിയിക്കുന്നുണ്ടെങ്കിൽ, സ്ര്തീ എന്ന പ്രതിഭാസത്തെ ഗ്രഹിക്കാൻ ബെർഗ്‌മാൻ സ്വീകരിക്കുന്ന മാർഗങ്ങളുടെ പ്രതിലോമത കൊണ്ടല്ല. മറിച്ച്‌ ജിജ്ഞാസയുടെയും ഔൽസുക്യത്തിന്റെയും പാതകളെല്ലാം കൂടുതൽ സങ്കീർണവും പ്രക്ഷുബ്ധവുമായ ലക്ഷ്യങ്ങളിലേക്കാണെന്ന ചിന്ത അദ്ദേഹം നമ്മിലേക്ക്‌ പകരുകയാണ്‌ ചെയ്യുന്നത്‌. പുരുഷന്റെ അധികാരവാഞ്ഞ്‌ഛ, സ്വാർത്ഥത, പക, ദുരാഗ്രഹം എന്നിവയുടെ മനഃശാസ്ര്തപരമായ അപഗ്രഥനമാണ്‌ നാം ഷേക്സ്‌പീയർ കൃതികളിൽ കണ്ടെടുക്കുന്നതെങ്കിൽ, സ്ര്തീ മനസിൽ അന്തർലീനപ്പെട്ടിരിക്കുന്ന വ്യർത്ഥമോഹങ്ങളുടേയും ശുഷ്‌കചിന്തകളുടേയും പരിപ്രേക്ഷ്യമായിത്തീരുന്നു ബെർഗ്‌മാഗന്റെ ചോദനകൾ. ‘ഓട്ടം സൊനാറ്റാ’യിലെ അമ്മയും മകളും തമ്മിലുള്ളതും ‘സൈലൻസി’ലെയും ‘ക്രൈസ്‌ ആന്റ്‌ വിസ്പേഴ്‌സി’ലെയും സഹോദരിമാർ തമ്മിലുള്ളതുമായ ബന്ധങ്ങളിലെ ക്രമരാഹിത്യങ്ങൾ സ്ര്തീയെക്കുറിച്ച്‌ തന്നെയുള്ള ഗൗരവതരമായ നരവംശശാസ്ര്തപരവും മനശാസ്ര്തപരവും തത്വചിന്താപരവുമായ ഒരു ഡോക്യുമെന്റ്‌ ആയി മാറുകയാണ്‌.

സ്ര്തീശരീരവും അവളുടെ രതി-മരണ സങ്കല്പങ്ങളും വീണ്ടും വീണ്ടും അപഗ്രഥനവിധേയമാക്കിക്കൊണ്ട്‌ സന്ദേഹങ്ങളുടെയും അതിലുപരി കണ്ടെത്തലുകളെക്കാൾ പരിപൂർണ്ണമായ സന്ദേശങ്ങളുടേയും ഒരു പ്രപഞ്ചം നമുക്ക്‌ മുന്നിൽ അനാവൃതമാകുന്നു. ഒടുങ്ങാത്ത കാമതൃഷ്ണകളുടെ എരിഞ്ഞടങ്ങലിനു വേണ്ടി യൗവനയുക്തയായ സഹോദരി പുരുഷശരീരങ്ങളിൽ നിന്നും പുരുഷശരീരങ്ങളിലേക്ക്‌ ക്രീഡാപ്രയാണം നടത്തുമ്പോൾ ശുക്ലം മണക്കുന്ന അവളുടെ ശരീരത്തെ പരിഹസിച്ച്‌ രോഗപീഡകളാൽ പിടയുന്ന തന്റെ ശരീരത്തിലെ കാമാണുക്കളെ ഉണർത്താൻ സ്വയംഭോഗ പരീക്ഷണം നടത്തി പരാജയപ്പെടുന്ന ‘സൈലൻസി’ലെ എസ്തറുടെ വിവർണമായ മുഖം എന്നും നമ്മുടെ സ്മൃതിപഥത്തെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വാർദ്ധക്യത്തിന്റെ വേരുകൾ പടർന്നു തുടങ്ങുന്ന ശരീരത്തോടുള്ള വിദ്വേഷം, യോനിക്കുള്ളിലേക്ക്‌ കണ്ണാടിച്ചില്ല്‌ കടത്തുമ്പോൾ വാർന്നൊഴുകുന്ന രക്തത്തെ മുഖത്ത്‌ തേയ്‌ക്കുന്ന ക്രൈസ്‌ ആന്റ്‌ വിസ്പേഴ്‌സി‘ലെ കാരിന്റെ മുഖവും മനസിൽ കനലുകൾ പാകിക്കൊണ്ടിരിക്കുന്നു. ’മൗന‘ത്തിലെ അമൂർത്തതയുടെ അദ്ധ്യായങ്ങളെ പുനർരചിച്ചുകൊണ്ട്‌ പൂർണതയുടെ കാല്പനികതീരം തേടിയുള്ള ബെർഗ്‌മാന്റെ പ്രയാണമായിരുന്നില്ലേ ’നിലവിളികളും മർമ്മരങ്ങളും‘?

വ്യർത്ഥതയുടെ ചരടിൽ ഏച്ചുകെട്ടപ്പെട്ട ശൈഥില്യത്തിന്റെയും ജീർണതയുടെയും തുടർനാടകങ്ങളാണ്‌ ബെർഗ്‌മാന്‌ മനുഷ്യജീവിതം. ഉയർത്തപ്പെടുന്ന യവനികയ്‌ക്ക്‌ പിന്നിൽ കളിപ്പാവകളുടെ ചുവടുകളൊപ്പിക്കുന്ന ശരീരങ്ങളെയല്ല അദ്ദേഹം മെനെഞ്ഞെടുക്കുന്ന പ്രപഞ്ചത്തിൽ നാം കാണുന്നത്‌. തിരശീലയിൽ വീണ വിള്ളലുകൾക്കൂടിയുള്ള കാഴ്‌ചപോലെ നാം ദർശിക്കാൻ നിർബന്ധിതരാകുന്നത്‌, ആത്മബോധം നഷ്ടപ്പെട്ട ജീർണിച്ചു കൊണ്ടിരിക്കുന്ന മനസുകളെയാണ്‌. യാഥാർത്ഥ്യത്തെയും കാല്പനികതയെയും വേർതിരിക്കുന്നതിനേക്കാൾ മിഥ്യവും തഥ്യയും തമ്മിലുള്ള വരമ്പ്‌ കണ്ടെടുക്കുന്നതിനെക്കാൾ ശ്രമകരമത്രേ, ബെർഗ്‌മാൻ ചിത്രങ്ങളിലെ ശരീരവും മനസും തമ്മിലുള്ള പാരസ്പര്യം തിരിച്ചറിയാൻ.

ശരീരവും മനസും ഒരേതരം സാധ്യതകളുള്ള പരീക്ഷണശാലകളാണ്‌ ബെർഗ്‌മാന്‌. രോഗഗ്രസ്തയായി പിടഞ്ഞ്‌ നീറുമ്പോഴും, മനസിൽ നിറവേറാതെ പോകുന്ന രതിതൃഷ്ണകൾ സൂക്ഷിക്കുകയും, അപരയുടെ യൗവനത്തെ വിദ്വേഷിച്ചുകൊണ്ട്‌ ശപിക്കുകയും കഥാപാത്രങ്ങളുടെ മാനസികലോകം ഇതിന്റെ ദൃഷ്ടാന്തമാണ്‌. രോഗം, വാർദ്ധക്യം, മരണം എന്നീ അവസ്ഥകളുടെ സ്ഥായീഭാവം എന്നും പ്രിയവിഷയങ്ങളാണ്‌ ബെർഗ്‌മാന്‌. ഈ അവസ്ഥകളിൽ കഥാപാത്രങ്ങൾ ഇടപെടുന്ന രീതികളിലെ സമാനത ഒരു തുടർക്കഥ പോലെ അദ്ദേഹത്തിന്റെ റീലുകളെ മരവിപ്പിച്ചു കൊണ്ടിരിക്കുന്നു. ആരോഗ്യമുള്ള സ്ര്തീശരീരം രോഗിണിയുടെ മനസിൽ സൃഷ്ടിക്കുന്ന പ്രതികരണങ്ങൾ, യൗവനവും സൗന്ദര്യവുമുള്ള ശരീരം വാർദ്ധക്യത്തെ പുൽകുന്ന മനസിലും സൃഷ്ടിക്കുന്നു. രക്തബന്ധങ്ങൾക്ക്‌ പോലും ശൈഥില്യം സംഭവിക്കുകയും ഒരേ ചുമരുകൾക്കുള്ളിൽ വസിക്കുമ്പോഴും ധ്രുവങ്ങളിലെന്നപോലെ മനസുകൾ അകന്നുപോകുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുന്നത്‌ ഈ സന്ദിഗ്‌ധവേളകളിലാണ്‌.

ബെർഗ്‌മാൻ ചിത്രങ്ങളുടെ മിക്ക കഥാപശ്ചാത്തലവും ഒരു വലിയ ഭവനമാണ്‌. തിരക്കുകളിൽ നിന്നും ജീവിത നൈരന്തര്യങ്ങളിൽ നിന്നും ഒറ്റപ്പെട്ട ഒരു ഭവനം. സമൂഹത്തിന്റെ അപ്രസക്തി ഈ ഭവനങ്ങളെ കൂടുതൽ മൂകമായ, തമോമയമായ വാസസ്ഥലികളാക്കിത്തീർക്കുന്നു. സമൂഹവും ജീവിതത്തിന്റെ പൊതുധാരകളും ബെർഗ്‌മാന്റെ ക്യാമറയ്‌ക്ക്‌ എത്തിനോക്കാൻ താല്പര്യമില്ലാത്ത, ചെന്നണയുന്നതിൽ അസഹിഷ്ണുത തോന്നാവുന്ന അനാവശ്യ ഘടകങ്ങളാണ്‌. ’സൈലൻസി‘ൽ ശയ്യാവലംബിയായ എസ്തറുടെ താൽകാലിക വാസസ്ഥലമായ സത്രത്തിന്റെ പുറംലോകത്തിലേക്ക്‌ ക്യാമറ അറച്ചറച്ച്‌ ചെന്നെത്തുന്നുണ്ട്‌.

കിടപ്പറകളുടെ വൈവിധ്യം കൊതിച്ച്‌ പലായനം ചെയ്യുന്ന എസ്തറുടെ അനുജത്തിയെ ഒരു നിഴൽപോലെ പിന്തുടരുമ്പോൾ കലാപം അലയടിക്കുന്ന നഗരദൃശ്യങ്ങളെ ലാഘവത്തോടെ മൂന്നാംകണ്ണ്‌ ഒപ്പിയെടുക്കുന്നു. മുകളിലേക്ക്‌ ഉയരുന്ന പീരങ്കികളുടെ ദൃശ്യങ്ങളിൽ രജസ്വലയായ നായികയുടെ മനോവികാരങ്ങളെ ദ്യോതിപ്പിക്കും വിധം, ഉദ്ധരിക്കുന്ന പുരുഷലിംഗങ്ങളെ പ്രതീകാത്മകമായി അവതരിപ്പിക്കുന്നു. കലാപഹേതുക്കളോ, രാഷ്ര്ടീയപ്രേരണകളോ അറിയാൻ തൽപരരാകാത്ത കഥാപാത്രങ്ങളുടെ നിഷ്‌ക്രിയ മനോഭാവം ദൃശ്യങ്ങളിൽ നിഷ്‌ക്രമിക്കപ്പെട്ടിരിക്കുന്നു. സാമൂഹ്യചിന്തകളെ നിരാകരണ വിധേയമാക്കിക്കൊണ്ട്‌, സമൂഹത്തിന്റെ അപ്രസക്തമായ അഭാവത്തിൽ നിർവൃതി കണ്ടെത്തുകയാണ്‌ ഈ കഥാപാത്രങ്ങൾ. അപ്രകാരം സമൂഹത്തിന്റെ തൃണവൽഗണന അതിന്റെ പ്രസക്തിയെ കൂടുതൽ അർഥവത്താക്കുന്നു എന്ന്‌ ചിന്തിക്കുന്നത്‌ യുക്തിഭദ്രം തന്നെ.

ഇങ്ങ്‌മർ ബെർഗ്‌മാന്റെ സർഗപ്രപഞ്ചത്തിൽ കണ്ടെത്താൻ കഴിയാത്ത ഒരേയൊരു വസ്തു സ്നേഹമാണ്‌. വസ്തു എന്ന വാക്കുപയോഗിച്ചത്‌ ബോധപൂർവ്വം തന്നെ. കാരണം ഈ ചിത്രങ്ങളിലെ വികാരങ്ങൾക്കും ബന്ധങ്ങൾക്കുമെല്ലാം അവയുടെ അർഥശൂന്യത കൊണ്ട്‌, വ്യാജപ്രതീക്ഷകൾ കൊണ്ട്‌ വസ്തുക്കളുടെ സ്ഥാനം മാത്രമാണല്ലോ ഉള്ളത്‌. ഈ കഥാപാത്രങ്ങളെക്കുറിച്ച്‌ സാമാന്യവൽക്കരണത്തിന്‌ അതീതമായുള്ള ധൈഷണികപരമായ കാഴ്‌ചപ്പാട്‌ നമ്മിലുണർത്തുമെങ്കിലും, നമ്മിൽ അന്തർലീനമായ സ്വാഭാവികമായ സാമാന്യമായ വികാര-വിചാരങ്ങളുമായി പലപ്പോഴും ഇവർ താദാത്മ്യപ്പെടുന്നു. അഥവാ നമ്മൾ മിക്കപ്പോഴും ആ മുഖങ്ങളിൽ നമ്മുടെ പ്രതിബിംബം കാണാൻ അസ്വസ്ഥതയോടെ നിർബന്ധിതരാകുന്നു. ഒപ്പം ബെർഗ്‌മാന്റെ സന്ദേഹങ്ങൾ നമുക്ക്‌ നമ്മെക്കുറിച്ച്‌ തന്നെയുള്ള സന്ദേഹങ്ങളായി മാറുകയും അവയുടെ ഉത്തരം കണ്ടെത്തുകയെന്ന ആയാസകരമായ പ്രയത്നം നമ്മുടെ മനസ്‌ ആവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

Generated from archived content: essay1_dec15_07.html Author: ranjith_raghupathy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here