ഇത് പഴയൊരു മാളിക വീട്
കൂട്ട് കുടുംബ സ്വത്ത്
കണ്ണും,കരളും കൂടിചേര്‍ന്ന്
നീരും,ചോരയും മണ്ണിലൊഴുക്കി
അറിയാതായിരമായിരമാളുകള്‍
പടുത്തൊരു മാളിക വീട്
ചിതലുകള്‍ പണ്ടേ കയറിയെങ്കിലും
കാതല് കവരാന്‍ കഴിഞ്ഞില്ലിനിയും.
വിറ്റു തുലയ്ക്കാന്‍ ഉണ്ടൊരു കൂട്ടര്‍
കച്ച മുറുക്കി നടന്നീടുന്നു
ക്ഷണിച്ചു വരുത്തുന്നുണ്ടവര്‍
ക്ഷയിച്ചൊരു മാളിക വീടെന്നോതി
വെള്ളിക്കാശിന് ഉന്നം വെച്ചവര്‍.
മച്ചക വാതിലിനുള്ളില്‍ നിന്നും
പിച്ചും,പേയും ചില നേരം കേള്‍ക്കാം
ഇരുളില്‍ പൊട്ടിച്ചിരിയും ,പൊട്ടിത്തെറിയും,
മാനം പോയൊരു പെണ്ണിന്‍ തേങ്ങലും.
എങ്കിലുമിവിടെയുള്ള സുരക്ഷ
സ്വന്തം വീടിതിലുള്ളൊരു രക്ഷ
കിട്ടീടില്ല വാടക വീട്ടില്‍
വേണ്ട,വേണ്ട വില്‍ക്കരുതിതുനാം
വേണ്ടൊരു വെള്ള കൊട്ടാരം
……………………………………………
രാജു.കാഞ്ഞിരങ്ങാട്
Generated from archived content: poem1_apr30_12.html Author: raju_kanjirangad