ധരിത്രി

മുപ്പത്തിമൂന്ന്‌, മുപ്പത്തിനാല്‌.. ഓഹ്‌… ഇനി വയ്യ. കൈയ്യും ശരീരവും കുഴഞ്ഞു പോകുന്നു. ഒറ്റനേരം നൂറിനു പുറത്ത്‌ കസർത്ത്‌ ചെയ്‌തിരുന്നതാണ്‌… വയ്യ.

ദേഹത്തെ നേരിയ നീറ്റൽ ഇനിയും അവസാനിച്ചിട്ടില്ല. കാർപ്പറ്റിൽ കൈകൾ പിണച്ചുവെച്ച്‌ കമിഴ്‌ന്നുകിടന്നു.

ഭൂമിയോട്‌ ചേർത്തുവെച്ച കാതിൽ തേങ്ങലുകളുടെ ആരവം ഒടുങ്ങിയപോലെ. മുതുകിലെ ഉരുണ്ടുകൊഴുത്ത പേശികളിൽ വിയർപ്പു പൊടിഞ്ഞിറങ്ങുന്നത്‌ മുൻപിലെ നിലകണ്ണാടിയിൽ തെളിയുന്നത്‌ വെറുതെ നോക്കിക്കിടന്നു. കൈത്തണ്ടയിൽ ചുറ്റിയ മുല്ലപ്പൂമാല ഇനിയും അഴിഞ്ഞു പോയിട്ടില്ലെന്ന്‌ അപ്പോഴാണ്‌ കണ്ടത്‌. വാടിയ പൂക്കളിൽ ഓർമ്മകൾപോലെ സുഗന്ധം അവശേഷിക്കുന്നു. “ഡാ ബാബു.. ഓളെ ഒന്ന്‌ മെരിക്കിക്കോളി”. അതു പറയുമ്പോഴും ദീദിയുടെ കണ്ണുകൾ പുലിനഖമാലയിട്ട കഴുത്തിൽ നിന്നും മാറിലേക്കും പേശികൾ മുറുകിയ കൈകളും കടന്ന്‌ ഓർമ്മതെറ്റെന്നോണം ഭൂമിയിലേക്ക്‌ ഊളിയിടുകയായിരുന്നു.

ഈയിടെ അവരുടെ കണ്ണുകൾ മുഖത്തേക്ക്‌ നോക്കുന്നതുതന്നെ അപൂർവ്വമായിരിക്കുന്നു. വളർത്തുമൃഗങ്ങളെ കാണുമ്പോൾ യജമാനന്റെ സാഫല്യം അതിന്റെ മേനിക്കൊഴുപ്പിലും മിനുപ്പിലും മാത്രമാണെന്ന്‌ കൂറുളള ജന്തു മറന്നുകൂടാ. ഈ കൂറ്റൻ ബംഗ്ലാവിലെ അന്തേവാസികളിൽ ഒരാളായപ്പോൾ മുതൽ കണ്ടു ശീലിച്ചത്‌ യജമാനൻമാരുടെ ഇത്തരം സംതൃപ്തിയാണ്‌.

പക്ഷേ മഹാനഗരത്തിലെ ലഹളയിൽ നിന്ന്‌ ഊരിയെടുത്ത ജീവനുമായി ഈ ദുർഗത്തിന്റെ ഉളളറകളിലേക്കോടിയെത്തി രക്ഷതേടുമ്പോൾ ദീദിയുടെ മടിത്തട്ടായിരുന്നു അഭയകേന്ദ്രം. കത്തിക്കരിഞ്ഞ മുടിയും കീറിപ്പറിഞ്ഞ പൈജാമയുമായി അവിടെ തളർന്നു വീഴുകയായിരുന്നു. ദീദിയുടെ കരങ്ങളുടെ മാംസളതയേറ്റ്‌ കരിഞ്ഞ മുടി നീണ്ടുകൊഴുത്തു. മേൽചുണ്ടിൽ നനുത്ത രോമങ്ങൾ നിറം വെച്ചപ്പോഴൊക്കെ ദീദിയുടെ സാമീപ്യം അഭയവും ആശ്രയവും ആയിരുന്നു.

ബംഗ്ലാവിലെ ഏകചാരിണികളായ അന്തേവാസികൾക്കടുത്ത്‌ അവകാശം പോലെ ആഴ്‌ചയിലോ മാസത്തിലോ വന്നുപോകുന്ന പ്രബലരായ പറ്റുകാർ മടങ്ങിപ്പോക്കിൽ വശ്യത്തിന്റെ തോതനുസരിച്ച്‌ വലിച്ചെറിയുന്ന പണം നൽകുന്ന മോടികൾ. പറ്റുകാർ സ്വന്തം മനഃസാക്ഷി സൂക്ഷിപ്പുകാർക്കുവേണ്ടി ചിലപ്പോഴൊക്കെ സ്വന്തം വെപ്പാട്ടിയെ പങ്കുവെയ്‌ക്കുമ്പോൾ ബംഗ്ലാവ്‌ പണക്കൊഴുപ്പിന്റെ മഹോത്സവം അറിയുന്നു. സംഗീതവും നൃത്തവും മധുവും നിറയുന്ന രാത്രികളിലെ ക്രമീകരണങ്ങൾക്ക്‌ സന്തോഷസൂചകമായി പതിവുകാർ കൈയ്യിൽ തിരുകുന്ന നോട്ടുകെട്ടുകൾ…

“നിനക്ക്‌ എന്താ ബാബു എപ്പോഴും മൗനം.” ദീദി പുരികം വളയ്‌ക്കുന്നു.

അതെ മൗനം. ചെവിയും വായും കൊട്ടിയടച്ച്‌ മൂകനായി കണ്ട കാഴ്‌ചകൾ.

നഗരത്തിൽ ലഹളയും കൊളളിവെയ്‌പ്പും അഴിഞ്ഞാടാൻ തുടങ്ങിയപ്പോൾ കട്ടിലിനു താഴേയ്‌ക്ക്‌ അമ്മ തളളിക്കയറ്റി. പിന്നാലെ ചവിട്ടിപ്പൊളിക്കപ്പെട്ട വാതിൽ. ദീനരോദനമായി ഫ്ലാറ്റിനു താഴെയെവിടെയോ അച്ഛന്റെ സ്വരം നേർത്ത്‌ നിലച്ചിരുന്നു. മുറിയിലേക്ക്‌ ഇരച്ചു കയറുന്ന ഒരു പറ്റം. കറുപ്പും വെളുപ്പുമായ കാലുകൾ കട്ടിലിനു ചുറ്റും അക്ഷമയോടെ ചുറ്റിക്കറങ്ങുന്നു. താഴേക്കു നീണ്ട അമ്മയുടെ പാദസരമിട്ട വെളുത്ത കാലുകൾ നിരന്തരം അടുക്കുകയും അകലുകയും ചെയ്‌ത്‌ നിശ്ചലമായി. തീ ആളിപ്പടരുന്നതിനിടയിൽ ലഹളക്കാർ ആക്രോശങ്ങളോടെ പടിയിറങ്ങി. ആളുന്ന തീയിൽ നിന്ന്‌ ഓടി അകലുമ്പോൾ ജ്വാലകൾ അമ്മയുടെ നഗ്നതയെ മറയ്‌ക്കുകയായിരുന്നു.

പിന്നെ മൗനം… മൗനം മാത്രമെ അറിയൂ.

സ്വയം പ്രഖ്യാപിക്കുന്ന ഒഴിവു ദിനങ്ങളിൽ ദീദി താനേ തുഴയുന്ന ബോട്ടിന്റെ മൂലയിൽ പിടിച്ചിരുത്തും. സൂചി മരങ്ങളുടെ നേർത്ത നിഴൽ വീണ തടാകത്തിലൂടെ ഒഴുകുമ്പോൾ ദീദി ആരുടേയും സാന്നിദ്ധ്യമറിയില്ല. അലകളുടെ ലാഞ്ചനയ്‌ക്കൊപ്പം ഉതിരുന്ന നിശ്വാസം മാത്രം. ദൂരെ കാഞ്ചൻ ഹിൽസിലെ തവിട്ടു നിറമാർന്ന ശൃംഗങ്ങൾ ദീദിയുടെ കണ്ണുകളിൽ മെല്ലെ സ്‌മരണകളുടെ ജലം നിറയ്‌ക്കുന്നു. അപ്പോൾ അവർക്ക്‌ കൗമാരം കടന്ന പെൺകുട്ടിയുടെ മുഖഭാവമാണ്‌.

“ദീദി കണ്ണു നിറയുന്നു.”

“ഓ നീ മിണ്ടുന്നുണ്ടല്ലോ.” കാൽ വഴുതുന്നതുപോലെ ഒരു നനുത്ത ചിരി മിന്നിമറഞ്ഞു. സന്ദർശകരെ സ്വീകരിക്കുമ്പോഴും അന്തേവാസികളായ യുവതികൾക്ക്‌ നിർദ്ദേശം നൽകുമ്പോഴുമുളള മുഖാവരണമൊക്കെ ദീദിയിൽ അന്നേരം നഷ്‌ടപ്പെട്ടിരുന്നു.

വർഷകാലം, പ്രബലരായ പതിവുകാരുടെ ക്രയവിക്രയങ്ങൾക്ക്‌ മാന്ദ്യമേൽക്കുന്ന സമയം ദീദിക്കും യുവതികൾക്കും തിരക്കൊഴിഞ്ഞ കാലവും. പുതിയ വളർത്തുമൃഗങ്ങളെ കണ്ടെത്തുന്ന പതിവു വർഷക്കാലയാത്രകൾ മാറ്റി ദീദി മുറിയിലൊതുങ്ങുകയായിരുന്നു.

ഭൂമിയിൽ മഴതുളളികൾ പതിക്കുമ്പോൾ ഒരു പഴയ ഫോട്ടോ കൈയ്യിൽ പിടിച്ച്‌ വെറുതെ നോക്കിയിരിക്കുന്ന ദീദി. കണ്ണുകളിൽ തടാകതീരത്തെ സൂചിമരങ്ങളുടെ നേർത്ത നിഴൽ പടർന്നിരുന്നു. പുറത്ത്‌ അവരെ തന്നെ നോക്കി നിൽക്കുന്ന സാന്നിദ്ധ്യമറിഞ്ഞ്‌ ദീദി തിരിഞ്ഞുനോക്കി.

ദീദിയുടെ മനസ്സ്‌ എവിടെയോ ഉഴറുന്നു.

നിറം മങ്ങിയ ഫോട്ടോയിലെ അപരിചിതനായ യുവാവിന്റെ കണ്ണിലെ തീക്ഷ്‌ണതയും ഒളിച്ചുവെച്ച ചിരിയും അപ്പോഴും വ്യക്തം.

കട്ടിലിനരുകിൽ ചെന്നിരുന്നപാടെ അഭയം തന്ന കൈകൾ ചുറ്റിപിടിച്ചു. ദീദിയുടെ കൈകളും ആലബം തിരയുന്നോ? ചുമലിലെവിടെയോ വീണ ഒരു തുളളി കണ്ണുനീർ… ദീദിയിൽ നിശ്ശബ്‌ദത മാത്രം.

ദീദിയിലെ ചൂടും മൃദുലതയും മെല്ലെമെല്ലെ സംക്രമിക്കുമ്പോൾ തിരിച്ചറിവില്ലാതെ ഉണർന്നു പോയ നവയൗവ്വനം ജിജ്ഞാസുവായതറിഞ്ഞ്‌ അവർ ചാടിയെഴുന്നേറ്റു.

“ജന്തു”

വളർത്തുമൃഗത്താൽ ആക്രമിക്കപ്പെട്ട യജമാനത്തിയുടെ പകയായിരുന്നു അവരിൽ. ശരീരത്തിന്റെ ഉണർവും ദാഹവും ആ നോട്ടത്തിൽ കെട്ടുപോയി. ആ മുഖത്തേയ്‌ക്ക്‌ നോക്കാനായില്ല.

എപ്പഴൊക്കെയോ തടാകതീരത്തേക്കു പോയ ദീദീ പിന്നെ ക്ഷണിക്കുകയോ കൂടെ കൂട്ടുകയോ ചെയ്‌തിട്ടില്ല.

വർഷക്കാലം കൂട്ടിലെത്തിച്ച ഇരയെ നോക്കി ഒരിക്കൽ മാത്രം അവർ സംസാരിച്ചു.

“ഡാ ബാബു.. ഓളെ ഒന്ന്‌ മെരിക്കിക്കോളി.” മറ്റൊന്നും പറയാതെ നിഴൽ വീണ സ്വന്തം മുറിയിലേക്ക്‌ അവർ നടന്നകന്നു.

ഓർമ്മയുടെ സുഗന്ധം നശിക്കാത്ത വാടിയ മുല്ലപ്പൂമാല കൈയ്യിൽ നിന്ന്‌ അഴിച്ചെടുത്തു. മൂന്നാം മുറിയിലെ സോഫിയ കെട്ടിത്തന്നതാണ്‌. ഇന്നലെ വിശിഷ്‌ടാതിഥികൾക്ക്‌ മാത്രമായുളള കോണിലെ മുറിയിലേക്ക്‌ നടക്കുമ്പോൾ പൂട്ടിയ വാതിലിനു മുൻപിൽ ഒരു നിമിഷം ശങ്കിച്ചു നിന്നുപോയി. മനസ്സിൽ മൗനത്തിന്റെ സാക്ഷ്യങ്ങൾ… അക്ഷമയോടെ കട്ടിലിനു ചുറ്റും ഊഴം കാത്ത്‌ വട്ടം കറങ്ങുന്ന കാലുകൾ. താഴേക്ക്‌ ഊർന്നിറങ്ങി നിശ്ചലമായ അമ്മയുടെ വെളുത്ത കാലുകൾ. പാടില്ല… പാടില്ല…

വളർത്തു മൃഗങ്ങൾക്ക്‌ തീറ്റയുടെ കൂറുകാട്ടിയെ പറ്റൂ.

മുറിയുടെ മൂലയിൽ കറുത്ത ദാവണിയിൽ പൊതിഞ്ഞ വെളുത്ത രൂപം. ദീദിയുടെ മഴക്കാല യാത്രകൾ കണ്ടെത്തിയ പുതിയ ഇര. അവളുടെ പേടിച്ചരണ്ട കണ്ണുകൾ വിധിയെ ഉൾകൊളളാൻ കരുത്തു നേടുന്നതുപോലെ.

വിടർന്നു തുടങ്ങുന്ന പൂവിന്റെ ഗന്ധം വലിച്ചു കയറ്റി അവളെതന്നെ നോക്കിനിന്നു. രണ്ടുദിവസം മുൻപ്‌ ഡെപ്യൂട്ടി മേയറെ മുറിവേൽല്പിച്ച ക്രൗര്യവുമായി അവൾ നേർക്കു ചാടി വീണേക്കാം. മുല്ലപ്പൂവിന്റെ അരികുകൾ കൊണ്ട്‌ മെല്ലെ കവിളിൽ തലോടി. ഒടുവിൽ വിധേയയുടെ വിയർപ്പും തേങ്ങലും മാത്രം.

ആവർത്തനത്തിന്റെ രണ്ടാം പകുതിയിൽ അവളുടെ കരങ്ങൾ തഴുകുന്ന സ്പർശം മനസ്സറിഞ്ഞു.

കട്ടിലിൽ നിന്നും താഴേക്ക്‌ ഊർന്നിറങ്ങിയ വെളുത്ത കാൽവണ്ണകളുടെ ചിത്രം വീണ്ടും പാളിയെത്തുന്നു. അമ്മേ…

ആദ്യപാഠം പങ്കിടുമ്പോൾ മൗനമായി ഉടലെടുത്ത അടുപ്പത്തിൽ പറഞ്ഞുപോയി. “ഞാനുണ്ട്‌.”

ഉരുണ്ട പേശികളിലെ വിയർപ്പുതുളളികൾ നിലകണ്ണാടിയിൽ അപ്രത്യക്ഷമായിരുന്നു. കൈകൾ കുത്തി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ ജനാലയിലൂടെ കോണിലെ മുറിയിലേക്ക്‌ നോക്കി. അത്‌ ഇപ്പോഴും താഴിട്ടു പൂട്ടിയിരിക്കുന്നു.

ദീദിക്ക്‌ ഇന്ന്‌ ഒഴിവു ദിനമായിരിക്കും. കാഞ്ചൻ ഹിൽസിന്റെ തവിട്ടുനിറം നോക്കി കണ്ണുകൾ നിറയുമ്പോൾ കോണിലെ മുറിയിൽ പേടിച്ചരണ്ട്‌ ഉറങ്ങുന്ന കണ്ണുകളുടെ അവകാശം ചോദിച്ചാലോ? പക്ഷേ വളർത്തു മൃഗങ്ങൾക്ക്‌ ഭൂമിയിൽ ഉണ്ടായിരിക്കാൻ മാത്രമാണല്ലോ വിധി.

Generated from archived content: story_jan14.html Author: ramesh_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English