എന്തിനീ മാവേലിവന്നിടേണ്ടു

ഓണം വന്നുവിളിച്ചെന്നാകിലും

ഓർമ്മയിലില്ലീമാവേലി

ഓലക്കുടയുടെ കാര്യമതു ചൊന്നാൽ

ഓലേഞ്ഞാലിയും നാണിക്കും

ഒന്നിച്ചൊന്നായ്‌ നിന്നവരെല്ലാം

ഒറ്റതിരിഞ്ഞിന്നെങ്ങുപോയി.

പൂത്തുവിടരേണ്ട കാടും മേടും

ചുട്ടുകരിച്ചവരാരാണ്‌

കൊയ്‌തുമെതിക്കേണ്ട

പാടത്തിലെല്ലാം

മാളിക പണിയുന്നു-

മാളോര്‌

ഓണത്തിൻ നാളിലി-

ഓർമ്മപുതുക്കാനായ്‌

എന്തിനിമാവേലി വന്നിടേണ്ടു

സ്വീകരിച്ചാനയിക്കാനില്ലാരും

കൊടുവാളിൽ സീൽക്കാരമാണിന്നെങ്ങും

ചെമ്പൂവിരിഞ്ഞുള്ള മുറ്റങ്ങളില്ല

ചെഞ്ചോരപ്പാടാണി മുറ്റത്തെങ്ങും

ഓണത്തിൻ നാളിലി-

ഓർമ്മപുതുക്കാനായ്‌

എന്തിനി മാവേലി വന്നിടേണ്ടു

തുമ്പിതുള്ളീടുവാൻ, പുലികളിച്ചീടുവാൻ

പൂവിളിപ്പാട്ടുകൾ പാടീടുവാൻ

ബാല്യങ്ങളില്ലിന്നീ ബാലകർക്കൊന്നും

ഭാരിച്ച കാര്യങ്ങൾ തലയിലെങ്ങും

മാമലനാടിന്റെ മേൻമകളെല്ലാമെ

ചിറകറ്റമാടപ്പിറാവ്‌പോലെ

ഓണത്തിൻനാളിലി-

ഓർമ്മ പുതുക്കാനായ്‌

എന്തിനീ മാവേലി വന്നിടേണ്ടു

Generated from archived content: poem2_aug17_10.html Author: raju_kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English