മുംബൈ നഗരത്തിന്റെ വന്യമായ നാഗരികതയിലേക്ക് ക്യാമറക്കണ്ണുകള്‍ തുറക്കുന്ന ഏതൊരു ഛായാഗ്രാഹകനും അനിര്‍വചനീയമായ ഒരു നിര്‍വൃതി അനുഭവിച്ചേക്കാം. മറൈന്‍ ഡ്രൈവിനെ പുളകമണിയിക്കുന്ന തിരമാലകളും കാര്‍മേഘങ്ങളെ ചുംബിക്കുന്ന കൂറ്റന്‍ കമാനങ്ങളും നഗരധമനികളിലൂടെ കുതിച്ചുപായുന്ന ഇലക്ട്രിക് ട്രെയ്‌നുകളും അബ്‌സ്ട്രാക്റ്റ് പെയ്ന്റിങ്ങുകളെ അനുസ്മരിപ്പിക്കുന്ന ചേരിപ്രദേശങ്ങളും ഇടയ്ക്കിടെ വിശുദ്ധി നല്‍കുന്ന പേമാരിയും മൂന്നാം കണ്ണിലൂടെ എത്ര ഒപ്പിയെടുത്താലും ഒരു ഛായാഗ്രാഹകനെ വീണ്ടും വീണ്ടും ഭ്രമിപ്പിക്കുന്ന നിഗൂഢ വശ്യത ഈ നഗരത്തിനുണ്ട്. ‘ ദി ലഞ്ച് ബോക്‌സ്’ എന്ന ചലച്ചിത്രത്തിന് ക്യാമറ ചലിപ്പിച്ച മൈക്കിള്‍ സിഗ്മണ്ട് ആ നിഗൂഢമായ വശ്യസൗന്ദര്യത്തെ വിദഗ്ധമായി തിരശീലയില്‍ അവതരിപ്പിച്ചിരിക്കുന്നു. വെറുമൊരു പശ്ചാത്തലമൊരുക്കുന്നതിനപ്പുറം കഥാപാത്രങ്ങളുടെ മാനസികലോകം അപഗ്രഥിക്കുന്നതിലെ ചൂണ്ടുപലകപോലെ ആ നഗരം സമഗ്രശില്‍പത്തില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. തെരുവോരത്ത് ചിത്രങ്ങള്‍ വരച്ച് വില്‍ക്കുന്ന ചിത്രകാരന്റെ ്ക്യാന്‍വാസുകളില്‍, യാദൃശ്ചികമായി തന്റെ പ്രതിരൂപം സാജന്‍ ഫെര്‍ണാന്റസ് എന്ന മുഖ്യ കഥാപാത്രം കണ്ടെത്തുന്ന ഒരു രംഗമുണ്ട് ‘ ദി ലഞ്ച് ബോക്‌സി’ല്‍. എന്നും ഒരേ ചിത്രങ്ങള്‍ തന്റെ ക്യാന്‍വാസില്‍ വരയ്ക്കുന്ന ചിത്രകാരന്റെ ചെയ്തിയിലെ വൈചിത്ര്യമോര്‍ത്ത് അത്ഭുതം പൂണ്ടിരുന്ന അയാള്‍ ഒരു നാള്‍ സമാനതകള്‍ക്കുള്ളിലെ വിഭിന്നത തിരിച്ചറിയുന്നു. ഇത് ഫെര്‍ണാന്റസിന്റെ മാത്രം കഥയല്ല. നാഗരികമായ തിരക്കുകളില്‍പ്പെട്ട് ഏകാകിയായി യാന്ത്രികജീവിതം തള്ളി നീക്കുന്ന ഏതൊരു മനുഷ്യന്റെയും കഥയാണ്, റിതേഷ് ബത്ര എന്ന സംവിധായകന്‍ തന്റെ കന്നിച്ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
അഭിനേതാക്കളുടെ സ്വാഭാവികതയാര്‍ന്ന പ്രഗത്ഭമായ പ്രകടന ചാരുതയെക്കുറിച്ചാണ് ‘ദി ലഞ്ച് ബോക്‌സ്’ എന്ന ചലച്ചിത്രം കണ്ട ചില സുഹൃത്തുക്കള്‍ വാതോരാതെ പറഞ്ഞത്. ചിത്രത്തിന്റെ സമഗ്ര ഭംഗിയെക്കുറിച്ചും ഹൃദയസ്പര്‍ശിയായ ഇതിവൃത്തത്തിന്റെ തരളിത ഭാവത്തെക്കുറിച്ചും അവര്‍ നിശബ്ദത പുലര്‍ത്തിയത് എന്നെ അമ്പരിപ്പിക്കുകയും തെല്ലൊന്നു വേദനിപ്പിക്കുകയും ചെയ്തു. രണ്ട് ഏകാന്തമനസുകള്‍ ഒന്നായിത്തീരുമ്പോഴുണ്ടാകുന്ന രസതന്ത്രത്തെ ഒരു കവിയുടെയും ഒരു മനഃശാസ്ത്രജ്ഞന്റെയും ചാതുര്യത്തോടെ തന്റെ കലാസൃഷ്ടിയിലേക്ക് ആവാഹിച്ചിരിക്കുന്നു റിതേഷ് ബത്ര.
നിസംഗനും അന്തര്‍മുഖനുമായ തന്റെ ഭര്‍ത്താവിന്റെ അവഗണനയില്‍ മനംനൊന്ത് ദിനങ്ങള്‍ തള്ളിനീക്കുന്ന ഈല എന്ന ഒരു വീട്ടമ്മയുടെ തിരക്കേറിയ നിമിഷങ്ങളിലേക്കാണ് ‘ദി ലഞ്ച് ബോക്‌സ്’ ന്റെ ആദ്യ സീക്വന്‍സുകള്‍ കടന്നുചെല്ലുന്നത്. സിനിമയില്‍ ഒരിക്കല്‍പ്പോലും പ്രത്യക്ഷപ്പെടാത്ത ഒരു വൃദ്ധയായ അയല്‍ക്കാരിയുമായുള്ള സംവേദനമാണ്, കഥാപരിസരത്തിന്റെ ഘടനയെക്കുറിച്ചുള്ള ഏകദേശ രൂപം നമുക്ക് നല്‍കുന്നത്. ശബ്ദം മാത്രം കൊണ്ട് ചലച്ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്ന വൃദ്ധയുടെ കഥാപാത്രം, ഒരു പക്ഷെ, അവഗണനയും ഒറ്റപ്പെടലും തീവ്രമായി അനുഭവിക്കുന്ന കഥാനായികയുടെ സങ്കല്‍പ്പസൃഷ്ടിയാണോ എന്നു പോലും അനുവാചകന്‍ ശങ്കിച്ചേക്കാം. ചിത്രത്തിന്റെ പുരോഗമന വേളയില്‍ ഈല തന്റെ അമ്മയുടെ അടുക്കലെത്തുന്ന ഒരു രംഗമുണ്ട്. ക്യാന്‍സര്‍ രോഗിയായ തന്റെ ഭര്‍ത്താവിനെ ശുശ്രൂഷിച്ച് കഴിയുന്ന അവരുടെ പ്രതിച്ഛായയാണ് ഈല തന്റെ അയല്‍ക്കാരിയില്‍ കണ്ടെത്തുന്നതെന്ന വസ്തുത നാം അപ്പോള്‍ തിരിച്ചറിയുന്നു. ഈ കഥാപാത്രങ്ങളെല്ലാം ഓരോ ധ്രുവങ്ങളിലെന്ന പോലെ തങ്ങളുടെ ഏകാന്തത പങ്കുവയ്ക്കുന്നു. അല്‍ഷിമേഴ്‌സ് ബാദിച്ച് സദാസമയവും കറങ്ങുന്ന ഫാനില്‍ നോട്ടമെറിഞ്ഞിരിക്കുന്ന ഭര്‍ത്താവിനെ പരിചരിക്കുന്ന വൃദ്ധയായ അയല്‍ക്കാരിയും ആ ധ്രുവീകരണത്തിന്റെ ചങ്ങലയിലെ ഒരു കണ്ണിയാണെന്ന് നമ്മള്‍ മനസിലാക്കുന്നത് ഈല തന്റെ അപരിചിതമായ കമിതാവിനയയ്ക്കുന്ന കുറിപ്പുകളിലൊന്നില്‍ നിന്നാണ്.
വിഭാര്യനാണ് നായകകഥാപാത്രമായ ഫെര്‍ണാന്റസ്. ചിത്രത്തിന്റെ ഫ്രെയ്മുകളില്‍ ഒരിക്കലും എത്തിനോക്കാത്ത, വിവരണങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന, പണ്ടെങ്ങോ കാലത്തിലേക്ക് വിടവാങ്ങിപ്പോയ അയാളുടെ ഭാര്യയുടെ ഒരു അവ്യക്തചിത്രം സംവിധായകന്‍ നമുക്ക് നല്‍കുന്നുണ്ട്. സ്വഭവനത്തില്‍ അന്യവത്കരണം അനുഭവിക്കുന്ന ഈലയുടെ കഥാപാത്രത്തോട്, ഒരു പക്ഷെ, ഫെര്‍ണാന്റസ് തന്റെ ഭാര്യയെ ഉപമിച്ചിരുന്നിരിക്കാം. ദൂര്‍ദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഹിന്ദി ഹാസ്യ സീരിയലുകള്‍ വീഡിയോ കാസറ്റുകളില്‍ റിക്കോര്‍ഡ് ചെയ്ത് ആവര്‍ത്തിച്ച് കാണുന്ന തന്റെ ഭാര്യയുടെ സ്വഭാവത്തെക്കുറിച്ച് പറയുമ്പോള്‍ അയാളുടെ ശബ്ദത്തിലുള്ള കുറ്റബോധത്തിന്റെ ഇടര്‍ച്ച നമുക്ക് കേള്‍ക്കാം. ഈലയുമായുള്ള ബന്ധം തുടങ്ങുന്നതിനു മുന്‍പ് ഈ കുറ്റബോധവും ചെറുതല്ലാത്ത ഒരു കാരണമായിരുന്നിരിക്കാം.
അവതരിപ്പിച്ചിരിക്കുന്നത്, സമകാലികമായ ഒരു പശ്ചാത്തലത്തിലാണെങ്കിലും, പഴമയുടെ ഒരു നേര്‍ത്ത ആവരണം ‘ദി ലഞ്ച് ബോക്‌സി’ലുണ്ട്. മുഖ്യ കഥാപാത്രങ്ങളാരും തന്നെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നില്ല എന്ന പ്രത്യേകതയും ഇവിടെ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. ചോറ്റുപാത്രത്തിലൂടെ കൈമാറപ്പെടുന്ന പ്രണയലേഖനങ്ങള്‍ എന്ന പരമപ്രധാനമായ ആശയം തന്നെ പുതിയ തലമുറയ്ക്ക് ഒരുപക്ഷെ ഉള്‍ക്കൊള്ളാനാവാത്തുതും അതിവിചിത്രമായി അനുഭവപ്പെട്ടേയ്ക്കാവുന്നതാണ്. ചിത്രത്തില്‍ ഒരു രംഗത്തില്‍ ഈലയുടെ അരസികനായ ഭര്‍ത്താവ് മൊബൈല്‍ ഫോണിന്റെ സ്‌ക്രീനില്‍ കണ്ണുംനട്ടിരിക്കുന്നത് കാണാം. അയാളെ ആധുനിക തലമുറയുടെ ഒരു വക്താവും മറ്റുകഥാപാത്രങ്ങളെ ഗതകാലത്തിന്റെ അവശിഷ്ടങ്ങളില്‍ വസിക്കുന്നവരായും സംവിധായകന്‍ ബോധപൂര്‍വം സൃഷ്ടിിച്ചിരിക്കുന്നതായി അനുഭവപ്പെടുന്നു. ദൂരദര്‍ശിലെ പഴയ സീരിയലുകള്‍, തൊണ്ണൂറുകളിലെ ഹിന്ദി സിനിമാഗാനങ്ങള്‍, പ്രേമലേഖനങ്ങള്‍ എന്നിവ ഗതകാലത്തിന്റെ വിസ്മൃതിയിലാണ്ടുപോവാത്ത ശേഷിപ്പുകള്‍ പോലെ ‘ദി ലഞ്ച് ബോക്‌സി’ന്റെ സ്വരശില്‍പത്തിലൂടനീളം കാണാം.
വീട്- തീവണ്ടി- ഓഫിസ് എന്നീ സ്ഥലങ്ങളില്‍ തളയ്ക്കപ്പെട്ടിരുന്നു ഫെര്‍ണാന്റസിന്റെ ജീവിതം. ചുറ്റുപാടുകളില്‍ ശ്രദ്ധപതിപ്പിക്കാതെ യാതൊന്നിനോടും പ്രതികരിക്കാതെ വിരസതയോടെ യാന്ത്രികമായി തള്ളിനീക്കുന്ന അയാളുടെ ജീവിതത്തിലേക്കാണ് ഈലയുടെ ഭക്ഷണപ്പാത്രം കടന്നു ചെല്ലുന്നത്. അതിനുള്ളിലെ കുറിപ്പുകള്‍ വായിച്ച് അതിനു മറുപടി എഴുതി അയാള്‍ മറ്റൊരാളായി പരിണാപ്പെടുകയാണ്. തന്റെ ഏകാന്തതയ്ക്ക് വിഘ്‌നം വരുത്തുന്നുവെന്നു കരുതി ഒഴിവാക്കിയിരുന്ന, പുതിയ ജീവനക്കാരനായ അസ്ലമിനോട് അയാള്‍ ജേഷ്ഠ സഹോദരനെപ്പോലെ പെരുമാറാന്‍ തുടങ്ങുന്നു. ഒരനാഥനും അയാളെയും ഈലയെയും പോലെ ഒറ്റപ്പെടലിന്റെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്നവനാണെന്നും തിരിച്ചറിഞ്ഞ്, അസ്ലമിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുന്നു ഫെര്‍ണാന്റസ്. രണ്ടു വ്യക്തികള്‍ ഇടപഴകി സുഹൃത്തുക്കളായി മാറുമ്പോഴുണ്ടാകുന്ന, നര്‍മരസമുള്ള ഒട്ടേറെ സന്ദര്‍ഭങ്ങള്‍ തന്‍മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു റിതേഷ് ബത്ര.
യൗവനവും വാര്‍ധക്യവും മനുഷ്യ മനസുകളില്‍ സൃഷ്ടിക്കുന്ന വ്യാകുലതകളിലേക്ക് കൂടി തന്റെ ചിന്തകളെ വിന്യസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് സംവിധായകന്‍. ഒരു മാസത്തിനുള്ളില്‍ അടിത്തൂണ്‍ പറ്റുന്ന ഫെര്‍ണാന്റസിനെ ഈലയുടെ യൗവനവും സൗന്ദര്യവും അസ്വസ്ഥനാക്കുന്നു. തിരക്കുള്ള ഒരു ട്രെയ്‌നില്‍ ഒരു ചെറുപ്പക്കാരന്‍ തന്റെ ഇരിപ്പിടം ഫെര്‍ണാന്റസിന് ഒഴിഞ്ഞു നല്‍കുമ്പോള്‍ തന്റെ വാര്‍ധക്യത്തെയോര്‍ത്ത് അയാള്‍ ആശങ്കപ്പെടുന്നു. തന്റെ വിരസമായ യന്ത്രതുല്യമായ ജീവിതത്തിന് പുതിയ അര്‍ഥതലങ്ങള്‍ അരുളിയ ഈലയെ ഉപേക്ഷിക്കാന്‍ പോലും അയാള്‍ വൈമനസ്യത്തോടെ തയാറാകുന്നു.
ഒരു മഹത്തായ കലാസൃഷ്ടി നമ്മുടെ ചിന്താസരണിയില്‍ നടത്തുന്ന ഇടപെടലുകള്‍ അനിര്‍വചനീയമാണ്. ജീവിതത്തെ ഒരു നവവീക്ഷണത്തില്‍ കാണുവാന്‍ അത് പ്രേരിപ്പിച്ചുകൊണ്ട് അത് നമ്മോടൊപ്പം കാലങ്ങളോളം സഞ്ചരിക്കുന്നു. ഇന്നുവരെ ഭാരതത്തില്‍ നിര്‍മിക്കപ്പെട്ട ഏറ്റവും മികച്ച ചിത്രങ്ങളുടെ ശ്രേണിയിലേക്ക് തന്റെ സ്ഥാനമുറപ്പിക്കുകയാണ് ഈ മനോഹര ചലച്ചിത്രം. റിതേഷ് ബത്ര എന്ന നവചലച്ചിത്രകാരനില്‍ നിന്ന് ഇനിയും അത്യുജ്ജ്വലമായ സൃഷ്ടികള്‍ പ്രതീക്ഷിക്കാം എന്നു പ്രത്യാശിക്കുന്നു.
Generated from archived content: cinema1_oct21_13.html Author: ranjith_raghupathy