പലനിറത്താളുകളുള്ള
പൊടിതട്ടിയെടുത്ത ഓട്ടോഗ്രാഫ്
ചിതലരിച്ച് തുടങ്ങിയിരിക്കുന്നു
മറിക്കുന്ന ഓരോ താളിലും
ഓർമ്മയുടെ ഉറവ്
പത്താം ക്ലാസുകാരൻ
പയ്യനിലേക്ക്
ഒരുതിരിച്ചുപോക്ക്
കോറിയിട്ടവാക്കുകളിലെ
കുപ്പിവളക്കിലുക്കം,-
പൊട്ടിച്ചിരി, നനവാർന്ന
മിഴികളുടെ ആർദ്രമായ നോട്ടം
ഭാവുകങ്ങൾ നേർന്ന പലരും
ഭാവനയിലലയുന്നയെന്നെ-
അറിയുന്നേയില്ല
“എന്നെങ്കിലും, ഏതെങ്കിലും
പെരുവഴിയിൽ വെച്ച് കണ്ടുമുട്ടിയാൽ
ഒന്നു ചിരിക്കാൻ മറക്കരുത്”
എന്നെഴുതിതന്നവർ
കണ്ടഭാവം പോലും നടിക്കുന്നില്ല
പെരുവഴിയിലായത്
ഞാനായതുകൊണ്ടാവാം
എഴുതുവാൻ വാക്കുകളില്ലാതെ
തിരിച്ചേൽപ്പിക്കുമ്പോൾ
വേർപാടിന്റെ വേദന
പറഞ്ഞുതന്ന പലരും
ഇന്നെന്റെ കൂടെയുണ്ട്
എല്ലാവരേയുമോർക്കാൻ
ഒരു പതിനഞ്ചുകാരന്റെ മനസ്സ്
കളഞ്ഞു പോകാതിരിക്കാൻ
ഈ ഓട്ടോഗ്രാഫ് ഞാൻ-
പൊടിതട്ടിയെടുത്തുവെയ്‌ക്കുന്നു.
Generated from archived content: poem1_dec14_09.html Author: raju_kanjirangadu
Click this button or press Ctrl+G to toggle between Malayalam and English