കാതങ്ങള്‍ക്കപ്പുറം
മൊബൈല്‍ഫോണില്‍നിന്നും
മുത്തശ്ശി മൊഴി; മുല്ലപ്പൂവായെന്‍-
കാതില്‍ തൊട്ടു.
ഓണമാണുണ്ണിയിന്ന്
കുളിച്ച് തൊഴണം നീ
പ്രാര്‍ത്ഥിക്കാം നിനക്കായി ഞാന്‍
പായസം കഴിപ്പിക്കാം.
ഓണം ഞാനിതേവരെ
കണ്ടതായോര്‍മ്മയില്ല
മുത്തശ്ശിചൂടും മുല്ല
പൂമാത്രമെന്നോര്‍മ്മയില്‍.
മലരണിഞ്ഞെത്തും ഗ്രാമ-
വസന്തം കണ്ടിട്ടില്ല
ഓണപ്പൂക്കളും , ഓണത്തുമ്പിയും
കണ്ടിട്ടില്ല
കോട്ടപോല്‍ കെട്ടിടവും, കോണ്‍ക്രീറ്റ്മുറ്റങ്ങളും
അര്‍ണ്ണവം പോലെയുള്ളൊരു പത്തനം മാത്രം കണ്ടു.
ഓര്‍മ്മയില്‍ പരതുന്നു ഓര്‍ക്കൂട്ടില്‍ തപ്പി നോക്കാം
നിറംചാര്‍ത്തിയ ഉപ്പ് പരലും പ്ലാസ്റ്റിക് പൂവും
ചന്തമുണ്ടെന്നാകിലും, ചിന്തയില്‍ നില്‍ക്കുന്നില്ല
ഉണ്ടല്ലോ സുഹൃത്തൊരാള്‍ മലയാളക്കരയില്‍
നോക്കിടാം അദ്ദേഹത്തിന്‍ ബ്ലോഗിലീയോണം ഒന്ന്
മുല്ലപ്പൂ, മുക്കൂറ്റിയും, കാക്കപ്പൂ, കൃഷ്ണപ്പൂവും
ഓണപ്പൂക്കളെല്ലാമെ പേരുമായ് സവിസ്തരം
അതില്‍ നിന്നൊരു തുമ്പ പൂവെന്റെ കാതില്‍ വന്ന്
മന്ദമായ് ചൊല്ലീടുന്നു മുത്തശ്ശി മൊഴിയായി
ഓണമാണുണ്ണിയിന്ന്
കുളിച്ച് തൊഴണം നീ
പ്രാര്‍ത്ഥിക്കാം നിനക്കായ് ഞാന്‍
പായസം കഴിപ്പിക്കാം.
Generated from archived content: poem1_aug29_12.html Author: raju.kanjirangad