പെയ്തു തീരാത്ത കവിതകൾ

കുട്ടിത്തമുള്ള കവിതകളെ കുട്ടിക്കവിതകൾ എന്നു വിശേഷിപ്പിക്കാറുണ്ട്‌. കുട്ടിയുടെ കാഴ്‌ചയിലെ ലോകമാണ്‌ കുട്ടിക്കവിതകളിൽ പ്രതിഫലിക്കുന്നത്‌. മലയാളത്തിലെ കുട്ടിക്കവിതാ സമാഹാരങ്ങളിൽ ഏറെയും മുതിർന്നവരുടേതാണ്‌. ചില അക്ഷരങ്ങൾ ആവർത്തിക്കുന്ന വാക്കുകൾ താളത്തിൽ കൂട്ടിച്ചേർത്താൽ കുട്ടിക്കവിതകളായി എന്ന്‌ ഇവരിൽ പലരും കരുതുന്നു. അതുകൊണ്ടുതന്നെ ഉറക്കെച്ചൊല്ലാനാവുമെന്നല്ലാതെ ഇത്തരം കവിതകളിലധികവും ഹൃദയസ്പർശികളാവുന്നില്ല. എന്നാൽ മുർഷിദയുടെ കവിതകൾ ഇക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്നു. ഒരു പത്തുവയസ്സുകാരിയുടെ ലോകം ഇത്രമേൽ വലുതാണെന്ന്‌ ‘പെയ്‌തൊഴിയാതെ’ എന്ന ഈ സമാഹാരത്തിലെ കവിതകൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. ശാസ്‌ത്രബോധമുണർത്തുന്ന സേവനം, മാതൃവാത്സല്യം നിറവാർന്ന അമ്മ, മാതൃസ്നേഹം, കുട്ടിക്കൗതുകങ്ങൾ, വിടരുന്ന പൂന്തോട്ടം, മുല്ല, കൊച്ചുതുമ്പി, ശലഭങ്ങൾ എന്നീ കവിതകൾ മുർഷിദ തിരഞ്ഞെടുത്ത വിഷയങ്ങളുടെ വൈവിധ്യവും അവളുടെ ലോക നിരീക്ഷണപാടവവും പ്രകടമാകുന്ന കുട്ടിക്കവിതകളാണ്‌. വഞ്ചിപ്പാട്ട്‌ രീതിയിൽ എഴുതിയ ഓണപ്പാട്ട്‌ മുർഷിദയുടെ വൃത്തബോധത്തിനുദാഹരണമാണ്‌.

മേലേക്കെറിഞ്ഞു പിടിച്ചാലെണ്ണത്തിൽ

എന്നുമവൾതന്നെ മുന്നിൽ (വളപ്പൊട്ടുകൾ)

നെയ്യപ്പമുണ്ടാക്കും നൂലപ്പമുണ്ടാക്കും

എന്നിഷ്ടമമ്മതന്നിഷ്ടമെന്നും (അമ്മ)

മേൽകൊടുത്ത വരികളെപ്പോലെത്തന്നെ ഈ സമാഹാരത്തിലെ എല്ലാ കവിതകളും ഉചിതമായ താളത്തിൽ വാർന്നുവീണ ശബ്ദഭംഗിക്കൊപ്പം അർത്ഥഭംഗിയുള്ള കവിതകളാണ്‌.

രോഗം ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെല്ലാം നിമിഷം കൊണ്ട്‌ തല്ലിക്കൊഴിക്കുന്ന ദുഃഖമായി വളർന്ന്‌ പൊയ്‌തൊഴിയാത്ത മഴ എന്ന കവിതയിലെ

‘മതിമറന്നാകാശക്കോട്ടകെട്ടി’

ഒക്കെത്തകിടം മറിഞ്ഞുപോയി“

എന്ന വരികളായി ഹൃദയത്തിലേക്ക്‌ പെയ്യുമ്പോൾത്തന്നെ

‘കരിമുകിൽ തിങ്ങി നിറഞ്ഞമാനം

പെയ്‌തൊഴിയുന്നതു കാത്തു ഞാനും’

എന്ന വരികളിലൂടെ തെളിഞ്ഞ മാനം എന്ന പ്രതീക്ഷ കൈവിടാതിരിക്കുകയും ചെയ്യുന്നു. പെയ്‌തൊഴിയാത്ത ദുഃഖം കവിയുടെ കൂടപ്പിറപ്പാണ്‌. പക്ഷെ കണ്ണീരിലൂടെ സ്വപ്നം കാണാൻ കഴിയുന്നതുകൊണ്ടാണ്‌ കവിത ഹൃദയത്തിലേക്കു പെയ്യുന്നത്‌.

പെയ്‌തൊഴിയാതെ (ബാലകവിതകൾ)

മുർഷിദ. പി. (പടിഞ്ഞാറ്റുംമുറി ജി.എൽ.പി. സ്‌കൂൾ 5-​‍ാം തരം വിദ്യാർത്ഥിനി)

പ്രസാ ഃ അധ്യാപക രക്ഷാകർതൃസമിതി, ജി.എൽ.പി. സ്‌കൂൾ പടിഞ്ഞാറ്റുംമുറി

Generated from archived content: book1_may4_07.html Author: ramesh_vattingavil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here