“മൂത്തമകൾക്ക് ഇരുപത്തിരണ്ടു വയസ്സുണ്ട്. തീർച്ചയായും അവൾക്ക് വിവാഹപ്രായം എത്തിയിരിക്കുന്നു. അവളെ നല്ലനിലയിൽ കെട്ടിച്ചയക്കേണ്ട ബാദ്ധ്യത എനിക്കാണ്. ചെറുപ്പത്തിലെ മരണപ്പെട്ടുപോയ അവടച്ഛനെ ഓർത്ത് എനിക്ക് വിഷമം ഏറെയുള്ളത് പെൺകുട്ടികളുടെ കാര്യമോർത്താണ്. കേട്ടിരിക്കുന്ന നിങ്ങൾക്ക് ഇത്രയും വിഷമമുണ്ടെങ്കിൽ എന്റെ കാര്യം ഒന്നു ചിന്തിച്ചുനോക്കൂ…. ഇവൾക്ക് താഴെ ഒരു പെൺകുട്ടികൂടിയുണ്ട്. അവളിപ്പോൾവരും. ഞങ്ങൾക്കുള്ള ഭക്ഷണവുമായി.”
അവർ നിസ്സഹായതയുടെ പരകോടിയിൽ നിന്നും കണ്ണീർ പൊഴിച്ചു.
“കാൻസർ വാർഡിലെ അന്തേവാസിയായ സുഭ്രദ്രാമ്മയുടെ വാക്കുകളാണ് നിങ്ങളിപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. ഒരു കുടുംബത്തിലെ അമ്മയ്‌ക്കും, മകൾക്കും….. ഇവിടെ മുനുഷ്യൻ അനുഭവിക്കുന്ന തീരാദുഃഖങ്ങളുടെ എത്രയെത്ര കദനകഥകൾ വേണമെങ്കിലും നമുക്ക് കാണുവാൻ കഴിയും…..”
“….. ടി.വിക്കുവേണ്ടി ക്യാമറാമാൻ കണ്ണപ്പനൊപ്പം സതീഷ് കാരപ്പുറത്ത്……”
വിവരണം അവസാനിച്ചു.
“മോന് ഇന്നത്തേക്കുള്ള വാർത്തയായില്ലേ……?
അവർ നിഷ്‌ക്കളങ്കയായി ചോദിച്ചു.
എന്റെ പരുങ്ങൽ.
”അല്ല, ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളു. ഈയാഴ്‌ചയിൽ ഇത് നാലാമത്തെ കൂട്ടരാണ് നിങ്ങൾ. ഇനി മറ്റാരെയും ഇങ്ങോട്ട് കടത്തിവിടരുതെന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊന്നും കൊണ്ടല്ല. പുറംലോകം ഇന്ന് ഞങ്ങൾക്കന്യമാണ്. പുറത്തുള്ള മനുഷ്യരെ പേടിയാണ്. അതുകൊണ്ടാ…..“
അവർ പറഞ്ഞത് ഞാൻ കേട്ടില്ല. അപ്പോഴേക്കും എന്റെ കണ്ണുകൾ അടുത്ത ഇരയെ തേടുകയായിരുന്നു.
Generated from archived content: story1_jan16_10.html Author: ramapuram_chandrababu