തെച്ചിക്കോടിന്റെ പ്രിയപുത്രൻ

തെച്ചിനോട്ടുകാവ്‌ രാമചന്ദ്രൻ. ബീഹാറിക്കാടിന്റെ വന്യതയിലാണ്‌ ജനനമെങ്കിലും, സഹ്യനിപ്പുറത്തെ ജീവിതം സമ്മാനിച്ചത്‌ മലയാണ്‌മയുടെ വഴക്കം. ഇതുപോലൊരു കൊമ്പൻ കേരളത്തിലെ ആനപ്പന്തികളിൽ പരതിയാൽ അപൂർവമായിരിക്കും. 316 സെന്റിമീറ്ററിന്റെ ഗാംഭീര്യത്തിൽ ആനയഴകിന്റെ മൂർത്തരൂപമാണ്‌ രാമചന്ദ്രൻ. ഗജശാസ്‌ത്ര ലക്ഷണപ്രകാരം രാമചന്ദ്രന്‌ മുന്തിയ റാങ്ക്‌ ഉറപ്പ്‌.

തൃശൂർ തെച്ചിക്കോട്ടുകാവിന്റെ വടക്കേപ്പറമ്പിൽ ഒരു കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്ന പനമ്പട്ടക്കെട്ടുകളുടെ സമൃദ്ധിക്കരികിൽ മദപ്പാടിന്റെ നേരിയ ലഹരിയിലാണ്‌ രാമചന്ദ്രന്റെ ഇപ്പോഴത്തെ നില്പ്‌.

പണ്ട്‌ പേരുകേട്ട വഴക്കാളിയെന്ന പേരുദോഷം ഇവനുണ്ടായിരുന്നു. എവിടെ ചെന്നാലും രാമചന്ദ്രൻ പ്രശ്‌നക്കാരൻ തന്നെ. യാതൊരു വർഗ്ഗബോധവുമില്ലാതെ കൂട്ടാനയെ വരെ കുത്തുവാൻ മടിക്കാത്തവൻ. മുളയത്ത്‌ വച്ച്‌ ചന്ദ്രശേഖരനാനയെ കുത്തിമലർത്തിയ കഥ ആനകമ്പക്കാർ ഒരിക്കലും മറക്കാനിടയില്ല. കുറച്ചുമൂത്താൽ സാധാരണ ആനകൾ ചെയ്യുന്ന വിക്രിയകളല്ല അന്ന്‌ രാമചന്ദ്രന്റെ പക്കലുണ്ടായിരുന്നത്‌. പാലക്കാട്‌ വച്ച്‌ ഒരു ജ്വല്ലറിയുടെ ടെറസിൻ മുകളിലേയ്‌ക്കാണ്‌ ഇവൻ ഓടിക്കയറി വീര്യം കാട്ടിയത്‌. എന്തിന്‌ തൃശൂർപൂരം എഴുന്നെളളിപ്പിന്‌ ഇവനെ അടുപ്പിക്കരുതെന്നുവരെ സ്ഥലം ജില്ലാ കളക്‌ടർ ഉത്തരവിറക്കിയിരുന്നു. കൊടുംഭീകരരെ കൊണ്ടുപോകും പോലെ രണ്ടു കുന്തക്കാരുടെ അകമ്പടി വേണമായിരുന്നു അന്ന്‌ രാമചന്ദ്രന്‌.

ഈ പറഞ്ഞത്‌ പഴയ കഥ. ഇന്ന്‌ രാമചന്ദ്രൻ ആളാകെ മാറി. ഇപ്പോഴവനെ കണ്ടാൽ ഒലിവിന്റെ മൂർച്ചയിലാണെന്നുപോലും പറയില്ല. അത്രയ്‌ക്കു ശാന്തൻ. ഒലിവുകാലത്ത്‌ തുമ്പിയിൽ പിടിച്ച്‌ തീറ്റ കൊടുക്കുന്നത്‌ സ്‌ത്രീകളാണെന്നു പറഞ്ഞാൽ ആര്‌ വിശ്വസിക്കും. തൊട്ടടുത്ത്‌ വന്ന്‌ തന്റെ സൗന്ദര്യമാസ്വദിക്കുന്ന നാട്ടുകാരോടും ഇവന്‌ ദേഷ്യമില്ല. പിന്നെ ചട്ടക്കാരെ കണ്ടാൽ ഇക്കാലത്ത്‌ കലിവരും എന്നു മാത്രം. ഇത്‌ ആനകൾ മദപ്പാട്‌ കാലത്ത്‌ കാണിക്കുന്ന ഏറ്റവും ചെറിയ കുഴപ്പം മാത്രം.

പിന്നെയെന്തേ രാമചന്ദ്രൻ പണ്ടിങ്ങനെ കുറുമ്പനായത്‌ എന്നതിന്‌ ഉത്തരവുമുണ്ട്‌. അക്കാലത്ത്‌ നീണ്ട അഞ്ചുവർഷം രാമചന്ദ്രന്‌ ഒലിവ്‌ ഉണ്ടായിരുന്നില്ലത്രേ. മദപ്പാടില്ലാത്ത അഞ്ചുവർഷക്കാലത്തെ അവന്റെ മാനസികാവസ്ഥയാണ്‌ പ്രശ്‌നങ്ങൾക്കെല്ലാം കാരണം.

അക്കാലം ഒരു ദുഃസ്വപ്‌നം പോലെ കരുതാനാകും രാമചന്ദ്രനും ഇഷ്‌ടപ്പെടുക. അന്ന്‌ വഴക്കാളിയായി മറ്റുളളവരുടെ നേർക്ക്‌ കുതിരക്കയറിയിരുന്ന ഇവൻ, ഇന്ന്‌ ആകെയൊരു പേടിത്തൊണ്ടനായോ എന്ന്‌ സംശയം. ചെറിയൊരു അനക്കം കേട്ടാൽ തന്നെ ഒതുങ്ങിക്കൂടുന്ന പ്രകൃതമായി ഇപ്പോൾ. പ്രശ്‌നങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന വഴിയിലാണ്‌ രാമചന്ദ്രൻ.

പക്ഷെ; ഈ പേടി തലപ്പൊക്കമത്സരങ്ങളിൽ രാമചന്ദ്രൻ കാണിക്കാറില്ല. കേരളത്തിലെ മിക്ക തലപ്പൊക്ക മത്സരങ്ങളിലും പ്രധാന മത്സരാർത്ഥി ഇവൻ തന്നെ. എതിരാളികൾ മിക്കവാറും കർണ്ണനും, കണ്ടമ്പുളളി ബാലനാരായണനുമായിരിക്കും. ബാലനാരായണന്‌ പൊക്കം കുറച്ചേറുമെങ്കിലും തലതാഴ്‌ത്താതെ ഗാംഭീര്യത്തോടെ നിൽക്കാൻ രാമചന്ദ്രൻ തന്നെ മിടുക്കൻ. കേരളത്തിലെ തലപ്പൊക്കമത്സരങ്ങളിലെ കിരീടം വയ്‌ക്കാത്ത രാജാവാണ്‌ രാമചന്ദ്രൻ എന്നുവേണമെങ്കിൽ പറയാം.

തന്റെ പതിനെട്ടാം വയസ്സിൽ തെച്ചിക്കോട്ട്‌ കാവിൽ, രാമചന്ദ്രൻ എത്തുമ്പോൾ അവന്‌ ഒരു കണ്ണ്‌ ഇല്ലായിരുന്നു. പ്രകൃതി നല്‌കിയ ശാപമോ അതോ ആനയെ സ്‌നേഹിക്കാനറിയാത്ത മുൻചട്ടക്കാരന്റെ ക്രൂരതയോ എന്നറിയില്ല. പക്ഷെ ഒരു കണ്ണിന്റെ പോരായ്‌മ ഇന്ന്‌ രാമചന്ദ്രൻ തീർക്കുന്നുണ്ട്‌. ഒരു ക്ഷേത്രത്തിന്‌ കേരളമെമ്പാടും പേരുനേടി കൊടുക്കാൻ തന്നെ കൊണ്ടായതിൽ രാമചന്ദ്രൻ അഭിമാനിക്കുന്നുണ്ടാകും. ക്ഷേത്രത്തിലെ മൂർത്തിക്കൊപ്പം രാമചന്ദ്രനും നാട്ടാർക്ക്‌ പ്രിയങ്കരൻ, ആരാധ്യൻ. 40 വയസ്സിന്റെ നിറവിൽ രാമചന്ദ്രൻ വാരിക്കൂട്ടിയ ഗജരാജപട്ടങ്ങൾ ഏറെ. തൃശൂർപൂരമടക്കം എല്ലായിടത്തും ഇന്ന്‌ രാമചന്ദ്രന്റെ സാന്നിധ്യം അനിവാര്യം. രാമചന്ദ്രനില്ലാത്ത ഏതൊരു പൂരവും എന്തോ ഒരു പോരായ്‌മപോലെയാണ്‌ ആനക്കമ്പക്കാർക്കും ഉത്സവപ്രേമികൾക്കും. ഇനിയും രണ്ടുമാസത്തിന്റെ ഒലിവുകാലം ബാക്കിയുണ്ട്‌. അതുകഴിഞ്ഞാൽ രാമചന്ദ്രൻ റെഡി. ചട്ടക്കാരനെ സ്‌നേഹിച്ചും അനുസരിച്ചും ഓരോ പൂരമ്പറമ്പിലുമെത്താൻ ഇവൻ വെമ്പുന്നുവെന്ന്‌ ആ നില്പു കണ്ടാൽ തന്നെ അറിയാം.

Generated from archived content: essay2_may10_06.html Author: raju_nayarambalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here