സമർപ്പണം, മഞ്ഞപ്പൂമ്പാറ്റകൾക്ക്‌

വൈക്കം മുഹമ്മദ്‌ ബഷീർ, പി.കുഞ്ഞിരാമൻനായർ, എ.അയ്യപ്പൻ, ബാലചന്ദ്രൻ ചുളളിക്കാട്‌, ടി.വി. കൊച്ചുബാവ ഇത്തരം രചനാത്യാഗങ്ങൾക്കൊന്നും സമയമില്ല. എന്നാൽ, എഡിറ്റർ മേശയിൽ നിന്ന്‌ പേജുകൾ പറന്ന്‌ പോകാതിരിക്കാനായി ‘വിദേശനെ’ കയറ്റിവെയ്‌ക്കാൻ ഒരുക്കവുമല്ലാത്ത പുതുതലമുറയിലെ കഥാകൃത്ത്‌ രമണൻ അനുഭവങ്ങൾക്കായി കിഴക്കുവശത്തെ ‘ഒറ്റവാതിൽ’ ജാലകം തുറന്നുവെച്ചു. അപരന്റെ ‘ചൂണ്ടലി’ലെ വൃദ്ധനായി, ഇരയ്‌ക്കായി, വേട്ടക്കാരനായി കാത്തിരിക്കുന്നു.

‘അവകാശി’കളുടെ കനമുളള മടുപ്പിക്കുന്ന സമയത്തെ മുന്നിൽ നിവർത്തിവെച്ച്‌ ദേവയാനി. ശുക്രാചാര്യന്റെ അഹങ്കാരിയായ മുനികുമാരിയല്ല. അയൽക്കാരൻ വിശ്വനാഥന്റെ സഹധർമ്മിണി. കുത്തി നിറുത്തിയ തിരശ്ശീലയായി നീളൻ ചതുരത്തിലെ കാഴ്‌ചയിലേക്ക്‌ ഭാവനയുടെ സ്പോട്ട്‌ലൈറ്റ്‌ തിരിച്ചുവെയ്‌ക്കുന്നു.

തുടർന്നു വായിക്കുക..

ദൂരെയുളള ഓഫീസിലേയ്‌ക്ക്‌ ആദ്യം വിശ്വനാഥനും ശേഷം ട്യൂഷനും സ്‌ക്കൂളുമെന്ന അനുപാതത്തിൽ വൈശാഖും വൈശാലിയും ഇറങ്ങുമ്പോൾ ദേവയാനി സ്വസ്ഥം. ഉറങ്ങാം, കുളിക്കാം, പ്രഭാതഭക്ഷണം കഴിക്കാം, തൊട്ടവേലിയിലെ രാജിയുമായി മാർക്കറ്റിലിറങ്ങിയ പുതുചുരിദാറിന്റെ ഡിസൈനിനെക്കുറിച്ച്‌, കറുപ്പും വെളുപ്പും സീരിയലിലെ സസ്‌പൻസ്‌ ക്ലൈമാക്‌സിനെപ്പറ്റിയും ഉൽക്കണ്‌ഠപ്പെടാം. അല്ലാതെ പുരസ്‌കാരം നിരസിച്ച കവിയുടെ തമാശച്ചിരിയോ പഴയ സൗഹൃദങ്ങളുടെ സാഹിത്യചെളിവാരിയെറിയലോ ചർച്ചയാവാറില്ല. രാജിയുടെ കണവൻ ക്രിമിനൽ വാരികയുടെ വരിക്കാരനായതുകൊണ്ട്‌ അവൾക്കും ഒത്തിരി പറയാനുണ്ടാകും. വിഷയങ്ങൾ ഇല്ലാതാകുമ്പോൾ മറ്റു കൂട്ടുകാരികളൊക്കെ പൊങ്ങച്ചക്കാരികളും അസൂയക്കാരുമാണെന്ന്‌ പരിഹസിക്കാം. ഇനിയും വായിച്ച്‌ തീരാനുളള തുടരൻ പതിപ്പിലേക്ക്‌ കണ്ണീരൊലിപ്പിക്കാം. ചതുരക്കാഴ്‌ചയുടെ വിഡ്‌ഢിത്തത്തിലേയ്‌ക്ക്‌ വാ പൊളിക്കാം.

മേൽപ്പറഞ്ഞ ആശയ വിനിമയങ്ങളൊക്കെയുണ്ടായിരുന്നിട്ടും രണ്ടാം വായനയ്‌ക്ക്‌ മുതിരാത്ത ചില രചനകളുടെ അശുദ്ധിയിൽ പല്ലുതേയ്‌ക്കാതെ, കുളിക്കാതെ നനഞ്ഞ്‌ മുഷിഞ്ഞ്‌ രാത്രി മണക്കുന്ന മാക്‌സിട്ട്‌ ‘നാലുക്കെട്ടി’ലെ കാല്പനികതയെന്നവണ്ണം സോഫയിൽ ചാരിക്കിടന്ന്‌ നെടുവീർപ്പിടുകയാണ്‌ ദേവയാനി.

“മേതിലോ ആരാണത്‌? പി.സുരേന്ദ്രൻ! ഇല്ല ഞാനറിയില്ല” എന്ന്‌ പറയുന്ന ദേവയാനി രണ്ട്‌ മാസം മുൻപ്‌ ‘ഹിച്ച്‌ കോക്കിന്റെ പ്രേമഗാന’ത്തിലെ എമിലി ജോണിന്റെ പോസ്‌റ്റുമോഡേൺ ചിന്തകളുണ്ടായതിന്റെ ആധിയിൽ വേവുകയാണിപ്പോൾ. ഉത്തരാധുനികതയിൽ മുഴുകിയിരുന്ന അവൾക്ക്‌ ചുറ്റും അക്കാലം മഞ്ഞപ്പൂമ്പാറ്റകൾ പറന്നുകളിച്ചത്‌ മാജിക്‌ പഠിച്ചിട്ടോ മാർക്വിസിനെ വായിച്ചിട്ടോ കോളറക്കാലത്ത്‌ പ്രണയിച്ചിട്ടോ അല്ല.

ചില പെണ്ണെഴുത്തുകാരികളേക്കാൾ ഫെമിനിസം ദേവയാനിയുടെ കാഴ്‌ചപ്പാടുകളിൽ ഉണ്ടായിരുന്നില്ലെന്ന്‌ പറയാമോ? വിചാരങ്ങളിൽ മുഴുകിയിട്ട്‌ അദ്ധ്യായങ്ങൾ കുറെ മറിഞ്ഞെങ്കിലും വലിച്ചുനീട്ടിയ പരമ്പരയല്ലാതെ രണ്ടുവരിയിൽ കുറിക്കുന്ന ‘ക്യാപ്‌സൂൾ’ കഥയായി അവളെ കിടത്തി ചിന്തിപ്പിച്ചത്‌ ആ മഞ്ഞപ്പൂമ്പാറ്റകളുടെ കാലമായിരുന്നു.

‘പെരുങ്കളിയാട്ട’ങ്ങളിലെ ജാരന്മാരോ, ജാരനും പൂച്ചയും കഥയിലെ പൂച്ചപോലും അതിനുമുൻപ്‌ അവളുടെ ‘അടുക്കള’ കോലായിലേക്ക്‌ വേലി ലംഘിച്ചിട്ടില്ല. എന്നിട്ടും ‘വഷളൻ’ സംസ്‌കാരമുണ്ടായി ദേവയാനിക്കെന്നത്‌ തിരോധാനത്തിന്‌ ശേഷം തിരിച്ചുവന്ന ‘രാധ’യെപോലെ അവിശ്വസനീയമാകുന്നു.

“ദാമ്പത്യം, ഏയ്‌ അല്ലേയല്ല.”

സുഖം സന്തോഷം ഒരു വ്യാഴവട്ടം പൂർത്തിയാകുന്നു. ‘ധർമ്മസങ്കടങ്ങളുടെ രാജാവിന്റെ നായകത്തനിമ സൗമ്യശീലൻ, സുന്ദരൻ. ഇതാണ്‌ വിശ്വേട്ടൻ. ക്ലിഷെയുണ്ടാക്കുന്ന വാക്കോ നോക്കോ ഇല്ല. ഇപ്പോഴും പാടാത്ത പൈങ്കിളിതൻ അനുരാഗം ശേഷിക്കുന്നു അയാൾക്ക്‌ ദേവയാനിയോട്‌.

’സോനാ ഗാച്ചിയോ‘ ’എന്റെ കഥയോ‘ ’ഭാസ്‌ക്കര പട്ടേലരേയോ‘ വായിച്ചിട്ടില്ലാത്ത ദേവയാനിയാണെന്നോർക്കണം എമിലിയെ ’ജഗപൊഗ‘ കാണിച്ചത്‌. വിചാരങ്ങൾ ആരുമായും പങ്കുവെക്കാൻ അവൾ ഇഷ്‌ടപ്പെട്ടില്ല. സമാനചിന്തക്കാരും കാണും (തലമൂത്തവർ പോലും ഇത്തരം ഭാവനയുടെ ’മഞ്ഞി‘ൽ വിറങ്ങലിച്ചിട്ടുണ്ട്‌.) പക്ഷെ അഭിപ്രായമാരായാൻ ചെല്ലുമ്പോൾ തങ്ങളുടെ മനോവ്യാപാരങ്ങൾ പ്രഷർകുക്കറായി തിളച്ച്‌ മറിയുമ്പോഴും ഇവൾ കുഴപ്പക്കാരി ഒരുമ്പെട്ടവൾ, സ്‌ത്രീസ്വതന്ത്രവാദിയെന്ന്‌ വിസിലടിച്ച്‌ മുദ്രകുത്താനെ ഇക്കൂട്ടർ തുനിയൂ. ആയതിനാൽ ഇവ്വിധമുളള സന്ദേഹ സാധ്യതകളെ വെട്ടിത്തിരുത്തി ഒരു എടുത്തുചാട്ടം അന്നവൾ നടത്തി.

കോട്ടും സ്യൂട്ടും കാറും കുട്ടിയും സിനിമയിലെ സ്യൂട്ട്‌കെയ്‌സ്‌ എടുത്തു കൊടുക്കുന്ന, ടൈകെട്ടി കൊടുക്കുന്ന, തിരിച്ചു വരുമ്പോൾ കോട്ടൂരിയെടുക്കുന്ന ഭാര്യയാകുന്നു ദേവയാനി. ശല്ല്യപ്പെടുത്താൻ ലോറിക്കാരൻ വില്ലൻകൂടി ഇല്ലാത്തവൾ. ’ഉണ്ടിരിക്കുമ്പോൾ ഒരു വിളി വരുക‘യെന്ന്‌ ദേവയാനിയുടെ മുത്തശ്ശി കൂടെക്കൂടെ പറയുന്ന മാതിരി ഈ പോസ്‌റ്റുമോഡേൺ ഇടപെടലുകൾ കടന്നുകയറി ഇങ്ങനെയുളള അവസ്ഥാന്തരങ്ങൾക്ക്‌ അവളെ അധീനയാക്കി.

ടെലിവിഷനിലെ അകത്തളപുറം കാട്ടലുകളുടെ പുനരുദ്ധാനമോ രതിസുഖത്തിന്റെ പഠനവികൃതികളോ ദർശിച്ചിരുന്നാൽ ’പാപത്തറയോ‘ ’ആൺപന്നിയോ‘ ’അസംഘടിതയോ‘ വായിച്ചിരുന്നാൽ ’കളഞ്ഞില്ലേ പണിക്കർ കവിടി‘ എന്ന ഈ ഇടങ്ങേറ്‌ അവൾ വരുത്തിവെക്കില്ലായിരുന്നു. കിണറ്റിൽ ചാടാൻ ഒരരിശം വേണ്ടല്ലോ. ഹിഗ്വിറ്റയിലെ ഗോളിയായി പന്ത്‌ വരുന്നത്‌ കാക്കാതെ കയറിയടിക്കാൻ ദേവയാനി തീരുമാനിച്ചത്‌ ഇങ്ങനെയൊക്കെയാകുന്നു.

ഊർമ്മിളയുടെ ’കണ്ണുകെട്ടിക്കളി‘യായിരുന്നില്ലേ ദേവയാനി കളിച്ചത്‌ എന്ന്‌ നിഷ്‌പക്ഷമായി പറയാം. ചുമരിലെ പൊത്തിൽ വെറുതെ എടുത്തുവെച്ച വിത്താണ്‌ ഇപ്പോൾ ചുമരും മേൽക്കൂരയും പൊളിച്ചിരിക്കുന്നത്‌. കളിയിലേക്ക്‌ പത്രക്കാരൻ സൈനുദ്ദീന്റെ രോമത്തുടകളുടെ കാഴ്‌ച ബെല്ലടിച്ച്‌ കയറിയിറങ്ങി. തേങ്ങ പറിക്കുന്ന രാജന്റെ അർദ്ധനഗ്‌നതയിലെ പുറം എല്ലുകൾ കൂട്ടിമുട്ടി. കേബിളിന്റെ വരിപ്പിരിവിനെത്തുന്ന ജോർജിന്റെ കട്ടമീശയിലെ രോമങ്ങൾ തെറിച്ചുനിന്നു.

പ്രലോഭനങ്ങളുടെ അച്ചുകൂടത്തിൽ തിരിയുമ്പോഴും തുണിയലക്കുമ്പോൾ കയറ്റിക്കുത്തിയ അടിപ്പാവാട വെളിപ്പെടുത്തുന്ന നീലയക്ഷരങ്ങളിലും, മുറ്റമടിയിൽ തൂങ്ങി കിടക്കുന്ന മാക്‌സിയുടെ അശ്ലീല സാഹിത്യത്തിലും, ആർത്തി പിടയ്‌ക്കും നോട്ടമെറിയുന്ന ’പാവം ക്രൂര‘നായ രാജിയുടെ കെട്ടിയവനെയോ, കുളിമുറി കവർചട്ടയുടെ നീളം കുറവിലേക്ക്‌ ടെറസ്സിലെ വ്യാജപഠനത്തിൽനിന്ന്‌ ആനി ടീച്ചറുടെ മകൻ അനീഷിന്റെ പ്ലസ്‌ടു കണ്ണുകളുടെ കാക്കനോട്ടവും ഇക്കിളിപ്പടം മുൻപേ അറിവുണ്ടായിട്ടും “ഇന്നേതാ ചേച്ചി സിനിമ’യെന്ന കൗമാരസാഹിത്യവും ദേവയാനി വായിച്ച്‌ തളളിയതോ ഇതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന നിരൂപണ ബുദ്ധിയോ ആയിരുന്നു.

ദുരൂഹതകളൊന്നുമില്ലാത്ത ‘ഗൗരീയൻ’ കഥപോലുളള നായർ കുടുംബത്തിലെ ‘രണ്ടാമൂഴ’ക്കാരി കൂടപ്പിറപ്പ്‌ ‘മക്കയിലേക്കുളള പാത’യോരത്തെ പെട്രോൾ ബങ്കിൽ മാനേജർ. ‘വൃദ്ധസദന’ത്തിലേക്ക്‌ കാലും നീട്ടിയിരിക്കുന്ന അച്ഛനും പിന്നെയൊരു ‘ജാനുവമ്മ’യും. പഠിക്കുന്ന കാലത്ത്‌ പ്രേമലേഖനമോ പ്രണയബുദ്ധനോ പ്രണയകാലമോ വായിക്കാതെ പൊടുന്നനെ കോളേജെന്ന ചെറുകഥയിൽ നിന്ന്‌ ദാമ്പത്യമെന്ന നോവലെറ്റിലേക്ക്‌ കഥ വികസിക്കുമ്പോൾ ഉളവായ ആനന്ദം ‘പാണ്ഡവപുരത്തു’കാരന്റെ രചനാ നിലവാരമെന്ന രീതിയിൽ ഇക്കഴിഞ്ഞ ഉത്തരാധുനികതയുടെ കടന്നുകയറ്റംവരെ നിലനിർത്താൻ ദേവയാനിക്കായിട്ടുണ്ട്‌.

വർത്തമാനത്തിലിപ്പോൾ നീർമാതളത്തിന്റെ ചുവട്ടിലിരുന്ന്‌ പ്രസംഗ തൊഴിലാളികളുടെ ഉളുപ്പില്ലായ്‌മയായി ഓക്കാനിക്കുമ്പോൾ ‘ഉരുളക്കിഴങ്ങ്‌ തിന്നുന്നവരു’ടെ ദൈന്യതയാണ്‌ അവളുടെ മുഖത്ത്‌. പറുദീസ നഷ്‌ടപ്പെടുത്തിയതും ഇത്തരുണത്തിൽ അതിബുദ്ധിയുടെ ഫെമിനിസമാണെന്ന്‌ വ്യാഖ്യാനിക്കാം. എന്നാലെന്ത്‌ പറുദീസ പണിതെടുക്കുന്ന ചിലരുമുണ്ടല്ലോ. നേരം ഇരുട്ടുമ്പോൾ ലോറിക്കൗസുവിന്റെ പടിക്കൽ ഊഴം കാക്കുന്നവരും പറുദീസ വായിച്ചെടുക്കുന്നവരാണ്‌; പത്രാധിപരുടെ വീട്ടുപടിക്കൽ സൃഷ്‌ടിയുമായി ചുറ്റി നടക്കുന്ന എഴുത്തുകാരെപ്പോലെ.

സഹപാഠിയായിരുന്ന സുബൈദയാണ്‌ കഴിഞ്ഞകുറി അവധിക്കു വന്നപ്പോൾ ‘സഖിമാരും ഞാനും’ സമ്മാനിച്ചത്‌. അവളും മാപ്പിളയും ഗൾഫിലാണ്‌. ഇത്തരം വായനക്കാണല്ലോ അവിടെ മാർക്കറ്റ്‌. അതിലെ നായകൻ മോഹൻകുമാറിന്റെ ജീവിത രഹസ്യങ്ങളാണ്‌ ദേവയാനിയിൽ ഉത്തരാധുനികതാ പ്രവണതയുടെ ത്രെഡ്‌ മുറുക്കിയത്‌. എന്നാൽ ആ പുസ്തകം വാങ്ങുമ്പോൾ കോംപ്ലിമെന്റായി കിട്ടിയ ‘രതി നിർവ്വേദം’ സുബൈദ കൊടുത്തതുമില്ല. ദേവയാനിയൊട്ടു വായിച്ചുമില്ല. വായിച്ച്‌ ബ്ലാവുമരത്തിന്റെ കീഴിൽ ഉടലുകളുടെ വിഭവ സമൃദ്ധിയിലേക്ക്‌ ജനൽ വിടവായി രാത്രിയിൽ, സ്വയം ആനന്ദത്തിന്റെ കൈക്രിയകളും ഒരു പാമ്പിഴയൽ ഭയാശങ്കകളുമായി കാത്തുനിന്ന അനീഷിനെ ദേവയാനി ഗൗനിച്ചുമില്ല. അർഹതയുണ്ടായിട്ടും പ്രായത്തിന്റെ പരിഗണനയിൽ തളളിപ്പോയ അക്കാദമി അവാർഡ്‌ പോലെയായി അനീഷിന്‌ ദേവയാനി.

”ഓരോ പുതിയ ശീലവുമായി ബന്ധപ്പെടുമ്പോഴും ഓരോ പുതിയ ഭൂവിഭാഗങ്ങൾ കണ്ടെത്തുന്ന പ്രതീതി.“ മോഹൻകുമാറിന്റെ ഈ ഭാഷ്യത്തോട്‌ ദേവയാനിക്ക്‌ യോജിപ്പില്ല. അസംഖ്യം ആപ്പിളുകൾ തിന്നാനോ അജീർണ്ണം വരുത്തിവയ്‌ക്കാനോ അവൾക്ക്‌ ഇച്ഛയില്ല. ഒരിക്കൽ, ഒരിക്കൽ മാത്രം മറ്റൊരു ഫലത്തിന്റെ രസമറിയാനൊരു മോഹം. സമീപിക്കാനായി അത്തരം തൊഴിലാളികളുടെ ദുർലഭ്യത ബോധ്യപ്പെട്ടപ്പോൾ ”ഈ പുല്ലിംഗക്കാർ എത്ര ഭാഗ്യവാന്മാർ“ എന്ന പെണ്ണെഴുത്ത്‌ രോദനത്തോടെ ലോറിക്കൗസുമാരെ ഓർത്തു അവൾ.

തൊഴിലാളികൾ തൊഴിലിന്റെ ഭാഗമായി പുലർത്തുന്ന ആത്മാർത്ഥത. വെറുതെ ഉണ്ണുന്നവൻ സംഘടിപ്പിച്ചെടുക്കുന്ന പുരസ്‌കാര ജേതാവിന്റെ ജാടയോടെ നിലാവത്ത്‌ അറിയാതെ കൂവിപ്പോകുമെന്ന്‌ നിരൂപിക്കാനുളള വായനയൊന്നും ദേവയാനിക്ക്‌ ഇല്ലായിരുന്നല്ലോ.

ചാരം മൂടിക്കിടക്കുന്നുണ്ടെങ്കിലും ഒറ്റ ഊത്തിന്‌ തിളങ്ങുന്ന തീക്കനൽ തന്നെയാണ്‌ ഇപ്പോഴും വിശ്വേട്ടനെന്നും രണ്ടാം വായനക്കത്‌ കത്തിപടരുമെന്നും ദേവയാനിക്ക്‌ അറിയാഞ്ഞിട്ടൊന്നുമല്ല. കമിഴ്‌ന്ന്‌ കിടക്കുന്ന പ്ലാവില മറിച്ചിടാനൊരു മോഹം കവി പാടിയ ‘വെറുതെ ഒരു മോഹം’.

എന്നിട്ടെന്തായി ആപ്പിളിന്റെ രുചി മനസ്സിലിരുത്തി വായിക്കാനോ താരതമ്യ പഠനത്തിനോ ആയില്ല. ചിലർ പാശ്ചാത്യസാഹിത്യം ഉദ്ധരിക്കുന്ന ശൈലിയിൽ ഒരു നിമിഷം. ഒരു പിടച്ചിൽ. ഒടിഞ്ഞ്‌ നുറുങ്ങി വീണ വിവശതയുടെ നാണക്കേടുമായി ഒഴുകിപോയവന്റെ മുഖം ഓർക്കാനാവുന്നില്ല. ശീർഷകം പോലും തങ്ങി നിൽക്കാത്ത കഥപോലെ. കാരണം കണ്ണുകെട്ടിയിരിക്കുകയായിരുന്നല്ലോ അവളുടെ. കറുത്ത ചിറകുളള കുറെ പൂമ്പാറ്റകൾ തന്നെ വിട്ടമിട്ട്‌ പറക്കുന്നത്‌ എന്നിട്ടും ദേവയാനിക്ക്‌ കാണാമായിരുന്നു.

അറിഞ്ഞിട്ടോ അല്ലാതെയോ ഉളളിൽ കടന്ന അക്ഷരവിത്താണ്‌ ഇപ്പോൾ ദഹനകേടിന്റെ മുളയായി വായിൽ ചവർക്കുന്നത്‌. സബ്‌ടൈറ്റിലുളള കഥയുടെ ക്രാഫ്‌റ്റായി കുറെ വഴികൾ ദേവയാനിക്ക്‌ മുമ്പിൽ അടിവരയിട്ട്‌ കഥാസരിത്‌ സാഗരമായി കിടക്കുന്നു. തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ ചവർപ്പങ്ങ്‌ തുപ്പിക്കളയാം. നിശ്ചിത ദൂരത്തിനിപ്പുറം പിന്നിട്ട തന്റെ ഉത്തരാധുനിക പട്ടത്തിന്റെ ചരട്‌ അറുത്തിടാം കാടിന്റെ ഗതിക്കനുസരിച്ച്‌ പറന്നോട്ടെ, വിശ്വനാഥന്റെ ശിരസ്സിൽ വീണോട്ടെ, പക്ഷെ അവ പാദമുദ്രകൾ ശേഷിപ്പിച്ചാലോ. എങ്കിൽ ലോറിക്കൗസുവിനെ കൂട്ടുപിടിക്കാം. പട്ടണത്തിൽ പോയി വെളളപൂശി ”ഞാനൊന്നുമറിഞ്ഞില്ല രാമനാരായണോ“ നെടുവീർപ്പിട്ട്‌ തിരിച്ച്‌ പോരാം. എന്തായാലും പത്താംതരം പരീക്ഷക്കാരെ മാതിരിയോ നിരൂപകരെ ഭയന്ന കഥാകൃത്തുക്കളെ പോലെയോ ആത്മഹത്യ മുനമ്പിൽ കഥയായി ചാടാനോ ഉമ്മത്തും കായ തിന്നാനോ ദേവയാനി തീരുമാനിച്ചിട്ടില്ല.

”ജീവിതം നല്ലതാണല്ലോ

മരണം ചീത്തയാകയാൽ“ എന്നല്ലേ കുട്ടികളുടെ വലിയ കവി ചൊല്ലിയത്‌.

ഇതിനിടയിൽ പരദൂഷണം പറയാനുളള തിക്കുമുട്ടലിൽ പലതവണ രാജിയുടെ തല വേലിക്കുമുകളിൽ പൊങ്ങിവന്നത്‌ ദേവയാനി അറിഞ്ഞിട്ടില്ല. വെറും ദൂഷണം പറയാനായിരുന്നില്ല, ക്രിമിനൽ വാരികയിൽ ഇന്നലെ ഭർത്താവ്‌ വായിച്ചുകൊടുത്ത കല്ല്യാണരാത്രി ഇരട്ട പ്രസവിച്ച നവവധുവിന്റെ കാര്യം പറയാനുളള ആവേശമായിരുന്നു രാജിക്ക്‌. നാലാംവട്ടവും കഥ മടങ്ങിവന്ന കഥാകൃത്തിനെറ ”എന്നാപോട്ടെ“ ഭാവത്തോടെ മറ്റു പ്രസിദ്ധീകരണത്തിനായി ലോറിക്കൗസുവിന്റെ അതിരിലേക്ക്‌ നടന്നു അവൾ. അവിടെ നിന്നും കഥയരങ്ങ്‌ കഴിഞ്ഞ ക്ഷീണത്തോടെ ഇറങ്ങിനടന്ന ഒരുവൻ ”ഇത്‌ കൊളളാലോ ചരക്ക്‌…. ഒരൊന്നൊന്നര വരൂലോ“ അവളെ നോക്കി വെളളമിറക്കി.

ദേവയാനി മൂന്നാമത്‌ ഛർദ്ദിച്ചത്‌ സന്ധ്യയ്‌ക്ക്‌. വിശ്വനാഥൻ കുളിക്കുന്നു, കുട്ടികൾ പഠിക്കുന്നു. ഇക്കുറി ഏതോ ‘ബോൺസായി’ക്കഥയിലെ ചട്ടിക്കരികെയാണ്‌ അവൾ കുന്തിച്ചിരുന്നത്‌. സാഹിത്യ മോഷ്‌ടാക്കളുടെ ജാഗ്രതയോടെ ചുറ്റും നോക്കിയ അവൾ അപ്പോഴാണ്‌ വീട്ടുപടിക്കൽ നിർത്തിയിട്ടിരിക്കുന്ന ലോറികൾ ശ്രദ്ധിച്ചത്‌. ലോറിക്കൗസുവിന്റെ പറ്റുപടിക്കാരുടെ ആൾക്കൂട്ടവും പ്രതിഭ വറ്റിയിട്ടും വിശേഷാൽ പ്രതികളിൽ പറ്റിക്കൂടുന്ന കിഴവനെഴുത്തുകാരായി അവർ ഉലാത്തുന്നു. കൂട്ടത്തിൽ സ്പാർക്കുളള പുതുമുഖങ്ങളും, തങ്ങൾക്ക്‌ അവസരം നിഷേധിക്കുമോ എന്ന ആവലാതിക്കണ്ണോടെ, സൈനുദ്ദീൻ, രാജൻ, ജോർജ്ജ്‌ എല്ലാവരിലും പുറകിലായി ഇനിയും സംശയിച്ച്‌ സംശയിച്ച്‌ വിഷുപ്പതിപ്പിലെ കണ്ടെത്തൽപോലെ അനീഷും.

വൈകിയാണെങ്കിലും ഒരു തീരുമാനത്തിലെത്താനായതിന്റെ സാക്ഷാൽക്കാരത്തോടെ, തന്റെ മനംപുരട്ടലും ഛർദ്ദിയും ഇന്നലത്തെ അത്താഴത്തിന്റെ ‘തിരുത്താ’ണെന്നും ഉത്തരാധുനികതയോ അങ്ങിനെയൊന്നുണ്ടോ ഞാൻ അറിഞ്ഞില്ലല്ലോ എന്ന നിരൂപകൻ സാറിന്റെ ഭാവത്തോടെ ദേവയാനി ‘ചിത്രശലഭങ്ങളുടെ കപ്പലാ’യി അകത്തേയ്‌ക്ക്‌ ഒഴുകിപ്പോയി.

കഥാകൃത്ത്‌ രമണൻ കിഴക്കുവശത്തെ കാഴ്‌ചയ്‌ക്ക്‌ കുറ്റിയിട്ട്‌, ഭാവനയുടെ സ്പോട്ട്‌ലൈറ്റ്‌ കെടുത്തി നേരത്തേ കയറിക്കിടന്നു. നാളെ പടിഞ്ഞാറെ ജനവാതിൽ തുറന്നിടാനുളളതാണ്‌.

Generated from archived content: sep12_story.html Author: ramesh_perumbilavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English