ചരിത്രം
———–
നിന്റെ പിതൃക്കള്‍ പുലര്‍ന്നേടങ്ങളില്‍ നിന്നും
ഇരുകാലുമിറുത്തന്നെന്റെ
പെറ്റമ്മയുടെ മാറില്‍
പല തുള്ളി വേദനച്ചാറൊഴിച്ച്,
യന്ത്രഗര്‍ഭത്തിലേയ്ക്കാഴ്ത്തി.
കാടിളക്കാതെ,
കഴുത്തറുക്കാതെ,
ഞാന്‍ പോറ്റിയെന്റെ ശരീരം ചതച്ചൂറ്റി,
പഴുക്കുന്നടുപ്പില്‍ പുഴുങ്ങി,
കൃത്രിമവാതകപ്പേടകത്തില്‍ പൂട്ടി,
എന്‍ സത്തയാര്‍ന്ന ഹരിതാംബരങ്ങളില്‍
കൊടുംകലാപങ്ങളാല്‍
വെളുപ്പ് പടര്‍ത്തി.
വര്‍ത്തമാനം
———————-
വെളുപ്പില്‍ വിജ്ഞാനത്തിന്റെ കറുത്തക്ഷരങ്ങള്‍.
ആത്മചരിതമോതുന്ന താളുകള്‍.
ആര്‍ത്തിയുടെ കണക്കുകുത്തുകള്‍.
പുതുയുഗസൃഷ്ടിയുടെ നെയ്ത്തുപുരകള്‍.
അറിവില്ലായ്മയുടെ അന്തികളില്‍
വിശന്നുറങ്ങുന്നവര്‍ക്ക്
വക്കില്‍ വാര്‍ദ്ധക്യച്ചുളിവു വീണ,
കല്ലേറില്‍ നടുകുഴിഞ്ഞുന്തിയ,
അരിയൊടുങ്ങാത്ത അത്താഴപാത്രം.
(സമീപ)ഭാവി
———————-
ചിന്തയ്ക്ക് കൂട്ടു നില്‍ക്കാതെ,
കാലായനങ്ങളില്‍,
മൃദുവിരല്‍സ്പര്‍ശമേല്‍ക്കാതെ,
മഞ്ഞപ്പ് പടര്‍ന്ന്
മരിച്ച മുഖവുമായി;
തെരുവുമാലിന്യക്കൂമ്പാരത്തില്‍,
തൂപ്പുകാരനൊരുക്കിയ
അഭിനവ നിളാപാര്‍ശ്വച്ചിതയില്‍,
ഒടുക്കമൊരുപിടിച്ചാരം…
Generated from archived content: poem2_sep22_12.html Author: raju_b_krishna