രണ്ടാമൂഴം വായനയുടെ മൂന്നാവര്‍ത്തി പിന്നിട്ടപ്പോഴാണ് സുഭദ്രയുടെ അര്‍ഥം ചേര്‍ത്ത നോട്ടത്തിന്റെയും ദുശ്ശളയുടെ പരിഹാസച്ചിരിയുടെയും സാരം പാഞ്ചാലിക്കു ഉള്‍ക്കൊള്ളാനായത്. അകില്‍ പോലെ പുകഞ്ഞ അവളുടെ മെയ്യില്‍ താമരപ്പൂവിന്റെ ഗന്ധമുള്ള വിയര്‍പ്പ് പൊടിഞ്ഞു. അഞ്ജനശലാകകള്‍ നിരത്തിയെന്ന വിധമുള്ള ഇമകള്‍ക്കു കീഴെ കരിനീല കണ്ണുകളില്‍ അഗ്നി ചിതറി.
ആദിത്യനെ കിനാവു കാണുന്നതിനിടയില്‍ കുന്തീദേവിയും കാര്‍കൂന്തലിന്റെ സൗരഭ്യം ആസ്വദിക്കുന്ന മതിഭ്രമത്തില്‍ ഗാന്ധാരി വലിയമ്മയും പാഞ്ചാലിയുടെ പരിദേവനം മുഖവിലയ്‌ക്കെടുത്തില്ല. അതില്‍പ്പിന്നെയാണ് അവള്‍ മഹിളാകമ്മിഷനില്‍ കുറിയയച്ചത്.
ഒന്നാം പ്രതി യുധിഷ്ഠിരനും രണ്ടാം പ്രതി അര്‍ജുനനും കുന്തി, ദ്രുപദന്‍, കൃഷ്ണന്‍ എന്നിവര്‍ യഥാക്രമം മൂന്നും നാലും അഞ്ചും പ്രതികള്‍. കേസ് വിധിയാകുന്നതുവരെ ധര്‍മപുത്രര്‍ക്കു രാജ്യം ഭരിക്കാനുള്ള അധികാരം കോടതി വിലക്കി. പാര്‍ഥന്റെ ആവനാഴിയും അസ്ത്രങ്ങളും കണ്ടുകെട്ടി. കുന്തി സൂര്യസമയങ്ങളില്‍ കൊട്ടാരത്തില്‍ നിന്നു പുറത്തിറങ്ങാനോ ദ്രുപദന്‍ പാഞ്ചാല രാജ്യത്തിന്റെ അതിര്‍ത്തി ലംഘിക്കാനോ പാടില്ല. സൂത്രധാരനായ കൃഷ്ണന്റെ പേരില്‍ ഇത്തരം കേസുകളുടെ ശൃംഖല തന്നെ ഉണ്ടെന്നു ആരോപണം ഉള്ളതിനാല്‍ ജാമ്യമില്ലാത്ത തടങ്കലില്‍ അയയ്ക്കാനും വിളംബരം ഉണ്ടായി. ആറും ഏഴും പ്രതികളായ നകുല സഹദേവന്മാരെ മൈനറാണെന്ന കാരണത്താല്‍ വെറുതെ വിട്ടു..
ദ്രുപദ രാജകൊട്ടാരത്തിലെ അന്തഃപുരത്തില്‍ മാധ്യമങ്ങളെ മുഖം കാണിക്കുമ്പോള്‍ ഉഷകിരണം തൊട്ടുണര്‍ത്തിയ ഇന്ദീവരം പോലെ ശോഭിക്കുന്ന കൃഷ്ണയോട് രണ്ടാമൂഴക്കാരനായ ഭീമസേനനോ എന്ന ചോദ്യത്തിന് അവിധം ഒരു മന്ദനെ ഐഡന്റിഫിക്കേഷന്‍ പരേഡില്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നായിരുന്നു മറുമൊഴി.
Generated from archived content: story1_july9_13.html Author: ramesh_perumbilavu