രാത്രി മുഴുവൻ ഉറക്കമില്ലായ്‌മ അനുഭവിക്കുകയായിരുന്നു എന്നാണ് വിചാരിച്ചത്. അടുത്ത് ഉറങ്ങി കിടന്നിരുന്നവളുടെ ശബ്‌ദത്തോടെയുളള ഉച്ഛ്വാസം മറ്റു പലതിനുമൊപ്പം ഉറക്കവും കെടുത്തിയിരുന്നു.
ശബ്‌ദങ്ങളെ വെറുക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ നാളേറെയായി.
നേരിയ തലവേദനയും നെഞ്ചിടിപ്പുമായി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അടുത്തുറങ്ങുന്ന പെണ്ണിനോടും പിന്നെ എന്തിനോടൊക്കെയോ അറപ്പും വെറുപ്പും തോന്നിയിരുന്നു. ജന്മംകൊണ്ട് സ്ര്തീയായവൾക്ക് വേണ്ട സ്വയംബോധം അല്പവുമില്ലാതെ നഗ്നയായി ഉറങ്ങുന്ന അവളെ കട്ടിലിൽ നിന്ന് ചവിട്ടി താഴെയിട്ടാലോയെന്ന് ചിന്തിച്ചു കിടക്കുമ്പോൾ എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണിരിക്കണം.
ജനലിലൂടെ നോക്കുമ്പോൾ ഷെഡിൽ കാർ കാണുന്നില്ല. രവി തന്നെയുണർത്താതെ അവളുമായി എപ്പോഴത്തേയുംപോലെ രാവിലെതന്നെ കാറുമായി കടന്നിരിക്കണം. ബെഡിൽ കുറെ ചതഞ്ഞ മുല്ലപ്പൂക്കൾ മാത്രം.
ഓ, ഈ നശിച്ച തലവേദന രണ്ടാം ശനിയാഴ്‌ചയുടെ രസമാകെ കൊല്ലും.
കുപ്പിയിൽ വിസ്‌കി ഇനിയും ശേഷിക്കുന്നു. അല്പം കൂടി അകത്താക്കിയാൽ ഹാംഗ്‌ഓവർ വിട്ടേനെ. ചിലപ്പോൾ ശർദ്ദിച്ചെന്നും വരും.
കൊത്തുപണികളുളള കട്ടിൽതൂണിന്റെ മേലാപ്പും നോക്കി അയാൾ ശൂന്യനായി കിടന്നു. പണ്ട് അപ്പൂപ്പനും പിന്നെ അച്ഛനും ഇതേ കട്ടിലിൽ ഇങ്ങനെ ഓരോന്നാലോചിച്ച് കിടന്നിരിക്കാമെന്നയാൾ വെറുതെ ഓർത്തു.
ആരെങ്കിലും ഇപ്പോൾ ഒരു ചായ കൊണ്ടുവന്നു തന്നിരുന്നെങ്കിലെന്നയാൾ ആശിച്ചു.
പക്ഷേ ഈ വലിയ വീടിന്റെ ഏക അവകാശിയും വല്ലപ്പോഴുമെത്തുന്ന താമസക്കാരനുമായ താൻ വീടിന്റെ അടുക്കളഭാഗത്തേയ്‌ക്ക് എത്തി നോക്കിയിട്ട് കാലങ്ങളായിരിക്കുന്നു.
വെളളവും മദ്യവുമല്ലാതെ മറ്റൊരു ഭക്ഷണ വസ്‌തുവുമില്ലാത്ത വീട്ടിൽ അയാൾ അപ്പോഴും ഒരു ചായയ്‌ക്ക് ആഗ്രഹിച്ചു. അയാൾ മുറികൾ കടന്ന് നടുത്തളത്തിലേക്കിറങ്ങി. ചതുരഓവിനു മുകളിലെ കമ്പിയഴികളിലൂടെ പ്രകാശം തളത്തിലാകെ നിറഞ്ഞു തുടങ്ങിയിരുന്നു. ഓവിനരുകിൽ നിന്നും തൂണുകളിലേക്ക് പടർന്ന മുരടിച്ച മുല്ലവളളിയിൽ ഇപ്പോഴും പൂക്കൾ തുറ്റിട്ടു നിൽക്കുന്നു.
“കുട്ടാ, ഉറക്കം കഴിഞ്ഞോ?”
ഉറക്കമുണർന്ന് തളത്തിലേക്കു നടക്കുമ്പോൾ അച്ഛൻ ചാരുകസാലമേൽ നിറഞ്ഞു കിടന്നു കൈനീട്ടുന്നു. അച്ഛന്റെ മടിയിലിരുന്ന് ചായ കുടിക്കുമ്പോൾ അമ്മ കുളികഴിഞ്ഞ് ഈ മുല്ലയിലെ പൂക്കൾ ഇറുക്കുകയായിരിക്കും. തളത്തിലെ കൈവരികളിൽ നിറഞ്ഞു വളരുന്ന കർപ്പൂരതുളസികളിൽ കാറ്റ് സുഗന്ധം പൊഴിക്കുമ്പോൾ ഇടനാഴിക്കപ്പുറത്തെ അടുക്കളയിൽ ജാനുവേട്ടത്തി പ്രാതലൊരുക്കാൻ ധൃതികൂട്ടുകയും…
അയാൾ തളത്തിലെ കൈവരിയിൽ ഇരുന്നു. കർപ്പൂര തുളസികളാകെ നശിച്ചു പോയിരിക്കുന്നു. ഓവു നിറഞ്ഞ് സിഗരറ്റ് പാക്കറ്റുകളും കുപ്പികളും. അച്ഛന്റെ ചാരുകസാലമേൽ രവിയുടെ മുഷിഞ്ഞ ടീ ഷർട്ടു കിടക്കുന്നു. ഞായറാഴ്‌ചകളിൽ ഏതെങ്കിലുമൊരുത്തിയുമായി രവി എത്തുമ്പോഴൊക്കെ ഈ തളത്തിലാണ് കൂടുതൽ സമയം കിടപ്പും ഇരിപ്പും. കാലും കയറ്റിയുളള രവിയുടെ ചാരുകസാലയിൽ കിടപ്പ് ചിലപ്പോൾ ശ്രദ്ധിച്ചിട്ടുണ്ട്. തളത്തിൽ വീഴുന്ന വെളിച്ചത്തിലേക്കും അതിൽനിന്നും ഉൾവെളിച്ചത്തിലേക്കും നീളുന്ന കണ്ണുകളുമായി പുകയൂതി മണിക്കൂറുകൾ നീളുന്ന കിടപ്പ്. ഒടുവിൽ നിറഞ്ഞു തിളങ്ങുന്ന കണ്ണുകളുമായി തലയുലച്ച് സ്മരണകളെയാട്ടി പൂർവ്വസ്ഥിതിയിലെ ചടുലതയുമായി ലക്ഷ്യങ്ങളിലേക്കയാൾ പറന്നകലും. സ്‌മരണകളുടെ ധ്യാനത്തിലേക്കയാളെ തളളിവിടുന്ന ചിന്തകൾ തനിക്കിനിയും അജ്ഞാതം.
ഫോൺബെൽ മുഴങ്ങുന്നതു കേട്ട് അയാൾ നടുമുറിയിലേക്ക് നടന്നു. രവിയുടെ സുപ്രഭാതമാണ്. അർദ്ധോക്തിയിൽ പുതിയ കോളിനെ പറ്റി പറഞ്ഞ്, വൈകുന്നേരം കാറുമായെത്താമെന്നറിയിക്കുന്നു.
അടുക്കള വാതിൽ തുറക്കാനുളള ശ്രമം ഉപേക്ഷിച്ച് അയാൾ ഉമ്മറത്തേക്ക് നീങ്ങി.
പ്രതാപിയായ മുത്തച്ഛന്റെയും ഗാംഭീര്യം തുളുമ്പുന്ന അച്ഛന്റെയും ചിത്രങ്ങളിൽ വേട്ടാളൻ കൂടുവെച്ചിരിക്കുന്നു. ആട്ടുകട്ടിലിൽ ഇരുന്ന് ആനകൊമ്പിൽ പിടിപ്പിച്ച നിലക്കണ്ണാടിയിൽ അയാൾ അന്യമായ തന്റെ പ്രതിരൂപത്തെ നോക്കിയിരുന്നു.
“കുട്ടാ… എണീക്ക്.. പഠിക്കണ്ടെ?‘
അമ്മ പുലരിയിൽ എഴുന്നേൽപ്പിച്ച് ആട്ടുകട്ടിലിൽ പിടിച്ചിരുത്തി പഠിപ്പിക്കുന്ന പാഠങ്ങൾ… തുറന്ന പുസ്തകത്തിനുമേൽ കമിഴ്‌ന്നു കിടന്ന് ആട്ടുകട്ടിലിന്റെ ആന്ദോളനത്തിനൊപ്പം അമ്മ തരുന്ന ചായയും കുടിച്ച് അങ്ങനെ….
ചായ കുടിക്കാനുളള ആഗ്രഹം അയാളിൽ തീവ്രമായി. രവി കാർ കൊണ്ടുപോയതിനാൽ പുറത്തെങ്ങും പോകുവാൻ മാർഗ്ഗമില്ല. മുറ്റത്ത് ആരോ തൂക്കുന്ന ശബ്‌ദം കേട്ട് അയാൾ പുറത്തേക്കിറങ്ങി. തപാലിലെത്തിയ കത്തുകളും വാരികകളും തിണ്ണയിൽ അടുക്കിവെച്ചിരിക്കുന്നു. മുറ്റത്തെങ്ങും ചപ്പോ ചവറോയില്ലാത്തത് ശ്രദ്ധിച്ചു. പൂനുളളി തളിരിട്ട തുളസികളുടെ നനവാർന്ന തഴപ്പുകണ്ട് അയാൾക്ക് അത്ഭുതമായി. മുത്തശ്ശികളായ പാരിജാതത്തിന്റെയും രാജമല്ലിയുടെയും ചുവട്ടിലും നനവുണ്ടായിരുന്നു.
കുര്യാലയ്‌ക്കരികിലെ ചെമ്പകത്തിനു താഴെ പുകപടരുന്നതു കണ്ട് അയാൾ അങ്ങോട്ട് നടന്നു.
കരിയിലകൾ കൂട്ടി തീ കത്തിക്കുന്ന പെൺകുട്ടി അയാളെ കണ്ടില്ല. പഴയ കാര്യസ്ഥൻ കിട്ടുമാന്റെ ചെറുമകൾ. അച്ഛൻ പതിച്ചു കൊടുത്ത സ്ഥലത്ത് താമസിച്ച് പറമ്പൊക്കെ അവർ നോക്കി നടത്തുന്നു.
അയാളുടെ സാന്നിദ്ധ്യമറിഞ്ഞ പെൺകുട്ടി ശീലംകൊണ്ടുളള സങ്കോചത്താൽ വിഷമിക്കുന്നതു കണ്ട് അയാൾ ചോദിച്ചു.
”അമ്മയെവിടെ?“
”വീട്ടിലുണ്ട്. കുറെയായി വയ്യാതായിട്ട്.“
മനസ്സിലേക്കെത്തിയ ചൂടുപിടിച്ച ഓർമ്മകളിൽ നിന്നും അയാൾ ചോദിച്ചു.
”കുട്ടീപ്പോ എത്രേലാ?“
”പ്ലസ് ടുവിന്.“
”ങാഹാ… അത്രേം ആയോ?“
കാലം പോകുന്നതറിയാത്തതിൽ അയാൾ ഉളളിൽ ചിരിച്ചു.
പത്രക്കാരൻ രാവിലെ കൊണ്ടിടുന്ന പത്രവും വാരികകളും മറിച്ചു നോക്കുന്നതും ആരെങ്കിലും വന്നാൽ മുറ്റം തൂക്കുന്ന അവളുടെ അമ്മയ്‌ക്കു പിന്നിൽ ഓടിയൊളിക്കുന്നതും വരെ ഇവൾ ഓർമ്മയിലുണ്ട്.
”കുട്ടീ, എനിക്ക് ഒരു ചായ ഉണ്ടാക്കിത്തരാമോ?“
”ഓ“ അവൾ വീട്ടിനുളളിലേക്ക് കയറാൻ തുടങ്ങുമ്പോൾ അയാൾ പറഞ്ഞു.
”ഇവിടെ അടുക്കള തുറന്നിട്ട് വർഷങ്ങളായി.“
അവൾ പറമ്പിനരുകിലെ സ്വന്തം വീട്ടിലേക്ക് ഓടി.
ചെമ്പകപൂക്കൾ കൊഴിയുന്ന കുര്യാലയിൽ അയാൾ മൗനിയായി നിന്നു. മുത്തച്ഛനും അച്ഛനും അമ്മയും പൂക്കളുടെ വർഷമേറ്റ് അവിടെ ശയിക്കുന്നു.
അവൾ തൂത്തിട്ട ചൂലുമെടുത്ത് വീടിനകത്തേക്ക് കയറി.
മച്ചിലെ പിച്ചളകുമിളകളിൽ പടർന്ന ഓർമ്മകളുടെ മാറാലകളെ തൂത്തുകൂട്ടുമ്പോൾ ചായയുമായി അവൾ വന്നു.
”ഞാൻ.. തൂക്കാം.“
”കുട്ടിക്കിന്ന് ക്ലാസുണ്ടോ?“
”ഇല്ല.“
”നമുക്ക് ഇവിടമാകെ ഒന്നു തൂത്തു വൃത്തിയാക്കിയാലോ?“
”ഞാൻ ചെയ്‌തോളാം.“
വർഷങ്ങൾക്കുശേഷം ആട്ടുകട്ടിലിൽ ഒരു ഗ്ലാസ് ചായയുമായി അയാൾ ഇരുന്നു.
നിലകണ്ണാടിയിൽ അവളുടെ കൈകൾ പതിഞ്ഞ് പൊടിയും അഴുക്കും മാറിയ കണ്ണാടിയിലെ സ്വന്തം പ്രതിബിംബം അയാൾക്ക് അപരിചിതം തന്നെയായിരുന്നു.
ഉൾമുറിയിൽ നിന്നും വീണക്കമ്പിയിൽ വിരലോടുന്ന സ്വരം… മാതൃസാമീപ്യത്തിന്റെ ആലംബഗീതംപോലെ അയാളെ ആകർഷിച്ചു.
നിരുപമശുഭ ഗുണലോലെ
നിരതജയ പ്രദശീലേ…
മുടി നിറയെ മുല്ലപ്പൂ ചൂടി വീണയിൽ ശ്രുതിമീട്ടി അമ്മ മോഹനരാഗം ആലപിക്കുന്നു..
അരുതാത്തതെന്തോ ചെയ്‌തപോലെ അമ്മയുടെ ഛായാചിത്രത്തിനു താഴെ വീണക്കരുകിൽ പെൺകുട്ടി പരിഭ്രമിച്ചു നിൽക്കുന്നു.
വർഷങ്ങളുടെ ഒറ്റപ്പെടലും നിരാശ്രയത്വവും നിർലാളനയും എല്ലാം ഒരു നിമിഷം പോയ് മറഞ്ഞതുപോലെ അയാൾ ഹൃദയവാതിലുകൾ തുറന്ന് അവളെ നോക്കി പുഞ്ചിരിച്ചു. കൗമാരത്തിൽ നിന്നും നവയൗവ്വനത്തിന്റെ പടികളിലേക്കു കടക്കുന്ന അവളുടെ മുഖപ്രസാദം അയാൾ അപ്പോൾ ശ്രദ്ധിച്ചതേയില്ല.
വീണ്ടും ഫോൺ മുഴങ്ങുന്നു.
ഫോണിനടുത്തേക്കു ചെല്ലുമ്പോൾ കിടക്കമുറിയിലെ ചതഞ്ഞ മുല്ലപൂക്കളും മുഷിഞ്ഞ വസ്‌ത്രങ്ങളും മദ്യകുപ്പിയും അവൾ കാണും മുൻപ് എടുത്തു മാറ്റണമെന്നയാൾ വിചാരിച്ചു.
ഫോണിൽ രവിയാണ്.
”മറ്റേ സീരിയൽ പൈങ്കിളി ഒത്തിട്ടുണ്ട്.“
വെളളിക്കൊലുസുകൾ ഓടിയകലുന്ന സ്വരം കേട്ട് പെട്ടെന്നയാൾ തിരിഞ്ഞു നോക്കി. അവൾ കയറരുതെന്ന് അയാൾ ആഗ്രഹിച്ച കിടപ്പുമുറിയിൽ നിന്നും ഓടിയകലുന്ന പെൺകുട്ടിയെ നടുക്കത്തോടെ അയാൾ നോക്കി നിന്നു.
”ഹലോ… ഹലോ… പൈങ്കിളിയെ വൈകിട്ട്…“
”വേണ്ട രവി“ നീണ്ട മൗനത്തിനൊടുവിൽ തളർച്ചയോടെ അയാൾ പറഞ്ഞു. ”… ഞാൻ ഈ വീട് വിൽക്കുകയാണ്.“
”ങേ.. ആർക്ക്..“ അങ്ങേത്തലയ്‌ക്കൽ രവിയുടെ ജിജ്ഞാസ.
”എനിക്കു തന്നെ“ അയാൾ മുഷിവോടെ റിസീവർ വച്ചു.
Generated from archived content: story_june25.html Author: ramesh_babu