സാങ്കേതികാന്ധകാരത്തിന്റെ
സംഖ്യാദ്വയങ്ങളെ
ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ്
എന്റെ യാത്ര.
ആദിസംസ്കൃതിയുടെ
നിറസ്വാതന്ത്ര്യത്തില്‍ നിന്നും
ആധുനിക കടുംപിടുത്തങ്ങളുടെ
കൊടും പാരതന്ത്ര്യത്തിലേയ്ക്ക്.
നിളയൊഴുകും വഴികളെ
മണ്‍നിഴലാക്കി മാറ്റിയവരെ
പെരിയാര്‍ക്കുരുതികളില്‍
ബലിദാനം ചെയ്യുവാന്‍.
പകലുകള്‍ നിര്‍ധാരണം ചെയ്ത
സദാചാരസമവാക്യങ്ങളിലെ
അടിപ്പിഴകള്‍ തിരുത്തുവാന്‍.
പുഴുക്കുത്തേല്‍പ്പിച്ച മലയാളം
നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന
നാക്കുകള്‍ പറിച്ചരിഞ്ഞ്
ആലും ആറും ആട്ടിയ
നായര്‍ക്ക് നിവേദിയ്ക്കുവാന്‍.
മുഷിഞ്ഞ കുപ്പായക്കീറില്‍,
കറുത്ത നാണയത്തുട്ടുകള്‍
പെറ്റുപെരുകുന്നതുകൊണ്ട്,
സമ്പന്നനായ പഥികനാണ് ഞാന്‍.
അഴിഞ്ഞ വേദക്കീറുകള്‍
ആഹരിച്ചിരുന്ന മൂഷികവൃന്ദം
നാണയരാഗാകൃഷ്ടരായി
അനുധാവനം ചെയ്യുന്നുണ്ട്.
സാങ്കേതികദ്വിത്വത്തിന്റെ
ആര്‍ദ്രവിവര്‍ത്തനം
വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ
കരിച്ച് ചാരമാക്കുന്നു.
ധൂളിയുടെ സ്വാതന്ത്ര്യം
ഒട്ടൊന്നറിയേണ്ടതുതന്നെ.
ഉരുകിയ നാണയങ്ങളുണ്ടാക്കിയ
ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ
ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ.
പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്.
അകക്കാമ്പിലെ ഉള്‍ച്ചൂടിലേയ്ക്ക്.
സ്വാതന്ത്ര്യസ്വഛതയിലേയ്ക്ക്.
ദ്രവതത്വങ്ങളുടെ അകമ്പടിയോടെ,
ആദിയുടെ അനന്തപ്രവാഹത്തിലേയ്ക്ക്…
സൂചനകള്‍:
സംഖ്യാദ്വയം:സാങ്കേതികമൂര്‍ച്ചയുടെ അടിവേരായ ബൈനറി സംഖ്യകള്‍.
നാലും ആറും ആട്ടിയ നായര്‍: എഴുത്തച്ഛന്‍.(ചക്കാലയ്ക്കല്‍ നായരായ എഴുത്തച്ഛനോട് ഒരിയ്ക്കലൊരാള്‍ പരിഹാസ്യരൂപേണ താങ്കളുടെ ചക്കില്‍ എന്തൊക്കെ ആട്ടുമെന്ന് ആരാഞ്ഞു.സരസനായ എഴുത്തച്ഛന്റെ മറുപടി ഇപ്രകാരമായിരുന്നു.”എന്റെ ചക്കില്‍ നാലും ആറും ആടും”
നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും ആണീ നാലും ആറും )
Generated from archived content: poem2_apr10_12.html Author: ranjith_kannankattil