ഒരു മുസ്ലീം പളളിയെന്നു കേൾക്കുമ്പോൾ ഇന്നു നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്ന ഒരു ചിത്രമുണ്ട്. രണ്ടോ നാലോ ആകാശചുംബികളായ കുംഭഗോപുരങ്ങളും നടുക്ക് അർദ്ധഗോളാകാരത്തിലുളള ഒരു മിനാരവും മറ്റ് അനുബന്ധഘടകങ്ങളുമൊക്കെയായി തലയെടുപ്പോടെ നിൽക്കുന്ന ഒരു വലിയ കെട്ടിടം. എന്നാൽ കേരളത്തിലെ മുസ്ലീംപളളികൾക്ക് ഇത്തരമൊരു രൂപം സിദ്ധിച്ചത് വളരെ അടുത്തകാലത്ത് മാത്രമാണ്. അതിനുമുമ്പുളള കാലത്ത് അവയ്‌ക്ക് കേരളത്തിലെ സാധാരണ കെട്ടിടങ്ങളിൽ നിന്ന് വിഭിന്നമായ ഒരു വ്യക്തിത്വമുണ്ടായിരുന്നില്ല.
വെളളപൂശിയ ഓടുമേഞ്ഞ ഒരുനില അല്ലെങ്കിൽ രണ്ടുനില കെട്ടിടം. സമീപത്ത് ഒരുകുളവും. ഇത്രയുമായാൽ ഒരു പളളിയായി. കോൺക്രീറ്റും ഉയർന്ന സ്‌തൂപികകളോ ഒന്നും അക്കാലത്ത് അവയുടെ ഘടകങ്ങളായിരുന്നില്ല. കേരളത്തിലെ പുനഃസംസ്‌കരണം നടന്നു കഴിഞ്ഞിട്ടില്ലാത്ത പ്രാചീന പളളികൾ ശ്രദ്ധിച്ചാൽ നമുക്കിതു മനസ്സിലാകും. കേരളത്തിൽ മുസ്ലീം സെറ്റിൽമെന്റ് ആരംഭിക്കുന്ന കാലത്ത് മുസ്ലീംപളളികളും ഭവനങ്ങളും ഹിന്ദുക്കളുടെ കെട്ടിടങ്ങളിൽ നിന്ന് ഒട്ടും വ്യത്യസ്‌തമായിരുന്നില്ല. അതിന്റെ പ്രധാന കാരണം പണിയാളുകളും മേൽനോട്ടക്കാരനും എല്ലാം ഹിന്ദുക്കളായിരുന്നു എന്നതാവാം. അവരുടെ മനസ്സിൽ പതിഞ്ഞിരുന്ന കെട്ടിടത്തിന്റെ രൂപവും ഒരേതരത്തിൽ പെട്ടതായിരുന്നു. മതങ്ങളും മതവിശ്വാസികളും തമ്മിൽ നല്ലനിലയിലുളള കൊടുക്കൽ വാങ്ങലുകൾ നടന്നിരുന്ന ആ കാലത്ത് മാപ്പിളമാരുടെ നിർദ്ദേശപ്രകാരം സ്വന്തം മനോധർമ്മമനുസരിച്ചുളള ചില ഭേദഗതികളോടെ ആശാരിമാർ തങ്ങളുടെ ദേവാലയം പോലൊന്ന് മുസ്ലീങ്ങൾക്കുവേണ്ടി രൂപകല്പനചെയ്യുകയായിരുന്നു. ഉത്തരേന്ത്യയിൽ രൂപംകൊണ്ട പ്രാദേശിക മുസ്ലീംവാസ്‌തുവിദ്യയുടെ അംശങ്ങളായ മിനാരങ്ങളും കുബ്ബകളും വളരെക്കാലത്തിനുശേഷം ഇവിടെയും പ്രചരിക്കുകയായിരുന്നു. കുത്തബ്‌മീനാർ, താജ്‌മഹൽ തുടങ്ങിയ പ്രസിദ്ധസ്‌മാരകങ്ങളും രൂപകല്പനയിൽ കേരളീയരെ സഹായിച്ചിരിക്കും.
ഭാഷയും സംസ്‌കാരവും ഏറെ പുരോഗതി നേടിക്കഴിഞ്ഞ് കഥകളിൽനിന്നും സഞ്ചാരക്കുറിപ്പുകളിൽ നിന്നുമൊക്കെയാണ് വൈദേശിക മുസ്ലീംവാസ്‌തുവിദ്യയെക്കുറിച്ച് കേരളീയർ അറിയുന്നത്. ഇന്ന് ഏതൊരു മുസ്ലീം ദേവാലയവും അതിന്റെതന്നെ പ്രത്യേകതകളാൽ തിരിച്ചറിയാം. മുസ്ലീം ഭവനങ്ങൾക്കും ചില പ്രത്യേകതകൾ നമുക്ക് ദർശിക്കാനാവും. മതപരമായ ചില ചടങ്ങുകൾ വീടുകളിൽവെച്ചും നടക്കുന്നതുകൊണ്ടാണ് അന്യമതസ്‌ഥരുടെ വീടുകളിൽനിന്ന് മുസ്ലീംവീടുകൾ വേറിട്ടുനിൽക്കുന്നത്. മുസ്ലീം വീടുകളിലെ ഒരു പ്രധാനപ്രത്യേകത അതിനുളളിലെ നിസ്‌കാരത്തണയാണ്. അകത്തെ വരാന്തയിൽ അകത്തേയ്‌ക്കുളള വഴിയുടെ വശങ്ങളിൽ കാണുന്ന ഉയർന്ന വിസ്‌താരമേറിയ തിണ്ണയാണ് നിസ്‌കാരത്തണ. നേർച്ചകളും വീട്ടിൽവച്ചു നടത്തുന്ന നിസ്‌കാരവും നടത്തുന്നത് ഈ തിണ്ണയുടെ മുകളിലാണ്. വരാന്തയുടെ വശങ്ങളിൽ ചെറിയതരം ആർച്ചുകളും പഴയവീടുകളിൽ കാണാൻകഴിയും.
ആദ്യത്തെ പളളി ഃ എ.ഡി. 7-ാം നൂറ്റാണ്ടിൽ മാലിക് ഇബ്‌നു ദീനാർ കൊടുങ്ങല്ലൂരിൽ നിർമ്മിച്ചുവെന്നു കരുതുന്ന പളളിയാണ് കേരളത്തിലെ ആദ്യത്തെ പളളി. ഈ പളളിതന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ പളളി എന്നു കരുതുന്നവരുമുണ്ട്. കാരണം ഇന്ത്യയിലെ മറ്റു പളളികളെ അപേക്ഷിച്ച് വളരെമുമ്പ് മുസ്ലീങ്ങളുമായി സമ്പർക്കമുണ്ടായത് കേരളത്തിലായിരുന്നല്ലോ. എങ്കിലും മുസ്ലീംവാസ്‌തുവിദ്യയ്‌ക്ക് കേരളം കാര്യമായ സംഭാവനകളൊന്നും നൽകിയിട്ടില്ല. കൊടുങ്ങല്ലൂരിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ മുസ്ലീം പളളിക്ക് തനതായ ഒരു വാസ്‌തുവിദ്യാശൈലിയൊന്നുമുണ്ടായിരുന്നില്ലെന്ന് ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നു. ഓടുമേഞ്ഞ കൂരകളോടുകൂടിയ ഒരു ഇരുനില കെട്ടിടമാണത്. അതിന്റെ അടിസ്‌ഥാനത്തിന് ഒരു ഹിന്ദു ദേവാലയത്തിന്റേതിൽനിന്നു സാരമായ വ്യത്യാസമൊന്നുമില്ല. പ്രാർത്‌ഥനയ്‌ക്കായി നടുവിലൊരു ഹാളും നാലുവശങ്ങളിലും ഇടനാഴികളുമുണ്ട്. ഏതാണ്ട് ഇതേ മാതൃകയിലാണ് കേരളത്തിൽ ഇതര ദേശങ്ങളിലുളള മുസ്ലീംപളളികളും അക്കാലത്ത് നിർമ്മിക്കപ്പെട്ടത്. ഇസ്ലാംമതപ്രചാരകർക്ക് ദാനമായി ലഭിച്ച സ്‌ഥലങ്ങളിൽ കെട്ടിടംപണിയുടെ കുത്തകക്കാരായിരുന്ന ഹിന്ദുക്കളായ തച്ചൻമാരും കൊത്തൻമാരും ചേർന്ന് നിർമ്മിച്ചവയായിരിക്കണം മിക്ക മുസ്ലീംദേവാലയങ്ങളും. മുസ്ലീംപളളിയുടെ നിർമ്മാണശൈലിയിൽ പ്രകടമായ ഹൈന്ദവസ്വാധീനത്തിന് ഒരു വിശദീകരണം ഇതാവാം.
ഹൈന്ദവക്ഷേത്രങ്ങളിലും ക്രിസ്‌ത്യൻദേവാലയങ്ങളിലുമെന്നപോലെ മുസ്ലീംപളളികളിലും മരംകൊണ്ടുളള പണി നിർലോഭം ചെയ്‌തതായി കാണാം മുസ്ലീംപളളികളിലെ ദാരുനിർമ്മിതമായ പ്രസംഗവേദിയാണ് അവയിൽ പ്രധാനം.
ഖിബ്ുല ഃ കേരളത്തിലെ മിക്കവാറും പളളികളുടെ പ്രവേശനകവാടം കിഴക്കു ഭാഗത്തായിരിക്കും. 1800-ൽ കേരളം സന്ദർശിച്ച ഫ്രാൻസിസ് ബുക്കാനൻ എന്ന വിദേശ സഞ്ചാരി ഒരുകാര്യം സൂചിപ്പിക്കുന്നു. ‘കടലിനടുത്ത് മാപ്പിളമാർ ധാരാളം മസ്‌ജിദുകൾ അഥവാ പളളികൾ സ്‌ഥാപിച്ചിട്ടുണ്ട്. ഇവ ഒരുവശത്തേയ്‌ക്കു മാത്രം ചെരിഞ്ഞ മേൽക്കൂരയോടുകൂടിയ മോശമായ കെട്ടിടങ്ങൾതന്നെയാണ്.’ മുസ്ലീങ്ങളുടെ പ്രാർത്‌ഥന പ്രവേശനകവാടത്തിനു പുറംതിരിഞ്ഞ് പടിഞ്ഞാറ് നോക്കിയായിരിക്കും. പടിഞ്ഞാറിനോട് ആഭിമുഖ്യം വരുന്നതിന് തക്കതായ കാരണമുണ്ട്. കേരളത്തിന്റെ പടിഞ്ഞാറ്, അറബിക്കടലിനപ്പുറത്ത് അറേബ്യയിലുളള മെക്കയിലെ കഅബയെന്ന വിശുദ്ധദേവാലയവും മെദീനയിലെ നബി പ്രാർത്‌ഥിച്ച ആദ്യത്തെ പളളിയും മനസ്സിൽ ലക്ഷ്യമാക്കിക്കൊണ്ട് പ്രാർത്‌ഥിക്കുന്നതുകൊണ്ടാണ് മുസ്ലീങ്ങൾക്ക് പ്രാർത്‌ഥിക്കുമ്പോൾ പടിഞ്ഞാറോട്ട് ആഭിമുഖ്യം വരുന്നത്. മുസ്‌ലിംമതവിശ്വാസപ്രകാരം നമസ്‌ക്കാരം നിർവഹിക്കേണ്ടത് മക്കയിലെ വിശുദ്ധ ദേവാലയമായ കഅബയ്‌ക്ക് അഭിമുഖമായാണ് വേണ്ടത്. കേരളത്തിൽ പടിഞ്ഞാറ് നിന്ന് ഇത്തിരി വടക്കുമാറിയാണ് ഈ ദിശ. കേരളത്തിൽ നമസ്‌കരിക്കുന്നവർ വടക്കു പടിഞ്ഞാറ് ഭാഗത്തേക്ക് അഭിമുഖമായി നില്‌ക്കുന്നു. ഇക്കാരണംകൊണ്ട് പളളികളിൽ ഈ ദിശയിലാണ് നിർമ്മിക്കുന്നത്. ഇങ്ങിനെ ദിശ ശരിയാക്കുന്നതിന് ഖിബ്‌ല എന്നു പറയുന്നു.
മിമ്പർ ഃ മിമ്പർ എന്ന പേരിലറിയപ്പെടുന്ന ഈ പ്രസംഗപീഠത്തിന് പരമപ്രധാനമായ സ്‌ഥാനം തന്നെയാണുളളത്. മുസ്ലീങ്ങളുടെ പ്രധാനദിവസമായ വെളളിയാഴ്‌ച ഉച്ചയ്‌ക്കുളള കൂട്ട നമസ്‌കാര (ജുമ്അ്) ത്തിനുമുമ്പുനടത്തുന്ന മതതത്വപ്രബോധനത്തിന് ഖത്തീബ് ഉപയോഗിക്കുന്ന പീഠമാണിത്. ഇതിന് ദൈവികത്വമൊന്നും കല്പിക്കപ്പെടുന്നില്ലെങ്കിലും മനോഹരമായ കൊത്തുപണികളോടെ നിർമ്മിക്കപ്പെട്ട കലാമൂല്യമുളള ഒന്നാംതരം ദാരുശില്പമാണ് മിമ്പർ.
മിമ്പറിലെന്നപോലെ മേൽക്കൂരയിലും മുഖപ്പുകളിലുമെല്ലാം പഴയകാലത്ത് ധാരാളം ദാരുവേലകൾ ചെയ്‌തിരുന്നു. ഹിന്ദുക്ഷേത്രങ്ങളിലുളളതുപോലുളള വ്യാളീശില്പങ്ങൾ പോലും ചില പളളികളിൽ കൊത്തിവെയ്‌ക്കപ്പെട്ടിരുന്നു. പിൽക്കാലത്ത് മാപ്പിള ലഹളകൾക്കും മറ്റും ശേഷം പുതിയ തലമുറയ്‌ക്ക് പല പളളികളുടെമേലും പരിവർത്തന സംശയം ജനിപ്പിച്ചതും ഈ ദാരുവേലകളാണ്.
ദാരുശില്പങ്ങളെല്ലാമുളള ഈ പളളികളുടെ സ്‌ഥിതിയാകട്ടെ വാസ്‌തുവിദ്യാപരമായി നേർവിപരീതമായിരുന്നു. പരമാവധി പ്രയോജനം എന്ന തത്വം മാത്രം ലാക്കാക്കിയുളള അലങ്കാരപ്പണികളൊന്നുമില്ലാതെ നിർമ്മിച്ച വെറും കെട്ടിടങ്ങൾ മാത്രമായിരുന്നു അവ. ഏതാനും ഇടനാഴികളും ഒരു പ്രധാനഹാളും ചേർന്നാൽ പളളിയായി ചുമരുകളിലൊന്നിലും ഒരു പ്രത്യേകതയും ദർശിക്കാൻ കഴിയില്ല.
ഇമാമിന്റെ സ്‌ഥാനം ഃ പളളിയിലെ പ്രധാനഹാളിന്റെ ഏറ്റവും പടിഞ്ഞാറുഭാഗത്ത് മധ്യത്തിലായി പുറത്തോട്ടുതളളിയ ഒരു അറയുണ്ടായിരിക്കും. ഈഅറ ഇമാ (പ്രാർത്‌ഥനയ്‌ക്ക് നേതൃത്വം നൽകുന്നയാൾ) മിന് നമസ്‌കരിക്കുവാനുളളതാണ്. ഇസ്ലാംമത ചട്ടപ്രകാരം കൂട്ടപ്രാർത്‌ഥനയ്‌ക്ക് ഒരാൾ നേതൃത്വം നൽകണമെന്നുണ്ട്. അദ്ദേഹം നിൽക്കുന്നത് മറ്റുളളവർക്ക് മുന്നിലായി വേറിട്ട് ഒരു നിരയിലായിരിക്കണം. ഇദ്ദേഹത്തെ അനുകരിച്ചായിരിക്കും മറ്റുളളവർ പ്രാർത്‌ഥിക്കുന്നത്. ഹാളിൽ ഇമാം നിൽക്കുന്നനിരയിലെ ബാക്കിസ്‌ഥലം നഷ്‌ടപ്പെടാതിരിക്കാനാണ് പുറത്തേക്കു തളളിയ കുട്ട പോലുളള ഈഅറ നിർമ്മിക്കുന്നത്. ഇതിനും മറ്റു ദൈവികത്വമൊന്നുമില്ല. ഒന്നും വെറുതെ കളയരുത് എന്ന മുസ്ലീംമതതത്വമാവാം ഇത്തരം നിർമ്മിതിക്ക് പിന്നിൽ. ഖുറാൻ വചനത്തിന്റെ പിൻബലവും ഇതിനു പിന്നിലുണ്ടാവും.
ഹൗള് ഃ പ്രാർത്‌ഥനയ്‌ക്ക് മുമ്പ് അംഗശുദ്ധി വരുത്തേണ്ടതുണ്ട്. അതിനുവേണ്ടി പ്രത്യേകമായി വെളളം കെട്ടി നിർത്താനായി ഉണ്ടാക്കപ്പെട്ട ശുദ്ധജലസംഭരണിയാണ് ഹൗള്. ഒരേസമയത്ത് വളരെപ്പേർക്ക് ഉപയോഗിക്കാൻ തക്കരീതിയിൽ ദീർഘചതുരാകൃതിയിലാണ് ഇത് നിർമ്മിക്കാറ്. പഴയ കാലങ്ങളിൽ ഇത് ഉയരം കുറച്ചാണ് നിർമ്മിക്കപ്പെട്ടിരുന്നത്. അക്കാലത്ത് ഇരുന്നുകൊണ്ടാണ് അംഗശുദ്ധി (വുസുഅ്) വരുത്തിയിരുന്നത്. ഇന്ന് ഇവയുടെ ഉയരം കൂടിയിരിക്കുന്നു. നിന്നുകൊണ്ടാണ് ഇപ്പോൾ ദേഹശുദ്ധി വരുത്തുന്നത്. വളരെ പഴയകാലത്ത് ഹൗളിന്റെ സ്‌ഥാനത്ത് സാധാരണ കുളങ്ങൾ തന്നെയായിരുന്നു.
വൈദേശികസ്വാധീനം ഃ തുർക്കി-പാർസി പാരമ്പര്യങ്ങളിൽ നിന്ന് ഗണ്യമായ പ്രചോദനമുൾക്കൊണ്ട് രൂപംകൊണ്ട ഒന്നാണ് ഭാരതീയ മുസ്ലീംവാസ്‌തുവിദ്യ. എന്നാൽ ഇതിന് ഈ അടുത്തകാലം വരെയും കേരളത്തിലെ മുസ്ലീം ആരാധനാലയങ്ങളുടെ മേൽ കാര്യമായ സ്വാധീനമൊന്നും ചെലുത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ അടുത്തകാലത്ത് ഒരു പരിഷ്‌കാരമെന്ന നിലയ്‌ക്ക് മുസ്ലീംപളളികളിൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്ന മിനാരങ്ങളും കുബ്ബകളും ഉത്തരേന്ത്യയിലെ പ്രാദേശിക ഇസ്ലാംവാസ്‌തുവിദ്യയിൽനിന്ന് കടമെടുക്കപ്പെട്ടതാണ്.
മിനാരങ്ങൾ ഃ പുതിയമുസ്ലീംപളളികളിൽ രണ്ടോനാലോ ചിലപ്പോൾ അതിലധികമോ മിനാരങ്ങൾ (വൃത്തസ്‌തൂപികകൾ) നിർമ്മിച്ചുകാണുന്നു. ആകാശചുംബികളായ ഇവകളിൽ ഏറ്റവും ഉയരം കൂടിയ മിനാരത്തിനു മുകളിൽ ചന്ദ്രക്കലയും നക്ഷത്രവും കൂടി സ്‌ഥാപിച്ചിരിക്കും.
കുബ്ബ ഃ അധികം വലിയതല്ലാത്ത ഇടത്തരം പളളികളിലാണ് കുബ്ബകൾ കാണാറുളളത്. കെട്ടിടത്തിന്റെ മധ്യഭാഗത്തായി വലിയ അർദ്ധഗോളാകൃതിയിൽ അധികം ഉയരമില്ലാതെ നിർമ്മിക്കപ്പെടുന്നവയാണ് കുബ്ബകൾ. കോൺക്രീറ്റുകൊണ്ടാണ് ഇവ നിർമ്മിക്കപ്പെടാറ്. ബാബറി മസ്‌ജിദിന്റെ മൂന്നു കുബ്ബകളുടെ ചിത്രം അക്കാലത്ത് ആനുകാലികങ്ങളിലും മറ്റും വന്നിരുന്നല്ലോ. മിനാരങ്ങൾക്കും കുബ്ബകൾക്കും ആചാരപരമായ പ്രത്യേകതകളൊന്നും കല്പിക്കപ്പെട്ടിട്ടില്ല. രൂപഭംഗി, പ്രത്യേകവ്യക്തിത്വം ഇവ മാത്രമാണ് ഇവ രണ്ടിന്റേയും നിർമ്മാണോദ്ദേശ്യം.
കേരളത്തിലെ പരിഷ്‌കൃതപളളികൾ ഃ ഉത്തരേന്ത്യൻ വാസ്‌തുവിദ്യാശൈലിയെ അനുസ്മരിപ്പിക്കുന്ന ഏതാനും മുസ്ലീംപളളികൾ കേരളത്തിൽ അല്പകാലം മുൻപ് ഉയർന്നു വന്നിട്ടുണ്ട്. തിരുവനന്തപുരത്തെ പാളയംപളളി, കോഴിക്കോട്ടെ പുതിയപളളി, തലശ്ശേരിയിലെ ജുമാമസ്‌ജിദ് ഇവയാണ് അവയിൽ പ്രാധാന്യമർഹിക്കുന്നവ. വേറെയും ഇത്തരം പളളികൾ കേരളത്തിന്റെ പല ഭാഗങ്ങളിലും ഉയർന്നുവന്നുകഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നിർമ്മിക്കപ്പെടുന്നവയും പുനഃസംസ്‌കരിക്കപ്പെടുന്നവയും അധികവും ഈ മാതൃകയിലുളളതാണ്. ദാരുശില്പങ്ങൾക്ക് ഇപ്പോൾ തീരെ പ്രാധാന്യമില്ലാതായി. പകരം മാർബിളും കോൺക്രീറ്റും തൽസ്‌ഥാനം കൈയടക്കി. മിമ്പർ പോലും ഇപ്പോൾ നിർമ്മിക്കുന്നത് കല്ലിലോ കോൺക്രീറ്റിലോ മാർബിളിലോ ആണ്. പഴയരീതിയിലുളള പളളികൾ കുറവാണെങ്കിലും തീരെ ഇല്ലാതായിട്ടില്ല.
ചരിത്രസ്മാരകങ്ങൾ ഃ ചരിത്രപരമായ പ്രാധാന്യം അർഹിക്കുന്ന ഏതാനും പളളികളും കേരളത്തിലുണ്ട്. കൊടുങ്ങല്ലൂർ പളളി, മാടായിപ്പള്ളി, ശ്രീകണ്‌ഠാപുരം പളളി, കാസർഗോഡ് പഴയപളളി തുടങ്ങിയവ ഇവയിൽ ചിലതാണ്. മാപ്പിളലഹളയും ബ്രിട്ടീഷ്‌ഭരണവും മതസൗഹാർദ്ദവും മറ്റുമായി ബന്ധപ്പെട്ട് ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിച്ചവയാണ് ഈ പളളികൾ. ഇതരമതസ്‌ഥരുടെ ദേവാലയങ്ങളുമായി വളരെ സഹവർത്തിത്വത്തോടെ നിലകൊളളുന്ന ഏതാനും പളളികളും കേരളത്തിലുണ്ട്. തലശ്ശേരിയിലെ ജുമാമസ്‌ജിദ് പണിയുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്‌തുകൊടുത്തതും നിർമ്മിതിവസ്‌തുക്കൾ എത്തിച്ചുകൊടുത്തതും തൊട്ടടുത്ത് സ്‌ഥിതിചെയ്യുന്ന തിരുവങ്ങോട്ടു ക്ഷേത്രസമിതിയാണെന്നതിന് രണ്ടിടത്തും രേഖകളുണ്ട്. ഹിന്ദു-മുസ്ലീം-ക്രിസ്‌ത്യൻ ദേവാലയങ്ങൾ ഒന്നുചേർന്നു നിൽക്കുന്ന കൗതുകകരമായ കാഴ്‌ചയും കേരളത്തിൽ അപൂർവമല്ല. തിരുവനന്തപുരം പാളയം, കോട്ടയം താഴത്തങ്ങാടി, ചങ്ങനാശ്ശേരി എന്നീ സ്‌ഥലങ്ങൾ ഇതിനുദാഹരണങ്ങളാണ്. പരസ്‌പര സഹവർത്തിത്വത്തിന്റെ സ്‌മാരകങ്ങൾ.
Generated from archived content: essay1_mar31.html Author: ranadive_k
Click this button or press Ctrl+G to toggle between Malayalam and English