ഒരു വാതിൽ
തുറന്നടയുന്നു. ഉറക്കം ഞെട്ടിയുണർന്നു.
എന്തൊരു ശബ്‌ദം?!
ഭീതിയുടെ മുൾത്തുമ്പുകൾക്കിടയിൽ രാത്രി.
ഫണമടങ്ങിയ പേക്കിനാവിന്റെ ശേഷിപ്പ്.
നായ്‌ക്കളുടെ അവ്യക്തമാർന്ന കിതപ്പുകൾ.
നരിച്ചീറുകൾ.
ഞാൻ തനിച്ചാണീ പ്രേതാലയത്തിൽ.
വെളിച്ചം അടർന്നു കഴിഞ്ഞു. അതിനു മുമ്പേ-
ഒരു ചുവന്ന കാർ ഇരമ്പിയകന്നു.
പിൻസീറ്റിൽ ഒരു പെൺകിടാവിന്റെ മൃതദേഹം.
രക്തം പുരണ്ടത്.
കാർഡ്രൈവർക്ക് എന്റെ ഛായ!
അവൻ അവളെ എവിടെയാകും ഉപേക്ഷിക്കുക.
അവളുടെ സ്‌നേഹം….,പ്രണയം…, നിലവിളി….
കാമുകനോട് അവൾ അവസാനമായി മൊഴിഞ്ഞത് എന്തായിരിക്കും?
ഒരു തവണ വഴുതിവീണു.
കൊഴുത്ത രക്തം എന്റെ വസ്‌ത്രത്തിലും.
പ്രേതാലയം മന്ത്രിച്ചുഃ “അത് നീയാണ്.”
കരിങ്കൽ ചുമരുകളും ബീഭത്സചിത്രങ്ങളും
അവയോടൊട്ടിച്ചേർന്ന് ഞാനും.
നിദ്രയ്‌ക്കും പേക്കിനാവിനുമൊപ്പം
ഇവിടെയെത്തിയവൻ ഞാൻ.
അവർ പൊയ്‌പ്പോയല്ലോ!
പ്രഭാതത്തിന്റെ ആർപ്പുവിളികൾ.
ചമ്മട്ടിയേന്തിയ കാറ്റുകൾ.
ഞാൻ നയിക്കപ്പെടുക തടവറയിലേക്കോ?
അതോ കഴുമരത്തിലേക്കോ?
കറുത്ത പ്രഭാതമോ…
നീയെത്തുന്നതുവരെ, ഞാനീ കൊഴുത്ത
രക്തത്തിനരികിൽ,… ഉറക്കം നടിച്ച്…
Generated from archived content: poem1-feb12.html Author: ramadevan_p