അന്നൊരുസായാഹ്നം ഗോക്കളേമേയ്ക്കുവാൻ
നന്ദകുമാരനെ ഒക്കത്തേറ്റി
ഗോകുലംതന്നിൽനിന്നേവം പുറപ്പെട്ടു-
കാടകം പൂക്കാനായ് നന്ദഗോപർ.
പെട്ടെന്നുവാനമിരുണ്ടുതുടങ്ങിനാർ
ശക്തിയായ് തെന്നലും വീശിവീശി
മിന്നൽപ്രകാശവും വെട്ടിടിശബ്ദവും
മന്നിടമെങ്ങും വിറയ്ക്കുമാറായ്.
കേകികൾ പീലിവിടർത്തിച്ചാഞ്ചാടുന്നു-
നീലമേഘങ്ങൾതൻ ശോഭകണ്ട്.
ആട്ടിൻ പറ്റങ്ങളും കന്നുക്കൂട്ടങ്ങളും-
ഓട്ടം തുടങ്ങിനാർ പേടിപൂണ്ടു.
പക്ഷികൾ കൂട്ടമായ് അങ്ങോട്ടുമിങ്ങോട്ടും
അക്ഷമരായിപ്പറന്നാനപ്പോൾ
കാട്ടുകുരങ്ങുകൾ വ്യാകുലരായിട്ടു
ചാട്ടംതുടങ്ങിമരങ്ങൾതോറും.
കാട്ടാനസഞ്ചയം ചീറ്റപ്പുലികളും
കൂട്ടമായ് ചിഹ്നം വിളിച്ചുനിന്നു.
പുള്ളിമാൻപേടകൾ കാനനം തോറുമേ-
തുള്ളിനടന്നു പരവശനായ്.
ഭീതിജനിപ്പിക്കും കാനനമദ്ധ്യത്തിൽ,
താതനുമുണ്ണീം നടന്നുചെമ്മേ!
രാധതൻ വള്ളിക്കുടിലിന്റെ ചാലവെ-
ആർത്തരായ്ച്ചെന്നവർപെട്ടനേരം
ആർത്തിരമ്പും മഴത്തുള്ളികളോരോന്നായ്-
ആർദ്ദ്രണം ചെയ്തുപോന്നാവനത്തെ!
പേടിയുണർത്തും പ്രകൃതിതൻ ഭാവത്തെ-
കോടക്കാർവ്വർണ്ണനോകണ്ടനേരം
ഊക്കോടെകാടുവിറപ്പിക്കുമാറവൻ
മോങ്ങിത്തുടങ്ങിനാനായവണ്ണം!
ചുള്ളിപെറുക്കുവാൻ രാധയുമന്നേരം
പല്ലവമേനിനനച്ചുകൊണ്ടു
വള്ളിക്കുടിലിന്റെ ചുറ്റിലുമങ്ങിനെ
ഉല്ലാസ്സമോടെ നടന്നുപോന്നാൾ
“രാധയെക്കണ്ടോരുനേരത്തുനന്ദനർ
മാധവന്തന്നെയും പേറിക്കൊണ്ടു
വേഗമവളുടെ ചാരവേചെന്നിട്ട്-
ഈവിധമോരോന്നായ് ചൊന്നാൻ മെല്ലെ.”
“രാധേയിവനില്ല,ധൈര്യമൊരൽപവും
മേളിച്ചെൻകൂടെവരുവതിനായ്
ആയതുകൊണ്ടുമൽകാർവർണൻതന്നെനീ-
വേഗത്തിലെൻഗൃഹമെത്തിക്കേണം
എന്നതുകേട്ടുടൻ രാധയുമന്നേരം
കണ്ണനെക്കയ്യിലോവങ്ങിക്കൊണ്ട്-
തിണ്ണം നടന്നു തുടങ്ങീതപ്പോൾ!
മൂന്നുനാൾ നാഴിക ദൂരത്തുചെല്ലവേ-
കണ്ണനുയൗവ്വനം വന്നുചെമ്മേ!
അന്നേരം ഉണ്ണിതൻഭാരം സഹിയാഞ്ഞു-
തിണ്ണമവനെയിറക്കിതാഴെ.
കാർവ്വർണ്ണൻ തന്നുടെ പൂമേനികണ്ടിട്ട്
ആമോദം പൂണ്ടവൾ നിന്നുപോയി.
ഉല്ലാസലീലകളാടുവാനേവർക്കും,
ഉള്ളിലുണർന്നിതു മോഹലേശം.
പേമാരിതീർന്നു മഴക്കാറും പോയപ്പോൾ,
ആമഹാകാടുമൊരുദ്യാനമ്പോൽ
തൂമണം വീശുന്ന പൂക്കൾ വിരിച്ചിട്ട്
സാമോദം ഉല്ലാസമാർന്നു വാണു.
ചന്ദ്രികമെല്ലെയുദിച്ചു തമസ്സിനെ-
നിദ്രയിലാഴ്ത്തിയിട്ടെന്നപോലെ
താരകജ്ജാലവും കാണാറായ് വന്നപ്പോൾ
വാനത്തലങ്കാരമെന്നപോലെ.
തൂവെൺനിലാവിൽക്കുളിക്കുമാകാനനം
ജീവികൾക്കെല്ലാമൊരിംബമായി.
കണ്ണന്തിരുവടി രാധയുമൊന്നിച്ച്,
കണ്ണുകുളിർപ്പിക്കും നൃത്തമാടി.
ലീലതൻ മാദകത്താളം നുകർന്നുകൊ-
ണ്ടാലില പോലും ചലിച്ചതില്ല.
ക്രൂരമൃഗങ്ങളുമെന്നല്ലാ സർവ്വവും
ആരണ്യകാന്തിയിൽമുങ്ങിമുങ്ങി
വേലകളൊന്നുമേയില്ലെന്ന ഭാവേന-
മേളമോടങ്ങിനെ നിന്നിതപ്പോൾ.
പാൽക്കടൽ മദ്ധ്യത്തിൽ പള്ളികൊണ്ടീടുന്ന-
ഗോക്കൾ തൻ പോറ്റി ജഗൽപ്പിതാവേ
പാലിച്ചുകൊള്ളേണം നമ്മേ യഥാകാലം
ലാലസമേൽക്കാതീപ്പാരിൽ വഴ്‌വാൻ.
Generated from archived content: poem1_aug22_08.html Author: rajuvilavath_koovappadi
Click this button or press Ctrl+G to toggle between Malayalam and English