അന്ത്യയാമത്തിലെ സുഹൃത്തിന്‌.

സുഹൃത്തേ…

മെഴുകുതിരികൾ മിഴിതുറക്കുന്ന ഒരു-

ഞായറാഴ്‌ചയിൽ, കാലത്തിന്റെ ആൾത്തിരക്കു കുറഞ്ഞ-

നാൽക്കവലയിൽ, നീയൊരു ഘടികാരം

ഉപേക്ഷിച്ചിരുന്നു. ഓർക്കുന്നുവോ?

അന്ന്‌; ദേവാലയത്തിലെ

കൂട്ടപ്രാർത്ഥനകളിലേക്ക്‌, ഒരു കുരുവി

വന്നെത്തി നോക്കി. അനന്തരം, ഘടികാരത്തിന്റെ

തണുത്തുറഞ്ഞ ഹൃദയം കൊത്തിയെടുത്ത്‌

എവിടെയോ അപ്രത്യക്ഷമായി.

ആ ചെറിയ പക്ഷിയുടെ

ചിറകടിയൊച്ചയിൽ, മാംസം മണക്കുന്ന

കൊക്കുകളിൽ, ഞാനെന്തെല്ലാം

പേക്കിനാവുകളാണ്‌ നെയ്തത്‌?

ഞാൻ തനിച്ചാവുകയും, പാരിജാതപ്പൂക്കളുടെ

ഉന്മാദത്തിൽ നിന്റെ കൈത്തലങ്ങളുടെ

ശീതളസ്പർശം ഒഴുകിയെത്തുകയും ചെയ്തപ്പോൾ

മഴവില്ലുകൾക്കെതിരെ, ഞാൻ മുഖം കുനിച്ചു.

അടച്ചിട്ട ജാലകങ്ങളിൽ തട്ടിവിളിക്കാൻ, നിന്റെ

വയലിൻ നാദമെവിടെ എന്നതിശയിക്കുകയും ചെയ്‌തു.

കൂട്ടുകാരാ…

മായക്കാഴ്‌ച്ചകളൊടുങ്ങിയിരിക്കുന്നു.

ഞെട്ടറ്റ ഒരു ഞായറാഴ്‌ചയുടെ ചെങ്കൽ-

പാകിയ സെമിത്തേരിയിൽ നമ്മുടെ-

പൊട്ടിച്ചിരികളും.

ഉപേക്ഷിക്കപ്പെട്ട ഘടികാരത്തിന്റെ

സ്മരണക്ക്‌ ഇനി ഞാൻ നിന്നോട്‌ പിണങ്ങട്ടെ.

*സൗഹൃദത്തിന്റെ നീലിച്ച ചരടുകൾ പൊട്ടിച്ചെറിഞ്ഞ്‌ പൊടുന്നനെ അപ്രത്യക്ഷനായ പ്രിയ കൂട്ടുകാരനെ അനുസ്മരിച്ചുകൊണ്ട്‌.

Generated from archived content: anthyayamathile.html Author: ramadevan_p

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here