രണ്ട്‌ കവിതകൾ

പുഴ

പുഴകളങ്ങിനെയാണ്‌
വളഞ്ഞ്‌ പുളഞ്ഞ്‌
നീണ്ടു നിവർന്ന്‌
കുറ്റിക്കാട്ടിലൂടെ, ഇരുള്‌-
പുതയുന്ന മരങ്ങൾക്കിടയിലൂടെ,
പുൽപ്പരപ്പിലമർന്നും, പിന്നെ-
നിവർന്നും
പാറക്കെട്ടുകളിലൂടെ, പാതാള-
വഴികളിലൂടെ
വഴിതെളിച്ചും, വഴിപിളർന്നും-
പതുങ്ങിനീങ്ങിയും, മദിച്ചുപാഞ്ഞും
പൊട്ടിച്ചിരിച്ചും, അലറിത്തുള്ളിയും-
അഴുക്കുകളെ ആഴങ്ങളിലേക്കകറ്റി
തെളിഞ്ഞ്‌, കനിഞ്ഞ്‌തരും
സമൃദ്ധിയുടെ ഒരുകടൽതന്നെ.

മായക്കണ്ണൻ

നീരദവർണ്ണന്റെ
ശീലക്കേടോരോന്നും
നീരജലോചന ചൊല്ലീടുന്നു
വെണ്ണയും, പാലും കവർന്നു-
ഭുജിക്കുകിൽ
കോപിക്കയില്ലായിരുന്നു ഞാനേ
അന്തിക്കെന്നാലയിൽ
കെട്ടിയഗോക്കളെ
അങ്ങേതിൽകൊണ്ടുപോയ്‌-
കെട്ടീടുന്നു.
വീട്ടുകാർ തമ്മിൽ കലഹകോലാഹലം
കണ്ടുരസിച്ചു മദിപ്പുകണ്ണൻ
അപ്പമുണ്ടാക്കിയടച്ചുവെച്ചെന്നാകിൽ
ചാണകം മാത്രമേ പിന്നെകാൺമു
കോലുമായ്‌ ചെന്നാലോ
കോലക്കുഴലൂതും
മേയും പശുക്കളോഓടിക്കൂടും
കണ്ണനെ കാണുന്ന നേരത്ത്‌ നാരിമാർ
നീരസം തന്നെ മറന്നുപോകും
പങ്കം പോഴിഞ്ഞീടും
പളുങ്ക്‌ മനസ്സാകും
പൊങ്കരവല്ലിയാൽ ബന്ധിച്ചീടും.

Generated from archived content: poem1_jul1_10.html Author: raju_kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here