കാനേഷുമാരി

അടുക്കളയിൽ നിന്ന്‌ അമ്മ

പറഞ്ഞത്‌

പേറ്റുനോവിനെ കുറിച്ചാണ്‌

അച്ഛനും.

ഉരൽ പുരയിൽ

നെല്ല്‌ കുത്തിക്കൊണ്ടിരിക്കുമ്പോഴാണത്രേ

വടക്കേതിലെ

ജാനകി പെറ്റത്‌.

തൂക്കം മൂന്നര കിലോ

പേറ്റിച്ചി പറഞ്ഞതാണ്‌.

ഇന്നവൻ

ജനറൽ ആശുപത്രിയിലെ ഡോക്ടർ.

പ്രസവമുറി ഒരു നരകാലയമാണെന്ന്‌

പരാതി പറഞ്ഞത്‌ ഞാനല്ല

സർക്കാരും മീഡിയയുമാണ്‌.

ഞാനും ഇവിടെ തന്നെയാണ്‌

പ്രസവിച്ചതും പാലൂട്ടിയതും.

വമ്പ്‌ പറഞ്ഞത്‌ എലിയും പൂച്ചയും

പിന്നെ പട്ടിയുമാണ്‌.

നനഞ്ഞ പ്രഭാതത്തിൽ

സ്വപ്നങ്ങളുടെ മിത്തിനെയും കാത്ത്‌

എരിപൊരി കൊള്ളുന്നത്‌

ജനറൽ വാർഡിലെ ഒരച്ഛനാകാം

അച്ഛന്റെ ചിന്തകൾക്ക്‌

കിനാവിനേക്കാളും ഭംഗിയുണ്ടാകാം

പിച്ച വെച്ച ബാല്യത്തിന്റെ

കുഞ്ഞുസൂര്യനെ കാണാം.

വെളിച്ചപ്പൊട്ടിൽ ഒരു കണ്ണിറുക്കൽ കാണാം.

ഒരു ചിരികാണാം

ഹൃദയമുയർത്തുന്ന പുഞ്ചിരി.

ഒരു ടെസ്‌റ്റുണ്ട്‌ ഈ ബില്ലൊന്ന്‌ പേ ചെയ്യ്‌

എന്നു പറയുന്ന വെളുത്ത കുപ്പായക്കാരുടെ

കറുത്ത കണ്ണുകളിൽ

അയാളുടെ വെളുത്ത നോട്ടം

ചോദ്യചിഹ്‌നമായി തിണർത്ത്‌ വന്നേക്കാം.

കുഞ്ഞു വാവയുടെ ശബ്ദം കേട്ടില്ലല്ലോ എന്ന്‌

പരിതപിക്കുന്ന നരച്ച വാർഡിൽ

മുൾമുനയിൽ നിൽക്കുന്നത്‌

കുഞ്ഞുവിരൽ തുമ്പിലെ ഒരച്ഛനാകാം.

പട്ടിയുടെ മൂത്രത്തിൽ കാഷ്‌ഠിച്ച പൂച്ച

ഉരുണ്ടതും പിരണ്ടതും

എലിയുടെ പിരാക്കിൽ മുങ്ങി പോകുന്നു.

ഇരുളിൽ പൂച്ചയുടെ അകിടു മാന്തുന്നത്‌

ചുണ്ടെലികൾ തന്നെ ആയിരിക്കാം.

വേദനയുടെ ശിഖരം മുറിഞ്ഞു വീഴുമ്പോൾ

അത്യുച്ചത്തിൽ നിലവിളിക്കുന്നത്‌

കുഞ്ഞു തന്നെയൊ അതൊ

സ്വപ്നങ്ങളെ കീറത്തുണിയിൽ പൊതിഞ്ഞ

ഒരമ്മയൊ?

വരാന്തയിൽ ആരോഗ്യ പരിപാലകർ

ഇരകളുടെ കണക്കുകൾ തയ്യാറാക്കുന്ന

തിരക്കിലായിരുന്നു.

Generated from archived content: poem1_sept4_07.html Author: raju_iringal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here